11 July Saturday

കോവിഡിന്റെ മറവിൽ - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻ Updated: Friday May 29, 2020

രണ്ടു മാസത്തോളമായി ഉൽപ്പാ​ദന–-- വ്യാപാര പ്രവർത്തനങ്ങൾ നിശ്ചലമായിട്ട്. ജനങ്ങൾക്ക് തൊഴിലുമില്ല, വരുമാനവുമില്ല. കോവിഡ്–-19 അവസാനിച്ച്‌ മുൻ സ്ഥിതി അടിയന്തരമായി പുനഃസ്ഥാപിക്കപ്പെടുമെന്ന്‌ പ്രതീക്ഷയുമില്ല. കോവിഡിനൊപ്പം കഴിയുകയേ നിവൃത്തിയുള്ളൂ. വരുമാനം നഷ്ടപ്പെടുകയും തൊഴിൽ പ്രതീക്ഷ മങ്ങുകയും ചെയ്തതിനാൽ ജനാഭിമുഖ്യമുള്ള സർക്കാർ എന്താണ്‌ ചെയ്യേണ്ടത്? സംശയം വേണ്ട; ജനങ്ങൾക്ക്‌ പണം നൽകണം. അതുകൊണ്ടവർ പിടിച്ചുനിൽക്കും. അതൊരു ജീവകാരുണ്യ പ്രവർത്തനമല്ല. സർക്കാർ ബാധ്യതയാണ്. സാമ്പത്തിക പ്രവർത്തനംകൂടിയാണ്‌. പണം ജനങ്ങൾ ചെലവാക്കും. സാധനങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വളരും. നിക്ഷേപവും ഉൽപ്പാദനവും പ്രചോദിപ്പിക്കപ്പെടും. തകരുന്ന സമ്പദ്‌വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ ഉറപ്പുള്ള മാർഗമാണത്. പ്രതിബദ്ധതയുള്ള ഏത്‌ സർക്കാരും അതാണ്‌ ചെയ്യുന്നത്. കേരളസർക്കാരും അതാണ് ചെയ്യുന്നത്. പക്ഷേ, കേന്ദ്ര സർക്കാരിന് ആ ബോധ്യമില്ല. സാധനങ്ങൾ ഉൽപ്പാദിപ്പിച്ച് സപ്ലൈ ചെയ്യുകയാണ്‌ വേണ്ടതെന്ന്‌ സർക്കാർ കരുതുന്നു. അതിന്‌ നിക്ഷേപകരുടെ കരങ്ങൾക്ക്‌ ശക്തി പകരണം. അത്‌ സപ്ലൈസൈഡ് ധനശാസ്‌ത്രമാണ്.

കേന്ദ്ര ധനമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങളിൽ എൺപത്‌ ശതമാനവും കോവിഡുമായോ ജനങ്ങളുടെ ആരോഗ്യവും വിശപ്പുമായോ ബന്ധമില്ലാത്തവയാണ്. കോവിഡ് കാലം സാമ്പത്തിക പരിഷ്കരണ നടപടികൾ ശക്തിപ്പെടുത്താൻ തെരഞ്ഞെടുത്തെന്നേയുള്ളൂ. ദീർഘനാളായി സർക്കാർ നടപ്പാക്കാൻ നീട്ടിവച്ച ഉദാരവൽക്കരണനടപടികൾ കോവിഡിന്റെ മറവിൽ നടപ്പാക്കുകയാണ്. പൊതുചർച്ചയില്ല. പാർലമെന്റിന്റെ അംഗീകാരമില്ല. അത് ഏകാധിപത്യത്തിന്റെ വഴിയാണ്. ജനവഞ്ചനയുമാണ്. 1991 ആഗസ്ത്‌ 27 ന് അന്നത്തെ ധനമന്ത്രി മൻമോഹൻ സിങ്‌ ഉദാരവൽക്കരണനയം അംഗീകരിച്ച് ഐഎംഎഫിന് നൽകിയ മെമ്മോറാണ്ടവുമായി ഇപ്പോഴത്തെ നടപടികളെ താരതമ്യം ചെയ്യാം. അന്നും പാർലമെന്റ് ചർച്ചചെയ്തില്ല. ഇന്നും ചർച്ചയില്ല. ഉപഗ്രഹവിക്ഷേപം, ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനാൽ കോവിഡുമായുള്ള ബന്ധം, അല്ലെങ്കിൽ സാമ്പത്തിക വളർച്ചയുമായുള്ള ബന്ധം വിശദീകരിക്കാൻ നിർമല സീതാരാമനും നരേന്ദ്ര മോഡിക്കും മാത്രമേ കഴിയൂ. കൽക്കരിഖനികൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ സാംഗത്യവും അവർക്കേ വിശദീകരിക്കാൻ കഴിയൂ. ലോകത്തെ കൽക്കരി ശേഖരത്തിൽ ഇന്ത്യക്ക്‌ രണ്ടാം സ്ഥാനമുണ്ട്. കൽക്കരിയുടെ ഖനനവും വിനിയോഗവും കേന്ദ്ര സർക്കാരിന്റെ കുത്തകയാണ്. ഖനികൾ ലേലം ചെയ്ത്‌ വിൽക്കാനാണ് നിർദേശം. കൽക്കരി മേഖല പൂർണമായും സർക്കാർ കൈയൊഴിയുന്നു. രാജ്യരക്ഷാ ഉപകരണ നിർമാണത്തിൽ നിലവിലെ 40 ശതമാനം വിദേശപങ്കാളിത്തം ഒറ്റയടിക്ക് 74 ശതമാനമാക്കുന്നതിന്റെ യുക്തിയും അവർക്കുമാത്രമേ വിശദീകരിക്കാൻ കഴിയൂ. 41 ആയുധ നിർമാണ ഫാക്ടറിയുടെ ചുമതല രാജ്യരക്ഷാ വകുപ്പിനുകീഴിലെ ഓർഡനൻസ് ഫാക്ടറി ബോർഡിനാണ്. ബോർഡിൽ സ്വകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന സംബന്ധിച്ച് വിശദീകരിക്കാൻ കോൺഗ്രസിന്‌ കഴിഞ്ഞേക്കും.


 

രാജ്യത്തെ 335 കേന്ദ്ര പൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കാനാണ് ബിജെപി തീരുമാനം. ഘട്ടം ഘട്ടമായുള്ള ഓഹരിവിൽപ്പനയല്ല. സമ്പൂർണമായി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുകയാണ്. നാലെണ്ണം തന്ത്രപരമായ വിൽപ്പനയ്‌ക്ക്‌ നീക്കിവയ്‌ക്കും. അതൊരു വഞ്ചനയാണ്. ഏതാനും ഓഹരികൾ സർക്കാരിൽ നിലനിർത്തി ഭൂരിപക്ഷം ഓഹരികളും സ്ഥാപനം കൈകാര്യം ചെയ്യാനുള്ള അവകാശവും സ്വകാര്യമേഖലയ്ക്ക്‌ നൽകുന്നു. നേരിട്ടുള്ള നിക്ഷേപം, വായ്പ, ഓഹരി, കടപ്പത്ര പങ്കാളിത്തം എന്നീ ഇനങ്ങളിലായി കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ മുതൽമുടക്ക് 16,40,628 കോടി രൂപയാണ്. നഷ്ടവും നികുതിയും കഴിച്ച് ഒരു വർഷത്തെ അറ്റലാഭം 142951 കോടിയും. അതാണിപ്പോൾ വിൽക്കുന്നത്.

നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളോടും പരിപാടികളോടുമൊന്നും കോൺഗ്രസിനും വിയോജിപ്പില്ല. വിയോജിപ്പുള്ളത് തുക സംബന്ധിച്ചാണ്. അതിൽ വാസ്തവമുണ്ടുതാനും. 20 ലക്ഷം കോടി ഒരു സാങ്കൽപ്പിക അക്കമാണ്. ഖജനാവിൽനിന്ന്‌ യഥാർഥ ചെലവ് രണ്ടുലക്ഷം കോടി രൂപയിൽ താഴെ മാത്രമെ വരൂ. ബാക്കിയെല്ലാം ബാങ്ക് വായ്പകളും സർക്കാർ ഗ്യാരന്റികളുമാണ്. ഏപ്രിൽ 17നുതന്നെ റിസർവ് ബാങ്ക് എട്ടുലക്ഷം കോടി രൂപയുടെ ബാങ്ക്‌ മുഖേനയുള്ള വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സൂക്ഷ്മ --- ചെറുകിട -- ഇടത്തരം സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന മൂന്നുലക്ഷം കോടി രൂപ ധനസഹായമല്ല, വായ്പയാണ്, 9.25 ശതമാനമാണ് ബാങ്ക് പലിശ. ബാങ്കിതര സ്ഥാപനങ്ങൾ 14 ശതമാനം പലിശ ചുമത്തും. സ‍‍ർക്കാ‍‍ർ പതിനായിരം കോടി രൂപ നൽകും. അതിന്റെ അടിസ്ഥാനത്തിൽ വിപണിയിൽനിന്ന് അമ്പതിനായിരം കോടി രൂപ സമാഹരിക്കണം. വഴിയോരക്കച്ചവടക്കാ‍ർക്കും സൗജന്യമില്ല. പതിനായിരം രൂപവച്ച് 5000 കോടി രൂപ ബാങ്കുകളാണ് വായ്പ നൽകേണ്ടത്. ഈ പദ്ധതിയുടെ വിജയ സാധ്യത സംശയാസ്പദമാണ്. കിട്ടാക്കടത്തിൽ കൈ പൊള്ളി, ആവശ്യക്കാർക്കുനേരെ പിന്തിരിഞ്ഞുനിൽക്കുന്ന പൊതുമേഖലാ ബാങ്കുകൾ, എത്രത്തോളം വായ്പ നൽകാൻ സന്നദ്ധരാകുമെന്ന്‌ കണ്ടറിയണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ്‌ ഫിനാൻസ് കമ്പനികൾ തുടങ്ങിയവ കെടുകാര്യസ്ഥതകൊണ്ട് കുപ്രസിദ്ധി നേടിയവയാണ്. ജനങ്ങൾക്ക് അവയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോവിഡിന്റെ മറവിൽ അവയ്ക്കുമുണ്ട് പരിരക്ഷ.


 

വൈദ്യതി വിതരണ കമ്പനികൾ. വൈദ്യുതി ഉൽപ്പാദന കമ്പനികൾക്ക് 94000 കോടി രൂപ നൽകാനുണ്ട്. അതിന്‌ പരിഹാരം കാണുന്നത് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും പവർ ഫിനാൻസ് കോർപറേഷനും മുഖേന അത്രയും തുക കൈമാറിയാണ്.എല്ലാം കൂട്ടിയും കുറച്ചും ബജറ്റിൽ പ്രഖ്യാപിച്ച തുകകൾ കൂട്ടിച്ചേർത്തും 20 ലക്ഷം കോടി തികയ്‌ക്കുകയാണ്. പ്രഖ്യാപനങ്ങൾക്കുപിന്നിലെ രഹസ്യ അജൻഡ സമ്പൂർണ സ്വകാര്യവൽക്കരണംതന്നെ. കോവിഡ് ഒരു "സുവർണാവസരം’ മാത്രം. ജനശ്രദ്ധ മുഴുവൻ കോവിഡ് പ്രതിരോധത്തിലായതിനാൽ എതിർപ്പിന്റെ ശക്തി കുറയുമെന്ന്‌ സർക്കാർ കരുതുന്നു.

കാർഷികമേഖലയ്ക്ക്‌ ആവശ്യം അടിയന്തര ധനസഹായവും കടം എഴുതിത്തള്ളലുമാണ്. ​ഗവൺമെന്റാകട്ടെ വർഷങ്ങൾകൊണ്ട്‌ പൂർത്തിയാക്കുന്ന പശ്ചാത്തല സൗകര്യവികസനത്തിനാണ് ഊന്നൽ നൽകുന്നത്. ഉടൻ പണച്ചെലവില്ലാതെ, പ്രചാരമൂല്യം ലഭിക്കുമെന്നതാണ് സർക്കാരിന്റെ നേട്ടം. കരിഞ്ചന്തയും പൂഴ്ത്തിവയ്‌പും തടയാനാണ് 1955ൽ അവശ്യസാധന നിയമം അം​ഗീകരിച്ചത്. ലൈസൻസ് റദ്ദാക്കാനും കുറ്റവാളികളെ ജയിലിലടയ്‌ക്കാനുംവരെ സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം. ധാന്യങ്ങൾ, പയർവർ​ഗങ്ങൾ, എണ്ണക്കുരുക്കൾ, ഉരുളക്കിഴങ്ങ്, ഭക്ഷ്യഎണ്ണ, ഉള്ളി എന്നീ ആറ് ഉൽപ്പന്നത്തിന്റെ സൂക്ഷിപ്പും വിപണനവും സംബന്ധിച്ച നിബന്ധനകളിൽനിന്ന് ഒഴിവാക്കിരിയിക്കുന്നു. വില കൂട്ടി വിറ്റാൽ ഇനി ആർക്കും ചോദ്യം ചെയ്യാനാകില്ല. കരിഞ്ചന്തക്കാരെ ഉപദേശിക്കാൻ മാത്രമാണ് ​ഗവൺമെന്റിന് അധികാരം. വിതയ്ക്കുമ്പോൾ അല്ലെങ്കിൽ പൂവിടുമ്പോൾത്തന്നെ വില നിശ്ചയിച്ച് കച്ചവടമുറപ്പിക്കുന്ന കരാർ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാനും നിർദേശമുണ്ട്.

വർധിച്ച റവന്യൂ കമ്മിയും ധനകമ്മിയും നേരിടുന്ന സംസ്ഥാനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് വായ്പാപരിധി അഞ്ച്‌ ശതമാനമാക്കണമെന്നത്. ഏകപക്ഷീയമായി കടുത്ത നിബന്ധനകളോടെയാണെങ്കിലും ആവശ്യം അം​ഗീകരിച്ചിരിക്കുന്നു. പക്ഷേ, സംസ്ഥാനങ്ങളോട്‌ കൂടിയാലോചിച്ചില്ല.
​ഗവൺമെന്റ് നിർദേശങ്ങളിലെ ഏക രജതരേഖ തൊഴിലുറപ്പുപദ്ധതിക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ചതിനുപുറമെ നാൽപ്പതിനായിരം കോടി രൂപ വകയിരുത്തിയതാണ്. ഇടതുപക്ഷത്തിന്‌ ഏറെ അഭിമാനിക്കാൻ കഴിയുന്നതാണ് മഹാത്മാഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2004ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസും പതിമൂന്ന് ഘടക കക്ഷിയും ചേർന്ന് രൂപീകരിച്ച മുന്നണി സർക്കാരിന്‌ ഇടതുപക്ഷ കക്ഷികൾ പുറത്തുനിന്ന്‌ പിന്തുണ നൽകി. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്. പരിപാടിയിടെ മുഖ്യ ഇനമായിരുന്നു തൊഴിലുറപ്പ്‌ പദ്ധതി. പക്ഷേ, ബിജെപി പദ്ധതിക്ക്‌ പുറംതിരിഞ്ഞുനിന്നു. അവർ പിന്നീട് അധികാരത്തിൽ വന്നപ്പോൾ പാർലമെന്റിൽ പരിഹാസത്തോടെയാണ് തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച്‌ സംസാരിച്ചത്. പ്രധാനമന്ത്രി മോഡി  പറഞ്ഞു. "" ഈ പദ്ധതി ഞാൻ നിർത്തലാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്റെ രാഷ്ട്രീയ ബുദ്ധി അതിനും അനുവദിക്കില്ല. രാജ്യത്തുനിന്ന്‌ ദാരിദ്ര്യം നിർമാർജനം ചെയ്യാൻ നിങ്ങൾ പരാജയപ്പെട്ടതിന്റെ ജീവനുള്ള സ്മാരകമായി ഈ പദ്ധതി തുടരും. ആഘോഷപൂർവം ഞാൻ ഈ പദ്ധതി തുടരും.''

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top