22 February Saturday

ഗൂഢാലോചനാ കേസുകളുടെ പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


ഇന്ത്യയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ തലപൊക്കാൻ തുടങ്ങിയ വേളയിൽത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാർ, കാൺപുർ, മീറത്ത് തുടങ്ങിയ ഗൂഢാലോചന കേസുകൾതന്നെ ഉദാഹരണം. ഈ അടിച്ചമർത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളർന്നുപന്തലിച്ചത്.

പെഷവാർ
ബ്രിട്ടീഷ് ഇന്ത്യയിൽ 1922നും 1927നും ഇടയിൽ നടന്ന അഞ്ച് കേസാണ്‌ പെഷവാർ ഗൂഢാലോചന കേസ്‌. 1920ൽ എം‌ എൻ‌ റോയിയും വിദേശത്തുള്ള മറ്റ് ഇന്ത്യൻ കമ്യൂണിസ്റ്റുകളും താഷ്‌കെന്റിൽ  ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ രൂപം നൽകി. കമ്യൂണിസ്റ്റ്‌ ആശയങ്ങൾ സോവിയറ്റ്‌ യൂണിയനിൽനിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്ക് കടന്നുകയറുന്നത്‌ തടയാൻ ബ്രിട്ടീഷ് ഭരണകൂടം പലവഴികളും നോക്കി. കമ്യൂണിസ്റ്റുകൾക്കും ദേശീയ വിപ്ലവകാരികൾക്കുമെതിരെ ബ്രിട്ടീഷ്‌ ഭരണകൂടം ഗൂഢാലോചന കേസുകൾ എടുത്തു.

മുഖ്യപ്രതിയായ മുഹമ്മദ് അക്ബറിനെയും അദ്ദേഹത്തിന്റെ ടിബറ്റൻ സഹപ്രവർത്തകനായിരുന്ന ബഹാദൂറിനെയും അറസ്റ്റ് ചെയ്‌തുകൊണ്ടാണ് കേസ്‌ ആരംഭിച്ചത്. 1922 മെയ് 31ന് സെഷൻസ് കോടതി അക്ബറിന് മൂന്നുവർഷം കഠിന തടവും ബഹാദൂറിന് ഒരു വർഷത്തെ തടവുശിക്ഷയും നൽകി. ബ്രിട്ടീഷ് ഏജന്റായി പ്രവർത്തിച്ച ഹാഫിസുള്ളാഖാനെ കുറ്റവിമുക്തനാക്കി .

എസ്‌ എ ഡാങ്കേ

എസ്‌ എ ഡാങ്കേ

രണ്ടാം ഗൂഢാലോചന കേസ് ആദ്യത്തേതിന്റെ തുടർച്ചയായിരുന്നു. ജയിലിൽനിന്ന് കത്തുകൾ കടത്തിയതിനും ജയിൽ അച്ചടക്കം ലംഘിച്ചതിനും മുഹമ്മദ് അക്ബർ വീണ്ടും ശിക്ഷിക്കപ്പെട്ടു. ഈ കത്ത്‌ അനധികൃതമായി കൈവശംവച്ച ബലൂചിസ്ഥാനിലെ മുഹമ്മദ് ഹസ്സൻ, പെഷവാറിലെ ഗുലാം മെഹ്ബൂബ് എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. 1923 ഏപ്രിൽ 27നാണ് വിധി പുറപ്പെടുവിച്ചത്. അക്ബറിന് ഏഴുവർഷം തടവും മറ്റ് രണ്ട് കൂട്ടുപ്രതികൾക്ക് അഞ്ചുവർഷം തടവും ഓരോരുത്തർക്കും മൂന്നുമാസം ഏകാന്ത തടവും വിധിച്ചു.

മൂന്നാം പെഷവാർ ഗൂഢാലോചന കേസ്‌ 1923 ഏപ്രിൽ നാലിന്‌ ആരംഭിച്ചു. അക്ബർ ഷായെയും മറ്റ് ഏഴുപേരെയും ശിക്ഷിച്ചു. എട്ട് പ്രതികളിൽ അക്ബർ ഷാ, അഫ്ജൽ എന്നിവർക്ക് രണ്ടു വർഷത്തെ തടവുശിക്ഷയും നൽകി. ഫിറോസുദ്ദീൻ, അബ്ദുൾ മജീദ്, ഹബീബ് അഹമ്മദ്, സുൽത്താൻ മുഹമ്മദ്, റാഫിക് അഹമ്മദ്‌ എന്നിവർക്ക്‌ ഒരുവർഷത്തെ തടവ്‌ കോടതി വിധിച്ചു.

നാലാം പെഷവാർ ഗൂഢാലോചന കേസിൽ 1924 ഏപ്രിൽ നാലിനാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയായ മുഹമ്മദ് ഷഫീഖിന്‌ മൂന്നുവർഷത്തെ തടവുശിക്ഷയാണ്‌ വിധിച്ചത്‌. അഞ്ചാം പെഷവാർ ഗൂഢാലോചന കേസ് 1927ൽ ഫസൽ ഇല്ലാഹി ഖുർബാനെതിരെയായിരുന്നു. മോസ്‌കോയിലും താഷ്‌കെന്റിലും വിപ്ലവ പ്രവർത്തനത്തിനായി പ്രതി പരിശീലനം നേടി എന്നാരോപിച്ചായിരുന്നു കേസ്‌. അദ്ദേഹത്തിന് അഞ്ചുവർഷത്തെ തടവുശിക്ഷ ലഭിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ശിക്ഷ മൂന്നുവർഷമാക്കി.

 

കാൺപുർ
ഇന്ത്യയിൽ വളർന്നുവരുന്ന കമ്യൂണിസ്റ്റ് സംഘടനയെ തകർക്കാൻ ഒരു പുതിയ ഗൂഢാലോചന കേസ് ആരംഭിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ 1923 ഫെബ്രുവരി 28ന് ഗവർണർ ജനറൽ ലണ്ടനിലെ ആഭ്യന്തര സെക്രട്ടറിക്ക് സന്ദേശം അയച്ചു. മെയ് എട്ടിന് ഷൗക്കത്ത് ഉസ്‌മാനിയെയും മെയ് 19ന് മുസാഫർ അഹമ്മദിനെയും അറസ്റ്റ്‌ ചെയ്‌തതോടെയാണ് കാൺപുർ ഗൂഢാലോചന കേസ്‌ ആരംഭിച്ചത്. ഗുലാം ഹുസൈനെയും ഇതേസമയം അറസ്റ്റ് ചെയ്‌തു. ഡിസംബർ 20ന്‌ നളിനി ഗുപ്ത അറസ്റ്റിലായി. അറസ്റ്റിലായവരെ പെഷവാർ, ലാഹോർ, ഡംക്ക ജയിലുകളിലേക്ക് അയച്ചു.

ലഭ്യമായ എല്ലാ വസ്‌തുക്കളും പരിശോധിച്ചശേഷം 1924 മാർച്ച് മൂന്നിന്‌ എട്ട് പ്രതികൾക്കെതിരെ കേസെടുത്തു. മൂന്ന് ദിവസംമുമ്പ് എസ്‌ എ ഡാങ്കേയെ അറസ്റ്റ്‌ ചെയ്യുകയും മാർച്ച് ആറിന്‌ ശിങ്കാരവേലു ചെട്ടിയാർക്കെതിരെ വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. ഉസ്‌മാനി, മുസാഫർ അഹമ്മദ്, ഗുലാം ഹുസൈൻ, നളിനി ഗുപ്ത, എസ്‌ എ ഡാങ്കേ, ശിങ്കാരവേലു ചെട്ടിയാർ എന്നിവരെ വിചാരണചെയ്‌തു. ജർമനിയിലായിരുന്ന എം എൻ റോയിയെയും പോണ്ടിച്ചേരിയിലായിരുന്ന ആർ‌ എൽ ശർമയെയും കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനാൽ വിചാരണയിൽ അവരുടെ പേര്‌ ഉൾപ്പെടുത്തിയില്ല. അസുഖത്തെതുടർന്ന് ശിങ്കാരവേലു ചെട്ടിയാരെ വിട്ടയച്ചു.  നാല് ആഴ്‌ചത്തെ വിചാരണയ്‌ക്കുശേഷം സെഷൻസ് കോടതി നാല് പ്രതികൾക്ക്‌ നാലുവർഷത്തെ തടവ്‌ വിധിച്ചു.

പെഷവാർ കേസുകളിൽനിന്ന് വ്യത്യസ്‌തമായി, ഇത്തവണ ‘ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രതിരോധ സമിതി’ രൂപീകരിച്ചു. സമിതി ഫണ്ട് ശേഖരണം സംഘടിപ്പിക്കുകയും പ്രതിഭാഗം അഭിഭാഷകരെ ഏർപ്പെടുത്തുകയും ചെയ്‌തു. ശിക്ഷ കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ നിരസിക്കപ്പെട്ടു.

മീറത്ത്‌
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1929ൽ കമ്യൂണിസ്റ്റുകാരുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ മീറത്തിൽ പ്രക്ഷോഭം തുടങ്ങി. റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ തൊഴിലാളികൾക്കിടയിൽ സ്വാധീനം വർധിക്കാൻ ഈ സമരം സഹായകരമായി. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവർത്തിയെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ബ്രിട്ടീഷ് സർക്കാർ ഗൂഢാലോചന കേസ്‌ രജിസ്റ്റർ ചെയ്‌തു. 1929 മാർച്ച് 20ന്‌ എസ്‌ എ ഡാങ്കേ ഉൾപ്പെടെ 31 പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ വിചാരണ ആരംഭിച്ചു. നാലുവർഷത്തോളം വിചാരണ നടപടി നീണ്ടു. കുറ്റക്കാരെന്നാരോപിച്ച് 1933ൽ തൊഴിലാളി നേതാക്കളെ കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചു.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന ബ്രാഡ്‌ലിയും ഫിലിപ്പ് സ്‌പ്രാറ്റും ഹ്യൂ ലിസ്റ്റർ ഹച്ചിൻസണും അടക്കം 32 പേരാണ് കേസിൽ പ്രതികൾ. ഇന്ത്യയിലെ അറിയപ്പെടുന്ന എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. കൂടാതെ, ഓൾ ഇന്ത്യാ കോൺഗ്രസ്‌ കമ്മിറ്റിയിലെ അംഗങ്ങളും മീറത്ത്‌ ഗൂഢാലോചന കേസിൽ പ്രതികളായി.

1933 ജനുവരി 16ന് കോടതി വിധി പറഞ്ഞു. മുസാഫർ അഹമ്മദിന് ജീവപര്യന്തം തടവ്‌ വിധിച്ചു. എസ്‌ എ ഡാങ്കേ, എസ്‌ വി ഘാട്ടേ, ജോഗ്‌ലെകർ, നിംകർ, സ്‌പ്രാറ്റ് എന്നിവർക്ക് 12 വർഷത്തെ തടവുശിക്ഷയും ബ്രാഡ്‌ലി, മിരജ്കർ, ഉസ്‌മാനി എന്നിവർക്ക് പത്തുവർഷം തടവും വിധിച്ചു. അപ്പീലുകളിൽ കോടതി ശിക്ഷ ഇളവു ചെയ്യുകയും പ്രതികളെല്ലാം 1933 അവസാനത്തോടെ ജയിൽ മോചിതരാവുകയും ചെയ്‌തു.


പ്രധാന വാർത്തകൾ
 Top