07 July Tuesday

വാഗ്ദാനങ്ങൾ പാലിക്കാതെ മോഡി

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Saturday May 18, 2019


മോഡി സർക്കാരിന്റെ തോൽവി ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പുതിയ സർക്കാരിന് വൻഭാരം കൈമാറിയാണ് പടിയിറക്കം. അക്ഷരാർഥത്തിൽ അലങ്കോലമാക്കപ്പെട്ട ഒരു സമ്പദ് വ്യവസ്ഥ. വാഗ്ദാനങ്ങളൊന്നുപോലും പാലിക്കാത്ത നാണംകെട്ട പടിയിറക്കം. നോട്ടു നിരോധനത്തിന്റെയും ചരക്കു‐സേവന നികുതിയുടെയും ദുരന്തഫലങ്ങൾ മായാൻ കാലമേറെയെടുക്കും.

രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് പരാജയങ്ങളുടെ സ്ഥിതിവിവരങ്ങൾ മൂടിവയ്ക്കാൻ കാണിച്ച കൗശലം. മോഡി ഭരണത്തിൽ ദേശീയവരുമാനം ഇടിഞ്ഞു എന്ന് കണക്കാക്കിയത് കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷനാണ്. അക്കാര്യം മൂടിവച്ച്, പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗിനെക്കൊണ്ട്  മറിച്ചൊരു കണക്ക് തയ്യാറാക്കിച്ചു. തൊഴിലില്ലായ്മ  കഴിഞ്ഞ 42 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി എന്നു തെളിയിച്ചത് മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ ലേബർ ബ്യൂറോയാണ്. പ്രസ്തുത റിപ്പോർട്ട് പൂഴ്ത്തിവച്ച് നിതി ആയോഗിനെക്കൊണ്ട് മറിച്ചൊരെണ്ണം തയ്യാറാക്കിച്ചു.

ഏറ്റവുമേറെ തൊഴിൽ നഷ്ടമുണ്ടായത് സ്ത്രീകൾക്ക്
രാജ്യത്തെ കോടിക്കണക്കിന്  യുവതി‐യുവാക്കൾക്ക് തൊഴിൽ നൽകുകയാണ് പുതിയ സർക്കാരിന്റെ മുഖ്യദൗത്യം. അതിന്  കഴിയുമോ എന്നതാണ് പ്രശ്നം. ആളേ മാറുന്നുള്ളു, നയം മാറുന്നില്ല. 2017 ജൂലൈയിൽ തൊഴിൽരഹിതർ 1.4 കോടിയായിരുന്നു. 2018 ഒക്ടോബറിൽ അത് മൂന്നുകോടിയായി. ഇരട്ടി വർധന. പ്രതിവർഷം 1.2 കോടി യുവതി‐യുവാക്കൾ തൊഴിൽ വിപണിയിൽ എത്തുന്നുണ്ട്. പക്ഷേ, 2018ൽ 1.10 കോടി തൊഴിൽ നഷ്ടമുണ്ടായി. ഏറ്റവുമേറെ തൊഴിൽ നഷ്ടമുണ്ടായത് സ്ത്രീകൾക്കാണ്.
പുതിയ സർക്കാരിനെ ഏതുപാർടി നയിക്കും എന്ന് വ്യക്തമാകുന്നതേയുള്ളൂ. കോൺഗ്രസ് ആണെങ്കിൽ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ വമ്പിച്ച വെല്ലുവിളി ഉയർത്തും. നാമമാത്ര‐ചെറുകിട കൃഷിക്കാർക്ക് പ്രതിവർഷം 72000 രൂപയാണ് വാഗ്ദാനം. 20 ശതമാനം ദരിദ്രകർഷകർക്കാണ് സഹായം. അതിന് 3,60,000 കോടിരൂപ പ്രതിവർഷം വേണ്ടിവരും. അതായത് ദേശീയ വരുമാനത്തിന്റെ ഏതാണ്ട് രണ്ട് ശതമാനം. എങ്ങനെയാണ് ഇത്രയും തുക സമാഹരിക്കുക? ഒരിക്കലും വിശദീകരിക്കപ്പെട്ടിട്ടില്ല. നികുതിനിരക്ക് വർധനയ്ക്കാണെങ്കിൽ ചരക്കു‐സേവന നികുതി കൗൺസിലിന്റെ അനുമതിവേണം. അത് എളുപ്പമല്ല. കേന്ദ്രസർക്കാരിന്റെ മുഖ്യ വരുമാന സ്രോതസ്സായിരുന്നു എക്സൈസ് തീരുവ. അതാണ് ചരക്ക്‐സേവന നികുതി ഘടനയിൽ ലയിപ്പിച്ചത്. ചരക്ക്‐സേവന നികതി വരുമാനത്തിലാകട്ടെ കാര്യമായ വർധനയും ഉണ്ടായിട്ടില്ല. നികുതി പരിഷ്കാരം നടപ്പാക്കിയ 2017 ജൂലൈയിലെ വരുമാനം 94,063 കോടി രൂപയായിരുന്നു. ഒന്നേമുക്കാൽ കൊല്ലം പിന്നിട്ട് 2019 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 97,247 കോടിരൂപയാണ്. നാമമാത്ര വർധനമാത്രം. 2017‐18ലെ ശരാശരി പ്രതിമാസ ജിഎസ്ടി വരുമാനം 89865 കോടി രൂപയായിരുന്നു. അതായത് ആരംഭംകുറിച്ച 2017 ജൂലൈയിലെ നികുതിവരുമാനത്തെക്കാൾ കുറവ്. ജിഎസ്ടി വരുമാനം പൂർണമായും കേന്ദ്രസർക്കാരിന് അവകാശപ്പെട്ടതല്ല. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതുണ്ട്. നികുതിവരുമാനത്തിൽ പെട്ടെന്നൊരു വർധനയുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. ദേശീയവരുമാനം പ്രതീക്ഷിച്ചതിനെക്കാൾ കുറയുമെന്ന്  മിക്ക ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് നിക്ഷേപവും ഉൽപ്പാദനവും  ഉപയോഗവും കുറയുമെന്നർഥം. അതനുസരിച്ച് നികുതിവരുമാനവും കുറയും.  പ്രത്യക്ഷനികുതിവരുമാനത്തിൽ അമ്പതിനായിരം കോടിയുടെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വായ്പയാണ് മറ്റൊരു മാർഗം.  ഒന്നുകിൽ റിസർവ് ബാങ്കിൽനിന്ന് അല്ലെങ്കിൽ പൊതുവിപണിയിൽനിന്ന്. പക്ഷേ, വായ്പാ ധനക്കമ്മി വളർത്തും. അതിനു രണ്ട് പ്രത്യാഘാതമുണ്ട്. ഒന്ന്, സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണം പമ്പുചെയ്യുന്നത് വിലക്കയറ്റമുണ്ടാക്കും. അമേരിക്കയുടെ ആജ്ഞയ്ക്കു വഴങ്ങി കുറഞ്ഞ വിലയ്ക്കുള്ള ഇറാൻ എണ്ണയുടെ ഇറക്കുമതി പൂർണമായും നിർത്തുന്നതോടെ ക്രൂഡ്ഓയിൽ വില ഉയരും, പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കും, പൊതു വിലക്കയറ്റം മൂർച്ഛിക്കും. രണ്ടാമതായി, പൊതുവിപണിയിൽനിന്ന് സർക്കാർ കൂടിയ അളവിൽ വായ്പ വാങ്ങുന്നതോടെ പൊതുവിപണിയിൽ ധനലഭ്യത കുറയും; പലിശനിരക്ക് ഉയരും. കോർപറേറ്റുകൾ വിദേശ വാണിജ്യ വായ്പകളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. ഇക്കാരണങ്ങളാലാണ് ധനക്കമ്മി നിയന്ത്രിക്കണമെന്ന് കോർപറേറ്റുകൾ നിർബന്ധം പിടിക്കുന്നത്.

2018‐19 ലെ പുതുക്കിയ കണക്ക് 6.34 ലക്ഷം കോടിരൂപയുടെ ധനക്കമ്മിയാണ് വിഭാവനം ചെയ്തത്. അതിപ്പോൾത്തന്നെ 8.51 ലക്ഷം കോടിരൂപയായി വളർന്നു. അതായത് ഇടക്കാല ബജറ്റ് മുന്നോട്ടുവച്ച 3.4 ശതമാനം ധനക്കമ്മി വർധിച്ച് 4.5 ശതമാനമായി ഉയർന്നു. അതിനിയും കൂടിക്കൂടെന്നില്ല. കൂടാതിരിക്കണമെങ്കിൽ ഒന്നുകിൽ റവന്യൂവരുമാനം ഉയരണം,  അല്ലെങ്കിൽ റവന്യൂചെലവ് ചുരുങ്ങണം. പ്രഖ്യാപിക്കപ്പെട്ട ധനസഹായപദ്ധതി റവന്യൂ ചെലവാണ്. ഏതായാലും രണ്ടിനുമുള്ള സാധ്യത പരിമിതമാണ്. ദേശീയവരുമാനം ഇടിയുന്നതോടെ ധനക്കമ്മി ഇനിയുമുയരും. ദേശീയവരുമാനത്തിന്റെ ആനുപാതികമായിട്ടാണ് ധനക്കമ്മി കണക്കാക്കുന്നത്.

കാർഷിക കടബാധ്യത
കർഷകരെ കടബാധ്യതകളിൽനിന്ന് ഒഴിവാക്കുകയാണ് പുതിയ സർക്കാർ ഏറ്റെടുക്കേണ്ട മറ്റൊരു ഉത്തരവാദിത്തം. കാർഷികമേഖല നേരിടുന്ന ഏകപ്രശ്നമല്ല, പ്രധാന പ്രശ്നമാണ് കാർഷിക കടബാധ്യത. എഴുതിത്തള്ളുന്നതുകൊണ്ടുമാത്രം കാർഷികമേഖലയിലെ പ്രശ്നങ്ങൾ തീരുന്നില്ല. സാമ്പത്തിക നയത്തിൽ കാര്യമായ തിരുത്തൽ വരുത്തിമാത്രമേ ആ മേഖലയിലെ പ്രശ്നങ്ങൾക്ക് ശമനം വരൂ. വൻകിട വ്യവസായ കേന്ദ്രീകൃതമാണ് രാജ്യത്തിന്റെ സാമ്പത്തിക നയം. അതിൽ തിരുത്തൽ വേണം. മനുഷ്യന്റെ രണ്ടുകാലുകൾ എന്നതുപോലെയാണ് കൃഷിയും വ്യവസായവും. രാജ്യത്തെ കൃഷിക്കാരിൽ പകുതിയും ഭീമമായ കടബാധ്യത പേറുന്നവരാണ്. നബാർഡിന്റെ പഠനപ്രകാരം, ഒരു കാർഷികകുടുംബത്തിന്റെ ശരാശരി കടബാധ്യത 104602 രൂപയാണ്. പത്തും പതിനഞ്ചും ലക്ഷമോ അതിൽ കൂടുതലോ കടബാധ്യതയുള്ളവർ ധാരാളം. കടം എഴുതിത്തള്ളുന്നതിന്റെ പ്രയോജനം വാണിജ്യ ബാങ്കുകളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നും വായ്പയെടുത്തവർക്കാണ്.

കടബാധ്യതയുള്ളവരിൽ 32 ശതമാനം കുടുംബങ്ങൾ വട്ടിപ്പണക്കാരിൽനിന്നോ ബന്ധുക്കളിൽനിന്നോ വായ്പയെടുത്തവരാണ്. അവരുടെ കടബാധ്യതയ്ക്ക് എങ്ങനെ പരിഹാരമുണ്ടാകും? കൃഷിക്കാരെക്കാൾ എണ്ണത്തിൽ കൂടുതലാണ് കർഷകത്തൊഴിലാളികൾ. ഗ്രാമീണ കാർഷിക കുടുംബങ്ങളിൽ 54.9 ശതമാനം കർഷകത്തൊഴിലാളികളും 45.1 ശതമാനം കൃഷിക്കാരുമാണ്. കർഷകത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമല്ല കാർഷികക്കടം എഴുതിത്തള്ളൽ. കർഷകരുടെ പേരിൽ ചാർത്തിക്കൊടുക്കുന്ന എല്ലാ കടബാധ്യതകളും കർഷകരുടേതല്ല. നാലുശതമാനം പലിശയ്ക്കു ലഭിക്കുന്ന മുൻഗണനാ വായ്പയുടെ സൗകര്യം രാജ്യത്തെ കുത്തക കമ്പനികൾ തട്ടിയെടുക്കുന്നുണ്ട്. 2016ൽ 59000 കോടി രൂപയുടെ കാർഷികവായ്പ തട്ടിയെടുത്തത് 615 അക്കൗണ്ടുകാരാണ്. അക്കൗണ്ട് ഒന്നിന് 96 കോടി രൂപവീതം. അഗ്രി– ബിസിനസിൽ ഏർപ്പെട്ടിട്ടുള്ള വൻകിട കമ്പനികളുണ്ട്. നാലുശതമാനം പലിശയ്ക്ക് കാർഷിക വായ്പയെടുത്താണ് റിലയൻസ് ഫ്രഷ് ഗോഡൗണും മറ്റു അനുബന്ധ സൗകര്യങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. ഇത് ഒരു ഉദാഹരണംമാത്രം. എല്ലാം കൃഷിക്കാരുടെ പേരിൽ. ഡ്യപോൺടും റാലീസ് ഇന്ത്യയും ഗോദ്റേജും പോലുള്ള രാസവള–കീടനാശിനി ഉൽപ്പാദന കമ്പനികളും കുറഞ്ഞ പലിശയുള്ള കാർഷിക വായ്പയുടെ ഗുണഭോക്താക്കളാണ്.

കടം എഴുതിത്തള്ളൽ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഉൽപ്പാദനചെലവ് കുറയ്ക്കുകയും ഉൽപ്പാദനവില ഉയർത്തുകയുമാണ് കാർഷിക മേഖലയെ രക്ഷിക്കാനുള്ള മാർഗം. അതിന് സാമ്പത്തികനയത്തിൽ പൊളിച്ചെഴുത്ത് വേണ്ടിവരും. ഓരോ വർഷവും കാർഷിക ബജറ്റ് അവതരിപ്പിക്കും എന്നതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. പൊതുബജറ്റിന് കഴിയാത്തത് കാർഷിക ബജറ്റിന് കഴിയുമെന്നുള്ളത് പ്രചാരണമൂല്യം മാത്രമുള്ള വാഗ്ദാനമാണ്.

ഇന്ത്യയിൽ, തുക വകയിരുത്തുന്ന കാര്യത്തിൽ നിരന്തരം അവഗണിക്കപ്പെട്ടുപോരുന്ന രണ്ട് മേഖലയാണ് വിദ്യാഭ്യാസവും ആരോഗ്യവും. ദേശീയവരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണമെന്നായിരുന്നു കോത്താരി കമീഷൻ ശുപാർശ. ഏറ്റവും ഒടുവിലെ സാമ്പത്തിക സർവേ പ്രകാരം 2017‐18ൽ അത് മൂന്നു ശതമാനത്തിൽ താഴേയാണ്. 2023‐24 ഓടെ ആറ് ശതമാനമാകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് അക്കൊല്ലമാകുമ്പോഴേക്കും 11.20 ലക്ഷം കോടിരൂപ. ഇന്ത്യയുടെ ദേശീയവരുമാനം 188.41 ലക്ഷം കോടിരൂപയാണ്. അതിന്റെ ആറ് ശതമാനമാണ് 11.30 ലക്ഷം കോടി. ആരോഗ്യമേഖലയിലെ നിലവിലെ ചെലവ് 1.02 ശതമാനമാണ്. വിപുലമായ ഇൻഷുറൻസ് പരിരക്ഷാ സംവിധാനത്തിനു പുറമെയാണ് അമേരിക്ക ദേശീയ വരുമാനത്തിന്റെ 8.5 ശതമാനവും സ്വീഡൻ 9.2 ശതമാനവും ആരോഗ്യമേഖലയ്ക്ക് ചെലവിടുന്നത്. 2023‐24 ആകുമ്പോഴേക്കും 5.65 ലക്ഷം കോടിരൂപ ചെലവിടുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്ദാനം. പക്ഷേ, വാഗ്ദാനങ്ങൾ പാലിക്കാനുള്ളവയല്ല എന്ന നിതിൻ ഗഡ്കരിയുടെ ഉപദേശം കോൺഗ്രസിനും ആശ്വാസദായകമാണ്.


പ്രധാന വാർത്തകൾ
 Top