06 June Saturday

ആത്മവിശ്വാസം നഷ്ടപ്പെട്ട‌് ബിജെപി

മുരളീധരൻUpdated: Thursday Apr 18, 2019


പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം ഗുജറാത്തിൽ ഒരുപോലെ ഭരണകക്ഷിയായ ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും അലട്ടുകയാണ്. കേരളം പോളിങ‌് ബൂത്തിലേക്ക് പോകുന്ന 23നു തന്നെയാണ് ഗുജറാത്തിലും തെരഞ്ഞെടുപ്പ്.

ഭരണനേട്ടങ്ങളൊന്നും ഇല്ല
പ്രധാന ഭരണനേട്ടങ്ങളൊന്നുംതന്നെ ഉയർത്തിക്കാട്ടാനില്ലാത്തതിനാൽ പുൽവാമയ‌്ക്കും ബാലാകോട്ടിനും ചുറ്റുമായി രാഷ്ട്രീയ ആഖ്യാനം തീർക്കാൻ നിശ്ചയിച്ച ബിജെപി അതിൽ പരാജയപ്പെടുന്ന കാഴ‌്ചയാണ‌് ഗുജറാത്തിൽ കാണാനായത്. സ്വാഭാവികമായും അവർ പതിവ് തന്ത്രത്തിലേക്ക് മടങ്ങി. ഗാന്ധിനഗർ മണ്ഡലത്തിൽനിന്നുള്ള ബിജെപിയുടെ പുതിയ സ്ഥാനാർഥി ബിജെപി പ്രസിഡന്റ് അമിത് ഷാ അദ്ദേഹത്തിന്റെ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് നടത്തിയ റോഡ് ഷോയിൽ ഉയർത്തിയ മുദ്രാവാക്യം ‘കശ്‌മീർ ഹമാരെ ഹെ' (കശ‌്മീർ നമ്മുടേതാണ്) എന്നായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ സാക്ഷാൽക്കാരത്തിനായി ശ്യാമപ്രസാദ് മുഖർജി നടത്തിയ പ്രവർത്തനങ്ങളെയും അമിത്  ഷാ അനുസ‌്മരിക്കുകയുണ്ടായി. 1967ൽ ഈ മണ്ഡലം രൂപംകൊണ്ടതുമുതൽ ഒമ്പതു തവണയാണ് ബിജെപി സ്ഥാനാർഥികൾ ഇവിടെനിന്ന‌് ലോക‌്സഭയിൽ എത്തിയിട്ടുള്ളത്. 

രാജ്യസഭാംഗമായ അമിത് ഷാ ഈ മണ്ഡലത്തിൽനിന്ന‌് മത്സരിക്കുന്നതുതന്നെ സംസ്ഥാനത്തെ ബിജെപിയുടെ സാധ്യത വർധിപ്പിക്കുന്നതിനാണ്. ബിജെപിക്കകത്തെ ആത്മവിശ്വാസക്കുറവുകൂടിയാണ് അമിത് ഷായുടെ മത്സരത്തിന് കാരണമെന്നർഥം. അടുത്തിടെ ഗുജറാത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ‘ഗുജറാത്ത് സമാചറി'ൽ വന്ന വാർത്ത അമിത് ഷായുടെ റോഡ് ഷോകളും റാലികളും വിജയിപ്പിക്കുന്നതിന് ബിജെപിക്ക് ഏറെ സ്വാധീനമുള്ള പാൽ സഹകരണസംഘങ്ങളിലെ വനിതകളെ നിർബന്ധിച്ച് ഇറക്കിയെന്നാണ്. ഇതേ പത്രം ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറഞ്ഞത് ബിജെപിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ ആർഎസ്എസ് തയ്യാറാകുന്നില്ല എന്നാണ്. 

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഗുജറാത്തിൽ മോഡിയാണ് പ്രധാനമന്ത്രി എന്ന നിലയിൽ ശക്തമായ പ്രാദേശിക–-സങ്കുചിത–-വർഗീയ പ്രചാരണം നടത്തിയാണ് സംസ്ഥാനത്തെ 26 സീറ്റിലും ബിജെപി വിജയംകൊയ‌്തത‌്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തകർന്നടിഞ്ഞു. ബിജെപിക്ക് 60.11 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന‌് 33.45 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ സ്ഥിതിഗതിയിൽ മാറ്റംവന്നിരിക്കുന്നു. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു വർഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 150 സീറ്റ് ലക്ഷ്യമിട്ട ബിജെപിക്ക് 2012ൽ ലഭിച്ച 115 സീറ്റ് നിലനിർത്താനായില്ലെന്നു മാത്രമല്ല, 100 സീറ്റ് തികയ‌്ക്കാൻപോലും കഴിഞ്ഞില്ല. 11 ശതമാനം വോട്ടും ബിജെപിക്ക് നഷ്ടമായി. 49.05 ശതമാനം വോട്ടു മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 77 സീറ്റ‌് നേടിയ കോൺഗ്രസ് എട്ട‌് ശതമാനം വോട്ട് വർധിപ്പിച്ച് 41.44 ശതമാനം വോട്ടും നേടി. 

2017 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുവേളയിലെ എല്ലാ വിഷയങ്ങളും ബിജെപിയെ ഇപ്പോഴും വേട്ടയാടുകയാണ്.  കാർഷികമേഖലയിലെ പ്രതിസന്ധി, നോട്ട് റദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും ഫലമായി ഉണ്ടായ രൂക്ഷമായ തൊഴിലില്ലായ‌്മ ഉൾപ്പെടെയുള്ള തിക്തഫലങ്ങൾ എന്നിവയെല്ലാം ഗുജറാത്തിനെയും ബാധിച്ചു. യഥാസമയം വിളകൾ സംഭരിക്കണമെന്നാവശ്യപ്പെട്ടും വിളനാശത്തിന് അർഹമായ ഇൻഷുറൻസ് ലഭിക്കണമെന്നാവശ്യപ്പെട്ടും ജലസേചനത്തിന് വെള്ളം വേണമെന്നാവശ്യപ്പെട്ടും  സംസ്ഥാനത്തെ കർഷകർ പലയിടത്തും പ്രക്ഷോഭ പാതയിലാണ്.  രാധംപുരിലെ കർഷകർ പ്രക്ഷോഭത്തിനിറങ്ങിയത‌് നർമദ കനാലിനുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ടാണ്. അഹമ്മദാബാദിലും രാജ്കോട്ടിലും ബനസ‌്കന്തയിലും കൃഷിക്കാരുടെ സമരത്തെ അടിച്ചമർത്താൻ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ‌്തു.

ആവശ്യത്തിന് മഴ ലഭിക്കാത്തത് പല ജില്ലകളെയും പ്രദേശങ്ങളെയും കടുത്ത വരൾച്ചയിലേക്ക് നയിച്ചു. ഇതിന്റെ ഫലമായി കൃഷി ഉപയുക്തമായ 25 ശതമാനം പ്രദേശങ്ങളിൽ ഇക്കുറി വിള ഇറക്കാനായില്ല. മൊത്തമുള്ള 7,82,805 ഹെക്ടർ കൃഷിസ്ഥലത്ത് ഇക്കുറി 4,46,984 ഹെക്ടറിൽ മാത്രമാണ് കൃഷി നടത്താനായത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 6,57,797 ഹെക്ടറിൽ കൃഷി നടത്തിയിരുന്നു. അതായത്, ഈവർഷം 2.10 ലക്ഷം ഹെക്ടറിലാണ് കൃഷി നടത്താൻ കഴിയാതെ പോയത്.  കർഷകരോഷം തണുപ്പിക്കാനായി അഞ്ചുവർഷ കാലാവധിക്ക് പലിശയില്ലാതെ ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന ബിജെപി സർക്കാരിന്റെ വാഗ്ദാനത്തോട് തണുത്ത പ്രതികരണമാണ് കർഷകരിൽനിന്ന‌് ഉണ്ടായിട്ടുള്ളത്.

കോൺഗ്രസിൽനിന്ന്‌ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു
കോൺഗ്രസിൽനിന്നാകട്ടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരുടെ കാലുമാറ്റം തുടരവെ അൽപേഷ് താക്കൂർ പാർടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ബിജെപിയുമായി ചർച്ചയിലാണിപ്പോൾ അൽപേഷ‌് താക്കൂർ. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്ന‌് ജോലി തേടിയെത്തിയവർക്കെതിരെ വർഷങ്ങളോളം കലാപം നയിച്ച അൽപേഷിനെ പാർടിയിലെടുത്താൽ തിരിച്ചടി ലഭിക്കുമോ എന്ന ഭയത്തിലാണ് ബിജെപി. 
രസകരമായ മറ്റൊരു കാര്യം ചൗക്കിദാർ തലവൻ അമിത് ഷാ നാമനിർദേശപത്രിക നൽകാനായി മാർച്ച് 30ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയ 12 ബിജെപി പ്രവർത്തകരുടെ മൊബൈലും പേഴ്സും കളവുപോയി എന്നതാണ്. അതേ ദിവസംതന്നെ വഡോദരയിൽ മുഖ്യമന്ത്രി വിജയ‌് രൂപാനി പങ്കെടുത്ത റാലിക്കെത്തിയ ഒരു ഡസനോളം ചൗക്കിദാർമാരുടെ പോക്കറ്റടിച്ചു. സംസ്ഥാനത്തെ മുഖ്യ ചൗക്കിദാർ (ബിജെപി സംസ്ഥാന അധ്യക്ഷൻ) ജിത്തു വഗാനിയുടെ മകനെ എം കെ ഭാവ്നഗർ സർവകലാശാലയിൽനിന്ന‌് കോപ്പിയടിച്ചതിന് പിടികൂടുകയും ചെയ‌്തു. 

അതിനിടെ, തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിൽ വന്ന 11നു ശേഷംമാത്രം സംസ്ഥാനത്തുനിന്ന‌് 500 കോടി രൂപയുടെ മയക്കുമരുന്നും 9.12 കോടി രൂപയുടെ മദ്യവും (മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്) ഉൾപ്പെടെ 514.82 കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസ് അറിയിച്ചു.  കണക്കിൽപ്പെടാത്ത പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലാണ് ഗുജറാത്ത്. മൊത്തം പിടിച്ചെടുത്ത 2000 കോടി രൂപയുടെ 25 ശതമാനവും ഗുജറാത്തിൽനിന്നാണ്. 

ഈ നിയോ ചൗക്കിദാറുകളെക്കുറിച്ചുള്ള തമാശകളാണ് ഗുജറാത്തിലെങ്ങും പരക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഇക്കുറി ഗുജറാത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നതും ജനങ്ങളെ സ്വാധീനിക്കാൻ പോകുന്നതും ബിജെപി ഉയർത്തുന്ന വിഭാഗീയ വിഷയങ്ങളായിരിക്കില്ല മറിച്ച് അവരുടെ ജീവിതപ്രശ്നങ്ങൾ തന്നെയായിരിക്കും. സ്ഥിരം തന്ത്രംകൊണ്ട് ജനങ്ങളെ ഇക്കുറിയും വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബിജെപി  52 സംഘം മജീഷ്യന്മാരെ പ്രചാരണത്തിനായി രംഗത്തിറക്കിയിരിക്കുകയാണ്. ഈ പുതിയ തന്ത്രംകൊണ്ട് ഗുജറാത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ?
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top