13 August Thursday

രണ്ടാംവരവ‌്:- മണി മുഴങ്ങുന്നത‌് ആർക്കുവേണ്ടി?

പി വി തോമസ‌്Updated: Tuesday Jun 25, 2019


ജനാധിപത്യത്തിൽ ഭരണമാറ്റവും ഭരണത്തുടർച്ചയും സ്വാഭാവികമാണ‌്. പക്ഷേ, ഇത‌് ആദ്യമായിട്ടാണ‌് ഒരു കോൺഗ്രസിതര ഗവൺമെന്റ‌് ഭരണത്തുടർച്ചയോടെ അധികാരത്തിൽ തിരിച്ചെത്തുന്നത‌്. അതും ആദ്യത്തെ (2014) കേവല ഭൂരിപക്ഷത്തിൽനിന്ന‌് (282) കൂടുതൽ സീറ്റുകളോടെ (303). ബിജെപിയുടെയും മോഡിയുടെയും ഈ വിജയം ഒരുപക്ഷേ ഇന്ത്യൻ ജനാധിപത്യത്തിലെ നിർണായകമായ വഴിത്തിരിവ‌് ആയിരിക്കാം. വ്യക്തികേന്ദ്രീകൃതമായ ഈ ഭരണത്തുടർച്ചയ‌്ക്ക‌് ഏകാധിപത്യപ്രവണതകൾ ഏറെ ഉണ്ടെങ്കിൽ അത‌് പഠനാർഹമാണ‌്. പ്രത്യേകിച്ച‌് ഭാവി തെരഞ്ഞെടുപ്പുകളുടെയോ അല്ലെങ്കിൽ ചില രാഷ്ട്രീയ നിരീക്ഷകർ വിഭാവനംചെയ്യുന്നതുപോലെ  ഭാവിതെരഞ്ഞെടുപ്പുകളുടെ അഭാവത്തിലോ അല്ലെങ്കിൽ അവയുടെയൊക്കെ നിരർഥകതയുടെയോ പശ്ചാത്തലത്തിൽ. ഏതായാലും ഇവിടെ എന്തിന്റെയൊക്കെയോ ആരുടെയൊക്കെയോ മണിമുഴങ്ങുന്നുണ്ട്. എല്ലാവരുടെ പുരോഗതിയുടെയും വിശ്വാസത്തിന്റെയും ആണോ? എല്ലാവരുടെയും പുരോഗതി ആദ്യഭരണത്തിൽ കണ്ടതാണ്. എല്ലാവരുടെയും വിശ്വാസവും കണ്ടതാണ്. മരണമണി മുഴങ്ങുന്നത് മതേതര ജനാധിപത്യ വിശ്വാസമൂല്യങ്ങളുടേതോ അതോ ഭരണഘടനയുടേത‌് തന്നെയോ? ആരെയും അത്ഭുതസ്‌തബ്‌ധരാക്കുന്ന ആ മാന്ത്രികവിജയത്തിന്റെ കാരണം എന്താണ്? സന്ദേശം എന്താണ്? പുൽവാമയും ബാലാകോട്ടും നൽകുന്ന ജനസമ്മതി അപകടകരമാണ്. പുൽവാമ സുരക്ഷാവീഴ്ച ആയിരുന്നെങ്കിൽ ബാലാകോട്ട് ആണവസാഹസികതയായിരുന്നു, 130 കോടി ജനങ്ങളുടെ ജീവിതം പണയംവച്ച‌്. തീവ്ര ഹിന്ദുത്വവാദവും  (മലേഗാവ‌്, സംഝോത എക‌്സ‌്പ്രസ് സ‌്ഫോടനങ്ങൾ) ഇന്ത്യൻ സൈനികരുടെ കർമധീരതയും ആയുധമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഈ വിജയത്തിന് പിന്നിലുള്ളതെങ്കിൽ അത് തികച്ചും തെറ്റാണ്.

ഭരണഘടനയെ നമിച്ചുകൊണ്ടും എല്ലാവരുടെ പുരോഗതിക്കും വിശ്വാസത്തിനുംവേണ്ടി ദൃഢപ്രതിജ്ഞ എടുത്തുകൊണ്ടുമാണ് മോഡി ഭരണം ഏറ്റെടുത്തത്. പ്രതിപക്ഷത്തിന്റെ സംഖ്യ അല്ല അവരുടെ വാക്കുകളാണ് പ്രധാനപ്പെട്ടതെന്ന് അദ്ദേഹം ആ ദിവസത്തിലെ ലോക‌്സഭാ പ്രസംഗത്തിൽ പറയുകയുണ്ടായി. ഒപ്പം മാധ്യമങ്ങളുടെ ഇടപെടലും സ്വാഗതംചെയ‌്തു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമോ? കഴിഞ്ഞ സർക്കാരിന്റെ  അനുഭവം വച്ച് നോക്കുമ്പോൾ ആശങ്കയുണ്ട്. എല്ലാവരുടെയും പുരോഗതിയും വിശ്വാസവും ഉറപ്പു വരുത്താൻ മോഡിക്ക് സാധിക്കുമോ? അത് മത ‐ചങ്ങാത്ത മുതലാളിത്തത്തിലധിഷ‌്ഠിതം ആയിരിക്കരുത്.

തീവ്രദേശീയത
മോഡിയുടെ രണ്ടാംവരവിന‌് പലകാരണങ്ങൾ ഉണ്ട‌്. മതധ്രുവീകരണം അതിലൊന്നാണ‌്. മോഡിയുടെയും അമിത‌്‌ ഷായുടെയും തെരഞ്ഞെടുപ്പ‌് പ്രചാരണായുധങ്ങളിൽ പ്രധാനമായിരുന്നു അത‌്.  തീവ്രദേശീയത, പാകിസ്ഥാൻ വിരുദ്ധത (മുസ്ലിം എന്ന് വായിക്കുക) എല്ലാം അക്കമിട്ട് നിരത്താം. തെരഞ്ഞെടുപ്പിൽ വികസനം ഒരിക്കലും മോഡിയുടെ മുദ്രാവാക്യം ആയിരുന്നില്ല. കാരണം കാര്യമായി ഒന്നും ഉയർത്തിക്കാണിക്കാൻ ഉണ്ടായിരുന്നില്ല. തൊഴിൽരാഹിത്യവും കാർഷിക മേഖലയിലെ പരാധീനതകളും സാമ്പത്തികമേഖലയിലെ മന്ദതയും ഒന്നും മോഡി ഗവൺമെന്റിന് വോട്ടുനൽകുമായിരുന്നില്ല. പക്ഷേ, കപട ദേശീയതയും പുൽവാമയും ബാലാകോട്ടും മതവികാരവും മോഡി ആവുന്നത്ര ഉപയോഗിച്ചു. ഛിന്നഭിന്നവും ദുർബലവുമായ പ്രതിപക്ഷത്തിന് സാമ്പത്തികവും കാർഷികമേഖല സംബന്ധവുമായ പരാജയവും തൊഴിൽരാഹിത്യവും ഒന്നും ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.  രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവായി. മമത ബാനർജിയും മായാവതിയും ചന്ദ്രബാബു നായിഡുവും കഴിവില്ലാത്ത നേതാക്കന്മാരായി. എല്ലാവർക്കും പ്രധാനമന്ത്രി ആകണം. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞതായിരുന്നു മോഡിയുടെ വിജയം.

 

ഈ തെരഞ്ഞെടുപ്പും അതിന്റെ പ്രചാരണത്തിന്റെ സന്ദേശവും വിധിയും വെളിപ്പെടുത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ ചില ഗൗരവമേറിയ വശങ്ങൾ ആണ്. ഇങ്ങനെ തെരഞ്ഞെടുപ്പുകൾ ജയിക്കാമെങ്കിൽ ഇനി തെരഞ്ഞെടുപ്പുകൾക്ക് പ്രസക്തിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രസക്തിയില്ല. മോഡിയുടെ തീവ്രഹിന്ദുത്വ ദേശീയതയോടും  രാജ്യദ്രോഹത്തോടും ദേശഭക്തിയോടും ലിബറലിസത്തോടും മതേതരത്വത്തോടുമുള്ള സമീപനം ജനാധിപത്യമര്യാദകൾക്ക് ചേർന്നതല്ല.  എന്നിട്ടും മോഡിയെ ജനം തെരഞ്ഞെടുത്തെങ്കിൽ അത് ഇവയ‌്ക്കുള്ള അംഗീകാരമല്ല. അങ്ങനെ കരുതി ഭരിക്കരുത്. കാരണം വോട്ടുചെയ്യുന്നവരെല്ലാം അമർത്യ സെന്നിന്റെയോ രഘുറാം രാജന്റെയോ ഒന്നും രാഷ്ട്രീയ‐ചരിത്ര‐സാമ്പത്തികവിജ്ഞാനം ഉള്ളവരല്ല. അങ്ങനെയാകണമെന്ന് ശഠിക്കുകയും അരുത്. അവരുടെ വീക്ഷണവും രാഷ്ട്രീയനിലപാടും വ്യത്യസ‌്തവും പരിമിതവും ആയിരിക്കാം. അവർ ഫാസിസം എന്ന വാക്ക് കേട്ടിട്ടുണ്ടാകുകയില്ല. കാരണം നാളത്തെ കഞ്ഞിക്കുള്ള അരി ആണ് അവരുടെ പ്രധാന പ്രശ്നം. നാഥുറാം ഗോഡ‌്സെയോ പ്രഗ്യാസിങ്ങോ അവർക്ക‌് വിഷയം ആയേക്കുകയില്ല. മലേഗാവ‌് സ‌്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യാസിങ്ങിനെ ഭോപാലിൽ അതുകൊണ്ടാണ‌് അവർ തെരഞ്ഞെടുത്തത‌്.

മതേതര ദേശീയകക്ഷി എന്ന നിലയിൽ കോൺഗ്രസ‌്  പരാജയപ്പെട്ടിരിക്കുന്നു
ഇന്ത്യ മാറുകയാണ്. കാലം മാറുകയാണ്. രാഷ്ട്രീയവും രാജ്യനീതിയും മാറുകയാണ്. അല്ലെങ്കിൽ അത‌് മാറി എന്നുതന്നെ പറയാം. ഇന്ത്യ ഇപ്പോൾ വസ‌്തുതാപരമായി ഒരു ഹിന്ദുരാഷ്ട്രം ആണ്. ഭരണഘടന വെറും ഒരു കടലാസുകെട്ടായി മാറിയിരിക്കുന്നു. അതിനെയാണ‌് മോഡി പൂജിച്ചത്. മതേതരത്വം വെറും പൊള്ളയായ ഒരു വാക്കായി മാറിയിരിക്കുന്നു. ഇതൊന്നും ശരിയല്ലെങ്കിൽ  മോഡി അത് ഭരിച്ച്  തെളിയിക്കണം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യപാദത്തിൽ ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് സമ്മതിദായകർ തെരഞ്ഞെടുത്തു എന്ന‌് ചോദിച്ചാൽ ആ ചോദ്യം വളരെ പ്രസക്തമാണ്.

ഒരു മതേതര ദേശീയകക്ഷി എന്ന നിലയിൽ കോൺഗ്രസ‌്  പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ ആശയവും നേതൃത്വവും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അതുമാത്രമാണ‌് മോഡിയുടെയും അമിത് ഷായുടെയും വിജയം. ബിജെപി എന്ന വാക്ക് ഇവിടെ ഉപയോഗിക്കാത്തതിന്റെ കാരണം ഇവർക്കപ്പുറം അങ്ങനെ ഒരു പാർടി ഇല്ല. അതാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയവും.

കോൺഗ്രസ് സ്ഥാനമോഹികളായ ഒരുകൂട്ടം നേതാക്കന്മാരുടെ അഭയാർഥിത്താവളമായി അധഃപതിച്ചിരിക്കുന്നു. മതേതര‐ ജനാധിപത്യമൂല്യങ്ങൾ അന്യംനിന്നുപോയിരിക്കുന്നു. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകാലത്ത് പൊടിതട്ടിയെടുക്കുന്ന തിരുശേഷിപ്പുകളായി അവ മാറിയിരിക്കുന്നു. ഈ പാർടിയുടെ ഭാവി പരിതാപകരമാണ‌്.  അല്ലെങ്കിൽ അത് ഒന്നായി ആദർശപരമായി ഉയിർത്തെഴുന്നേൽക്കണം. അത‌് ബുദ്ധിമുട്ടാണ്.

അടുത്തത് പ്രാദേശിക പ്രതിപക്ഷകക്ഷികളാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകരുകയാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പൂർത്തിയാകും. ഉത്തർപ്രദേശിൽ മഹാസഖ്യം (എസ‌്പി‐ ബിഎസ‌്പി) തകർന്നു. ആന്ധ്രപ്രദേശിൽ തെലുങ്ക‌് ദേശം പാർടിയും തകർന്നു. തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതിയും തകർച്ചയുടെ വക്കിലാണ്. ഒഡിഷയിൽ ബിജു ജനതാദൾ സംസ്ഥാനത്ത‌് അധികാരം നിലനിർത്തിയെങ്കിലും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ ഡിഎംകെ മാത്രമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. കർണാടകത്തിൽ കോൺഗ്രസ്‐ജെഡി (എസ‌്) ഗവൺമെന്റ് എപ്പോൾ വേണമെങ്കിലും നിലംപൊത്താം. മഹാരാഷ്ട്രയിൽ ബിജെപി ശക്തമാണ്. കോൺഗ്രസ് അടുത്തിടെ തിരിച്ചുപിടിച്ച മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ‌്ഗഢും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മോഡി തിരിച്ചുപിടിച്ചു. 

സാമ്പത്തികപുരോഗതി ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ ആധാരശിലയാണ്. അക്കാര്യത്തിൽ മോഡിയുടെ ഒന്നാം ഗവൺമെന്റിന് കാര്യമായി അവകാശപ്പെടാൻ ഒന്നുംതന്നെ ഇല്ല. സാമ്പത്തികമേഖല പ്രത്യേകിച്ചും കാർഷികമേഖല, ഗുരുതരമായ പ്രതിസന്ധിയിലാണ്. എന്നിട്ടും മോഡി എന്തുകൊണ്ട് ജയിച്ചു എന്ന് ചോദിച്ചാൽ പ്രതിപക്ഷം ഇത് ഉയർത്തിക്കാണിക്കാൻ പരാജയപ്പെട്ടു എന്നതാണ് ഉത്തരം. മോഡി പുൽവാമയും ബാലാകോട്ടും ഹിന്ദുദേശീയതയും ദേശസുരക്ഷയും വിതച്ച് നൂറുമേനികൊയ‌്തു. പക്ഷേ അവ ഭൂരിപക്ഷ മതാധിപത്യത്തിലേക്കും അതുവഴി ഫാസിസത്തിലേക്കും നയിച്ചേക്കാം.മോഡിയുടെ രണ്ടാംവരവിൽ ഇത്തരത്തിൽ ഒട്ടേറെ മിന്നലാക്രമണങ്ങൾ സാമ്പത്തിക–- രാഷ്ട്രീയ–- സാമൂഹിക –-സാമുദായിക മേഖലകളിലുണ്ടായേക്കാം. കശ‌്മീരും അയോധ്യയുംമറ്റും ഇടിമിന്നലുകൾ ആയേക്കാം.

മോഡിയുടെ രണ്ടാംവരവോടെ ഇന്ത്യൻ ദേശീയതയുടെ അർഥവും പേരും മാറരുത്. ഒരു സങ്കരസംസ‌്കാരത്തെ വെറും ഹിന്ദുദേശീയതയിൽ തളച്ചിടരുത്. ഇന്ത്യ എന്ന ആശയവും സ്വപ്‌നവും നശിക്കാൻ അനുവദിക്കരുത്. ഇന്ത്യ എന്ന ആശയം അതിന്റെ ആത്മാവോടെ നിലനിർത്തണം. മനുഷ്യാവകാശവും അന്തസ്സും പരിപാലിക്കാത്ത ഭരണ വികസനം ഫാസിസം ആണ്. ഈ രണ്ടാംവരവിൽ മണിമുഴങ്ങുന്നത‌് ആർക്കുവേണ്ടി?
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top