31 May Sunday

ഇങ്ങനെയൊരു കോളേജ‌് ഇല്ലായിരുന്നുവെങ്കിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

ജൂലൈ 12ന‌് ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട‌് യൂണിവേഴ‌്സിറ്റി കോളേജിനെ വ്യാജവാർത്തകളിലൂടെ തകർക്കാൻ ശ്രമിക്കുകയാണ‌് ചില മാധ്യമങ്ങളും പ്രതിപക്ഷവും. യൂണിവേഴ‌്സിറ്റി കോളേജിലെ വിദ്യാർഥികളെല്ലാം അപകടകാരികളാണെന്നും അക്കാദിക‌് നിലവാരമില്ലാത്തവരാണെന്നുംവരെ ചില മാധ്യമങ്ങൾ പറഞ്ഞുപരത്തി. യൂണിവേഴ‌്സിറ്റി കോളേജ‌് പൊളിച്ചുനീക്കണമെന്നും ചരിത്ര മ്യൂസിയമാക്കണമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ ജനപ്രതിനിധികൾ ആവശ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി. യൂണിവേഴ‌്സിറ്റി കോളേജിലെ പൂർവ വിദ്യാർഥികളും മുൻ ഐഎഎസ‌് ഉദ്യോഗസ്ഥരുമായ ലിഡ ജേക്കബ‌്, എസ‌് എം വിജയാനന്ദ‌് എന്നിവരും ചരിത്രപണ്ഡിതനും  അധ്യാപകനുമായ  ഡോ. എം ജി ശശിഭൂഷണും   ‘ദേശാഭിമാനി’യോട‌് അഭിപ്രായങ്ങൾ പങ്കുവയ‌്ക്കുന്നു.

അക്കാദമിക‌് രംഗത്ത‌ും മുൻപന്തിയിൽ
നിർഭാഗ്യകരമായ സംഭവമാണ‌് യൂണിവേഴ‌്സിറ്റി കോളേജിലുണ്ടായത‌്. എന്നാൽ, ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ യൂണിവേഴ‌്സിറ്റി കോളേജിനെ തകർക്കാനുള്ള ചില ശ്രമങ്ങളുണ്ടാകുന്നുണ്ട‌്. കോളേ‌ജ‌് അവിടെനിന്ന‌് മാറ്റണമെന്നാണ‌് ചിലർ പറയുന്നത‌്. അ‌ത‌് ഒരിക്കലും അംഗീകരിക്കാനാകില്ല. അങ്ങനെ സംഭവിക്കുമെന്നും തോന്നുന്നില്ല. കേരളത്തിലുണ്ടായ മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷേ‌ാഭം എന്നീ ചരിത്രപരമായ സംഭവങ്ങളുടെ പ്രഭവകേന്ദ്രം യൂണിവേഴ‌്സിറ്റി കോളേജാണ‌്. അടിയന്തരാവസ്ഥക്കാലത്തെ ആദ്യത്തെ പ്രക്ഷേ‌ാഭംതന്നെ അകാലത്തിൽ മരണമടഞ്ഞ ബി എസ‌് രാജീവിന്റെ നേതൃത്വത്തിൽ യൂണിവേഴ‌്സിറ്റി കോളേജിലെ വിദ്യാർഥികളുടേതായിരുന്നു.

പ്രക്ഷേ‌ാഭങ്ങൾ മാത്രമല്ല, അക്കാദമിക‌് രംഗത്തും യൂണിവേഴ‌്സിറ്റി കോളേജ‌് മുൻപന്തിയിലാണ‌്. സമൂഹത്തിലെ ഏറ്റവും നിർധനരായ വിദ്യാർഥികൾ പഠിക്കുന്ന ഇടമാണ‌്. ഇങ്ങനെ ഒരു കോളേജ‌് ഇല്ലായിരുന്നുവെങ്കിൽ അവരെല്ലാം എന്ത‌് ചെയ്യുമെന്ന‌് യൂണിവേഴ‌്സിറ്റി കോളേജിനെ തകർക്കാൻ ശ്രമിക്കുന്നവർ ആലോചിക്കുന്നില്ല. കേരളത്തിന്റെ യശസ്സുയർത്തിനിൽക്കുന്ന കലാലയത്തെ തകർക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ടത‌് നമ്മുടെ നാടിന്റെ ആവശ്യമാണ‌്.

ഡോ. എം ജി ശശിഭൂഷൺ

 

ചില കേന്ദ്രങ്ങൾ ദുഷ‌്പ്രചാരണങ്ങൾ അഴിച്ചുവിടുന്നു
കേരളത്തിന്റെ അഭിമാനസ്ഥാപനങ്ങളിലൊന്നാണ‌് യൂണിവേഴ‌്സിറ്റി കോളേജ‌്. നമ്മുടെ നാടും സമൂഹവും വളരെ വലിയ ആദരവോടെയാണ‌് കോളേജിനെ കാണുന്നത‌ും. രാഷ്ട്രീയത്തിലും സിവിൽ സർവീസിലും എഴുത്തുകാരിലുംതുടങ്ങി എണ്ണിയാലൊടുങ്ങാത്ത നാനാ മേഖലയിലുള്ള പ്രതിഭകളാണ‌് യൂണിവേഴ‌്സിറ്റി കോളേജിൽനിന്ന‌് പഠിച്ചിറങ്ങുന്നത‌്.

അടുത്തിടെയുണ്ടായ സംഭവം അപലപനീയമാ‌ണ‌്. കുറ്റക്കാർക്കെതിരെയെല്ലാം നിയമനടപടി സർക്കാർ സ്വീകരിച്ചു. എന്നാൽ, ചില കേന്ദ്രങ്ങൾ തീർത്തും അനാരോഗ്യകരമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ദുഷ‌്പ്രചാരണങ്ങളും കോളേജിനെതിരെ അഴിച്ചുവിടുന്നുണ്ട‌്. അങ്ങനെയുള്ളവരാണ‌് യൂണിവേഴ‌്സിറ്റി കോളേജിനെ ചരിത്ര മ്യൂസിയമാക്കണമെന്നും പറിച്ച‌് നടണമെന്നുമൊക്കെയുള്ള തുഗ്ലക‌് പരിഷ‌്കാരം പറയുന്നത‌്.

അവരുടെയൊന്നും ആഗ്രഹം യൂണിവേഴ‌്സിറ്റി കോളേജിന്റെ പുരോഗതിയാണെന്ന‌് പറയാനാകില്ല. അവരുടെ ശ്രമങ്ങളൊന്നും വിജയിക്കാനും പോകുന്നില്ല. കേരളം ശക്തമായി പ്രതിരോധിക്കും. യൂണിവേഴ‌്സിറ്റി കോളേജിനെ തകർക്കാൻ വരുന്ന നീക്കങ്ങളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിടാൻ സർക്കാരിന‌് കഴിയുമെന്ന‌് പൂർണ വിശ്വാസമുണ്ട‌്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നിരീക്ഷണസംവിധാനം ക്യാമ്പസുകളിൽ വേണം.

ലിഡ ജേക്കബ‌്

 

കോളേജിനെ കൂടുതൽ ഉയരത്തിലെത്തിക്കണം
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥക്കാലത്താണ‌് ഞാൻ യൂണിവേഴ‌്സിറ്റി കോളേജിൽ വിദ്യാർഥിയായിരുന്നത‌്. അന്ന‌് യൂണിവേഴ‌്സിറ്റി കോളേജിലെ വിദ്യാർഥികളെ അതിക്രൂരമായാണ‌് പൊലീസ‌് അടിച്ചമർത്തിയത‌്. അടിയന്തരാവസ്ഥക്കാലത്തെ ഓരോ ചെറുകെടുതികൾക്കെതിരെയും അന്ന‌് ക്യാമ്പസിൽ ചർച്ചകളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയിലും വിദ്യാർഥിവിരുദ്ധമായ ഏതൊരു കാര്യമുണ്ടായാലും അതിനെതിരെ ആദ്യ പ്രതികരണം യൂണിവേഴ‌്സിറ്റി കോളേജിന്റേതാകും. അടുത്തിടെയുണ്ടായ സംഘർഷങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ‌്.

ക്യാമ്പസിൽ ബഹുസ്വര രാഷ്ട്രീയ ആശയചർച്ചകൾ സജീവമാക്കണം. കുട്ടികളുടെ പ്രശ‌്നങ്ങൾ കേൾക്കാനാവശ്യമായ സമിതികൾ കൂടുതൽ സജീവമാകണം. അത്തരത്തിലുള്ള ഇടപെടലുകളിലൂടെ യൂണിവേഴ‌്സിറ്റി കോളേജിനെ കൂടുതൽ ഉയരത്തിലേക്കെത്തിക്കുകയെന്നതാകണം നമ്മുടെ ലക്ഷ്യം. അല്ലാതെ യൂണിവേഴ‌്സിറ്റി കോളേജ‌് അവിടെനിന്ന‌് മാറ്റി സ്ഥാപിക്കണമെന്ന വാദമല്ല ഈ സമയത്ത‌് ഉന്നയിക്കേണ്ടത‌്.

എസ‌് എം വിജയാനന്ദ‌്

 

(തയ്യാറാക്കിയത്‌: എ സുൾഫിക്കർ )

 


പ്രധാന വാർത്തകൾ
 Top