20 June Sunday

കുപ്രചാരണം വിലപ്പോകില്ല

എം എം മണി വൈദ്യുതി മന്ത്രിUpdated: Saturday Jun 20, 2020


കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ നാലുവർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും സർക്കാർ ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഇപ്പോൾ കോവിഡ് വ്യാപനത്തെയും നേരിടുന്നു. ഇങ്ങനെ ഉയർന്നുനിൽക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ എങ്ങനെ തകർക്കാമെന്ന ആലോചനയിലാണ് പ്രതിപക്ഷം. വൈദ്യുതി ബിൽ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള വിവാദങ്ങളുടെ പിന്നിലും ഇതേ ലക്ഷ്യമാണ്‌. 

ഉപയോഗം കൂടി ബിൽത്തുകയും
വേനൽക്കാലമായതിനാൽ വൈദ്യുതി ഉപയോഗം കൂടുതലാണ്. ലോക്‌ഡൗണിൽ കുടുംബാംഗങ്ങളെല്ലാം വീടുകളിൽ ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചു. മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ കർശനമായ അടച്ചുപൂട്ടലായതിനാൽ മീറ്റർ റീഡിങ്‌ എടുക്കാൻ കഴിഞ്ഞില്ല. മുൻകാലങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയാണ് ‍ബിൽ നൽകിയത്.  ഏപ്രിൽ 20നു ശേഷം റീഡിങ്‌ എടുത്തപ്പോഴാണ്  യഥാർഥ ഉപയോഗം വ്യക്തമായത്. അതനുസരിച്ച് പൊതുവെ ഉയർന്ന ബില്ലാണ് പലർക്കും ലഭിച്ചത്. വൈദ്യുതി താരിഫ് ഘടനയിലോ നിരക്കുകളിലോ വ്യത്യാസം വരുത്തിയതിനാലല്ല ഇത് സംഭവിച്ചത്. ഇതാണ് വസ്തുതയെങ്കിലും വൈദ്യുതിനിരക്ക് വർധിപ്പിച്ചു, കെഎസ്ഇബി കൊള്ളയടിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളുമായി സർക്കാരിനെ മോശമാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. ഇടുക്കി അടക്കമുള്ള ജലവൈദ്യുത പദ്ധതികളിൽനിന്നും ആവശ്യാനുസരണം വൈദ്യുതി കിട്ടുന്നുണ്ടെന്നും അങ്ങനെ ചെലവുകുറഞ്ഞു കിട്ടിയിട്ടും വലിയ ബിൽ നൽകി ബുദ്ധിമുട്ടിലാക്കുന്നുവെന്ന പ്രചാരണങ്ങളും നടക്കുകയുണ്ടായി. വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. 70 ശതമാനവും  പുറത്തുനിന്ന് വാങ്ങിക്കുന്നതാണ്. ബോർഡിന്റെ ചെലവിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇങ്ങനെ പുറത്തുനിന്നു വാങ്ങുന്നതിനാണ്. ഇതിന്‌ വർഷം 8000 കോടി രൂപ വരും.  550 കോടിയോളം രൂപ പ്രസരണ ചാർജും നൽകണം. പ്രസരണ–-വിതരണ നഷ്ടം, ശമ്പളം, അറ്റകുറ്റപ്പണികൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ജനങ്ങളിലെത്തുമ്പോൾ ശരാശരി ചെലവ് 6.14 രൂപ വരുന്നു. ഇതാണ് കാർഷികാവശ്യത്തിന് 2.30 രൂപയ്‌ക്കും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ കുറവ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര രൂപയ്‌ക്കും 50 യൂണിറ്റുവരെ  3.15 രൂപയ്‌ക്കും 100 യൂണിറ്റ്‌ വരെ 3.70 രൂപയ്‌ക്കും 150 യൂണിറ്റുവരെ  4.80 രൂപയ്‌ക്കുമൊക്കെ വിതരണം ചെയ്യുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയുന്നത് ഉയർന്ന ഉപയോഗം ഉള്ളവരിൽനിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നതിനാലാണ്. പ്രതിമാസം 120 യൂണിറ്റ് വരെ യൂണിറ്റിന് 35 പൈസ സബ്സിഡിയുമുണ്ട്.


 

പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗമുള്ള ഇടത്തരം ഉപയോക്താക്കൾക്കും ഓരോ സ്ലാബിലുംപെട്ട ഉപയോഗത്തിന് കുറഞ്ഞ താരിഫിന്റെ ആനുകൂല്യം നൽകുന്നുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ആദ്യത്തെ 50 യൂണിറ്റ് 3.15 രൂപയ്‌ക്കും അടുത്ത 50 യൂണിറ്റ് 3.70 രൂപയ്‌ക്കും അടുത്ത 50 യൂണിറ്റ് 4.80 രൂപയ്‌ക്കും പിന്നത്തെ 50 യൂണിറ്റ് 6.40 രൂപയ്‌ക്കും ബിൽ ചെയ്തശേഷമാണ് 200 മുതൽ 250 വരെയുള്ള യൂണിറ്റിന് 7.60 രൂപ  ബാധകമാക്കുന്നത്. ഇതാണ് ടെലസ്കോപ്പിക് ആനുകൂല്യം. എന്നാൽ, 250 യൂണിറ്റ് കടന്നാൽ ഈ ആനുകൂല്യം ഇല്ലാതാകും. ഇക്കാര്യവും പ്രതിപക്ഷം വളച്ചൊടിക്കുന്നുണ്ട്. നാലുമാസത്തെ റീഡിങ്‌ ഒരുമിച്ച് എടുത്തതുകൊണ്ട് അർഹതപ്പെട്ട ടെലസ്കോപ്പിക് ആനുകൂല്യം ഇല്ലാതാകുന്നു എന്നാണ്‌ പ്രചാരണം. പ്രതിമാസം 250 യൂണിറ്റിനാണ് ആനുകൂല്യം. അതായത് നാലു മാസത്തെ റീഡിങ്‌ ഒരുമിച്ചെടുക്കേണ്ടിവന്നിടത്ത്  1000 യൂണിറ്റ് വരെ ആനുകൂല്യം നൽകിക്കൊണ്ടാണ് ബിൽ ചെയ്യുന്നത്. 2013 വരെ പ്രതിമാസം 500 യൂണിറ്റ്‌ വരെ ഉപയോഗിച്ചവർക്ക് ലഭിച്ചിരുന്നു. 2013ൽ അത് 300 യൂണിറ്റിലേക്കും 2014ൽ 250 യൂണിറ്റിലേക്കും പരിമിതപ്പെടുത്തിയത്  യുഡിഎഫ് ഭരണത്തിലാണ്. ലോക്‌ഡൗണിൽ ഉപയോഗം പലമടങ്ങായി വർധിച്ച് ടെലസ്കോപ്പിക് ആനുകൂല്യം ലഭിക്കുന്ന പരിധിക്ക് പുറത്തേക്കും താരിഫിലെ ഉയർന്ന നിരക്കുകളിലേക്കും പോയി. മുമ്പ്  എത്രയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് നോക്കാതെ  ബില്ലിൽ തെറ്റുപറ്റിയെന്ന നിഗമനത്തിൽ എത്തുകയാണ് ചിലർ ചെയ്തത്. എല്ലാ പരാതിയും വിശദമായി പരിശോധിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി.

200 കോടി രൂപയുടെ ഇളവുകൾ
ഏപ്രിൽ 20നാണ് മീറ്റർ റീഡിങ്‌ പുനരാരംഭിച്ചത്. നൽകിയ ബില്ലുകൾ നിയമാനുസൃതമാണെന്നത്‌ വസ്തുതയാണെങ്കിലും പലർക്കും ഉയർന്ന ബിൽ അടയ്‌ക്കാൻ കഴിയാത്ത സാഹചര്യമാണ്‌. സാധാരണക്കാരന്  മികച്ച ആനുകൂല്യം ലഭിക്കുന്നവിധത്തിലും എല്ലാവർക്കും ഇളവ് ലഭിക്കുന്ന വിധത്തിലും നടപടി സ്വീകരിക്കാൻ കെഎസ്ഇബിക്ക് സർക്കാർ നിർദേശം നൽകി.

200 കോടി രൂപ ബാധ്യതയുള്ള ഇളവുകളുടെ ഒരു പാക്കേജാണ് ബോർഡ് അംഗീകരിച്ചത്. 40 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് സൗജന്യം അനുവദിക്കാനാണ് തീരുമാനിച്ചത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ ഉണ്ടായിരുന്നവർക്ക് 1.50 രൂപ എന്ന നിരക്കിൽത്തന്നെ കണക്കാക്കും. 50 യൂണിറ്റ് വരെ ഉപയോഗിച്ചുവന്നവർക്ക് വർധനയുടെ പകുതി സബ്സിഡി അനുവദിക്കും. 100 യൂണിറ്റ് വരെ 30 ശതമാനവും നൽകും. 150 യൂണിറ്റ് വരെ 25 ശതമാനവും 150 യൂണിറ്റിന് മുകളിൽ വർധനയുടെ 20 ശതമാനവും അനുവദിക്കാൻ തീരുമാനിച്ചു. ലോക്‌ഡൗൺ കാലത്തെ ബിൽത്തുക അടയ്‌ക്കാൻ തുടക്കത്തിൽത്തന്നെ മൂന്നു തവണ അനുവദിച്ചിരുന്നു. ഇത് അഞ്ചു തവണവരെയാക്കി. വാണിജ്യ വ്യവസായ ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവും ഡിസംബർ വരെ പലിശരഹിത മൊറട്ടോറിയവും നൽകി. ബോർഡിന്റെ ബാധ്യത വർധിക്കുമെങ്കിലും ജനങ്ങളുടെ പ്രയാസം ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.


 

വൈദ്യുതിമേഖലയിൽ വൻനേട്ടങ്ങൾ
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വൈദ്യുതിമേഖലയിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2012ൽ കടുത്ത മഴക്കാലത്തുപോലും ലോഡ്ഷെഡിങ്‌ ഏർപ്പെടുത്തേണ്ടിവന്നത്‌ അന്നത്തെ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടായിരുന്നു. എന്നാൽ, എൽഡിഎഫ്‌ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ കഴിഞ്ഞ നാലുവർഷവും ലോഡ് ഷെഡിങ്ങോ പവർകട്ടോ ഉണ്ടായില്ല.ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 177 മെഗാവാട്ടാണ് സൗരോർജത്തിൽനിന്ന് ഉൽപ്പാദിപ്പിച്ചത്. ഈവർഷം 500 മെഗാവാട്ടായി ഇത് ഉയരും. 10,000 കോടി മുതൽമുടക്കുള്ള ട്രാൻസ്ഗ്രിഡ് പദ്ധതി ആരംഭിച്ചു. ഒന്നാംഘട്ടം ഈവർഷം പൂർത്തിയാകും. അമ്പതോളം സബ്സ്റ്റേഷൻ നിർമിച്ചു.

ഇടമൺ–-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. പുഗലൂർ–- തൃശൂർ ലൈനിന്റെയും സബ്സ്‌റ്റേഷന്റെയും നിർമാണം ത്വരിതഗതിയിൽ നടക്കുന്നു. സമ്പൂർണ വൈദ്യുതീകരണം നേടിയെന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്ന്. അപൂർവം ചില വീടുകൾ ഒഴികെ മറ്റെല്ലാ ഭവനത്തിലും വൈദ്യുതി എത്തിച്ചു. പ്രകൃതിക്ഷോഭങ്ങളെയും കാര്യക്ഷമതയോടെയാണ് നേരിട്ടത്. പ്രളയത്തിൽ 1000 കോടിരൂപയുടെ നഷ്ടമുണ്ടായി. 

ക്രോസ് സബ്സിഡി പൂർണമായും എടുത്തുകളയുക, വൈദ്യുതിമേഖലയെ കേന്ദ്ര നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക, സ്വകാര്യ മൂലധനശക്തികൾക്ക് ലാഭമുണ്ടാക്കാനുള്ള മേഖലയായി മാറ്റുക തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളുള്ള ഒരു നിയമഭേദഗതിക്ക് കേന്ദ്രം രൂപംകൊടുത്തിട്ടുള്ളതും ഇതേ ലോക്‌ഡൗൺ കാലത്താണെന്നതും  കാണേണ്ടതുണ്ട്. ഒരുവശത്ത് സ്വകാര്യവൽക്കരണ സമ്മർദങ്ങളുമായി കേന്ദ്രവും മറുവശത്ത് പ്രതിപക്ഷം നടത്തുന്ന കുത്സിതശ്രമങ്ങളെയും ഒരുപോലെ പ്രതിരോധിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top