18 February Tuesday

മാന്ദ്യത്തിന്റെ മണിമുഴക്കം

ജോർജ് ജോസഫ് Updated: Tuesday Aug 20, 2019


ഈയിടെ ചേർന്ന ബജാജ് ഓട്ടോയുടെ ഓഹരി ഉടമകളുടെ വാർഷിക യോഗമാണ് വേദി. കമ്പനിയുടെ ചെയർമാനും ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ ഒരു വന്ദ്യവയോധികനുമായ രാഹുൽ ബജാജ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നു. ‘വികസനം മാനത്തുനിന്ന് പൊട്ടി വീഴുന്നതല്ല, സർക്കാരിന്റെ ഇലക്ട്രിക്‌ വാഹനനയം ഓട്ടോമൊബൈൽ വ്യവസായത്തെ തകർക്കുന്നു' എന്നതടക്കമുള്ള മൂർച്ചയേറിയ വിമർശങ്ങളാണ് അദ്ദേഹം ഉയർത്തിയത്. അന്താരാഷ്ട്ര ഏജൻസികൾ ഇന്ത്യയുടെ വളർച്ചാ അനുമാന നിരക്ക് കുറയ്ക്കുന്നത് നിക്ഷേപ വളർച്ചയുണ്ടാകാത്തതുമൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനവിപണിയിലെ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുടെ വിപണിയിലെ വൻ പ്രതിസന്ധി ബജാജ് ഓട്ടോയെ എത്രമാത്രം തളർത്തിയിരിക്കുന്നു എന്നത് എൺപത്തൊന്നുകാരനായ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. മാസങ്ങൾക്കുമുമ്പ്‌ ഗോദ്‌റെജ്‌ ഗ്രൂപ്പ് തലവൻ ആദി ഗോദ്‌റെജ്‌ രാജ്യത്തെ മാറിയ സാഹചര്യങ്ങളിൽ അസ്വസ്ഥത പ്രകടമാക്കി പ്രതികരിച്ചിരുന്നു.

ഈയിടെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം എക്കാലത്തെയും ഏറ്റവും ഉയർന്ന തോതിൽ എന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തിരുന്നു. 2013-–-14ൽ 3605 കോടി ഡോളറായിരുന്ന എഫ്ഡിഐ, 2018–--19ൽ 6437 കോടി ഡോളറായെന്നായിരുന്നു ട്വീറ്റ്. എന്നുവച്ചാൽ 78 ശതമാനം വളർച്ച. അതിനു താഴെ ബിജെപിയോട് അനുഭാവം പുലർത്തുന്നവരടക്കം ഒരുപറ്റം ഇന്ത്യൻ വ്യവസായികളുടെ പ്രതികരണങ്ങളുണ്ട്. അക്ഷരാർഥത്തിൽ പല കമന്റുകൾക്കും വിലാപത്തിന്റെ ധ്വനിയാണ്.
ഇതൊന്നും മുമ്പ്‌ ഇല്ലാതിരുന്ന സംഭവങ്ങളാണ്. നാളിതുവരെ ഇന്ത്യൻ കോർപറേറ്റ് മേഖല മോഡിസ്തുതിക്ക് മിടുക്കരായിരുന്നു. എന്നാൽ, ഇപ്പോൾ പെട്ടെന്ന് മറികടക്കാൻ കഴിയാത്ത വലിയ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വലയം ചെയ്തിരിക്കുന്നു എന്ന തിരിച്ചറിവ് അവരെ, പ്രതികരിക്കാതെ തരമില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചരിക്കുന്നു. കാർഷികമേഖലയും ചെറുകിട, ഇടത്തരം വ്യാപാര വ്യവസായമേഖലകളുമാണ് ഇതുവരെ പ്രതിസന്ധിയിലായിരുന്നതെങ്കിൽ ഇപ്പോൾ അത് വൻകിട കമ്പനികളുടെയും മൂക്കിന്റെ തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്ത്യൻ സമ്പദ് ഘടന ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുന്നു.

കോർപറേറ്റുകൾ നഷ്ടക്കണക്ക്‌ നിരത്തുമ്പോൾ
ഈ സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ (ഏപ്രിൽ - ജൂൺ) കോർപറേറ്റ് ഫലങ്ങൾ പുറത്തുവരുന്ന സീസണാണ് ഇത്. മിക്കവാറും കമ്പനികൾ കാഴ്ചവയ്‌ക്കുന്നത് മോശം പ്രകടനമാണ്. ഭൂരിപക്ഷം കമ്പനികളുടെയും ലാഭം ഗണ്യമായ തോതിൽ ഇടിഞ്ഞിരിക്കുന്നു. അനുകൂല കോർപറേറ്റ് ഫലങ്ങൾ പ്രതീക്ഷിച്ച് നീങ്ങിയിരുന്ന ഓഹരി മാർക്കറ്റിനെയാണ് ഇത് വലിയ പതനത്തിൽ എത്തിച്ചത്. ടാറ്റ മോട്ടോഴ്‌സ്, എയർ ടെൽ, വൊഡാഫോൺ ഐഡിയ, ജെകെ ടയർ തുടങ്ങിയ കമ്പനികൾ വൻ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ - ജൂൺ പാദത്തിൽ ടാറ്റായുടെ നഷ്ടം 1862 കോടി രൂപയായിരുന്നെങ്കിൽ ഇക്കുറി അത് 3680 കോടി രൂപയായി ഉയർന്നു. 2866 കോടി രൂപയാണ് എയർടെലിന്റെ നഷ്ടം. 4873.9 കോടിയാണ് വൊഡാഫോൺ ഐഡിയ രേഖപ്പെടുത്തിയിരിക്കുന്ന നഷ്ടം. ബാങ്കിങ് മേഖലയിലും നഷ്ടം രേഖപ്പെടുത്തിയ കമ്പനികൾ നിരവധിയാണ്. നേട്ടം കൈവരിച്ച കമ്പനികളിൽ മിക്കതിന്റെയും ലാഭം നല്ലതോതിൽ കുറഞ്ഞിട്ടുണ്ട്.

ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, എഫ്എംസിജി, എൻബിഎഫ്സി, ടയർ, സ്റ്റീൽ മേഖലകളെയാണ് ഗുരുതര പ്രതിസന്ധി ചൂഴ്ന്നുനിൽക്കുന്നത്. മാരുതിയുടെ വില്പന ജൂലൈയിൽ 30.6 ശതമാനമാണ് കുറഞ്ഞത്. ഓട്ടോമേഖലയിൽ ഒട്ടു മിക്ക കമ്പനികളും പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണ്. മാരുതിമാത്രം ഉൽപ്പാദനം 20 ശതമാനം വെട്ടിക്കുറച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ ഏറ്റവും ശക്തമായ ആഘാതം ഏറ്റിരിക്കുന്ന ഒരു രംഗമാണ് ഓട്ടോമൊബൈൽ. ഇത് അനുബന്ധ വ്യവസായങ്ങളായ ടയർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യാഘാതം രൂക്ഷമായി ഉളവാക്കും.

ഈ സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്കിൽ അന്താരാഷ്ട്ര നാണയനിധി 0.3 ശതമാനത്തിന്റെ കുറവ്‌ വരുത്തിയിരുന്നു. അടുത്ത സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്കിലും 0.3 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഈ സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് ഏഴ് ശതമാനവും. അടുത്ത സാമ്പത്തികവർഷം അത് 7.2 ശതമാനവുമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി കണക്കാക്കുന്നത്. 2018ലെ കണക്കുകൾ പ്രകാരം രാജ്യങ്ങളുടെ ജിഡിപി റേറ്റിങ്ങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. എന്നാൽ, കണക്കുകളിൽ പ്രകടിപ്പിക്കുന്ന ചിത്രം യാഥാർഥ്യങ്ങളിൽനിന്ന് ഏറെ അകലെയാണെന്ന് ഇന്ത്യയുടെ വർത്തമാനകാല സാമ്പത്തിക അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ യഥാർഥ വളർച്ച 4 –-4.5 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് ഒരു വിഭാഗം വിദഗ്‌ധർ അനുമാനിക്കുന്നത്. 2016ലെ നോട്ട് നിരോധനത്തിനുശേഷമാണ് ഇന്ത്യൻ സമ്പദ്ഘടന മാന്ദ്യത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാക്കി തുടങ്ങിയത്. തുടർന്ന് നാല്‌ തുടർച്ചയായ ത്രൈമാസങ്ങളിൽ വളർച്ച നിരക്ക് താഴ്ന്നു. എന്നാൽ, ഇത് താൽക്കാലികമായ ഒരു അവസ്ഥയാണെന്നും ഇന്ത്യൻ സമ്പദ്ഘടന കുതിക്കുമെന്നൊക്കെയായിരുന്നു ബിജെപി നേതൃത്വം അവകാശപ്പെട്ടത്‌. എന്നാൽ, അത് ഒരു തുടക്കംമാത്രമായിരുന്നു. ഇപ്പോൾ സാമ്പത്തികമാന്ദ്യമായി പരിണമിച്ചിരിക്കുന്നു എന്നത് വ്യക്തമാവുകയാണ്.

കാർഷികരംഗത്ത് 0.1 ശതമാനംമാത്രമാണ് വളർച്ച. പുറമെ രൂക്ഷമാകുന്ന തൊഴിലില്ലായ്മ, മാർക്കറ്റുകളുടെ തളർച്ച, നിക്ഷേപരംഗത്തെ മുരടിപ്പ്, ധനസ്ഥാപനങ്ങളിലെ കുമിഞ്ഞുകൂടുന്ന കിട്ടാക്കടം, ചെറുകിട, ഇടത്തരം വ്യാപാര–- വാണിജ്യ മേഖലകളുടെ തകർച്ച ഇതെല്ലം സംജാതമായിരിക്കുന്ന ഒരു സാമ്പത്തിക സ്ഥിതിയെയാണ് സാമ്പത്തികമാന്ദ്യം എന്ന് വിവക്ഷിക്കുന്നത്.

ദേശീയതയും വർഗീയതയും മോഡിയുടെ ട്രംപ്‌ കാർഡുകൾ
എന്നാൽ, എത്ര കൗശലത്തോടെയാണ് ബിജെപിയും സംഘപരിവാറും ഇതിനെ മറികടക്കാൻ നോക്കുന്നത്. ദേശീയത, വർഗീയത ഇത് രണ്ടുമാണ് ട്രംപ് കാർഡുകൾ. ഇത് രണ്ടും വരുന്നതോടെ ജനങ്ങൾ പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർ എല്ലാം വിസ്മരിക്കുകയാണ്. പട്ടിണി കിടന്നിട്ടായാലും മത, ജാതി ജീർണതകൾ സംരക്ഷിക്കുകയും ഗോ സംരക്ഷണവുമാണ് ഇന്ത്യൻ പൗരന്റെ കടമ എന്ന വിചിത്രബോധ്യത്തെ ജനസാമാന്യത്തിന്റെ ചിന്തയിൽ അരക്കിട്ടുറപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. ഓരോ ആഴ്ചയിൽ ഓരോ ദളിത്, ന്യൂനപക്ഷ കൊല, സംഘട്ടനം ഇതൊക്കെ വരുന്നതോടെ മാധ്യമശ്രദ്ധ മാറുന്നു. ഇതിൽ പലതും കരുതിക്കൂട്ടി ആസൂത്രിതമായി സംഘടിപ്പിക്കുന്നതാണ്. അതോടെ രണ്ടാഴ്ച മാധ്യമശ്രദ്ധ അങ്ങോട്ടായി. ഇതുകൂടാതെ വളരെ ബുദ്ധിപൂർവം ആസൂത്രണംചെയ്ത നാടകങ്ങൾ, മണ്ടത്തരങ്ങൾ തുടങ്ങിയവയും ചേരുംപടി ചേർക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകുന്നു. മാധ്യമങ്ങൾ അതിന്റെ പിന്നാലെ നീങ്ങുമ്പോൾ ഇന്ത്യയുടെ ദയനീയ സാമ്പത്തികസ്ഥിതി ആരുടെയും ഒരു വിഷയമല്ലാതായി മാറുന്നു.

തങ്ങൾക്ക് ചോദിക്കുമ്പോഴൊക്കെ ആവശ്യത്തിന് കോടികൾ നൽകുന്ന വിരലിലെണ്ണാവുന്ന കോർപറേറ്റുകളെയാണ് അവർ വാഴിക്കുന്നത്. ഗുജറാത്തികളായ രണ്ടു രാഷ്ട്രീയ നേതാക്കളും അവിടത്തുകാരോ അവിടെ വേരുകളുള്ളതോ ആയ ഏതാനും വ്യവസായികളും ചേർന്ന് നടത്തുന്ന ഒരു കൂട്ടുകച്ചവടമാണ് ഇന്നത്തെ ഇന്ത്യൻ ഭരണം. ഇതാണ് ‘കേന്ദ്രത്തിന്റെ താൽപ്പര്യക്കുറവ്' എന്ന് രാഹുൽ ബജാജ് എടുത്തുപറയുന്നതിന്റെ പൊരുൾ. ഈ വലിയ മാന്ദ്യത്തെ അതിജീവിക്കുന്നതിന് സർക്കാരിന് ഒരു ആശയവുമില്ല. അങ്ങനെ എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു ധനമന്ത്രിയും ഇന്ത്യക്കില്ല. പൊറാട്ട് നാടകങ്ങൾ യഥാവിധി അരങ്ങിലേറ്റി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഭരണം നീക്കാനാണ് നരേന്ദ്ര മോഡിയും സംഘവും ശ്രമിക്കുന്നത്. പക്ഷേ, എപ്പോഴും ഓർക്കേണ്ട കാര്യം ഗുരുതരമായ ഒരു സാമ്പത്തികമാന്ദ്യത്തെ അങ്ങനെ മറികടക്കാൻ കഴിയുന്ന ഒന്നല്ല. ചരിത്രം പഠിപ്പിക്കുന്നത് അത് അവസാനിക്കുന്നത് ഒന്നുകിൽ ഒരു യുദ്ധത്തിലോ അല്ലെങ്കിൽ രക്തരൂഷിതമായ ആഭ്യന്തരകലാപത്തിലോ ആണെന്നതാണ്.


പ്രധാന വാർത്തകൾ
 Top