13 December Friday

അമേരിക്കയുടെ മുമ്പിൽ മോഡി ഭീരു

പ്രകാശ്‌ കാരാട്ട്‌Updated: Thursday Mar 21, 2019


രാജ്യം ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നായിപോലും വിദേശനയം ചർച്ചചെയ്യപ്പെടുന്നില്ല. ഇതിന് പ്രധാനകാരണം വിദേശനയത്തിലും തന്ത്രപ്രധാന വിഷയങ്ങളിലും കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളിൽ വലിയ വ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ടാണ്. അതോടൊപ്പം പ്രാദേശിക പാർടികൾക്കാകട്ടെ വിദേശനയത്തിൽ ഒട്ടും താൽപ്പര്യവുമില്ല.ഇന്ത്യയുടെ സ്വതന്ത്രമായ വികസനവും പരമാധികാരവും നാം സ്വീകരിക്കുന വിദേശനയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷാ താൽപ്പര്യങ്ങളുമായി ഇതിന് ബന്ധവുമുണ്ട്. 

ഇന്ത്യൻ താൽപ്പര്യങ്ങൾ ഹനിക്കുന്നു
മോഡി ഗവൺമെന്റിന്റെ അഞ്ചുവർഷത്തെ ഭരണകാലത്ത് രാജ്യത്തിന്റെ സ്വതന്ത്രവിദേശനയവും  തന്ത്രപ്രധാന സ്വയംഭരണവും അമേരിക്കയുടെ ഭൗമരാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് അടിയറവയ‌്ക്കുകയാണുണ്ടായത്. അമേരിക്കയാകട്ടെ  ഇന്ത്യയെ ‘പ്രധാന പ്രതിരോധ പങ്കാളി'യാക്കുകയും ചെയ‌്തു.  സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന കരാറിലും ഇന്ത്യയുടെ അത്യാധുനിക ആയുധങ്ങളെ അമേരിക്കൻ കമ്യുണിക്കേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്ന കരാറിലും ഉൾപ്പെടെ പല സുപ്രധാന കരാറുകളിലും ഇക്കാലത്ത് ഒപ്പുവയ‌്ക്കുകയുണ്ടായി.  ഇന്ത്യൻ സായുധസേനയെ അമേരിക്കൻ സേനയുമായി ഘടിപ്പിക്കുന്ന കരാറിലും മറ്റും ഒപ്പിടാൻ തയ്യാറെടുക്കുകയുമാണ്.

ബിജെപി സർക്കാരിന്റെ കാലത്താണ് ഇന്ത്യ അമേരിക്കയുടെ ഇന്തോ–-പസഫിക്ക് മേഖലയിലെ സഖ്യശക്തിയായി മാറുന്നത്. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ചതുർരാഷ്ട്ര സഖ്യത്തിലാണ് മോഡിയും ചേർന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി അമേരിക്ക ലക്ഷ്യംവച്ച സഖ്യമാണ് ഇതോടെ യാഥാർഥ്യമായത്.  ഇത്തരമൊരു സഖ്യത്തിൽ ഇന്ത്യയെ അംഗമാക്കാൻ അമേരിക്ക വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു.  എഷ്യ–-പസഫിക്ക് മേഖലയിൽ ചൈനയ‌്ക്കെതിരെയുള്ള ശക്തിയായി നിലകൊള്ളുക എന്ന അമേരിക്കൻ പദ്ധതിക്ക് സമ്മതം മൂളുകയായിരുന്നു ഇതുവഴി ഇന്ത്യ ചെയ‌്തത‌്.  കഴിഞ്ഞ രണ്ട് ദശാബ്ദമായി അമേരിക്ക ലക്ഷ്യംവച്ച കാര്യമായിരുന്നു ഇതും.  അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇന്ത്യൻ വിദേശനയത്തെ മാറ്റിമറിച്ചു. ഇസ്രയേലുമായി മോഡി സർക്കാർ സൈനിക സുരക്ഷാബന്ധം ശക്തിപ്പെടുത്തിയതും ഇസ്രയേലി അധിനിവേശത്താൽ കഷ്ടപ്പെടുന്ന പലസ്തീൻ ജനതയ‌്ക്ക് പരമ്പരാഗതമായി ഇന്ത്യ നൽകുന്ന പിന്തുണയിൽനിന്ന‌് പിന്നോക്കം പോയതും ഇതിന്റെ തെളിവാണ്.

 

ചേരിചേരാ ഉച്ചകോടിയിൽ പങ്കെടുക്കാത്ത ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്ര മോഡിയാണ്. വെനസ്വേലയുടെ തലസ്ഥാനമായ കരാക്കസിൽ 2016 ൽ ചേർന്ന ചേരിചേരാ ഉച്ചകോടിയിലാണ് മോഡി പങ്കെടുക്കാതിരുന്നത്.  ഇന്ത്യൻ താൽപ്പര്യങ്ങൾ ഹനിക്കുന്നതാണ് ഈ അമേരിക്കൻ അനുകൂല വിദേശനയം. അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഇന്ത്യാ ഗവൺമെന്റ് ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതി കുറച്ചത് നാം കണ്ടു. അമേരിക്ക ഏകപക്ഷീയമായാണ് ഇറാനെതിരെ വീണ്ടും ഉപരോധം അടിച്ചേൽപ്പിച്ചത്. എണ്ണയ‌്ക്കുവേണ്ടി ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇറാൻ. ഇന്ത്യക്ക് എറ്റവും കൂടുതൽ എണ്ണ നൽകുന്ന മൂന്നാമത്തെ രാജ്യവും ഇറാനാണ്.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ അമേരിക്ക ഇന്ത്യക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.  ആറുമാസത്തേക്ക് ഇളവു നൽകിയിരിക്കുകയാണിപ്പോൾ. ഒരുദിവസം മൂന്നുലക്ഷം വീപ്പ എണ്ണമാത്രമേ ഇറാനിൽനിന്ന‌് ഇറക്കുമതി ചെയ്യാവു എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ്.  ഇതിന്റെ ഫലമായി 2018 ഡിസംബറാകുമ്പേഴേക്കും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി 41 ശതമാനം കുറയ‌്ക്കാൻ ഇന്ത്യ തയ്യാറായി.  ഇതിന് പകരം കൂടുതൽ പണം നൽകി സൗദി അറേബ്യയിൽനിന്നും അമേരിക്കയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. എണ്ണ കയറ്റുമതിരംഗത്ത് പുതുതായി രംഗപ്രവേശംചെയ്‌ത രാജ്യമാണ് അമേരിക്ക.
അമേരിക്ക വെനസ്വേലയ‌്ക്കുനേരേയും ഏകപക്ഷീയമായി ഉപരോധം പ്രഖ്യാപിച്ചതിനാൽ ആ രാജ്യത്തുനിന്നുള്ള എണ്ണ ഇറക്കുമതി കുറയ‌്ക്കാനും ഇന്ത്യ നിർബന്ധിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. വെനസ്വേലയിൽനിന്ന‌് എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളെ, ഇന്ത്യയെ ഉൾപ്പെടെ അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൺ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. എത്രയും പെട്ടെന്ന് എണ്ണ ഇറക്കുമതി നിർത്തണമെന്നാണ് ബോൾട്ടന്റെ ഭീഷണി. ഇതിനുവഴങ്ങിയ മോഡി സർക്കാർ വെനസ്വേലയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ‌്ക്കാനാരംഭിക്കുകയും ചെയ‌്തു. ഇന്ത്യ ഇപ്പോൾ അമേരിക്കയിൽനിന്ന‌് എണ്ണ വാങ്ങാനും ആരംഭിച്ചു. വിലക്കൂടുതലുള്ള എണ്ണയാണിത്.  ഇതിന്റെ ഫലമായി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കും. അത് നൽകേണ്ടതാകട്ടെ സാധാരണ ജനങ്ങളും.

ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമായി മാറി
അമേരിക്ക എങ്ങനെയാണ് അവരുടെ സഖ്യകക്ഷികളോട് പെരുമാറുന്നത് എന്നതിന് ചില ഉദാഹരണങ്ങൾ നിരത്താം.  ഇന്ത്യയിൽനിന്ന‌് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ചുങ്കം വർധിപ്പിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. ഇന്ത്യക്ക് നൽകിവന്ന പ്രത്യേക പരിഗണനാ സംവിധാനം നിർത്തലാക്കുകയാണ്. ഇന്ത്യ തീരുവയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തിരുന്ന 1900 ഉൽപ്പന്നത്തിന‌് ഇനിമുതൽ ഈ ആനുകൂല്യം ലഭിക്കില്ല.

ഇതിനുമുമ്പുതന്നെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്ന സ്റ്റീലിനും അലുമിനിയത്തിനും ഉള്ള തീരുവ ട്രംപ് കുത്തനെ കൂട്ടുകയും ചെയ‌്തിരുന്നു.
ഇന്ത്യയിൽ വിൽപ്പന നടത്തുന്ന അമേരിക്കൻ മോട്ടോർ സൈക്കിളിന് ഉയർന്ന തീരുവ ഏർപ്പെടുത്തിയ നടപടിയെ ട്രംപ് പരസ്യമായി ശകാരിച്ചപ്പോൾ മോഡി മൗനം പാലിച്ചു.  ഇതുവരെയും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്  പകരം ഉയർന്ന തീരുവ ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറായിട്ടുമില്ല. ചൈന അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ഏർപ്പെടുത്തിയപ്പോൾ ചൈന ഏങ്ങനെയാണ് പ്രതികരിച്ചതെന്നതിന് കടകവിരുദ്ധമാണ് ഇന്ത്യയുടെ സമീപനം.

അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധം മറ്റ് രാജ്യങ്ങളുടെ ചെലവിൽ അമേരിക്കയ‌്ക്ക് ആനുകൂല്യങ്ങൾ കരസ്ഥമാക്കുന്നതിനുള്ളതാണ്. വ്യാപാരയുദ്ധം ദോഷകരമായി ബാധിച്ച രാജ്യങ്ങൾ അത് യുറോപ്യൻ യൂണിയനായാലും ചൈനയായാലും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി തിരിച്ചടിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യ അതിന് തയ്യാറായില്ല. മോഡിയുടെ ഭീരുത്വമാണ് ഇതിനുകാരണം. 

പുൽവാമ ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാനുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോൾപോലും മോഡി ഗവൺമെന്റ് പ്രതികരിക്കാൻ അമേരിക്കയെ നോക്കിനിൽക്കുകയായിരുന്നു. സ്ഥിതി വഷളാകാതിരിക്കാൻ അമേരിക്കയാണ് ഇടപെട്ടത്. അമേരിക്കയും ഇന്ത്യയും എത്രമാത്രം അമേരിക്കൻ സ്വാധീനവലയത്തിലാണെന്നും ഇത് ബോധ്യപ്പെടുത്തി. 

ഇന്ത്യൻ സ്വാതന്ത്ര്യത്തെയും പരാമാധികാരത്തെയും അടിയറവച്ചുകൊണ്ട് മോഡി ഗവൺമെന്റിന്റെ കീഴിൽ ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമായി മാറി. ബിജെപി ഗവൺമെന്റിനും നരേന്ദ്ര മോഡിക്കുമെതിരെയുള്ള ഏറ്റവും വലിയ കുറ്റപത്രവും ഇതുതന്നെ.

കോൺഗ്രസ് പാർടിയാകട്ടെ ഇതിനെതിരെ ശബ്ദിക്കുന്നില്ല. കാരണം, യുപിഎ സർക്കാരാണ് സൈനിക സഹകരണ കരാറും ഇന്ത്യ–-അമേരിക്ക ആണവകരാറും ഒപ്പിട്ടുകൊണ്ട് അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം സ്ഥാപിച്ചത്. സിപിഐ എമ്മും ഇടതുപക്ഷവും മാത്രമാണ് മോഡി സർക്കാരിന്റെ വിദേശനയത്തെ എതിർക്കുന്നത്. ഈ സാമ്രാജ്യത്വ അനുകൂല ഗവൺമെന്റിൽനിന്ന‌് ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കേണ്ട അവസരമാണിത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top