26 April Friday

പൂമ്പാറ്റച്ചിറകേറിയ ദേവരാഗം

* സതീഷ്ഗോപിUpdated: Sunday Feb 25, 2018

പൂമ്പാറ്റയെപ്പോലെയാണ് മലയാളചലച്ചിത്രവേദിയിലേക്ക് ശ്രീദേവി പാറിപ്പറന്നെത്തിയത്. 1967ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവ'ത്തിലൂടെയാണ് രംഗപ്രവേശമെങ്കിലും ഭാവിവാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ടത് സംസ്ഥാന പുരസ്കാരം സമ്പാദിച്ച 'പൂമ്പാറ്റ'യിലൂടെ. കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി ബി കെ പൊറ്റക്കാട് സംവിധാനംചെയ്ത അതില്‍ ടി ആര്‍ ഓമനയും രാഗിണിയുമടക്കമുള്ള മുതിര്‍ന്ന നടിമാരെക്കാളും ശ്രദ്ധിക്കപ്പെട്ടത് കുസൃതിക്കണ്ണുകളുള്ള 'ബേബി ശ്രീദേവി'യെന്ന കൊച്ചുമിടുക്കി. 'ശാരദ'യെന്ന ബാലികയെയാണ് അവള്‍ അവതരിപ്പിച്ചത്. താരകേന്ദ്രീകൃത ചിത്രമല്ലായിരുന്നിട്ടും പ്രസരിപ്പോടെയുള്ള അഭിനയംകൊണ്ട് മുതിര്‍ന്ന നടീനടന്മാരെപ്പോലും ശ്രീദേവി മറികടന്നതായി സംവിധായകന്‍ ബി കെ പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്.  1971ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരമാണ് പൂമ്പാറ്റയിലെ പ്രതിഭാമികവിന് സമ്മാനിക്കപ്പെട്ടത്.  

തമിഴില്‍ ഹിറ്റായ 'കന്തന്‍ കരുണ'യെ പിന്‍പറ്റി ഒരുക്കിയ 'കുമാരസംഭവ'ത്തില്‍ ബാലമുരുകന്റെ വേഷമായിരുന്നു ശ്രീദേവിക്ക്. ജമിനി ഗണേശന്‍, തിക്കുറിശ്ശി, പത്മിനി, ഗുരു ഗോപിനാഥ്, നാഗവള്ളി ആര്‍ എസ് കുറുപ്പ്, വയലാര്‍, ദേവരാജന്‍, ഒ എന്‍ വി എന്നിങ്ങനെ പ്രതിഭകളുടെ സംഗമമായ അതിലെ തുടക്കം മലയാളത്തില്‍ ശ്രീദേവിയുടെ പിച്ചവെപ്പ് സമ്പന്നമാക്കി. കുസൃതിക്കണ്ണുളുള്ള ബാലികയില്‍നിന്ന് നക്ഷത്രമിഴിയുള്ള നായികയായി അവര്‍ മലയാളത്തിന്റെ അഭ്രപാളികളില്‍ വളര്‍ന്നു. 26 മലയാള ചിത്രങ്ങളിലാണ് ശ്രീദേവി വേഷമിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ ഐ വി ശശിക്കൊപ്പം. അദ്ദേഹത്തിന്റെ എട്ടുചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്.  പതിനാല് വയസ്സുള്ളപ്പോഴാണ് ശശിയുടെ ചിത്രത്തില്‍ എത്തുന്നത്. ആലപ്പി ഷെറീഫിന്റെ തിരക്കഥയില്‍ 1976ല്‍ ഒരുക്കിയ 'ആലിംഗന'ത്തില്‍. തുടര്‍ന്ന് അഭിനന്ദനം, അംഗീകാരം, അന്തര്‍ദാഹം, അഭിനിവേശം, ആശിര്‍വാദം, അകലെ ആകാശം തുടങ്ങി പടങ്ങളുടെ നിരനീളുന്നു. മിക്കതിലും വിന്‍സെന്റും രാഘവനുമാണ് നായകന്മാര്‍. ഐ വി ശശിയുടെ സംവിധാനത്തില്‍ രണ്ട് തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. വിജയകുമാര്‍, കമല്‍ഹാസന്‍ എന്നിവരായിരുന്നു നായകന്മാര്‍. പത്ത് ചിത്രങ്ങളില്‍ ഒരുമിച്ച സംവിധായകന്റെ വിയോഗത്തിന്റെ നാല് മാസങ്ങള്‍ക്കിപ്പുറം നായികയും മടങ്ങിയത് മലയാളത്തിന്റെ നഷ്ടം.

സ്വപ്നങ്ങള്‍, ശബരിമല ശ്രീധര്‍മശാസ്ത തുടങ്ങിയ സിനിമകളിലും ശ്രീദേവി ബാലതാരമായിരുന്നു. 1971ല്‍ 'ആന വളര്‍ത്തിയ വാനമ്പാടിയുടെ മകനും' അടുത്തവര്‍ഷം 'തീര്‍ഥയാത്ര'യും തീയറ്ററിലെത്തി. 1976ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിവ പുറത്തിറങ്ങി. 1977ലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയത്. ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം, ആ നിമിഷം, അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍ എന്നിവ. 1977ല്‍ ശ്രീദേവി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'സത്യവാന്‍ സാവിത്രി'യും പ്രേക്ഷകരെ തേടിയെത്തി. 1978ല്‍ നാലുമണിപ്പൂക്കളും പുറത്തിറങ്ങി. 1982ല്‍ കമല്‍ഹാസനൊപ്പം വേഷമിട്ട പ്രേമാഭിഷേകം, ബാലനാഗമ്മ എന്നീ മൊഴിമാറ്റചിത്രങ്ങളും മലയാളത്തിലെത്തി. 1995ല്‍ ഹേ സുന്ദരിയും. അരവിന്ദ് സ്വാമിക്കൊപ്പം വിസ്മയാനുഭവം സമ്മാനിച്ച ഭരതന്റെ 'ദേവരാഗ'മാണ് മലയാളത്തില്‍ ശ്രീദേവിയുടെ അവസാനചിത്രം. അതിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയാണ് മറുഭാഷകളിലേക്ക് വശ്യസുന്ദരി മടങ്ങിയത്. പ്രകാശമൂര്‍ച്ചയുള്ള അവരുടെ കണ്ണുകളുടെ പ്രയോഗം ദേവരാഗത്തിലെ ഗാനരംഗങ്ങളില്‍ ഭരതന്‍ സൂക്ഷ്മമായി ഉപയോഗിച്ചെന്നതും ശ്രദ്ധേയം.
മലയാളസിനിമയിലെ അഭിനയം വീട്ടിലേക്കുള്ള മടക്കംപോലെ ഹൃദ്യമാണെന്ന് ശ്രീദേവി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്വാഭാവികമായ അഭിനയവും കെട്ടുറപ്പുള്ള കഥയുമാണ് മലയാള ചിത്രങ്ങളുടെ പ്രത്യേകത. ഇവിടുത്തെ ഹാസ്യതാരങ്ങളുടെ 'ടൈമിങ്ങി'നെക്കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍പോലും മലയാളത്തിന്റെ പൂമ്പാറ്റയുടെ പ്രതിഭാശേഷിയുടെ അടയാളം.

പ്രധാന വാർത്തകൾ
 Top