04 April Saturday

ട്രംപിന്റെ സമാധാനപദ്ധതി വഞ്ചന

ടി എം ജോർജ്‌Updated: Thursday Feb 20, 2020


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ “സമൃദ്ധിയിലേക്ക് സമാധാനം” എന്നുപേരുള്ള ഇസ്രയേൽ “പലസ്തീൻ സമാധാനപദ്ധതി” ലോകനീതിക്കുമേൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കാട്ടുനീതി അടിച്ചേൽപ്പിക്കുന്നതാണ്. വൈറ്റ് ഹൗസിൽ കഴിഞ്ഞ ജനുവരി 28ന്‌ പലസ്തീൻ നേതാക്കളെ ഒഴിവാക്കി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെയും അമേരിക്കയുടെ ശിങ്കിടി രാഷ്ട്രപ്രതിനിധികളെയുംമാത്രം പങ്കെടുപ്പിച്ചു നടത്തിയ നാടകം അന്താരാഷ്ട്രനിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതും യുഎൻഒയുടെ അവകാശങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്യുന്നതുമാണ്. യുഎൻ പ്രമേയങ്ങൾ അന്താരാഷ്ട്രനിയമം, ഉഭയകക്ഷി കരാറുകൾ എന്നിവ മുഖവിലയ്‌ക്കെടുത്താകണം സമാധാന നീക്കം നടക്കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം സംബന്ധിച്ച് കാലങ്ങളായി യുഎൻ നിലപാട് വ്യക്തമാക്കിയിട്ടിട്ടുണ്ട്. 1967 നുമുമ്പുള്ള അതിർത്തി അംഗീകരിച്ച് സമാധാനവും സുരക്ഷയും ഉറപ്പാക്കി രണ്ട്‌ രാജ്യവും കഴിയണമെന്നാണ് യുഎന്നിന്റെ പ്രഖ്യാപിത നയം. പലസ്തീൻപ്രശ്നം 1948ൽ ഇസ്രയേലിന്റെ പിറവിമുതൽ ജൻമമെടുത്ത ഒരു അന്തർദേശീയ പ്രശ്നമാണ്. ബ്രിട്ടന്റെയും അമേരിക്കയുടെയും അടക്കമുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ഗൂഢാലോചനയിലൂടെ ഉടലെടുത്തതാണ് ഇസ്രയേലിന്റെ ജനനം. സഹസ്രാബ്ദങ്ങളായി പ്രദേശത്ത് തലമുറകളായി ജീവിച്ചുപോരുന്ന ഒരു ജനതയെ ആട്ടിപ്പായിച്ചാണ് ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുമായി യഹൂദരെ അവിടെ കുടിയിരുത്തിയത്. 1517 മുതൽ ഓട്ടോമൻ തുർക്കികളുടെ കാലിഫേറ്റ് ഭരണത്തിൻ കീഴിലായിരുന്നു പലസ്തീൻ. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന്  1917ൽ ബ്രിട്ടൻ തുർക്കികളിൽനിന്ന്‌ പ്രദേശം പിടിച്ചെടുത്തു.

പലസ്തീനിലൊരു ജൂതരാഷ്ട്രമെന്ന സിയോണിസ്റ്റ് പദ്ധതിപ്രകാരം ബ്രിട്ടീഷ് സർക്കാരിന്റെ ബാൻഫോർ പ്രഖ്യാപനം നടന്നത് 1917 നവംബർ രണ്ടിനാണ്. അതിന്റെ ചുവടുപിടിച്ച് ബ്രിട്ടനും അമേരിക്കയും മുൻകൈയെടുത്ത് 1948 മെയ് 14ന് ഇസ്രയേൽ രൂപീകരിച്ചു. പഴയ പലസ്തീൻ രാഷ്ട്രം വിഭജിച്ച് പലസ്തീൻ–-ഇസ്രയേൽ ദ്വിരാഷ്ട്രപ്രമേയം യുഎൻഒ അംഗീകരിച്ച്, ഇതിലെ വ്യവസ്ഥകൾ ഇരു രാജ്യങ്ങൾക്കും ബാധകമാക്കുകയും ചെയ്തു. എന്നാൽ, 1967ലെ ആറുദിന യുദ്ധം, 1973 ലെ യോംഗീപുർ യുദ്ധം തുടങ്ങിയവയിലൂടെപ്രദേശം ആകെ ഇസ്രയേൽ കൈവശപ്പെടുത്തുകയും തെക്കെ ലെബനനും സിറിയയുടെ ഗോലാൻകുന്നുകളും ആക്രമിച്ചു കീഴടക്കുകയുംചെയ്തു. അതിക്രമിച്ച് കൈവശപ്പെടുത്തിയ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ യുഎൻ പലവട്ടം പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും അതിൽക്കൂടുതൽ ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പിഎൽഒ തലവൻ യാസർ അരാഫത്ത് പലസ്തീനികൾക്ക് നീതിതേടി ലോകരാഷ്ട്രങ്ങളെ മുഴുവൻ സമീപിച്ചിട്ടുള്ളതാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുമുമ്പ് സോഷ്യലിസ്റ്റ്  രാഷ്ട്രങ്ങളുടെയും ചേരിചേരാ രാഷ്ട്രങ്ങളായ മൂന്നാം ലോകരാജ്യങ്ങളുടെയും ശക്തമായ പിന്തുണ പലസ്തീന് ലഭിച്ചിരുന്നു. എന്നാൽ, സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയെത്തുടർന്ന് ആ പിന്തുണ നഷ്ടമായി.


 

പലസ്തീനെ ഒറ്റപ്പെടുത്തി
പലസ്തീന്റെ ഉറ്റമിത്രമായിരുന്ന ഈജിപ്തിനെ 1978ലെ ക്യാമ്പ് ഡേവിഡ് കരാറിലൂടെ അമേരിക്ക വശത്താക്കി. ഈജിപ്ത്‌ പ്രസിഡന്റ്‌ അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി ബെഗിനും യുഎസ് പ്രസിഡന്റ്‌ ജിമ്മി കാർട്ടറും ചേർന്ന് വൈറ്റ്ഹൗസിൽവച്ച് ഒപ്പുവച്ച ക്യാമ്പ് ഡേവിഡ് കരാർ അറബ് ലോകത്ത് ഭിന്നിപ്പുണ്ടാക്കി. പലസ്തീനെ ഒറ്റപ്പെടുത്തിയ ആ കരാറിലൂടെ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയും സോവിയറ്റ് യൂണിയന്റെ സ്വാധീനം അറബ് ലോകത്ത് ദുർബലപ്പെടുത്തുകയും ചെയ്തു. അറബ് രാഷ്ട്രങ്ങൾ ചേർന്ന് അറബ് ലീഗിൽനിന്ന്‌ ഈജിപ്തിനെ പുറത്താക്കിയാണ് അതിനോട് പ്രതിഷേധിച്ചത്.

ബിൽക്ലിന്റൺ മുൻകൈയെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി റബിനും പിഎൽഒ ചെയർമാൻ അറാഫത്തുമായി ചേർന്നുണ്ടാക്കിയ 1993 സെപ്തംബർ 13ലെ ഓസ്ലോ കരാറിലൂടെ പലസ്തീൻ ദേശീയ അതോറിറ്റി രൂപീകരിച്ച് പരിമിത അധികാരങ്ങൾ അനുവദിച്ചു. ഭാവിയിൽ രൂപീകരിക്കാൻ പോകുന്ന പലസ്തീൻ രാഷ്ട്രത്തിന്റെ മുന്നോടിയാണ് ദേശീയ അതോറിറ്റിയെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രരൂപീകരണം തടയുകയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം. പലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളെന്ന് അംഗീകരിക്കാൻ കഴിയുന്നത് വെസ്റ്റ് ബാങ്ക് മാത്രമാണ്.

ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെ 2010 സെപ്തംബർ രണ്ടിന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി വൈറ്റ് ഹൗസിൽവച്ച് ഒരു കൂടിയാലോചന നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ഉന്നതതലയോഗം ചേരുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ കൂടിയാലോചനകൾക്കുശേഷം നെതന്യാഹു പലസ്തീൻ പ്രദേശത്ത് ജൂതക്കുടിയേറ്റക്കാരെ കടത്തിവിട്ട് അവിടെ ആധിപത്യം സ്ഥാപിക്കുകയും, ഇസ്രയേലിനെ ഒരു ജൂതരാഷ്ട്രമായി അംഗീകരിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  ജൂതരാഷ്ട്രമായി ഇസ്രയേലിനെ അംഗീകരിക്കുകയെന്നാൽ പലസ്തീൻകൂടി ഉൾപ്പെടുന്ന ഒരു ഇസ്രയേൽ രാഷ്ട്രത്തെയാണ് നെതന്യാഹു ലക്ഷ്യമാക്കിയത്. അതിനുശേഷം തുടർ കൂടിയാലോചനകൾ വഴിമുട്ടി.


 

ഗോലാൻകുന്നുകളും ഇസ്രയേലിന്
2016ൽ ഡോണൾഡ് ട്രംപ്  പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം അന്ധമായ സിയോണിസ്റ്റ്പക്ഷ നിലപാടുകളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2017 ഡിസംബർ 6ന് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് യുഎസ് എംബസി ടെൽഅവീവിൽനിന്ന്‌ ജറുസലേമിലേക്ക് മാറ്റാൻ ഉത്തരവ്‌ നൽകി. ഭാവിയിൽ രൂപീകരിക്കപ്പെടേണ്ട പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത് ബോധപൂർവമാണ്. 2019 ഏപ്രിലിൽ ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെതായി അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹുവും ട്രംപും വൈറ്റ് ഹൗസിൽവച്ച് വാർത്താസമ്മേളനം നടത്തി. 1967ൽ സിറിയയിൽനിന്ന്‌ ഇസ്രയേൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ തിരികെ നൽകണമെന്ന് യുഎൻഒയും അമേരിക്കയുമടക്കമുള്ള മുഴുവൻ ലോകരാഷ്ട്രങ്ങളും മുമ്പ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

135 ലോകരാജ്യങ്ങൾ പലസ്തീനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. അവരെല്ലാംതന്നെ 1967നുമുമ്പുള്ള പ്രദേശങ്ങൾ ചേർത്തുകൊണ്ടുതന്നെയാണ് ആ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്. അത് അംഗീകരിക്കാൻ അമേരിക്കയും ഇസ്രയേലും തയ്യാറാകാതെ വരുന്നതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യൻ സമാധാനപദ്ധതിപ്രകാരം ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളും അധിനിവേശ വെസ്റ്റ്ബാങ്കും ഔദ്യോഗികമായി ഇസ്രയേലിന്റേതാക്കും. ഗോലാൻകുന്നുകളും ഇസ്രയേലിനോട്‌ ചേർക്കും. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗാസാ പ്രദേശങ്ങൾ മാത്രമാണ് ഇതിന് അപവാദം. പലസ്തീന് സ്വന്തമായി സൈന്യംപോലും ഉണ്ടാകാൻ അനുവദിക്കുന്നതല്ല ഇസ്രയേലിന്‌ സുരക്ഷ ഉറപ്പുനൽകുന്ന ഈ പദ്ധതി. വിവിധ അറബിനാടുകളിലായി അമ്പതു ലക്ഷത്തോളം പലസ്തീൻ അഭയാർഥികളാണ് അലഞ്ഞുതിരിയുന്നത്. പ്രശ്നത്തിൽ ശാശ്വതപരിഹാരം സ്വതന്ത്ര പരമാധികാര പദവികളോടെയുള്ള പലസ്തീൻ രാഷ്ട്രമാണ്‌. അത് അട്ടിമറിക്കാനാണ് അമേരിക്കയും ഇസ്രയേലും ബോധപൂർവം ശ്രമിക്കുന്നത്. സാമ്രാജ്യത്വം എപ്പോഴും സംഘർഷമാണ് ആഗ്രഹിക്കുന്നത്. സമാധാനപരമായ സഹവർത്തിത്വമല്ല. സങ്കീർണമായ പ്രശ്നങ്ങളുടെ ലോകമാണ് അവർക്ക് ആവശ്യം. പശ്ചിമേഷ്യയിൽ അമേരിക്കയുടെയും സാമ്രാജ്യത്വശക്തികളുടെയും വേട്ടനായ്ക്കളാണ് ഇസ്രയേൽ. വേട്ടക്കാരൻ വേട്ട നടത്തുവോളം നായ്ക്കളെയും സംരക്ഷിച്ചേ മതിയാകൂ. അതാണ് അമേരിക്കയും സാമ്രാജ്യത്വ രാജ്യങ്ങളും ചെയ്യുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top