04 December Friday

യോഗ: ഒരു മതേതര പരിപ്രേക്ഷ്യം

കെ ടി കൃഷ്ണദാസ്Updated: Tuesday Jun 21, 2016

നമ്മുടെ സംസ്കാരത്തിന്റെ ജീവന്‍ യോഗയിലുണ്ട് എന്ന് തിരിച്ചറിയാന്‍ സമൂഹം തുടങ്ങിയത് ഈയിടെമാത്രമാണ്. യോഗയ്ക്ക് ദാര്‍ശനികവും സൈദ്ധാന്തികവുമായ തലങ്ങളുണ്ട്. യോഗ ഒരു ആരോഗ്യസമീപനംകൂടിയാണ്. സമൂഹത്തിന്റെ കൂട്ടായ്മയെ വളര്‍ത്താനും സംഘര്‍ഷത്തിന്റെ വഴികളടയ്ക്കാനും യോഗയ്ക്ക് സാധിക്കും. ഒരു സാംസ്കാരികപ്രസ്ഥാനമായി യോഗയെ വളര്‍ത്താന്‍ ആവണം. ഇതിനുള്ള ജനകീയ ഇടപെടലാണ് ആവശ്യം. സംസ്കാരത്തിന്റെ നൈരന്തര്യം സാമൂഹ്യവളര്‍ച്ചയില്‍ അനുപേക്ഷണീയമായി പാലിക്കേണ്ട കീഴ്വഴക്കമാണ്. അങ്ങനെയാണ് സംഘര്‍ഷത്തിന്റെ വഴികള്‍ നിരാകരിക്കപ്പെടുന്നത്. യോഗയുടെ ഉത്ഭവവും ചരിത്രവും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായത് ഇങ്ങനെ ഒരു തുടര്‍ച്ചയിലൂടെയാണ്.

സമാധാനത്തിനും ശാന്തിക്കുംവേണ്ടി ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുകയാണ്. ഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ഈ സംഭാവനയ്ക്ക് ഐക്യരാഷ്ട്രസഭ നല്‍കിയ ഉപഹാരമാണ് ജൂണ്‍ 21ന്റെ അന്താരാഷ്ട്ര യോഗദിനം. എല്ലാ ജനങ്ങളെയും ഒന്നായിക്കാണുക എന്ന സമഭാവനാതത്വത്തില്‍ അധിഷ്ഠിതമാണ് യോഗശാസ്ത്രം. ദ്രാവിഡ സംസ്കൃതിയുള്ള യോഗശാസ്ത്രത്തെ ആര്യവല്‍ക്കരിക്കാനും വരേണ്യവല്‍ക്കരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി പലതരം അന്തവിശ്വാസങ്ങള്‍ യോഗമേല്‍ അടിച്ചേല്‍പ്പിച്ചതായി കാണാം. യോഗ മതപരമായ ചടങ്ങാണ്, ദൈവവിശ്വാസം ഇല്ലാത്തവര്‍ക്ക് ചെയ്തുകൂട, സൂര്യനമസ്കാരം ഹിന്ദുവിന്റേതുമാത്രമാണ്; സാധാരണക്കാരന് ചെയ്തുകൂടാ, സന്യാസത്തിനുമാത്രമാണ് യോഗ തുടങ്ങിയ തെറ്റായ സങ്കല്‍പ്പങ്ങള്‍ ഇതിന്റെ ഭാഗമായി ഉയര്‍ത്തുകയുണ്ടായി. ഇത്തരം ആശയങ്ങളെ ദൂരീകരിക്കാന്‍ പില്‍ക്കാലത്ത് സാധിച്ചു. സംഹിതകളിലൊന്നും കാണാന്‍ കഴിയാത്ത ഇത്തരം തെറ്റായ ആശയങ്ങള്‍ വരേണ്യവര്‍ഗത്തിന്റെ ഉയര്‍ച്ചയ്ക്ക് യോഗാരഹസ്യങ്ങളെ ഉപയോഗിക്കാന്‍വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കാം. സവര്‍ണനുമാത്രമേ എല്ലാ വിദ്യകളും നേടാന്‍ അര്‍ഹതയുള്ളൂ എന്നും അവര്‍ണന് അറിവ് നിഷിദ്ധമാണെന്നുമുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണിത്.

അഷ്ടാംഗ യോഗയിലെ ഒന്നും രണ്ടും ഭാഗമായ യമവും നിയമവും പാലിച്ചാല്‍മാത്രമേ യോഗാസനങ്ങള്‍ അനുഷ്ഠിക്കാവൂ എന്ന സ്വാത്മാരു യോഗിയുടെ വ്യാഖ്യാനം, യോഗാസനങ്ങളെ സാധാരണ ജനങ്ങളില്‍നിന്ന് അകറ്റുകയുണ്ടായി. കാരണം, യമനിയമങ്ങളെല്ലാം അനുസരിക്കാന്‍ സാധാരണക്കാരന് കഴിയില്ല എന്നതുതന്നെ. വാക്കുകൊണ്ടുപോലും ഹിംസിക്കാതിരിക്കുക, പൂര്‍ണ സത്യംമാത്രം പറയുക, കളവ് പറയാതിരിക്കുക, ക്ഷമ, ധൈര്യം, ബ്രഹ്മചര്യം, ഷൌജം, മിതാഹാരം, ദയ, ആര്‍ജവം തുടങ്ങിയ യമതത്വങ്ങളും തപസ്സ്, സന്തോഷം, ദാനം, ലജ്ജ, ബുദ്ധി, വിശ്വാസം, സിദ്ധാന്തശ്രവണം, പൂജിക്കുക, ജപം, ഹുതം തുടങ്ങിയ നിയമതത്വങ്ങളും സാധാരണക്കാരന് പ്രാപ്യമാക്കാന്‍ വിഷമംതന്നെയാണ്. എന്നാല്‍, ഘോണ്ടസംഹിതയില്‍ മറ്റൊരു വ്യാഖ്യാനത്തിലൂടെ ആസനമുറകള്‍ ആദ്യം ആരംഭിക്കാനും പിന്നീട് യമനിയമങ്ങള്‍ അനുസരിച്ചാല്‍മതിയെന്നും പറഞ്ഞുവച്ചു. സാധാരണ ജനങ്ങളും യോഗയും തമ്മിലുള്ള അകലം കുറയ്ക്കാനും ജനകീയവല്‍ക്കരണപ്രക്രിയക്ക് വേഗം കൂട്ടാനും ഇത് സഹായകമായി.

മനുഷ്യശരീരത്തിലെ ആന്തരികഘടനയെ മനസ്സിലാക്കി നൂറ്റാണ്ടുകളുടെ ഗവേഷണഫലമായി ഇതരജീവികള്‍ അനുഷ്ഠിച്ചുവരുന്ന ആരോഗ്യപരിപാലനരീതികള്‍ മനുഷ്യനും ആര്‍ജിക്കാന്‍ കഴിയുമെന്ന കണ്ടെത്തലാണ് യോഗമാര്‍ഗം. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവിനെ വികസിപ്പിച്ച് ശരീരാഭ്യാസംകൊണ്ടുതന്നെ മനസ്സിനെയും ശരീരത്തെയും രോഗവിമുക്തമാക്കാന്‍ കഴിയുമെന്ന ആശയമാണ് യോഗസംഹിതയിലൂടെ ഹംയോഗികള്‍ മുന്നോട്ടുവച്ചത്.

യോഗവിദ്യകളില്‍ പ്രധാനമാണ് ഹംയോഗവിദ്യ. മൂലഗ്രന്ഥമായ ഹംയോഗ പ്രദീപികയ്ക്ക് 8000 വര്‍ഷം പഴക്കമുണ്ട്. 114 ശ്ളോകങ്ങളിലൂടെ യോഗിവര്യന്‍ സാത്മാരാമനാണ് ഇത് രചിച്ചത്. യോഗചെയ്യാനുള്ള അര്‍ഹത, ഗുണഫലങ്ങള്‍, ദോഷങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഈ ഗ്രന്ഥം യോഗയുടെ മാഗ്നകാര്‍ട്ടയാണ്. ഹഠയോഗ പരിശീലനം ശരീരത്തില്‍ ദുര്‍മേദസ് വരാതെ സൂക്ഷിക്കുന്നു. മുഖത്തിന് പ്രസന്നഭാവവും നാദസ്ഫുടത്വവും കാഴ്ചശക്തിയും രോഗപ്രതിരോഗ ശക്തിയും രോഗശമനശക്തിയും സ്വായത്തമാക്കാന്‍ സഹായിക്കുന്നു. ദുഃഖിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന മാര്‍ഗമാണ് ഹഠയോഗം. യോഗയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂക്തത്തിന് 2000 വര്‍ഷം പഴക്കമേയുള്ളൂ. സാത്മാരാമന്റെയും പതഞ്ജലിയുടെയും കണ്ടെത്തലുകളാണ് അഷ്ടാംഗയോഗം.

നിരന്തര യോഗസാധനയിലൂടെ ഒരുവന്‍ നേടിയെടുക്കുന്ന വ്യക്തിപരമായ കഴിവ് അവന്റെ കര്‍മമണ്ഡലത്തെ വികസിപ്പിക്കാനും നിസ്വാര്‍ഥത, കരുണ, സാഹോദര്യം, സമഭാവന എന്നിവ വളര്‍ത്തിയെടുക്കാനും സാമൂഹിക വികസനപ്രക്രിയക്കുവേണ്ടി ഉപയോഗിക്കാനും കഴിയുമെന്ന് സംഹിതകള്‍ ചൂണ്ടിക്കാട്ടുന്നു. മനസ്സിനെയും ശരീരത്തെയും ദൃഡീകരിക്കാനും ദുശ്ശീലങ്ങളെ നിര്‍മാര്‍ജനംചെയ്യാനും കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലാഭം–അലാഭം, ജയം–അപജയം, സുഖം–ദുഃഖം ഇതുപോലുള്ള അനുഭവം വരുമ്പോള്‍ സന്തോഷംകൊണ്ട് ഉന്മത്തനാവുകയോ ദുഃഖംകൊണ്ട് വിഷാദകലുഷിതനാവുകയോ ചെയ്യാത്ത അവസ്ഥ ഉണ്ടാക്കുന്ന സമഭാവനയാണ് യോഗ ഉയര്‍ത്തിപ്പിടിക്കുന്നത്. പഞ്ചവായുക്കളുടെ സമാവസ്ഥ എന്നും, വാത– പിത്ത– കഫത്തിന്റെ സമാവസ്ഥ എന്നും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. ചരകമഹര്‍ഷിയുടെ വിശേഷണം ആപനവായുവിന്റെയും പ്രാണവായുവിന്റെയും കൂടിച്ചേരലാണ് യോഗശാസ്ത്രം എന്നാണ്. പ്രാണവായുക്കളുടെ വിരുദ്ധഗതികളെ നിരോധിച്ച് ഐക്യം സമ്പാദിക്കുക എന്നതാണ് ഇതിന്റെ അര്‍ഥം. അതിന് പല അഭ്യാസങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും സുഖത്തില്‍ ആഗ്രഹവും ദുഃഖത്തില്‍ വെറുപ്പും സ്വാഭാവികമാണ്. തന്റെ പ്രവൃത്തികളെല്ലാംതന്നെ ദുഃഖകരങ്ങളും സുഖത്തെ നശിപ്പിക്കുന്നവയുമായിരുന്നുവെന്ന് ഭൂതകാല അനുഭവങ്ങളിലേക്ക് കണ്ണോടിച്ച് സ്വയം ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍, അത് സംഭവിക്കാതിരിക്കാന്‍ മനുഷ്യര്‍ അവരുടെ ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍ ശീലിക്കണം.

ശരീരനിയന്ത്രണവും മനോനിയന്ത്രണവും സിദ്ധിക്കാനുള്ള ഉപായമാണ് ഹംയോഗ പരിശീലനം എന്ന് ചരകമഹര്‍ഷി വിശദീകരിക്കുന്നുണ്ട്. ഹംയോഗ പരിശീലനത്തിലൂടെ ശരീരനാഡികളില്‍ പ്രാധാനികളായ സുഷുമ്നയെയും ഇഡയെയും പിംഗലയെയും ശക്തിപ്പെടുത്തുന്നു. ആത്മവിശ്വാസം നേടിയെടുക്കാനും സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പരിശീലനം ന്യൂറോ– മാസ്ക്കുലര്‍– സ്കെല്‍ട്ടന്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിച്ച് ന്യൂറോണുകള്‍ ബലപ്പെടുത്തി മനസ്സിനെ ശുദ്ധീകരിക്കുമെന്ന് തെളിഞ്ഞവയാണ്. പ്രാണവായുക്കള്‍ക്കാവശ്യമായ ഓക്സിജനെ ബോധപൂര്‍വം ആവശ്യത്തിന് സ്വീകരിച്ച് ശരീരത്തിന് അനാവശ്യമായ കാര്‍ബണ്‍ഡൈഓക്സൈഡിനെ പുറംതള്ളുകവഴി ശ്വാസകോശത്തെയും ഹൃദയത്തെയും ആരോഗ്യപ്രദമാക്കുകയാണ് യോഗാസനം വഴി സംഭവിക്കുന്നത്. ദൈനംദിന യാന്ത്രിക ശ്വാസോച്ഛ്വാസ രീതിയില്‍ മനുഷ്യന്‍ സ്വീകരിക്കുന്ന അളവിനേക്കാള്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളാന്‍ ശ്വാസകോശത്തിന് കഴിവുണ്ടാക്കി കൊടുക്കുന്ന യോഗാസനരീതികള്‍ അവലംബിക്കുകവഴി ശ്വാസകോശവും ഹൃദയവും ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും പ്രസ്തുത അവയവങ്ങള്‍ക്ക് സംഭവിക്കാവുന്ന രോഗങ്ങളെ നിര്‍മാര്‍ജനംചെയ്യാനും സാധിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറംതള്ളാന്‍ അവലംബിക്കുന്ന പൂരക (ഉച്ഛ്വാസം), കുംഭക (ശ്വാസം പിടിച്ചുനിര്‍ത്തല്‍), രേചക (നിശ്വാസം) രീതികള്‍ പ്രാണായാമങ്ങളില്‍ പ്രസിദ്ധമാണ്. വിവിധ അനുപാതങ്ങളില്‍ ഈ പ്രക്രിയ നടത്തുകവഴി രോഗങ്ങള്‍ അകറ്റാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന യോഗ എന്ന സമഗ്ര ആരോഗ്യ പരിപ്രേക്ഷ്യത്തെ ജനകീയവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top