08 August Saturday

സംഘപരിവാർ ഭീഷണി കേരളത്തിലോ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

പ്ര-ശസ്‌ത ചലച്ചിത്രകാരൻ  അ-ടൂ-ർ ഗോപാലകൃഷ്‌ണനെതിരായ സം-ഘ-പ-രി-വാർ- ഭീ-ഷ-ണി-ക്കെതി-രെ ദേശവ്യാ-പകമാ-യ പ്രതി-ഷേധംഅലയടി-ക്കുകയാ-ണ്.-സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പ്രമുഖ ചരിത്ര പണ്ഡിതനായ  ഡോ. എം  ജി എസ്‌ നാരായണൻ, സാംസ്‌കാരിക മന്ത്രി എ കെ ബാലൻ, സാഹിത്യകാരൻ അശോകൻ ചരുവിൽ, സിനിമാ സംവിധായകൻ സിബി മലയിൽ എന്നിവർ  പ്രതികരിക്കുന്നു.

ഈ പ്രഖ്യാപനം നാടിന്‌ അപമാനം
കോടിയേരി ബാലകൃഷ്‌ണൻ

ലോകപ്രശസ്‌ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂർ ഗോപാലകൃഷ്‌ണനെ അന്യഗ്രഹത്തിലേക്ക്‌ നാടുകടത്താനുള്ള സംഘപരിവാർ പ്രഖ്യാപനം നാടിനെ അപമാനിക്കലാണ്‌.

ആരെയും എന്തിനെയും ഭീഷണിയിലൂടെയും അക്രമത്തിലൂടെയും വരുതിയിലാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമം കേരളത്തിൽ വിലപ്പോകില്ല. രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ 49 പ്രമുഖർക്കൊപ്പം പ്രധാനമന്ത്രിക്ക്‌ കത്തയച്ചതിന്റെ പേരിലാണ്‌ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനെതിരെ നാടുകടത്തൽ ഭീഷണിയുണ്ടായിരിക്കുന്നത്‌. പുരസ്‌കാരങ്ങൾക്കും കസേരകൾക്കും പിന്നാലെ പോകുന്ന ആളല്ല അടൂർ. എന്നിട്ടും കേന്ദ്രസർക്കാരിന്റെ പരിഗണന കിട്ടാത്തതിനാലാണ്‌ പ്രതിഷേധമെന്ന ആർഎസ്‌എസ്‌ നേതാവിന്റെ വ്യാഖ്യാനം ഉന്നത കലാകാരനെ അവഹേളിക്കലാണ്‌. പച്ചില കാട്ടി ചിലരെ വിലയ്‌ക്കുവാങ്ങുംപോലെ ഉത്തമ കലാകാരന്മാരെ സംഘപരിവാറിന്റെ മനുഷ്യത്വഹീന രാഷ്‌ട്രീയത്തിന്റെ ഒത്താശക്കാരാക്കാൻ കഴിയില്ല. വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അത്‌ ചർച്ചചെയ്യാനുമുള്ള അവകാശം ജനാധിപത്യം തരുന്നുണ്ട്‌. എന്നാൽ, എതിരഭിപ്രായം പാടില്ലെന്ന സംഘപരിവാറിന്റെ ശാഠ്യം അംഗീകരിക്കാനാകില്ല. അത്‌ അംഗീകരിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകുകയും ഫാസിസത്തിന്റെ വിളയാട്ടമാകുകയുമായിരിക്കും ഫലം.

‘ജയ്‌ ശ്രീറാം' വിളി ആളെക്കൊല്ലാനും  മതം മാറ്റാനുമുള്ളതാകരുതെന്ന അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖരുടെ അഭിപ്രായം പ്രധാനമന്ത്രിക്കുമുന്നിലാണ്‌ കത്ത്‌ മുഖാന്തരം അവതരിപ്പിച്ചത്‌. അതിന്‌ അടൂർ ഗോപാലകൃഷ്‌ണനെ ചന്ദ്രനിലേക്ക്‌ പോകാൻ കൽപ്പന പുറപ്പെടുവിച്ച ആർഎസ്‌എസ്‌ നേതാവിന്റെ നടപടി വ്യക്തിപരമോ ഒറ്റപ്പെട്ടതോ ആയി കാണാനാകില്ല. പ്രധാനമന്ത്രിക്ക്‌ കത്ത്‌ അയച്ചതിന്‌ ആർഎസ്‌എസ്‌ കൊലവിളി നടത്തിയതിൽ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുണ്ട്‌. അടൂരിനെതിരായ നാടുകടത്തൽ കൽപ്പനയെ തള്ളിപ്പറയാൻ ബിജെപിയുടെയോ ആർഎസ്‌എസിന്റെയോ ഉത്തരവാദപ്പെട്ട നേതാക്കളാരും തയ്യാറായിട്ടില്ലെന്നത്‌, സംഘപരിവാറിന്റെ ആക്രമണോത്സുക രാഷ്ട്രീയത്തെ എതിർത്താൽ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ്‌ യഥാർഥത്തിലുണ്ടായിരിക്കുന്നത്‌. കേരളത്തിന്റെ യശസ്സ്‌ ലോകമാകെ എത്തിച്ച കലാകാരനായ അടൂർ ഗോപാലകൃഷ്‌ണന്റെപിന്നിൽ സാംസ്‌കാരികകേരളവും ജനാധിപത്യമനസ്സുള്ള കേരളീയരും ഒറ്റക്കെട്ടായി നിലയുറപ്പിക്കും.

ജനാധിപത്യത്തിന്റെ ശത്രുക്കൾ
ഡോ. എം ജി എസ്‌ നാരായണൻ

അടൂർ ഗോപാലകൃഷ്‌ണൻ പാകിസ്ഥാനിലേക്കോ ചന്ദ്രനിലേക്കോ പോകണമെന്ന ഭീഷണി ജനാധിപത്യത്തിനെതിരാണ്‌. ജനാധിപത്യത്തിന്റെ ശത്രുക്കളാണിങ്ങനെ പറയുന്നത്‌. അടൂരിന്റെ നിലപാടിനോട്‌ എനിക്ക്‌ യോജിപ്പാണ്‌. ആൾക്കൂട്ടക്കൊലയ്‌ക്കും വിദ്വേഷപ്രചാരണത്തിനുമെതിരെ അടൂരടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ നിലപാട്‌ അഭിനന്ദനാർഹമാണ്‌. ഇന്നത്തെ രൂപത്തിൽ മുന്നോട്ടുപോയാൽ നമ്മുടെ രാജ്യം അധികം താമസിയാതെ ശിഥിലമാകുമെന്ന്‌ ഞാൻ ഭയപ്പെടുന്നു. സമൂഹത്തിൽ അക്രമം പടർന്നാൽ ആർക്കും സ്വൈരമായി ജീവിക്കാനാകില്ല. മുസ്ലിം സമുദായത്തെയും മറ്റു ന്യൂനപക്ഷങ്ങളെയും ദളിതരെയും തല്ലിക്കൊല്ലുന്നത്‌ അവസാനിപ്പിക്കണം. ഇത്‌ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുണ്ട്‌. അതിനെതിരായ ഭീഷണി ജനാധിപത്യത്തിന്‌ ഭൂഷണമല്ല.

ഒറ്റ മനസ്സോടെ ചെറുക്കണം
എ കെ ബാലൻ

അടൂർ ഗോപാലകൃഷ്‌ണനെതിരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണിയെ സാംസ്‌കാരികകേരളം ഒറ്റ മനസ്സോടെ ചെറുക്കണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളോടെ എല്ലാ ജനങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻ അവസരമുണ്ടാകണമെന്ന് പറഞ്ഞതിനാണ് സംഘപരിവാർ ഭീഷണി. ഭരണവർഗ പിന്തുണയോടെ സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ ഐക്യരാഷ്‌ട്രസഭയിൽ പോലും പ്രതിഷേധമുയർന്നു. ഇന്ത്യയിലെ പ്രമുഖ സാംസ്‌കാരികപ്രവർത്തകർക്കൊപ്പം ആൾക്കൂട്ടക്കൊലപാതകങ്ങളെ അപലപിച്ചതിനാണ് അടൂരിനെതിരെ ഭീഷണിയുമായി സംഘപരിവാർ നേതാവ് ഇറങ്ങിയത്‌.

തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ പാകിസ്ഥാനിലേക്കയക്കുമെന്നാണ് സംഘപരിവാർ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ ചന്ദ്രനിലയക്കുമെന്നാണ് പറയുന്നത്. ജ്ഞാനപീഠം ജേതാവും കേരളത്തിന്റെ അഭിമാനവുമായ എം ടിയടക്കമുള്ളവർക്കുനേരെ പോലും ഇക്കൂട്ടർ തിരിഞ്ഞിരുന്നു. മനുഷ്യർക്കും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി വാദിക്കുന്നവരെയൊക്കെ ഇവർ ശത്രുക്കളായി കാണുന്നു.

ഭീഷണിക്ക് കീഴടങ്ങി നിശ്ശബ്ദമായി ജീവിക്കില്ലെന്ന് അടൂർ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കയാണ്. അടൂരിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്. ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച് സാംസ്‌കാരികലോകം അടൂരിന്റെപിന്നിൽ ഉറച്ചു നിൽക്കും.

ജനകീയപ്രതിരോധം ഉയർത്തണം
അശോകൻ ചരുവിൽ

ലോകം ആദരിക്കുന്ന മഹാനായ കലാകാരനായ അടൂർ ഗോപാലകൃഷ്‌ണനെതിരെയുള്ള സംഘപരിവാർ ഭീഷണി കേരളീയ സമൂഹത്തിന്‌ നേരെയുള്ള ഭീഷണിയാണ്‌. രണ്ടാംവട്ടം അധികാരത്തിൽ വന്നതിന്റെ അഹങ്കാരത്തിൽ പാവപ്പെട്ട ദളിത് പിന്നോക്ക ജനങ്ങളെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും ചവിട്ടിയരയ്‌ക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ചു എന്നതാണ് അടൂരിനെതിരെ കൊലവിളി നടത്താൻ അവരെ പ്രേരിപ്പിച്ചത്. ചാതുർവർണ്യം  എന്ന ജാതിമേധാവിത്വം രാജ്യത്തിന്റെ ഭരണവ്യവസ്ഥയാക്കുക എന്നത് മനുവാദികളായ സംഘപരിവാറിന്റെ അജൻഡയാണ്‌. അതിന്റെ പ്രാരംഭം എന്ന നിലയിലാണ് ഇന്ന്‌ രാജ്യത്ത് നടക്കുന്ന ദളിത് വേട്ട. ന്യൂനപക്ഷ മതവിഭാഗങ്ങളെ മറ്റൊരു അടിമജാതിയാക്കി മാറ്റി വർണവ്യവസ്ഥയിൽ ഉൾപ്പെടുത്താനും ശ്രമമാരംഭിച്ചിരിക്കുന്നു.

മഹാരാഷ്ട്രയിലെ കൊറഗോവിൽ ദളിത് ജനതയ്‌ക്കൊപ്പംനിന്നതിന്റെ കുറ്റം ചുമത്തി രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടത്തി എഴുത്തുകാരെയും മറ്റു പ്രതിഭകളെയും നരേന്ദ്ര മോഡി വേട്ടയാടിയത് ഈ സന്ദർഭത്തിൽ ഓർമിക്കണം. നവോത്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന കലാകാരന്മാർ ദളിത് ജനതയ്‌ക്ക് പ്രതിരോധം തീർക്കും എന്ന് സംഘപരിവാർ കരുതുന്നു. അതുകൊണ്ട് ആദ്യം സാംസ്‌കാരിക പ്രതിഭകളെ കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും നിർവീര്യമാക്കേണ്ടതുണ്ടെന്ന് അവർ കരുതുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിൽ മലയാളത്തിന്റെ ആത്മചൈതന്യങ്ങളായ എം ടിക്കും അടൂരിനുമെതിരെയുള്ള നീക്കം. എന്നാൽ, ഒരുവക ഭീഷണിക്കു മുന്നിലും കീഴടങ്ങിയ ചരിത്രമല്ല എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പിന്മുറക്കാർക്കുള്ളതെന്ന് സംഘപരിവാറിനെ ഓർമിപ്പിക്കട്ടെ.

അടൂർ ഗോപാലകൃഷ്‌ണൻ സഞ്ചരിക്കുമ്പോഴാണ് ധൈഷണിക പ്രകാശത്തോടെ കേരളം ലോകത്ത്‌ പടരുന്നത്. കേരളത്തിന്റെ സ്വന്തമായ മതേതര യശസ്സിനെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കങ്ങൾ സംഘപരിവാർ പണ്ടേ ആരംഭിച്ചിട്ടുള്ളതാണ് അടൂരിനെതിരായ ഭീഷണി കേരളത്തിനെതിരായ സംഘപരിവാർ ഭീഷണികളുടെ തുടർച്ചയായിക്കണ്ട് മഹത്തായ ജനകീയപ്രതിരോധം വരുംനാളുകളിൽ ഉയർത്തിക്കൊണ്ടുവരണം

ഇരുണ്ട കാലഘട്ടം
സിബി മലയിൽ

അടൂരിനെതിരായ ആക്രോശം, ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നതിനു തെളിവാണ്‌. ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്‌, എം എം കലബുർഗി തുടങ്ങിയവർക്കുനേരെ ചൂണ്ടിയ വിരലാണ്‌ ഇപ്പോൾ അടൂരിനെതിരെയും നീണ്ടത്‌. ഇതിനെതിരെ സംഘടിത ചെറുത്തുനിൽപ്പ് അനിവാര്യമായിരിക്കുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top