26 April Friday

കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ

എം ചന്ദ്രപ്രകാശ്‌Updated: Saturday Aug 18, 2018

റോം കത്തുമ്പോൾ വീണ വായിച്ച ഭരണാധികാരിയെക്കുറിച്ച് നമുക്കറിയാം. വലിയ വലിയ ദുരന്തങ്ങൾ നടക്കുമ്പോൾ അതിനിടയിൽനിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവരും കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ അതിന്റെ മറവിൽനിന്ന് കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയുംചെയ്യുന്ന നരാധമന്മാരെയും നമ്മൾ കണ്ടിട്ടുണ്ട്. പ്രകൃതി മഴയിലൂടെ താണ്ഡവമാടുന്ന നമ്മുടെ കേരളത്തിൽ മനഃസാക്ഷിയെ ഞെട്ടിക്കുംവിധം ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന തരംതാണ കമന്റുകളും ഫോട്ടോകളും കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് നാമിന്ന് സാക്ഷ്യംവഹിക്കുന്നത്.

ദുരിതമനുഭവിക്കുന്നവർക്കൊപ്പം മറ്റെല്ലാം മറന്ന് സർക്കാർ സംരക്ഷണമൊരുക്കുമ്പോൾ, ചില ഇത്തിൾക്കണ്ണികൾ നടത്തുന്ന കോപ്രായം സഹിക്കാവുന്നതിനും അപ്പുറത്താണ്. ഡാം തുറന്നുവിടുന്നതിന്റെ അടുത്തു പോയി സെൽഫിയെടുത്ത് മുഖപുസ്തകത്തിൽ ചാർത്തി ഹീറോ ആകാൻ ചിലർ ശ്രമിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ ഒരുപടികൂടി മുന്നോട്ടുപോയി, നഗ്നത പ്രദർശിപ്പിച്ച് വെള്ളച്ചാട്ടത്തിന് താഴെനിന്ന് നൃത്തംചെയ്യുന്ന  ബോളിവുഡ‌് നടിയുടെ ഫോട്ടോയിട്ട് ‘ഡാം തുറന്നപ്പോൾ കണ്ട കാഴ്ച’ എന്ന കുറിപ്പോടെ കൊടുത്ത് രസിക്കുന്നു. ഇത്തരം ഞരമ്പുരോഗികളെ  ഫെയ്സ് ബുക്കിൽ വച്ചു തന്നെ മനുഷ്യസ്നേഹികൾ കൈകാര്യംചെയ്യുന്നുണ്ട്. ദുരന്തം നിരന്തരം റിപ്പോർട്ട‌് ചെയ്യുന്ന ചാനലുകൾപോലും ഓണാഘോഷത്തിന്റെപേരിൽ വമ്പൻ പരിപാടികൾ ഒരുക്കുന്നതിന്റെ ഔചിത്യമില്ലായ്മകൂടി ഇവിടെ ചൂണ്ടിക്കാട്ടട്ടെ. പ്രളയദുരന്തം നേരിടാൻ കേരളം ഒറ്റക്കെട്ടായി ഉണർന്നുപ്രവർത്തിക്കുകയാണ്. അതിന് നേതൃത്വം നൽകുന്ന കേരള മുഖ്യമന്ത്രി എക്കാലത്തെയും വലിയ മാതൃകയാകുകയാണ്. ഓരോ നിമിഷവും അദ്ദേഹം ദുരിതത്തിൽപ്പെട്ടവർക്കൊപ്പം നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നത് ലോകം മുഴുവൻ കാണുന്നുണ്ട്.

സർക്കാർ തലത്തിൽ എല്ലാ ആഘോഷപരിപാടികളും വേണ്ടെന്നുവച്ച് പ്രതിജ്ഞാബദ്ധമായ കർമപരിപാടികളിലൂടെ മുന്നോട്ടുപോകുന്ന സർക്കാരിനെ അന്ധവിശ്വാസങ്ങൾകൊണ്ട് നേരിടാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്.അതും ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ചുകൊണ്ട്. ഏതെങ്കിലും യുക്തിക്ക് നിരക്കുന്നതാണോ അയ്യപ്പന്റെ ശാപംകൊണ്ടാണ് പ്രളയമുണ്ടായതെന്ന് സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിക്കുന്നത് ? കേരളത്തിന്റെ സാമൂഹ്യപരിതഃസ്ഥിതിയിൽ ഭക്തിയും വിശ്വാസവും പരസ്പരം ചേർന്നുകിടക്കുന്നതാണ്. അതിനിടയിൽനിന്ന്  അന്ധവിശ്വാസം പ്രചരിപ്പിച്ച് വിശ്വാസികളെ വഴിതെറ്റിക്കുക എന്ന തന്ത്രമാണ് വർഗീയവാദികൾ തങ്ങളുടെ തുരുപ്പ് ചീട്ടായി പ്രയോഗിച്ചിരിക്കുന്നത്. പക്ഷേ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കുകതന്നെ ചെയ്യും. ഒരു കാര്യം തീർച്ച. തമാശകളിക്കയും അന്ധവിശ്വാസം പ്രചരിപ്പിക്കയും ചെയ്യേണ്ട  സമയമല്ല ഇത്. കണ്ണീരൊഴുക്കുന്ന ഒരു ജനതയെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് നന്മയുടെ പക്ഷത്തുനിൽക്കുന്നവർ ചെയ്യേണ്ടത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top