30 September Wednesday

ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടന

സെബാസ്റ്റ്യൻ പോൾUpdated: Wednesday Nov 27, 2019

ഭരണഘടനയുടെ പിറവിദിനത്തിൽ ജനാധിപത്യ റിപ്പബ്ലിക്കിനു നൽകാൻ കഴിഞ്ഞ മനോജ്ഞമായ ഉപചാരമാണ് ഫഡ്നാവിസിന്റെ രാജി. മഹാരാഷ്ട്രയിൽ പുതിയ മുഖ്യമന്ത്രി ഉണ്ടാകുന്നതിനൊപ്പം രാജ്ഭവനിൽനിന്ന് കോശ്യാരി നീക്കം ചെയ്യപ്പെടണം. പദവിയുടെ ദുരുപയോഗത്തെ അടിസ്ഥാനമാക്കി തമിഴ്നാട്ടിൽ ഫാത്തിമാ ബീവിയും ആന്ധ്രപ്രദേശിൽ രാം ലാലും ഹരിയാനയിൽ ഭൂട്ടാ സിങ്ങും നീക്കംചെയ്യപ്പെട്ട ചരിത്രമുണ്ട്. വിശ്വാസവോട്ട് തേടാതെ ചരൺ സിങ്ങിന് രാജിവയ്ക്കേണ്ടിവന്നത് അന്നത്തെ രാഷ്ട്രപതി സഞ്ജീവ റെഡ്ഡി വിവേചനാധികാരം ശരിയായ രീതിയിൽ വിനിയോഗിക്കാതിരുന്നതുകൊണ്ടാണ്. ദുരുദ്ദേശ്യത്തോടെ വിനിയോഗിക്കുമ്പോഴാണ് വിവേചനാധികാരം ശരിയായ രീതിയിൽ പ്രയോഗിക്കാൻ കഴിയാതെപോകുന്നത്.

മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് നിർവഹിക്കാൻ കഴിയുന്ന ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ നിയമനം. സഭാംഗമല്ലാത്ത ആളെപ്പോലും അപ്രകാരം നിയമിക്കാം. പക്ഷേ, അയാൾക്ക് നിശ്ചിതസമയത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയണം. ഇക്കാര്യങ്ങളിൽ ഭരണഘടനയുടെ നിർദേശം സുവ്യക്തമാണ്. ഇതിനു പുറമെ കീഴ്വഴക്കങ്ങൾ നൽകുന്ന വ്യക്തതയുണ്ട്. സർക്കാരിയ കമീഷൻ റിപ്പോർട്ടുമുതൽ എസ് ആർ ബൊമ്മൈ കേസിലെ സുപ്രീംകോടതി വിധിവരെ വായിക്കാൻ രേഖകളുണ്ട്. എന്നിട്ടും ഭരണഘടനയുടെ എഴുപതാം വർഷത്തിൽ നമുക്ക് സുപ്രീംകോടതിയുടെ വ്യാഖ്യാനം ആവർത്തിച്ച് ആവശ്യമാകുന്നു. ലിഖിതഭരണഘടന ഇല്ലാത്ത ബ്രിട്ടനിൽ ഇക്കാര്യങ്ങളിൽ സന്ദേഹം ഇല്ലാതിരിക്കുന്നത് ജനതയുടെ പക്വതയുടെയും വിവേകത്തിന്റെയും ലക്ഷണമാണ്. ഈ അവസ്ഥയിലേക്ക് നിർഭാഗ്യവശാൽ നമുക്ക് എത്താൻ കഴിഞ്ഞിട്ടില്ല.


 

മന്ത്രിസഭ രൂപീകരിക്കാൻ ആർക്കും കഴിയാത്ത അവസ്ഥയിലാണ് മഹാരാഷ്ട്രയിൽ ഭരണം രാഷ്ട്രപതി ഏറ്റെടുത്തത്. അസാധാരണവും അസ്വാഭാവികവുമായ സാഹചര്യങ്ങളിൽ അത് പിൻവലിച്ചപ്പോൾ കണക്കുകൾ ശരിയാകണമായിരുന്നു. കൂട്ടലും കിഴിക്കലും ശരിയാകുന്നതിനുമുമ്പ് രാഷ്ട്രപതിഭരണം പിൻവലിക്കേണ്ടതായ അടിയന്തരസാഹചര്യം ഉണ്ടായിരുന്നില്ല. അയൽക്കാരന്റെ ലായത്തിലെ കുതിരകളെ അപഹരിക്കാമെന്ന വ്യാമോഹത്തിൽ അധികാരത്തിലേറി അപമാനിതനായി പടിയിറങ്ങിയ ഫഡ്നാവിസ് ഭരണഘടനാപരമായ അധാർമികതയിൽ യെദ്യൂരപ്പയെ പിന്നിലാക്കിയിരിക്കുന്നു. രാഷ്ട്രീയമായ അശ്ലീലത മുംബൈയിൽമാത്രമായി പരിമിതപ്പെടുന്നില്ല. നരേന്ദ്ര മോഡിയും അമിത് ഷായും കളത്തിലിറങ്ങിയ കളിയിൽ ബിജെപിക്ക് അടിതെറ്റിയത് ശുഭോദർക്കമാണ്. അപ്രതിരോധ്യമെന്നു കരുതപ്പെട്ടിരുന്നത് ഭേദ്യമാണെന്ന് തെളിഞ്ഞു. ഒരു രാജ്യം ഒരു പാർടിയെന്ന ലക്ഷ്യവുമായി മുന്നേറുന്ന ബിജെപി 45 ശതമാനം ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്തു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു.

മഹാരാഷ്ട്രയിൽ എല്ലാം ഭദ്രമാണെന്ന് കരുതരുത്. ജനവിധിയാണ് പരമപ്രധാനമെങ്കിൽ ജനവിധിക്കനുസൃതമായ ഭരണമല്ല അവിടെ ഉണ്ടാകാൻ പോകുന്നത്. തെരഞ്ഞെടുപ്പിനുശേഷമുണ്ടായ കൂട്ടുകെട്ട് ഭരണത്തിലെത്തുന്നു. വൈരികൾ സഖ്യത്തിലാകുന്നത് അപൂർവമാണെങ്കിലും അസാധാരണമല്ല. 2004ൽ കേന്ദ്രത്തിൽ അങ്ങനെയൊരു അവസ്ഥയുണ്ടായി. അപ്രകാരം തത്വാധിഷ്ഠിതമല്ലെങ്കിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങൾ സ്ഥായിയാകില്ല. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടതുപക്ഷ പിന്തുണയോടെ യുപിഎ സർക്കാർ രൂപീകരിച്ചത്. മഹാരാഷ്ട്രയിലും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ത്രികക്ഷി മഹാസഖ്യം പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയെ ഉലച്ച കർഷകപ്രക്ഷോഭത്തിൽ ഉയർത്തപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ത്രികക്ഷിസർക്കാരിനു കഴിയുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.


 

ഒന്നിനെത്തള്ളി മറ്റൊന്നിനെ സ്വീകരിക്കുമ്പോൾ എരിതീയിൽനിന്ന് വറചട്ടിയിലെത്തിയ അനുഭവമാണ് മഹാരാഷ്ട്രയിലെ ജനങ്ങൾക്കുണ്ടാകുന്നത്. ബിജെപിയുടെ ദേശീയ വർഗീയതയാണോ ശിവസേനയുടെ പ്രാദേശിക വർഗീയതയാണോ കൂടുതൽ അപകടമെന്ന ചോദ്യമുണ്ട്. ബാബ്റി മസ്ജിദിന്റെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പാർടിയാണ് ശിവസേന. ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറേയുടെ പുത്രനാണ് ഇപ്പോൾ കോൺഗ്രസിന്റെ തോളിലേറി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസിന് ഒട്ടേറെ കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും.

സാമാജികരുടെ എണ്ണമെടുക്കേണ്ടതും പിന്തുണ നിർണയിക്കേണ്ടതും സഭാതലത്തിലാണെന്ന കാര്യത്തിൽ വ്യക്തതയുണ്ട്. എണ്ണം പിഴയ്ക്കുന്ന ഗവർണർമാർ പരിഹാസ്യരാകുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നംകൂടിയാണിത്. പ്രോടേം സ്പീക്കറുടെ അധ്യക്ഷതയിൽ നിയമസഭ സമ്മേളിച്ച് വിശ്വാസവോട്ട് പാസാക്കുന്നതിനുള്ള വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്. ഗവർണറുടെ അനിയന്ത്രിതമായ ഇഷ്ടത്തിനും വ്യക്തിപരമായ ഉറപ്പിനും കാര്യങ്ങൾ പൂർണമായും വിട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥ ശരിയായി പ്രവർത്തിക്കുന്നില്ല. ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സേവകൻമാത്രമായി തരംതാഴുമ്പോൾ ഭരണഘടനാപരമായ അത്യാചാരങ്ങൾ സംഭവിക്കുന്നു. റിപ്പോർട്ടുകളും വിധികളും ഇതിനു പരിഹാരമാകുന്നില്ല. അനുഭവങ്ങൾ പാഠമാകുന്നില്ല.

എഴുതിവയ്ക്കുന്നതുപോലും ശരിയായി വായിക്കാനറിയാത്ത നമുക്ക് ചില കാര്യങ്ങൾ എഴുതിത്തന്നെ വയ്ക്കണം. മുഖ്യമന്ത്രിയുടെ നിയമനം സംബന്ധിച്ച് ഗവർണർക്കുള്ള വിവേചനാധികാരത്തിന്റെ വിനിയോഗം ഏതുവിധമായിരിക്കണമെന്ന് ഭരണഘടനയിൽത്തന്നെ വ്യക്തമാക്കുന്നത് നന്നായിരിക്കും. ഐവർ ജെന്നിങ്സിന്റെ ആശങ്കയെ അസ്ഥാനത്താക്കിക്കൊണ്ട് സപ്തതിയിലെത്തിയ നമ്മുടെ ഭരണഘടനയിലെ എഴുതാപ്പുറങ്ങൾ മനസ്സിലാക്കുന്നതിന് ചില കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ട്. കേന്ദ്രത്തിന് അനഭിമതമായ പാർടികളും കൂട്ടുകെട്ടുകളും മന്ത്രിസഭാരൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമ്പോൾ നിർണായകമായ തീരുമാനം ഭരണഘടനയ്ക്ക് അനുസൃതമായി കൈക്കൊള്ളാൻ ഗവർണർമാർ നിർബന്ധിതരാകണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top