24 June Thursday

രണ്ട് വിധി ഉയർത്തുന്ന പ്രശ്‌നങ്ങൾ

കെ എൻ ബാലഗോപാൽUpdated: Tuesday Nov 19, 2019


വളരെ ആകാംക്ഷയോടെ രാജ്യം കാത്തിരുന്ന രണ്ടു വിധിന്യായങ്ങളാണ് സുപ്രീംകോടതിയിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. ബാബ്‌റി മസ്ജിദ്- രാമജന്മഭൂമി കേസിലെയും ശബരിമല പുനഃപരിശോധനാ ഹർജികളിലെയും വിധികൾ ഗൗരവതരമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ചുകളാണ്, അദ്ദേഹം വിരമിക്കുന്നതിന്‌ ദിവസങ്ങൾ ശേഷിക്കെ രണ്ടു കേസിലും വിധി പറഞ്ഞിരിക്കുന്നത്.  ബാബ്‌റി കേസിൽ മസ്ജിദ് നിന്ന 2.77 ഏക്കർ സ്ഥലം ഹിന്ദു വിഭാഗത്തിനും അയോധ്യയിൽ മറ്റൊരിടത്ത് അഞ്ചേക്കർ സ്ഥലം പള്ളി പണിയാനായി മുസ്ലിം വിഭാഗത്തിനും വിട്ടുകൊടുത്ത് പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. ഹിന്ദു വിഭാഗം, മുസ്ലിം വിഭാഗം എന്നിങ്ങനെയുള്ള കോടതിയുടെ പ്രയോഗങ്ങൾതന്നെ വിചിത്രമാണ്. ചില സംഘടനകൾതമ്മിൽ നടന്ന നിയമവ്യവഹാരത്തെ ഹിന്ദുവും മുസ്ലിമും തമ്മിലുള്ള ഒരു തർക്കമാക്കി കോടതി അവതരിപ്പിച്ചത് ഉചിതമല്ലാത്ത നടപടിയാണ്. തെറ്റായ സന്ദേശമല്ലാതെ മറ്റെന്താണ് അത് നൽകുന്നത് ?

പ്രസ്തുത വിധിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ ധാരാളം വിമർശനങ്ങളും വിയോജിപ്പുകളും ഉയർന്നുകഴിഞ്ഞു. വിധിയുടെ മെറിറ്റിലേക്ക് കടന്നാൽ, പരസ്പരവൈരുധ്യമുള്ള സമീപന രീതികൾ പലയിടങ്ങളിലും അവലംബിച്ചിട്ടുള്ളതായി കാണാം. ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്തായിരുന്നു രാമജന്മഭൂമി എന്ന വിശ്വാസത്തെ തെളിവുകളില്ലാതെതന്നെ സ്വീകരിക്കാം എന്നുപറയുന്ന കോടതി, ബാബറിപ്പള്ളിയിൽ 1528മുതൽ 1856വരെ മുസ്ലിങ്ങൾ ആരാധന നടത്തി എന്നത് വിശ്വസിക്കാൻ രേഖാപരമായി തെളിവില്ല എന്നും പറയുന്നു. മുഗൾ രാജാക്കന്മാരും അവധിലെ നവാബുമാണ് 1856വരെ അയോധ്യ ഉൾപ്പെടുന്ന പ്രദേശം ഭരിച്ചിരുന്നത് . 1856മുതലാണ് ആ പ്രദേശം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായത്. മുസ്ലിം രാജാക്കന്മാർ ഭരിക്കുന്നകാലത്ത് നിലനിന്നിരുന്ന പ്രധാന മസ്ജിദിന്റെ ഉടമസ്ഥത മുസ്ലിങ്ങൾക്കുണ്ടോ എന്നതിന് തെളിവില്ല എന്ന് പറയുന്ന കോടതി പക്ഷേ, രാമൻ ജനിച്ചത് മസ്ജിദ് നിന്ന സ്ഥലത്താണ് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം രേഖകളൊന്നുമില്ലാതെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

 


 

ശബരിമല വിധിന്യായത്തിലാകട്ടെ, പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, മറിച്ച് വിഷയത്തെ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. 2018 സെപ്‌തംബർ 28നുണ്ടായ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ ഹർജികൾ തള്ളുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനുപകരം, പുതുതായി രൂപീകരിക്കുന്ന ഒരു വിശാല ബെഞ്ച് മറ്റു ചില വിഷയങ്ങളിൽ തീർപ്പുകൽപ്പിച്ചതിനുശേഷം മേൽ റിവ്യൂ ഹർജികൾ പരിഗണിക്കേണ്ടതുണ്ടോ എന്ന്‌ തീരുമാനിക്കുമെന്നാണ് വിധി.

മതസ്വാതന്ത്ര്യവും ആർട്ടിക്കിൾ 14ലൂടെ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സമത്വവുംതമ്മിൽ ഭിന്നത ഉണ്ടായാൽ എന്ത് നിലപാട് വേണം? ഭരണഘടനയുടെ ആർട്ടിക്കിൾ 25ൽ പറയുന്ന ധാർമികത, ആരോഗ്യം, പൊതുഘടന എന്നിവയുടെ ആത്യന്തിക അർഥം എന്ത്?

ഭരണഘടനാ ആർട്ടിക്കിൾ 25ൽ പറയുന്ന ചില ഹിന്ദുവിഭാഗങ്ങൾ എന്നതിൽ ആരൊക്കെ ഉൾപ്പെടും? തുടങ്ങി ഏഴു വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ഇനിയും രൂപീകരിച്ചിട്ടില്ലാത്ത ഏഴംഗ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ, 2018ലെ ശബരിമലവിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഇപ്പോഴും കോടതിയുടെമുന്നിൽ പെന്റിങ് ആണ് എന്നർഥം.

മറ്റുചില റിട്ടുകളിൽ തീർപ്പ് ഉണ്ടായതിനുശേഷം ഒരു പ്രത്യേക കേസിലെ പുനഃപരിശോധനാ ഹർജിയിൽ തീരുമാനം എടുക്കും എന്ന് പറയുന്നത് രാജ്യത്തിന്റെ നിയമചരിത്രത്തിൽ നടാടെയാണെന്നാണ്‌ നിയമവിദഗ്‌ധരുടെ അഭിപ്രായം. അനിശ്ചിതത്വം ആകരുത് സുപ്രീം കോടതിവിധികളുടെ മുഖമുദ്ര. ഭരണഘടനയുടെ അനുച്ഛേദം 137 പ്രകാരം റിവ്യൂ ഹർജികൾ നൽകപ്പെടുന്നത് നിലവിലുള്ള വിധിന്യായത്തിന്റെ കുറവുകൾ ചൂണ്ടിക്കാട്ടിയാണ്. വിധിന്യായത്തിൽ സാങ്കേതികമായ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുവേണ്ടിയുള്ളതാണ് അത്തരം ഹർജികൾ. ഉന്നയിക്കുന്ന വിഷയങ്ങളുടെ മെറിറ്റ് നോക്കി അത് വാദത്തിനെടുക്കുകയോ തള്ളുകയോ ചെയ്യുന്നതാണ് ഇത്തരം കേസുകളിലെ കീഴ്‌വഴക്കം. എന്നാൽ, ശബരിമല പുനഃപരിശോധനാ ഹർജികളുടെ വിധിയിൽ സംഭവിച്ചിരിക്കുന്നത് വിഷയബാഹ്യമായ ഒരു പ്രതലത്തിലേക്ക് ഈ വിഷയത്തെ വലിച്ചുകൊണ്ടുപോയിരിക്കുന്നു എന്നതാണ്. മറ്റു പല ബെഞ്ചുകളുടെയും പരിഗണനയിലിരിക്കുന്ന കേസുകളുമായി കൂട്ടിക്കെട്ടി അവ്യക്തതയുടെ അന്തരീക്ഷം ഫലത്തിൽ കോടതിവിധി സൃഷ്ടിച്ചിരിക്കുകയാണ്. 2018ൽ ഇതേ വിഷയത്തിൽ അന്തിമവിധി പ്രഖ്യാപിച്ച ജഡ്ജിമാർക്കുതന്നെ തങ്ങളുടെ വിധിയുടെ ആധികാരികതയിൽ സംശയം തോന്നിയിരിക്കുന്നു എന്നത് അവരുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നുണ്ട്. അസാധാരണമായ നടപടിയായിമാത്രമേ ഇതിനെ കാണാൻകഴിയൂ.


 

ഇന്ത്യയുടെ ഭരണഘടനയുടെ മൂല്യങ്ങളെയും നിയമത്തെയും മുൻനിർത്തി വിധിപറയുന്നതിൽനിന്ന് വ്യത്യസ്തമായി, ഭൂരിപക്ഷത്തിന് ഹിതകരമാകുംവിധം കോടതികൾ പ്രമാദമായ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നു എന്ന ആശങ്കയാണ് നിയമവിദഗ്‌ധർ പങ്കുവയ്ക്കുന്നത്. കണ്ണുകെട്ടിയ നീതിദേവതയുടെമുന്നിൽ വ്യക്തികളോ ഭൂരിപക്ഷ ഹിതമോ ഇല്ല, നീതിയുടെ നിർവഹണംമാത്രമാണുള്ളത്. ആ ആശയം വലിയൊരളവിൽ അയോധ്യ, - ശബരിമലവിധികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. Majoritarianism ( ഭൂരിപക്ഷഹിതവാദം ) കോടതി മുറികളെക്കൂടി സ്വാധീനിച്ചാൽ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്ത്യമാണുണ്ടാകുക.

മാത്രവുമല്ല, വിശ്വാസവും ഐതിഹ്യവും അടിസ്ഥാനപ്പെടുത്തി കോടതി വിധികൾ ഉണ്ടാകുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ പല ഹിന്ദുക്ഷേത്രങ്ങളും പൂർവകാലത്ത് ബുദ്ധ വിഹാരങ്ങളും ജൈനക്ഷേത്രങ്ങളുമായിരുന്നു. ആദിമ ഗോത്രപ്രതിഷ്ഠകൾ പിൽക്കാലത്ത് മഹാക്ഷേത്രങ്ങളായി രൂപം മാറിയിട്ടുണ്ട്. പടയോട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും കാലത്ത് ആരാധനാലയങ്ങളുൾപ്പെടെ രൂപമാറ്റങ്ങൾക്ക്‌ വിധേയമായിട്ടുണ്ടാകാം. ഭൂതകാലത്തേക്ക് പോയി മതത്തിന്റെയും വിശ്വാസത്തിന്റെയുംപേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുകയും അതിന്റെപേരിൽ കോടതി വ്യവഹാരങ്ങൾ ഉണ്ടാകുകയുംചെയ്യുന്നത് ആധുനികസമൂഹത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമായ കാര്യമല്ല.

ലിംഗസമത്വം എന്ന ആശയത്തെ മുൻനിർത്തി പുറപ്പെടുവിക്കപ്പെട്ട വിധിയാണ് ശബരിമലയിലെ യുവതീപ്രവേശന വിധി. അത് ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന അടിസ്ഥാന അവകാശങ്ങളെ മുൻനിർത്തിയുള്ളതാണ്. എന്നാൽ, പുനഃപരിശോധനാ ഹർജികൾ വിധിപറഞ്ഞപ്പോൾ ആ ഫോക്കസ് നഷ്ടമായിരിക്കുന്നു. മറിച്ച് വിശ്വാസവും ഭരണഘടനയുംതമ്മിലുള്ള അതിർവരമ്പുകൾ തീരുമാനിച്ചതിനുശേഷം അന്തിമതീർപ്പ് കൽപ്പിക്കാം എന്ന നില സ്വീകരിച്ചിരിക്കുന്നു. അതായത് ഭരണഘടനാധാർമികതയും മതവിശ്വാസവും മുഖാമുഖംവരുമ്പോൾ കോടതികൾ ഭരണഘടനാ മൂല്യങ്ങളെക്കാളേറെ വിശ്വാസത്തിന്റെ പക്ഷത്തേക്ക് ചായുന്നു എന്ന നിലയിൽ ആക്ഷേപങ്ങൾ ഉണ്ടാകുന്നു. മുത്തലാക്ക് വിധി വന്നപ്പോൾ മതവിശ്വാസം അല്ല, മനുഷ്യാവകാശമാണ് പ്രധാനം എന്നുപറഞ്ഞ കോടതിക്ക്‌ പക്ഷേ മറ്റു വിധികളിൽ ആ ധാർമികത സൂക്ഷിക്കാൻ കഴിയുന്നുണ്ടോ?

മുൻ സുപ്രീംകോടതി ജഡ്ജി ആയ ജസ്റ്റിസ് എ കെ ഗാംഗുലി പറഞ്ഞത് അയോധ്യ വിധിന്യായം, ഒരു ഭരണഘടനാ വിദ്യാർഥി എന്ന നിലയിൽ തന്നെ അസ്വസ്ഥനാക്കുന്നു എന്നാണ്. ന്യൂനപക്ഷത്തോട് അന്യായം ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പരസ്യമായി അഭിപ്രായപ്പെട്ടു. 1992ൽ ബാബറിപ്പള്ളി തകർത്തില്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വിധി എന്താകുമായിരുന്നു എന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നു.  അഞ്ഞൂറോളം വർഷങ്ങളായി നിലവിലുള്ള ഒരു പള്ളി പൊളിച്ച് ക്ഷേത്രം പണിയണം എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമായിരുന്നോ എന്നാണ് ജസ്റ്റിസ് ഗാംഗുലിയുടെ ചോദ്യം. അതായത്, സുപ്രീംകോടതി തന്നെ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ പള്ളിപൊളിക്കൽ സംഭവിച്ചതു കൊണ്ട് മാത്രമാണ് കോടതിക്ക് ഇപ്പോഴത്തെ വിധിയിലേക്ക് പോകാൻ കഴിഞ്ഞത്.ആ നിലയിൽ ആന്തരികമായിത്തന്നെ വലിയ വൈരുധ്യങ്ങൾ നിറഞ്ഞതാണ് വിധി.

സുപ്രീംകോടതി വിധികൾ അന്തിമമാണെന്ന് അംഗീകരിക്കുമ്പോൾ ത്തന്നെ, ബാബ്‌റി മസ്ജിദ്-–- രാമജന്മഭൂമി , ശബരിമല വിധികളെ സൂക്ഷ്മമായി ചർച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ് എന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top