23 January Thursday

നുണകളുടെ ആഘോഷം തിരിച്ചറിയുക

കെ ജെ തോമസ്Updated: Monday Jul 22, 2019

ഒരാഴ്‌ച മുമ്പാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വ്യക്തിപരമായ വിഷയത്തെച്ചൊല്ലി സംഘട്ടനമുണ്ടായത്. ഒരു എസ്എഫ്ഐ പ്രവർത്തകന് ഗുരുതരമായ മുറിവേറ്റു. എസ്എഫ്ഐ എന്ന പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിനുള്ളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത്. സംഭവമറിഞ്ഞയുടൻ സംഘടനയുടെ സംസ്ഥാന നേതൃത്വം ഇടപെട്ട് യൂണിറ്റു കമ്മിറ്റി പിരിച്ചുവിട്ടു. കുറ്റം ചെയ‌്തവരെ എസ്എഫ്ഐ പുറത്താക്കി. ചില വിദ്യാർഥികളുടെ ക്രിമിനൽ നടപടിക്കെതിരെ പൊലീസ് ശക്തമായി ഇടപെടുകയും കുറ്റക്കാരുടെ പേരിൽ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ‌്തു. കോളേജ് അധികൃതരും കുറ്റം ചെയ‌്ത വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചു. ഈ നടപടിയെല്ലാം മാതൃകാപരവും സമൂഹം അംഗീകരിക്കുന്നതുമാണ്. യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പേരിൽ ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷശക്തികളും സംഘടിതമായ കടന്നാക്രമണങ്ങൾ നടത്തുമ്പോഴാണ് കഴിഞ്ഞദിവസം എസ്എഫ്ഐയുടെ കൊടിക്കീഴിൽ പതിനായിരങ്ങൾ മാർച്ചിനെത്തിയത്. നുണപ്രചാരണങ്ങൾകൊണ്ട് വിദ്യാർഥിസമൂഹത്തിന്റെ മനസ്സ‌് മാറ്റാനാകില്ലെന്ന പ്രഖ്യാപനംകൂടിയായി ഈ വിദ്യാർഥിമുന്നേറ്റം. 

ദുഷ്‌പ്രചാരണങ്ങൾ

ദീർഘകാലമായി വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐക്കെതിരെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ഗൂഢാലോചന നടത്തി നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിനൊപ്പം സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സർക്കാരിനെയും ദുഷ‌്പ്രചാരണങ്ങളിലൂടെ വേട്ടയാടി  ദുർബലമാക്കുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും തമ്മിലുള്ള ഗൂഢാലോചന പുതിയ കാര്യമല്ല. വിമോചനസമരകാലത്തു തുടങ്ങിയതാണ് ഈ അവിശുദ്ധസഖ്യം. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ ഡാനിയൽ പാട്രിക് മൊയ്നിഹാൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിമോചനസമരകാലത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സിഐഎയിൽനിന്ന‌് പണം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം  വെളിപ്പെടുത്തിയിട്ടുണ്ട്.  

വിമോചനസമരത്തിന് ഊർജംപകർന്ന വിദ്യാർഥി പ്രസ്ഥാനമാണ് കെഎസ്‌യു. 1950കളുടെ അവസാനവും 1960 കളിലും 70കളിലും ഒരുവിഭാഗം കെഎസ‌്‌യുക്കാർ ക്യാമ്പസുകളിൽ നിരന്തരം അക്രമം അഴിച്ചുവിട്ടിരുന്നു. ചില സ്ഥലങ്ങളിൽ ഇപ്പോഴും തുടരുന്നുമുണ്ട്. എസ്എഫ്ഐയെ തകർക്കാൻ നുണകളുടെ പരമ്പരകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളും പ്രതിപക്ഷവും കെഎസ‌്‌യുവിനെ ‘മാടപ്രാവ്' ആക്കാനാണ് ശ്രമിക്കുന്നത്. ധീരന്മാരായ 33 എസ്എഫ്ഐ പ്രവർത്തകരെയാണ് കെഎസ്‌യുവും ആർഎസ്എസും എൻഡിഎഫും കൊലപ്പെടുത്തിയത്. ഇതിൽ അനീഷ് രാജൻ, ജോബി ആൻഡ്രൂസ്, ആർ കെ കൊച്ചനിയൻ, സാബു, എം എസ് പ്രസാദ്, സി വി ജോസ്, പി കെ രാജൻ, ജി ഭുവനേശ്വരൻ, സെയ‌്താലി, അഷ്റഫ് എന്നീ 10 പേരുടെ ജീവനെടുത്തത് കെഎസ‌്‌യുവാണ‌്. സൈമൺ ബ്രിട്ടോയെപ്പോലെ പാതിജീവൻ ബാക്കിവച്ച് വിട്ടവർ നിരവധി. ഈ അക്രമങ്ങളെ തള്ളിപ്പറയാൻ എ കെ ആന്റണിയും വയലാർ രവിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള അന്നത്തെ കെഎസ‌്‌യു നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം, എസ്എഫ്ഐ പ്രവർത്തകർ പ്രതികളായ ഒരു കൊലപാതകക്കേസും കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്ന സത്യം മാധ്യമങ്ങൾ ബോധപൂർവം മറച്ചുവയ‌്ക്കുന്നു. കലാപകലുഷിതമായിരുന്ന കലാലയങ്ങളെ സർഗാത്മകതയുടെ കേളീരംഗമാക്കിയതും മികച്ച പഠനാന്തരീക്ഷം സാധ്യമാക്കിയതും എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ  നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്.
എന്നാൽ, അക്രമങ്ങൾ നടത്തുകയും സ്വയം വെള്ളപൂശുകയുമാണ് എന്നും കോൺഗ്രസിന്റെ ശൈലി. മാധ്യമങ്ങളും അവരെ സംരക്ഷിക്കുന്നു. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടശേഷം രാജ്യത്ത് കോൺഗ്രസ് നടത്തിയ വംശീയാക്രമണത്തിൽ എണ്ണായിരത്തിനും 17,000ത്തിനുമിടയ‌്ക്ക‌് സിഖുകാരെ കശാപ്പുചെയ‌്തു എന്നാണ് കണക്കാക്കുന്നത്. 2800നും 3500നും ഇടയിൽ സിഖുകാർ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം. കോൺഗ്രസിന്റെ സമുന്നതനേതാക്കളായ എച്ച് കെ എൽ ഭഗത്, ജഗദീഷ് ടൈറ്റ‌്‌ലർ, സജ്ജൻകുമാർ തുടങ്ങിയവരായിരുന്നു കലാപത്തിനു നേതൃത്വം നൽകിയത്. കോൺഗ്രസ് അസൂത്രണംചെയ‌്ത കലാപമായിരുന്നു ഡൽഹിയിൽ സിഖുകാർക്കുനേരെ നടന്നതെന്ന് ജസ്റ്റിസ് നാനാവതി കമീഷൻ കണ്ടെത്തുകയും പലരും ശിക്ഷിക്കപ്പെടുകയും ചെയ‌്തു. സിഖ് തീവ്രവാദികൾ ചെയ‌്ത കുറ്റത്തിന് നിരപരാധികളായ സിഖുകാരെ കൂട്ടക്കൊല ചെയ‌്ത കോൺഗ്രസിനെ വെള്ളപൂശുകയായിരുന്നു ചില മാധ്യമങ്ങൾ. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നൈനാ സാഹ്നിയെ തന്തൂരി അടുപ്പിലിട്ടു ചുട്ടുകൊന്നത് കോൺഗ്രസ് എംഎൽഎയും ഭർത്താവുമായിരുന്ന സുശീൽ ശർമയാണ്.
നുണകൾ നൂറുവട്ടം പറഞ്ഞാൽ അത് സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് മാധ്യമങ്ങൾ പയറ്റുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ചാപ്പകുത്തൽ വാർത്ത ആവർത്തിക്കുന്നതിനു പിന്നിലുള്ള വികാരവും മറ്റൊന്നല്ല.  യൂണിവേഴ്സിറ്റി കോളേജിലെ കെഎസ്‌യു പ്രവർത്തകന്റെ മുതുകിൽ കോമ്പസ്‌ വച്ച് കോറിയത് കെഎസ്‌യുക്കാർ തന്നെയായിരുന്നെന്ന് ഇതിനു വിധേയനായ വ്യക്തി കുറ്റസമ്മതം നടത്തിയിട്ടും പഴയ നുണ പുതുക്കി ആവർത്തിക്കാൻ മനോരമയ‌്ക്ക‌് മടിയുണ്ടായില്ല. എസ്എഫ്ഐ ‘അക്രമ'ത്തിനെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുന്ന കെഎസ‌്‌യു നേതാവ് സ്വന്തം ജില്ലാ സെക്രട്ടറിയെയും മണ്ഡലം നേതാവിനെയും കുത്തിവീഴ‌്ത്തിയ വ്യക്തിയാണെന്ന് എല്ലാ മാധ്യമങ്ങൾക്കും അറിയാമെങ്കിലും അത് വാർത്തയാകാത്തതിന്റെ പൊരുൾ മലയാളികൾക്ക് മനസ്സിലാകും.

താരതമ്യേന ചെറിയ രാജ്യമായ ഇറാഖിനുനേരെ അമേരിക്ക ഏകപക്ഷീയ യുദ്ധം ആരംഭിച്ച് കൊടിയനാശം വിതച്ചപ്പോൾ ‘ഞങ്ങൾ ഇറാഖിലെ നിരപരാധികളായ ജനങ്ങൾക്കൊപ്പമാണ്; നിങ്ങൾ ആർക്കൊപ്പം' എന്ന് ഇ എം എസ് കോൺഗ്രസ് നേതാക്കളോട് ചോദിച്ചു. ഇ എം എസ് വർഗീയത പറയുന്നുവെന്നായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. അമേരിക്കൻ പക്ഷപാതിത്വം എന്നും കോൺഗ്രസിന്റെ മുഖമുദ്രയാണ്. അമേരിക്കയ‌്ക്ക‌് ദാസ്യവേല ചെയ്യാൻ ഇന്നും കോൺഗ്രസ് നേതാക്കൾക്ക് മടിയേതുമില്ല.

കോൺഗ്രസ്‌ മതനിരപേക്ഷ നിലപാടിൽനിന്ന്‌ പിന്നോട്ടുപോയി

ഇന്ന് രാജ്യത്ത് കോൺഗ്രസിന്റെ സ്ഥിതി എന്താണ്? നെഹ‌്റുവിന്റെ കാലത്ത് കോൺഗ്രസിന്റെ മുഖമുദ്ര മതനിരപേക്ഷതയും സോഷ്യലിസവുമായിരുന്നു. എന്തുകൊണ്ട് കോൺഗ്രസിന് അതിന്റെ ജനകീയാടിത്തറ തകർന്നുപോയി എന്ന ചോദ്യത്തിന്റെ ഉത്തരം മതനിരപേക്ഷ നിലപാടിൽനിന്നും ആ പാർടി പിന്നോട്ടുപോയി എന്നതാണ്. ഇന്ന് മതനിരപേക്ഷതയും കോൺഗ്രസും തമ്മിൽ ഒരു ബന്ധവുമില്ല. കോൺഗ്രസിന്റെ ഹൃദയത്തിൽനിന്നും മതേതരത്വം നഷ്ടമായതുകൊണ്ടാണ‌് കോൺഗ്രസ് ഒന്നടങ്കം ശീഘ്രഗതിയിൽ ബിജെപിയിലേക്ക‌് പോകുന്നത്. അരുണാചൽപ്രദേശിൽ കോൺഗ്രസ് നിയമസഭാ കക്ഷി ഒന്നടങ്കം ബിജെപിയിലേക്ക‌് ചേക്കേറി. മഹാരാഷ്ട്രയിൽ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലായിരുന്നു കൂടുമാറ്റം. കർണാടകയിലും ഗോവയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ഹിമാചലിലും കോൺഗ്രസിൽനിന്നും ബിജെപിയിലേക്ക‌് ഒഴുക്കുതുടരുകയാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഫാസിസ്റ്റ്, വിഭജന, വിഭാഗീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ബിജെപിയിലേക്ക് പോകുന്നത‌്. കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് അതിനുള്ള കാരണം.

ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. എല്ലാത്തരത്തിലുള്ള വർഗീയതയ‌്ക്കുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. മതനിരപേക്ഷതയിൽ വിട്ടുവീഴ‌്ചയില്ലാത്ത നിലപാടു മാത്രമേ ഇടതുപക്ഷം എന്നും സ്വീകരിച്ചിട്ടുള്ളൂ. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്തി ബിജെപിയിലേക്ക‌് ക്ഷണിക്കുമ്പോൾ ഒരു മാർക്സിസ്റ്റ് തനിച്ചായാലും ബിജെപിയുടെ വർഗീയ ആശയങ്ങളോട് പോരാടുമെന്ന് പ്രഖ്യാപിക്കാൻ വനിതകൂടിയായ സിപിഐ എം എംപിക്ക് കഴിയുന്നത്.


പ്രധാന വാർത്തകൾ
 Top