06 July Monday

മുഖത്ത്‌ തുപ്പുന്ന പാവ

ഗൗതമൻUpdated: Monday Sep 23, 2019പാലാരിവട്ടത്തിനും മുമ്പേയുണ്ട്‌ ഇത്തിരി വട്ടത്തിൽ നിൽക്കാതെ ലോകരെ വട്ടം കറക്കിയതും അല്ലാത്തതുമായ പാലങ്ങൾ. കുലുങ്ങാത്ത കേളൻമാരെപ്പോലും കുലുങ്ങിച്ചിരിപ്പിച്ച വേളൂർ കൃഷ്‌ണൻ കുട്ടിയുടെ പഞ്ചവടിപ്പാലമാണ്‌ ഇപ്പോൾ മലയാളികൾക്ക്‌ ചർച്ചാവിഷയം. എന്നാൽ, പുരാണത്തിൽ രാമസേതുവാണെങ്കിൽ നാട്ടുകാർക്ക്‌ കോടാലിയായി പെരുന്തച്ചനുണ്ടാക്കിയ പാലം വാമൊഴിയിലുണ്ട്‌. അമുസ്ലിങ്ങൾക്ക്‌ കടക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പുകാലത്ത്‌ ലീഗുകാർ പ്രചരിപ്പിക്കുന്ന മറ്റൊരു പാലമുണ്ട്‌‐സ്വർഗത്തിലേക്കുള്ള സിറാത്ത്‌ പാലം. അഴീക്കോട്‌ തെരഞ്ഞെടുപ്പിൽ അമുസ്ലിമായ നികേഷ്‌കുമാറിനു കടക്കാൻ കഴിയില്ലെന്നും കെ എം ഷാജി നിഷ്‌പ്രയാസം കടന്നുപോകുമെന്നും പ്രചരിപ്പിക്കപ്പെട്ട സിറാത്ത്‌ പാലം ഒടുവിൽ കോടതിയിൽ വരെയെത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷക്കാരായ സ്‌ത്രീകൾക്ക്‌ ഒരു കാരണവശാലും ഈ പാലം കടന്നു സ്വർഗത്തിലേക്കു പോകാനാകില്ലെന്നും പറഞ്ഞിട്ടുള്ളവരാണ്‌ തികഞ്ഞ ‘മതനിരപേക്ഷവാദി’കളായ ലീഗുകാർ.

എന്തായാലും തലമുടിനാരിന്റെ മാത്രം വണ്ണമുള്ളതും വാളിന്റെ മൂർച്ചയുള്ളതുമായ പാലം ഇബ്രാഹിംകുഞ്ഞ്‌ സാഹിബ്‌ പുഷ്‌പംപോലെ കടന്നുപോകുമെന്ന കാര്യത്തിൽ ലീഗിൽ ഇബ്രാഹിംകുഞ്ഞിന്റെ  മുൻഗാമിയായ മന്ത്രിക്കു പോലും ഒരു സംശയവുമില്ല. അല്ലെങ്കിൽ തന്നെ ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ എന്നതല്ലേ പണ്ടുകാലം മുതലേയുള്ള ലീഗിന്റെ  കച്ചവടരഹസ്യമെന്നാണ്‌ അണികൾ ഒന്നടങ്കം ചോദിക്കുന്നത്‌. അത്‌ മരാമത്തിലായാലും വിദ്യാഭ്യാസത്തിലായാലും.

 

‘ഹവ്വ തന്നു, ഞാൻ തിന്നു’വെന്ന്‌ ആദം പറഞ്ഞതുപോലെയാണ്‌ ഇബ്രാഹിംകുഞ്ഞിന്റെ നിൽപ്പ്‌. തന്റെ മുന്നിൽ വന്ന ഫയൽ ഒപ്പിട്ടുവെന്നല്ലാതെ ഒന്നും ചെയ്‌തില്ലെന്നാണ്‌ ഇബ്രാഹിംകുഞ്ഞ്‌  പറയുന്നത്‌. പഴം തിന്നപ്പോൾ നഗ്നരാണെന്ന്‌ ആദവും ഹവ്വയും തിരിച്ചറിഞ്ഞുവെന്നാണ്‌ കഥയെങ്കിലും താൻ നഗ്നനാണെന്ന വിവരമൊന്നും കുഞ്ഞ്‌ ഇതുവരെ അറിഞ്ഞിട്ടില്ല. ദൈവം പിടികൂടാതെയിരിക്കാൻ ഒളിച്ചിരുന്ന ആദാമിനെപ്പോലെ  കുഞ്ഞ്‌ ഒളിച്ചിരുന്നു എന്നൊക്കെയുള്ള പ്രചാരണം  ഗൗതമൻ തള്ളിക്കളയുന്നു. കുഞ്ഞ്‌ നിരപരാധിയാണെന്ന്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌ പറഞ്ഞിട്ടുണ്ട്‌.  ഇക്കാര്യത്തിൽ സർട്ടിഫിക്കറ്റ്‌ കൊടുക്കാൻ അദ്ദേഹത്തേക്കാൾ യോഗ്യനായി മറ്റാരെയും കാണുന്നില്ല. ഇബ്രാഹിംകുഞ്ഞ്‌ മുൻമന്ത്രി സാഹിബിന്റെ പനീർ ശെൽവമാണെന്നോ, അദ്ദേഹത്തിന്റെ പാവയാണെന്നോ ഇടനാഴികളിൽ കേൾക്കുന്നത്‌  വിശ്വസിക്കാൻ ഗൗതമൻ തയ്യാറല്ല.

എന്തായാലും പെരുന്തച്ചന്റെ പാലവുമായാണ്‌ നമ്മുടെ പാലാരിവട്ടം പാലത്തിനു സാമ്യം. ആ കഥയിലും പാവ ഒരു ‘കഥാപാത്ര’മാണ്‌. പാലം കടക്കാൻ വരുന്ന നാട്ടുകാരുടെ  മുഖത്തു തുപ്പുന്ന  പാവ.

മൗനം ഭൂഷണമാക്കുന്ന വിദ്വാൻ
തെരഞ്ഞെടുപ്പ്‌ ഏതുമാകട്ടെ, അതിന്റെ അവസാനകാലത്ത്‌ എ കെ ആന്റണി എത്തും. പ്രചാരണസമയത്തെല്ലാം തന്റെ ആദർശാധിഷ്ഠിത നിലപാട്‌ അദ്ദേഹം ഉയർത്തിപ്പിടിച്ചിരിക്കും. ചില കാര്യങ്ങളിൽ താൻ മൗനംപാലിക്കുമെന്ന്‌ അദ്ദേഹം തന്നെ മാധ്യമപ്രവർത്തകരോട്‌ പണ്ടേ പറഞ്ഞിട്ടുള്ളതാണ്‌. പാലാരിവട്ടം പാലത്തെപ്പറ്റി അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല എന്നതിൽ നിന്നുതന്നെ അദ്ദേഹം നിലപാടിൽനിന്നു വ്യതിചലിച്ചിട്ടില്ലെന്ന്‌ മനസ്സിലാക്കാം. മാത്രമല്ല, പാലാ എന്നു പറയുമ്പോൾ പാലാരിവട്ടം എന്ന്‌ ആയിപ്പോകാതിരിക്കാൻ അദ്ദേഹം നിതാന്തജാഗ്രത പുലർത്തുകയും ചെയ്‌തു. മുസ്ലിംലീഗ്‌ മന്ത്രിമാരെയോ നേതാക്കളെയോ പാലായിൽ കണികാണാൻ ഇല്ലായിരുന്നുവെന്ന വിവരം അദ്ദേഹം സത്യമായിട്ടും അറിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ്‌ കാരണം അന്വേഷിക്കുക. പിന്നെ ശബരിമലയെപ്പറ്റിയുള്ള നിലപാട്‌ മാറ്റിയോ എന്ന്‌ പിണറായി വ്യക്തമാക്കണമെന്ന കാര്യത്തിൽ ആന്റണിക്ക്‌ നിർബന്ധമുണ്ട്‌. അതെന്താ പാലായിൽ നടക്കുന്നത്‌ മേൽശാന്തി തെരഞ്ഞെടുപ്പാണോ എന്നൊന്നും ആരും ചോദിക്കരുത്.

വീണ്ടും മോഹിക്കുവാൻ  മോഹം
നരേന്ദ്ര മോഡിക്ക്‌ 12 വയസ്സായപ്പോൾ അമ്മ കൈനോട്ടക്കാരനെ തേടിയിറങ്ങിയ കാര്യം എത്രപേർക്ക്‌ അറിയാം. ജാതകം കാണിച്ചപ്പോൾ തന്നെ അദ്ദേഹം പറഞ്ഞത്‌ മോഡി ഒന്നുകിൽ രാജാവാകും അല്ലെങ്കിൽ വലിയ സന്യാസിയാകും എന്നായിരുന്നു. അങ്ങനെയാണ്‌ 18–-ാം വയസ്സുമുതൽ രണ്ടുവർഷം  ഹിമാലയത്തിൽ ഗുഹാമനുഷ്യനായി ജീവിക്കാൻ ഇടവന്നത്‌.

2029ൽ അദ്ദേഹം രാഷ്‌ട്രീയത്തിൽനിന്നു വിരമിക്കുമെന്നും 11 വർഷത്തിനുശേഷം 80–-ാം വയസ്സിൽ വീണ്ടും ഹിമാലയസാനുക്കളിലേക്ക്‌ സന്യാസത്തിനു പോകുമെന്നുമാണ്‌ അദ്ദേഹത്തിന്റെ സ്വന്തക്കാരനായ പത്രപ്രവർത്തകൻ മിൻഹാസ്‌ ഉറപ്പുപറയുന്നത്‌. പക്ഷേ, അതിന്‌ അദ്ദേഹം വയ്‌ക്കുന്ന നിബന്ധനയാണ്‌ എല്ലാവരെയും കുഴയ്‌ക്കുന്നത്‌. 2024ലും അദ്ദേഹം പ്രധാനമന്ത്രിയായി വിജയിക്കണമത്രെ. അപ്പോഴേ അദ്ദേഹത്തിന്റെ ഭൗതികമോഹങ്ങളെല്ലാം പൂർത്തിയാക്കി ആത്മീയതയിൽ മുങ്ങിക്കുളിക്കാനൊക്കൂ. 

വെടിക്കുഴൽ
സ്‌ത്രീപീഡനക്കേസിൽ ബിജെപി നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ സ്വാമി ചിൻമയാനന്ദ്‌ അറസ്‌റ്റിൽ. ആസാമികളെ പൗരത്വരജിസ്‌റ്ററിൽ നിന്ന്‌ മാറ്റാൻ തൽക്കാലം നീക്കമില്ല


പ്രധാന വാർത്തകൾ
 Top