27 November Friday

ഇവരിലാര്‌ ; നൂറാം നാളിൽ അറിയാം

എ ശ്യാംUpdated: Monday Jul 27, 2020

അമേരിക്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഉയർന്നുകേട്ടുതുടങ്ങി. പാർടികളുടെ ദേശീയ കൺവൻഷനുകൾ ആഗസ്‌ത്‌ രണ്ടാം പകുതിയിൽ ചേർന്ന്‌ സ്ഥാനാർഥികളെ ഔപചാരികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഒരു വർഷത്തോളമായി അവരുടെ എല്ലാ പ്രവർത്തനങ്ങളും പ്രചാരണപ്രവർത്തനങ്ങൾ തന്നെയാണ്‌. റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയാകുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപാണെങ്കിൽ കഴിഞ്ഞതവണ അധികാരമേറ്റ ദിവസംമുതൽ വരുന്ന നവംബർ മൂന്നിന്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ തന്നെയായിരുന്നു മനസ്സിൽ. മഹാമാരി തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാൻ ഇടയാക്കുന്നില്ലെങ്കിൽ, അമേരിക്ക ഇനി ആര്‌ ഭരിക്കും എന്ന്‌ കൃത്യം നൂറാം നാൾ നമുക്ക്‌ അറിയാനാകും. അമേരിക്ക ആര്‌ ഭരിക്കും എന്ന്‌ മാത്രമല്ല, ലോകത്തിന്റെ ഗതി എങ്ങോട്ടായിരിക്കും എന്നും അന്ന്‌ അറിയാനാകും. ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്‌ അക്കാര്യമാണ്‌.

ആര്‌ പ്രസിഡന്റായാലും ഇന്ത്യയടക്കം ലോകത്തെ മറ്റ്‌ രാജ്യങ്ങളോട്‌ അമേരിക്കയുടെ നിലപാടിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാറില്ല. അതിനൊരു മാറ്റമുണ്ടായത്‌ 2009ൽ ബറാക്‌ ഒബാമ പ്രസിഡന്റായതോടെയാണ്‌. 1960 മുതൽ ക്യൂബയെ ഇല്ലാതാക്കാൻ ശ്രമിച്ചുവന്ന അമേരിക്ക, ക്രൂരമായ ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന ക്യൂബയുടെ പ്രമേയത്തെ യുഎൻ പൊതുസഭയിൽ എതിർക്കാൻ തയ്യാറാകാതിരുന്നത്‌ ഒബാമാഭരണത്തിന്റെ അവസാനവർഷമാണ്‌. ആണവപ്രശ്‌നത്തിൽ ഇറാനുമായി വൻശക്തികൾ കരാറുണ്ടാക്കിയതും ഒബാമയുടെ ഭരണകാലത്താണ്‌. പാരീസ്‌ കാലാവസ്ഥാ ഉടമ്പടി ലോകരാഷ്‌ട്രങ്ങൾ അംഗീകരിച്ചത്‌ 2015ലാണ്‌.


 

സാമ്രാജ്യത്വ സൈനിക ഇടപെടലുകൾക്ക്‌ കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത അമേരിക്ക, ലിബിയയിൽ ഗദ്ദാഫിയെ അട്ടിമറിക്കാൻ ഇടപെട്ട പാശ്ചാത്യ സഖ്യത്തിൽ പ്രത്യക്ഷമായി ചേരാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. അതിനാൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയാകുന്ന ജോ ബൈഡൻ ഒബാമയുടെ വൈസ്‌ പ്രസിഡന്റായിരുന്നു എന്നത്‌ അദ്ദേഹത്തിന്‌ നേട്ടമായേക്കും. ഒബാമയുടെ ഭരണത്തിലെ മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ട നാലുവർഷമാണ്‌ പൂർത്തിയാകുന്നത്‌. പാവപ്പെട്ടവർക്ക്‌ ചികിത്സാ ഇൻഷുറൻസിനായി കൊണ്ടുവന്ന ‘ഒബാമാകെയർ’പോലും ഇല്ലാതാക്കാനുള്ള നടപടികളാണ്‌ സ്വീകരിച്ചത്‌. കോവിഡ്‌ അമേരിക്കയിൽ അഞ്ച്‌ മാസംകൊണ്ട്‌ ഒന്നരലക്ഷത്തിൽപ്പരം ജീവനപഹരിച്ചിരിക്കെ തന്റെ ആഭ്യന്തരനയങ്ങൾ തന്നെയാകും ട്രംപിന്‌ കൂടുതൽ തിരിച്ചടിയാകുക.

ട്രംപിന്റെ അട്ടിമറി
ശീതയുദ്ധാനന്തരം ഏകധ്രുവ ലോകത്തിന്റെ കേന്ദ്രമായി ഇടപെട്ടുവന്ന അമേരിക്ക ആ നയങ്ങളിൽ അൽപ്പം അയവുവരുത്തിയത്‌ ഒബാമയുടെ ഭരണകാലത്താണ്‌. 1928ൽ കാൽവിൻ കൂളിജ്‌ ക്യൂബ സന്ദർശിച്ചശേഷം ക്യൂബ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ഒബാമ. 2016 മാർച്ചിലെ സന്ദർശനശേഷം ഇരുരാജ്യവും തമ്മിൽ ബന്ധം മെച്ചപ്പെട്ടുവരുമ്പോഴാണ്‌ ട്രംപ്‌ അധികാരമേറ്റത്‌. ക്യൂബയോട്‌ ശത്രുതാപരമായ നിലപാടെടുത്ത ട്രംപ്‌ കോവിഡിനെതിരെ യൂറോപ്യൻ രാജ്യങ്ങളടക്കം ക്യൂബൻ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തിയപ്പോൾ അതിനെപ്പോലും എതിർക്കുകയാണ്‌ ചെയ്‌തത്‌. ആണവപ്രശ്‌നത്തിൽ ഇറാനുമായി യുഎന്നും വൻശക്തികളും ഉണ്ടാക്കിയ കരാറിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറി പ്രകോപനങ്ങൾ ശക്തമാക്കി. ജനുവരിയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ സവിശേഷ സേനാവിഭാഗമായ ഖുദ്‌സിന്റെ നായകൻ ഖാസിം സുലൈമാനിയെ ഇറാഖിൽവച്ച്‌ അമേരിക്ക വധിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. പാരീസ്‌ കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന്‌ ട്രംപ്‌ പിൻവാങ്ങിയത്‌ അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെപോലും അതൃപ്തിക്കിടയാക്കി. പലസ്‌തീൻ പ്രശ്‌നത്തിൽ ‘ട്രംപിന്റെ അമേരിക്ക’ നിഷ്‌പക്ഷതയുടെ നാട്യങ്ങളും മുൻ അമേരിക്കൻ നിലപാടുകളുംപോലും ഉപേക്ഷിച്ച്‌ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതും യൂറോപ്യൻ രാജ്യങ്ങളുടെ എതിർപ്പിനിടയാക്കി. കോവിഡ്‌ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ അതിന്‌ ലോകാരോഗ്യ സംഘടനയെ പഴിച്ച്‌ അതിൽനിന്ന്‌ അവർ പിൻവാങ്ങി.

ഇതിനൊപ്പം ഏറ്റവും പ്രധാന അട്ടിമറിയാണ്‌ സാമൂഹ്യജീവിതത്തിലുണ്ടാക്കിയത്‌. രണ്ടര നൂറ്റാണ്ടോളമായ അമേരിക്കയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആധിപത്യം പുലർത്തിവന്ന വെള്ളക്കാരുടെ വംശമേന്മാബോധത്തിന്‌ പ്രഹരമേൽപ്പിച്ചാണ്‌ സങ്കരവംശജനായ ഒബാമ 2009ൽ പ്രസിഡന്റായി അധികാരമേറ്റത്‌. അതുണ്ടാക്കിയ മാറ്റം ഇല്ലാതാക്കുന്നതായിരുന്നു ട്രംപിന്റെ ഭരണം. ശതകോടീശ്വരൻ എന്ന അഹന്ത മാത്രമുള്ള ട്രംപ്‌ ഒരു രാഷ്‌ട്രീയപ്രവർത്തന പാരമ്പര്യവുമില്ലാതെ കഴിഞ്ഞതവണ വിജയിച്ചതിലും കറുത്തവർക്കെതിരെ വെള്ളക്കാരന്റെ വംശീയബോധം പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇപ്പോൾ കോവിഡ്‌ മരണങ്ങൾമൂലം ട്രംപിന്റെ കഴിവില്ലായ്‌മ ചർച്ചയായിരിക്കെയാണ്‌ ഒന്നിനുപുറകെ ഒന്നായി കറുത്തവർക്കെതിരെ പൊലീസിന്റെ വംശീയാതിക്രമങ്ങൾ ആവർത്തിച്ചത്‌. ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ കൊലപാതകത്തോടെ ഇതിനെതിരെ വളർന്ന പ്രതിഷേധത്തിന്‌ ബദലായി വെള്ളക്കാരുടെ വംശീയവികാരം വളർത്തി ധ്രുവീകരണത്തിനാണ്‌ ട്രംപ്‌ ശ്രമിക്കുന്നത്‌. ബൈബിൾപോലും ഇതിനായി ഉപയോഗിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ട്രംപ്‌ ഫെഡറൽ ഏജന്റുമാരെ വിന്യസിച്ചതും ഈ വംശീയക്കളിയുടെ ഭാഗമാണ്‌.

കറുത്തവരുടെ വോട്ട്‌ ഭിന്നിപ്പിക്കാനും ട്രംപ്‌ തീവ്രശ്രമത്തിലാണ്‌. ട്രംപ്‌ അനുകൂലിയായ റാപ്പർ കാന്യേ വെസ്‌റ്റ്‌ പെട്ടെന്ന്‌ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്‌ ഇതിനാണെന്നാണ്‌ സൂചന. ബൈഡന്റെ വൈസ്‌ പ്രസിഡന്റ്‌ ആരായിരിക്കും എന്നുകൂടി അറിഞ്ഞാലേ ചിത്രം വ്യക്തമാവൂ. അത്‌ സ്‌ത്രീയായിരിക്കും എന്ന്‌ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്‌.


 

ട്രംപിനെതിരെ റിപ്പബ്ലിക്കന്മാരും
പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ട്രംപിന്റെ നടപടികൾമൂലം കറുത്തവരുടെ പ്രക്ഷോഭത്തിന്‌ വെള്ളക്കാരുടെ ഇടയിലും പിന്തുണ വർധിക്കുന്നതായാണ്‌ സൂചന. ട്രംപ്‌ തനിക്കെതിരെതന്നെ അമേരിക്കക്കാരെ ഒന്നിപ്പിച്ചു എന്നാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞൻ റോബർട്ട്‌ റീച്ച്‌ പറയുന്നത്‌. അത്‌ ബഹുവംശീയ, ബഹുവർഗ, കക്ഷിരാഷ്‌ട്രീയ നിരപേക്ഷ ഐക്യമാണെന്നും റീച്ച്‌ ദി ഗാർഡിയനിൽ എഴുതി. ഇത്‌ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ പരമ്പരാഗത റിപ്പബ്ലിക്കൻ കേന്ദ്രങ്ങളിൽ ട്രംപിനെതിരെ ഉയരുന്ന ശബ്ദങ്ങൾ.

മുൻഗാമികളെല്ലാം കഴിവില്ലാത്തവർ, താനാണ്‌ അമേരിക്കയുടെ ഏകരക്ഷകൻ എന്ന ഭാവത്തിലുള്ള ട്രംപിന്റെ വാചകമടികൾ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെയും രോഷത്തിനിടയാക്കിയിരിക്കുകയാണ്‌. ആന്റി ട്രംപ്‌ റിപ്പബ്ലിക്കൻസ്‌, റിപ്പബ്ലിക്കൻ വോട്ടേഴ്‌സ്‌ എഗെയിൻസ്‌റ്റ്‌ ട്രംപ്‌, റിപ്പബ്ലിക്കൻസ്‌ ഫോർ ദി റൂൾ ഓഫ്‌ ലോ, ദി ലിങ്കൻ പ്രോജക്ട്‌, 43 ആലുംനി ഫോർ ബൈഡൻ തുടങ്ങിയ റിപ്പബ്ലിക്കൻ കൂട്ടായ്‌മകളാണ്‌ ട്രംപിനെതിരെ ഉയർന്നുവന്നിട്ടുള്ളത്‌. ഇതിൽ ‘43 ആലുംനി’ അമേരിക്കയുടെ 43–-ാം പ്രസിഡന്റായ ജോർജ്‌ ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത്‌ വൈറ്റ്‌ഹൗസിലും മറ്റും വിവിധ സ്ഥാനങ്ങൾ വഹിച്ച നൂറുകണക്കിന്‌ റിപ്പബ്ലിക്കന്മാർ അടങ്ങുന്ന സംഘമാണ്‌. മുൻ റിപ്പബ്ലിക്കൻ ഗവർണർമാരും കോൺഗ്രസ്‌ അംഗങ്ങളുമെല്ലാം ഇത്തരം കൂട്ടായ്‌മകളുടെ ഭാഗമായുണ്ട്‌. ഒഹയോയിലെ മുൻ റിപ്പബ്ലിക്കൻ ഗവർണർ ജോൺ കാസിച്ച്‌ ബൈഡന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ഡെമോക്രാറ്റിക്‌ പാർടിയുടെ ദേശീയ കൺവൻഷനിൽ പ്രധാന താരമായിരിക്കും എന്ന്‌ റിപ്പോർട്ടുണ്ട്‌. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ച ജോൺ ബോൾട്ടന്റെ വൈറ്റ്‌ഹൗസ്‌ അനുഭവക്കുറിപ്പുകളും ട്രംപിന്റെ ജ്യേഷ്ഠന്റെ മകൾ മേരി ട്രംപിന്റെ സ്‌മരണകളും ട്രംപിന്‌ പ്രശ്‌നമാണ്‌. രണ്ട്‌ പുസ്‌തകവും തെരഞ്ഞെടുപ്പിനുമുമ്പ്‌ വെളിച്ചം കാണുന്നത്‌ തടയാൻ ട്രംപ്‌ പരമാവധി ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

സർവേ സൂചനകൾ
റിപ്പബ്ലിക്കൻ നേതാക്കന്മാരിൽ മാത്രമല്ല, കഴിഞ്ഞതവണ ട്രംപിന്‌ വോട്ട്‌ ചെയ്‌ത റിപ്പബ്ലിക്കൻ അനുഭാവികളിലും ഇത്തവണ ട്രംപിനെതിരായ വികാരം ശക്തിപ്പെടുന്നതായാണ്‌ പുതിയ സർവേഫലങ്ങൾ കാണിക്കുന്നത്‌. ബൈഡന്‌ ട്രംപിനെക്കാൾ എട്ട്‌ ശതമാനം പിന്തുണയുണ്ടെന്നാണ്‌ റോയിട്ടേഴ്‌സ്‌/ഇപ്‌സോസ്‌ സർവേയിൽ കാണുന്നത്‌. ജൂലൈ 15–-21ന്‌ നടന്ന സർവേയിൽ പങ്കെടുത്ത രജിസ്‌റ്റേഡ്‌ വോട്ടർമാരിൽ 46ശതമാനം പേർ ബൈഡനെയും 38ശതമാനം പേർ ട്രമ്പിനെയും അനുകൂലിക്കുന്നു. വോട്ട്‌ ആർക്കെന്ന്‌ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത 16 ശതമാനം ആളുകളിൽ ഭൂരിപക്ഷത്തിന്റെയും ചായ്‌വ്‌ ബൈഡനിലേക്കാണ്‌. ഓൺലൈൻ സർവേയിൽ 4430 പേരാണ്‌ പങ്കെടുത്തത്‌. വാഷിങ്‌ടൺ പോസ്‌റ്റ്‌–-എബിസി സർവേയിൽ രജിസ്‌റ്റേഡ്‌ വോട്ടർമാരിൽ 55 ശതമാനമാണ്‌ ബൈഡന്‌ പിന്തുണ. ട്രംപിന്‌ 40 ശതമാനം. ഇവർ മാർച്ചിൽ നടത്തിയ സർവേയിൽ രണ്ട്‌ ശതമാനവും മേയിൽ 10 ശതമാനവുമായിരുന്നു ബൈഡന്‌ മുൻതൂക്കം.

ഇത്‌ നേരിടാൻ പല തന്ത്രങ്ങളും ട്രംപിന്റെ പ്രചാരണവിഭാഗം ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ട്രംപിനുള്ള പ്രത്യേക സൗഹൃദവും ‘ഹൗഡി മോഡി’ പരിപാടിയിൽ മോഡി ട്രംപിന്‌ വോട്ട്‌ ചോദിക്കുന്ന തരത്തിൽ സംസാരിച്ചതും നേട്ടമാകുമെന്നാണ്‌ ട്രംപിസ്‌റ്റുകളുടെ പ്രതീക്ഷ. ചൈനയ്‌ക്കെതിരെ ട്രംപ്‌ സ്വീകരിക്കുന്ന നിലപാട്‌ ഇന്ത്യ–-ചൈനാ സംഘർഷത്തിന്റെ സാഹചര്യത്തിൽ വോട്ടായി മാറും എന്ന്‌ അവർ കണക്കുകൂട്ടുന്നു. 2016ൽ അമേരിക്കയിലെ ഇന്ത്യക്കാരിൽ 77 ശതമാനവും ഹിലരിക്കാണ്‌ വോട്ട്‌ ചെയ്‌തത്‌. അവരിൽ 50 ശതമാനം പേർ ഇത്തവണ ട്രംപിന്‌ ചെയ്യും എന്നാണ്‌ ട്രംപിന്റെ പ്രചാരണവിഭാഗം പറയുന്നത്‌. എന്നാൽ, 75–-80 ശതമാനം ഇന്ത്യക്കാർ ബൈഡന്‌ വോട്ട്‌ ചെയ്യുമെന്ന്‌ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഡെമോക്രാറ്റിക്‌ ഇന്ത്യക്കാർ പറയുന്നു.

 

ലേഖനത്തിൽ സർവ്വേ സൂചനകൾ എന്ന അവസാന ഭാഗത്ത്‌ ആദ്യ ഖണ്ഡികയിൽ '46ശതമാനം പേർ ബൈഡനെയും 38ശതമാനം പേർ ട്രമ്പിനെയും അനുകൂലിക്കുന്നു '  എന്നാക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top