21 September Saturday

ബിഎസ‌്എൻഎല്ലിനെ ഇഞ്ചിഞ്ചായി കൊല്ലുന്നു

കെ മോ ഹ നൻUpdated: Thursday Jun 28, 2018ഇന്ത്യൻ ടെലികോം രംഗത്തെ ജനപക്ഷസാന്നിധ്യമാണ് ബിഎസ്എൻഎൽ. സ്വകാര്യകമ്പനികളുടെ  കഴുത്തറുപ്പൻ ചൂഷണത്തിൽനിന്ന് ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം നൽകുന്നത് ഈ പൊതുമേഖല സ്ഥാപനമാണ്. താരിഫ് നിർണയത്തിൽപ്പോലും സ്വകാര്യകമ്പനികൾ നിയന്ത്രണമേർപ്പെടുത്തുന്നത് ബിഎസ്എൻഎൽ സജീവമായതുകൊണ്ടാണ്. അതുകൊണ്ടാണ് റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, ബിഎസ്എൻഎൽ മാത്രമാണ് തങ്ങൾക്ക് വെല്ലുവിളിയെന്ന് നിരീക്ഷിച്ചത്.
1991 മുതൽ അരങ്ങേറിയ ആഗോളവൽക്കരണനയം ബിഎസ്എൻഎല്ലിന്റെ അന്ത്യംകാണാനുള്ള പടപ്പുറപ്പാടിലാണ്. 2014ൽ അധികാരത്തിൽ വന്ന മോഡിസർക്കാരാകട്ടെ അതിനുള്ള ആയുധങ്ങൾക്ക് മൂർച്ചകൂട്ടുകയുമാണ്. ഓഹരിവിൽപ്പന. ആസ്തി കൈമാറൽ, കേബിൾ മറിച്ചുനൽകൽ തുടങ്ങി നിരവധി നടപടികളിലൂടെ ആരംഭിച്ചതാണെങ്കിലും ജീവനക്കാരുടെ  പ്രതിരോധത്തിനുമുമ്പിൽ എല്ലാം തകർന്നു. നിതി ആയോഗിന്റെ വിൽപ്പനപ്പട്ടികയിൽ ബിഎസ്എൻഎല്ലിനെ ഉൾപ്പെടുത്തിയെങ്കിലും തൊഴിലാളികൾ സംഘടിതമായി പൊരുതി. അതുകൊണ്ടുതന്നെ നേരിട്ടുള്ള കൊലപാതകമല്ല, ഇഞ്ചിഞ്ചായുള്ള വധമാണ് സർക്കാർ നിർവഹിക്കുന്നത്. അതിന്റെ ഭാഗമാണ് 40,000 കോടി രൂപ വരുമാനവും 10,000 കോടി രൂപ ലാഭവുമുണ്ടായിരുന്ന ബിഎസ്എൻഎല്ലിനെ വികസനക്കുതിപ്പിന‌്  അനുവദിക്കാതെ, ടെൻഡർ നടപടികൾ റദ്ദുചെയ്ത് നഷ്ടങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടത്. 2008ൽ നാലരക്കോടി ലൈനും തുടർന്ന് 9.3 കോടി ലൈനും നൽകാനുള്ള ടെൻഡറുകളാണ്  റദ്ദാക്കിയത്. അതോടെ ടെലികോം കമ്പോളത്തിൽ ബിഎസ്എൻഎൽ സ്വകാര്യകമ്പനികൾക്കുപിന്നിലായി.  അതോടെ സ്ഥാപനം നഷ്ടത്തിലേക്ക് കുതിച്ചു. നഷ്ടത്തിന്റെ പേരിൽ കമ്പനിയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. രണ്ടരലക്ഷം കോടിരൂപ ആസ്തിയുള്ള ഈ പൊതുമേഖല സ്ഥാപനത്തിന് ചുറ്റുമാണ് സ്വകാര്യ കോർപറേറ്റ് കഴുകന്മാർ വട്ടമിട്ടു പറക്കുന്നത്. അവരെ  എല്ലാ അർഥത്തിലും കേന്ദ്രസർക്കാർ സഹായിക്കുകയാണ്. സ്ഥാപനത്തെ ശിഥിലീകരിച്ച് വിൽപ്പനയ്ക്കുള്ള ശ്രമമാണ്  ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.

ബിഎസ്എൻഎല്ലിന്റെ രക്തധമനികളെന്ന് വിശേഷിപ്പിക്കാവുന്നതാണ് ടവറുകൾ. മൊബൈൽ സേവനം ടവറുകൾവഴിയാണ് നിർവഹിക്കുന്നത്.  സ്വന്തമായ  ചെലവിൽ ബിഎസ്എൻഎൽ പടുത്തുയർത്തിയതാണ് ഈ ടവറുകളെല്ലാം. നക്സൽ ബാധിത മേഖലകളിലും തീവ്രവാദികളുടെ കേന്ദ്രങ്ങളിലും യുഎസ‌്ഒ ഫണ്ടിന്റെ സഹായത്തോടെ ബിഎസ്എൻഎൽ  ടവറുകൾ പ്രവർത്തിക്കുന്നു. സ്വന്തം മുതൽമുടക്കി നിർമിച്ച അറുപത്താറായിരത്തോളം ടവറുകൾ സ്വകാര്യമുതലാളിമാർക്ക് ദാനം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

ടവറുകൾ പ്രത്യേക കമ്പനിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്. ബിഎസ്എൻഎല്ലിന്റെ അനുബന്ധ കമ്പനിയായിരിക്കും രൂപീകരിക്കപ്പെടുന്ന കമ്പനിയെന്ന  വാദമുഖങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥനായ അമിത് യാദവിന്റെ സിഎംഡി നിയമനത്തോടെ പൊളിഞ്ഞു.  ബിഎസ്എൻഎല്ലിന്റെ പ്രധാന വരുമാനസ്രോതസ്സായ ടവറുകൾ ഇനി ജിയോ ഉൾപ്പെടെയുള്ള സ്വകാര്യകമ്പനികൾക്ക് സ്വന്തം. ഇത് ബിഎസ്എൻഎല്ലിന്റെ സാമ്പത്തികപ്രതിസന്ധിക്ക് ആക്കംകൂട്ടും. രൂപീകരിക്കപ്പെടുന്ന ടവർ കമ്പനി സ്വകാര്യ മുതലാളിമാർക്ക് കൈമാറും. രണ്ടുവർഷത്തിനകം തന്ത്രപ്രധാനമായ ഒരു പങ്കാളിയെ  കണ്ടെത്തി കൈമാറുമെന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. അതായത് കമ്പനി സ്വകാര്യമുതലാളിമാർക്ക് സ്വന്തമാകുമെന്നർഥം. ബിഎസ്എൻഎല്ലിനുപോലും സ്വതന്ത്രമായി ടവർ ഉപയോഗിക്കാൻ കഴിയാതെവരും. ബിഎസ്എൻഎല്ലിന്റെ ഡാറ്റാ സേവനത്തിൽ ഇതോടെ ഇടിവുണ്ടാകും. ടവറുകൾ ഉപയോഗിക്കാൻ പണം നൽകേണ്ടിവരും. വിദേശകമ്പനിയായ അമേരിക്കൻ ടവർ കോർപറേഷൻ ഉൾപ്പെടെ ഇന്ത്യയിലെ എയർടെൽ, ഐഡിയ, വൊഡാഫോൺ സംയുക്തമായ ഇൻഡസ് ടവർ കോർപറേഷൻവരെയുള്ള കുത്തകകൾ വിളയാടുന്ന മേഖലയിൽ ബിഎസ്എൻഎല്ലിന്റെ ടവർ നാളെ ഏതെങ്കിലും വൻകിട ഭീമന്റെ  കൈകളിലെത്തും. കമ്പോളത്തിന്റെ ആധിപത്യം ജിയോ ഉൾപ്പെടെ കൈക്കലാക്കും. ജിയോയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നയം രൂപീകരിക്കപ്പെടും. വാർത്താവിനിമയത്തിന് കൂടുതൽ ചാർജ് നൽകേണ്ടിവരും. ജനങ്ങൾക്ക് ഇന്ന് ലഭ്യമാകുന്ന ചുരുങ്ങിയ താരിഫ് നിരക്കുകൾ ഇല്ലാതാകും.

2ജിയിൽനിന്ന് 5ജിയിലേക്ക് വികസിക്കുന്ന സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും അരങ്ങുവാഴാനൊരുങ്ങുന്ന ടെലികോം കമ്പോളം‐ ചൂഷണത്തിന്റെ സാധ്യതകൾ വർധിച്ചുവരുന്ന ഈ സന്ദർഭത്തിൽ ടെലികോം മേഖലയുടെ ആധിപത്യം ഉറപ്പാക്കാനുള്ള കടുത്ത മത്സരത്തിലാണ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യകമ്പനികൾ.

പുത്തൻ സാങ്കേതികശേഷിയുമായി വിപണിയിലിറങ്ങുന്ന ആൻഡ്രോയിഡ് ഫോണുകൾ അതിവേഗ ഡാറ്റാലഭ്യത, മറ്റെല്ലാ കാര്യങ്ങളും നിർവഹിക്കാൻ കഴിയുന്ന മൈക്രോ കംപ്യൂട്ടർ സാങ്കേതികവിദ്യ ഉൾപ്പെടെ വളർന്നുവരുമ്പോൾ അതിനെയെല്ലാം കുത്തകകൾക്കുമാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
നമ്മുടെ ആഭ്യന്തരരഹസ്യങ്ങൾപോലും മൂലധനശക്തികളുടെ അകത്തളങ്ങളിലെത്തിക്കുന്ന വമ്പൻ സാങ്കേതികവിദ്യകളുടെ നിയന്ത്രണമുൾപ്പെടെ വിറ്റ് കാശാക്കുന്ന സ്വകാര്യ മുതലാളിമാർക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം. ബിഎസ്എൻഎല്ലിന്റെ തകർച്ച സ്വാഭാവികമായി ജനങ്ങളുടെ വാർത്താവിനിമയത്തിന് പ്രയാസങ്ങൾ സൃഷ്ടിക്കും.  കൂടുതൽ താരിഫുകൾ ഈടാക്കപ്പെടും.  ഫെയ്സ്ബുക്ക്, വാട്സാപ‌് പോലുള്ള സാമൂഹ്യമാധ്യമങ്ങൾപോലും പണം കൊടുത്ത് ഉപയോഗിക്കേണ്ടിവരും.  അതുകൊണ്ട് ജനങ്ങളുടെ വാർത്താവിനിമയ അവകാശം സംരക്ഷിക്കപ്പെടണമെങ്കിൽ ബിഎസ്എൻഎൽ നിലനിൽക്കുകതന്നെ വേണം.

പ്രധാന വാർത്തകൾ
 Top