22 May Wednesday

വിഷം ചീറ്റുന്ന ഇസ്രയേലിന്റെ നേര്‍ക്കാഴ്ച

അവിഷായ് എഹ്ര്‍ലിക്Updated: Wednesday Jul 19, 2017

 
മൂന്നാഴ്ചത്തെ വിദേശവാസത്തിനുശേഷം ഞങ്ങള്‍ ഇസ്രയേലില്‍ മടങ്ങിയെത്തിയിരിക്കുന്നു. ടെല്‍ അവീവിലെ ഡിസെന്‍ഗോഫ് സെന്ററില്‍ ആള്‍ക്കാരെ തടഞ്ഞുനിര്‍ത്തി ജൂതനാണോ അറബിയാണോ എന്ന് പരിശോധിക്കുന്ന ഇസ്രയേലിലേക്ക്. ഇവിടെ അറബികള്‍ മര്‍ദനമേറ്റ് വീഴുന്നു. ജൂതന്മാര്‍ പരസ്യമായി 'അറബികള്‍ തുലയട്ടെ' എന്ന് വിളിച്ചുപറയാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

അതിന് വിസമ്മതിക്കുന്ന ജൂതന്മാരും തല്ലിച്ചതയ്ക്കപ്പെടുന്നു. പൊലീസുകാര്‍ നിസ്സംഗരായി നോക്കിനില്‍ക്കുന്നു... ജറുസലേമിലാകട്ടെ ഫാസിസ്റ്റ് സംഘങ്ങള്‍ ഫാക്ടറികളിലും സ്റ്റോറുകളിലും അതിക്രമിച്ചുകയറി പരിശോധന നടത്തുന്നു. ജറുസലേമിലുള്ള പലസ്തീന്‍കാര്‍ക്ക് തൊഴില്‍ നല്‍കരുതെന്ന് ഉടമകളെ ചട്ടംകെട്ടുന്നു. അതെ, ജൂത പ്രതിരോധ ലീഗും അവരുടെ കൂട്ടാളിസംഘങ്ങളും തെരുവുകള്‍ ഭരിക്കുന്ന ഇസ്രയേലിലാണ് ഞങ്ങളിപ്പോള്‍. ... പുരോഗമനവാദികളെന്ന് ആഴ്ചകള്‍ക്കുമുമ്പുവരെ കരുതപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ ഇടതുപക്ഷ പ്രകടനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നു. 1982ലെ ലബനന്‍ യുദ്ധകാലത്ത് സാബ്രയിലെയും ഷാതിലയിലെയും (പടിഞ്ഞാറന്‍ ബെയ്റൂട്ടിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍ ഏകദേശം 3500 പേര്‍ കൊല്ലപ്പെട്ടു.) പലസ്തീന്‍ അഭയാര്‍ഥിക്യാമ്പുകളില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മൂന്നുലക്ഷം പേരെ അണിനിരത്തി പ്രകടനം നടത്തിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. ഇപ്പോള്‍ ആരോട് എന്തൊക്കെ പറയാമെന്നുപോലും അറിയാന്‍ കഴിയുന്നില്ല. സ്വന്തം കുടുംബത്തിനകത്തുപോലും തുറന്നുപറയാനുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പലരും ജനാധിപത്യവിരുദ്ധ മാനസികാവസ്ഥയ്ക്ക് അടിപ്പെട്ടിരിക്കുന്നു. ആ 'പഴയ ഇസ്രയേല്‍' ഇപ്പോഴില്ല. തെരുവുകളില്‍ ഇപ്പോള്‍ സമാധാനമില്ല.

ആദ്യ ലെബനന്‍ യുദ്ധകാലത്ത് മൂന്നുലക്ഷം പേരുടെ പ്രകടനം നടന്ന റാബിന്‍ചത്വരം ഇപ്പോള്‍ ജൂതകുടിയേറ്റക്കാരുടെ സംഘടനകള്‍ കൈയേറിയിരിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു ചെറുപ്പക്കാര്‍ക്കുവേണ്ടി അവരവിടെ വികാരാവേശത്തോടെ ഒരുമിച്ച് പ്രാര്‍ഥിക്കുന്നു. ഈ ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടെന്ന്  ആറുവര്‍ഷമായി ഇസ്രയേലി സര്‍ക്കാരിനും സൈന്യത്തിനുമറിയാമായിരുന്നു. പക്ഷേ, അവര്‍ ആ സത്യം ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. പകയുടെയും വിദ്വേഷത്തിന്റെയും ഇത്തരമൊരു വൈകാരികാവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍വേണ്ടിയായിരുന്നു അത്. യുദ്ധംമാത്രമാണ് സമവായമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത്തരമൊരു മറച്ചുവയ്ക്കല്‍ അനിവാര്യമായിരുന്നു. അതുവഴി ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമുണ്ടാക്കി നെതന്യാഹു യുദ്ധത്തിന് തയ്യാറെടുത്തു. മുമ്പ് ഓരങ്ങളില്‍മാത്രം ചുറ്റിക്കറങ്ങിയിരുന്ന ഗ്രൂപ്പുകള്‍ ഈ സാഹചര്യം മുതലെടുത്ത് തെരുവുകള്‍ കീഴടക്കിയിരിക്കുന്നു. പതിനഞ്ചുകാരനായ പലസ്തീന്‍ ബാലനെ അവര്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നു; അനവധിപേരെ തല്ലിച്ചതച്ചു. ഇസ്രയേലിനുള്ളിലും വെസ്റ്റ്ബാങ്കിലും പ്രതിഷേധിച്ച നൂറുകണക്കിനു പലസ്തീന്‍കാര്‍ വെടിയുണ്ടകളേറ്റുവാങ്ങി; കുറെപേര്‍ കൊല്ലപ്പെട്ടു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു; നിരവധിപേര്‍ അറസ്റ്റിലായി.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വിഷം ചീറ്റുന്ന ഇസ്രയേലിലാണ് ഞങ്ങളിപ്പോള്‍. 'ഒരു ജൂതന്‍ കൊല്ലപ്പെട്ടാല്‍ ആയിരം പലസ്തീന്‍കാരെ കൊല്ലണം' എന്ന തരത്തിലാണ് ആഹ്വാനങ്ങള്‍ ഉയരുന്നത്. ഇസ്രയേലി ടിവി സെന്‍സര്‍ ചെയ്തിരിക്കുന്നു. നിങ്ങള്‍ പുറംലോകത്ത് കാണുന്നതൊന്നും ഇസ്രയേലിജനത അവരുടെ ടിവികളില്‍ കാണുന്നില്ല. സര്‍വകലാശാലകള്‍ തങ്ങളുടെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും മെയിലുകള്‍ ചോര്‍ത്തി ചാരവൃത്തി നടത്തുന്ന ഇസ്രയേലിലാണ് ഞങ്ങളിപ്പോള്‍. ഇസ്രയേല്‍ ഇപ്പോള്‍ വേറൊരു രാജ്യമാണ്. പ്രതികാരവും വിദ്വേഷവും വംശീയതയും അസഹിഷ്ണുതയും അരങ്ങുവാഴുന്ന രാജ്യം.
(കടപ്പാട്: സോഷ്യലിസ്റ്റ് രജിസ്റ്റര്‍ 2016)

പ്രധാന വാർത്തകൾ
 Top