24 May Friday

സ്വർഗത്തിലെ വിവാഹം നരകവാതിൽ തുറക്കുമോ

ഡോ. പി ജെ വിൻസെന്റ്‍Updated: Thursday Jan 18, 2018

 
ഇന്ത്യ‐ ഇസ്രയേൽ ബന്ധത്തിൽ സമ്പൂർണമാറ്റത്തിന്റെ വ്യക്തമായ തെളിവായിരുന്നു 2017 ജൂലൈയിലെ നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനം, ഇസ്രയേൽ രൂപീകൃതമായി 70 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത്‍. ഇന്ത്യൻ നേതാക്കൾ ഇസ്രയേൽ സന്ദർശിക്കുമ്പോൾ പലസ്‍തീനിലും പോകുന്ന പതിവുരീതി അവസാനിപ്പിച്ച്‍  ഇസ്രയേൽ അനുകൂലനയം പ്രഖ്യാപിച്ചാണ് മോഡി മടങ്ങിയത്‍. 1992 ജനുവരിയിൽ ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ ചർച്ചചെയ്യപ്പെട്ട ഇന്ത്യ‐ഇസ്രയേൽ‐അമേരിക്ക അച്ചുതണ്ട്‍ സമഗ്രാർഥത്തിൽ യാഥാർഥ്യമായി എന്നതാണ് മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ ഫലം.

ആറുദിവസത്തെ സന്ദർശനത്തിനായി ജനുവരി 14ന് ഡൽഹിയിലെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഭാര്യ സാറയ്‍ക്കും 'രാജകീയ വരവേൽപ്പാ'ണ് ലഭിച്ചത്‍. പ്രോട്ടോകോൾ മാറ്റിവച്ച്‍ ഡൽഹി വിമാനത്താവളത്തിലെത്തി മോഡി ഇരുവരെയും സ്വീകരിച്ചു.

പ്രതിരോധം, സൈബർ സുരക്ഷ, ശാസ്‍ത്രസാങ്കേതികം, കൃഷി, സിവിൽ വ്യോമയാനം, ചലച്ചിത്രനിർമാണം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഇസ്രയേലും ഒമ്പത്‍ കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധരംഗത്ത്‍ 'മെയ്‍ക്ക്‍ ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ കമ്പനികൾക്ക്‍ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് സംയുക്ത ഉൽപ്പാദനത്തിന് അനുമതി നൽകാൻ തീരുമാനമായി. പ്രതിരോധമേഖല സ്വകാര്യവൽക്കരിക്കാനുള്ള ഇന്ത്യൻനയം ഇസ്രയേലിലെ ആയുധനിർമാണ കമ്പനികൾക്ക്‍ ഗുണകരമാകും. ഇന്ത്യയും ഇസ്രയേലും ചേർന്നുള്ള ബരാക്ക്‍ മിസൈൽ നിർമാണപദ്ധതി വിജയമായിരുന്നു. ഇപ്പോൾ സ്വകാര്യമേഖലയിൽ ഇന്ത്യയിലും ഇസ്രയേലിലുമുള്ള ആയുധനിർമാണ കമ്പനികളുടെ സഹകരണത്തിനാണ് തീരുമാനം. പ്രതിരോധമേഖല സ്വകാര്യവൽക്കരിക്കുകയും ഇസ്രയേലിനെപ്പോലൊരു 'മിലിട്ടറി സ്റ്റേറ്റുമായി' സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും സഹകരണം ശക്തിപ്പെടുത്തുകയുംചെയ്യുന്നത്‍ ഇന്ത്യയുടെ ഇതുവരെയുള്ള നയത്തിൽനിന്നുള്ള വ്യതിചലനമാണ്. ഇസ്രയേലിൽനിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദുമായി ഇന്ത്യൻ ഏജൻസികൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്‍. യുദ്ധതന്ത്രം, കമാൻഡോ പരിശീലനം, രഹസ്യാന്വേഷണമേഖലയിലെ ഓപ്പറേഷനുകൾ, അതിർത്തി കടന്ന മിന്നലാക്രമണങ്ങൾ തുടങ്ങിയവയിലെല്ലാം ഇസ്രയേലിന്റെ രീതികൾ ഇന്ത്യ സ്വീകരിക്കുകയാണ്.

ജോർജ്‍ ബുഷ്‍ (ജൂനിയർ) ഭീകരതയ്‍ക്കെതിരായ ആഗോളയുദ്ധത്തിന്റെ മറപിടിച്ച്‍ ഇറാൻ‐ഇറാഖ്‍‐ഉത്തരകൊറിയ സഖ്യത്തിനെതിരെ ഇന്ത്യ‐ഇസ്രയേൽ‐അമേരിക്ക അച്ചുതണ്ട്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട്‍ ദശാബ്ദത്തിനുള്ളിലുണ്ടായ മാറ്റങ്ങൾ ഇത്തരമൊരു സഖ്യം യാഥാർഥ്യമായതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്‍. യുഎസ്‍ പ്രതിരോധ സെക്രട്ടറി 2017 സെപ്‍തംബറിൽ ഇന്ത്യ‐ഇസ്രയേൽ‐അമേരിക്ക അച്ചുതണ്ട്‍ സമ്പൂർണമായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. മോഡിയുടെ ഇസ്രയേൽ സന്ദർശനവും ഈ വസ്‍തുത അരക്കിട്ടുറപ്പിക്കുന്നു. പക്ഷേ, മാറിയ സാഹചര്യത്തിൽ ഇറാഖും ഇറാനും അപ്രസക്തമാകുകയും പുതിയ ശത്രുക്കൾ അമേരിക്കയുടെ പട്ടികയിൽ മുൻനിരയിലെത്തുകയും ചെയ്‍തു. ചൈന‐പാകിസ്ഥാൻ‐റഷ്യ സഹകരണത്തിനെതിരെ സമ്മർദശക്തിയായി മാറുകയെന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ലക്ഷ്യം. അനുദിനം ശക്തിപ്പെടുന്ന പാകിസ്ഥാൻ‐ചൈന ബന്ധം ഇന്ത്യയെ അലോസരപ്പെടുത്തുന്നുണ്ട്‍. കിഴക്കനേഷ്യയിലെ സംഘർഷത്തിൽ ചൈന‐ഉത്തരകൊറിയ സഖ്യത്തിനെതിരെ അമേരിക്ക രൂപീകരിച്ച ചതുർകക്ഷി സഖ്യത്തിൽ (ക്വാഡ്‍) ഇന്ത്യ അംഗമാണ്. ഇത്‍ ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകമാണ്. ചൈനയെ വളഞ്ഞുപിടിക്കാനുള്ള അമേരിക്കയുടെ സാമ്രാജ്യത്വ തന്ത്രങ്ങളിലും സഖ്യങ്ങളിലും ജൂനിയർ പങ്കാളിയായി ഇന്ത്യ ചേരുന്നത്‍ തികച്ചും ആശങ്കാകുലവും അനഭിലഷണീയവുമാണ്. കിഴക്കനേഷ്യൻ സംഘർഷത്തിൽ ചൈന‐ഉത്തര കൊറിയ സഖ്യത്തിന് റഷ്യൻ പിന്തുണയുണ്ട്‍. തെക്കനേഷ്യയിലെ ഇന്ത്യ‐പാകിസ്ഥാൻ സംഘർഷത്തിൽ ഇതുവരെ റഷ്യയുടെ ശക്തമായ പിന്തുണ ഇന്ത്യക്ക്‍ ലഭിച്ചിരുന്നു. എന്നാൽ, സമീപകാലത്ത്‍ റഷ്യ‐പാകിസ്ഥാൻ സഹകരണം ശക്തിപ്പെട്ടിട്ടുണ്ട്‍. റഷ്യയിലെ മിൻറാൾനി വോഡി മലനിരകളിൽ റഷ്യയും പാകിസ്ഥാനും രണ്ട്‍ സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തി.

ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വിശ്വസ്‍ത സുഹൃത്തായ റഷ്യയുടെ നയമാറ്റം ഗൗരവപൂർവം പരിഗണിക്കണം. ചൈന‐പാകിസ്ഥാൻ അച്ചുതണ്ടിന് റഷ്യയുടെ പിന്തുണയുണ്ട്‍ എന്ന് സാരം. ക്വാഡ്‍ സഖ്യവും ഇന്ത്യ, ഇസ്രയേൽ‐അമേരിക്ക ത്രികക്ഷിസഖ്യവും മുഖ്യ എതിരാളിയായി ചൈനയെയാണ് കാണുന്നത്‍. ഈ സഖ്യങ്ങൾ സാമ്രാജ്യത്വ സംഘർഷങ്ങളിലേക്ക്‍ ഇന്ത്യയെ കണ്ണിചേർക്കുന്നതോടൊപ്പം ഇന്ത്യയുടെ വിശ്വസ്‍ത സുഹൃത്തായ റഷ്യയുമായുള്ള സൗഹൃദത്തിന്റെ ഊഷ്‍മളത കെടുത്തിക്കളയുകയും ചെയ്യുന്നു.

ഉഭയകക്ഷിസൗഹൃദത്തിനപ്പുറം ഇന്ത്യ‐ഇസ്രയേൽ സഹകരണത്തിന് സവിശേഷമാനങ്ങളുണ്ട്‍. സയണിസവും ഹിന്ദുത്വവും തമ്മിലുള്ള പ്രത്യയശാസ്‍ത്രസൗഹൃദം ഇവിടെ അന്തർധാരയായി വർത്തിക്കുന്നു. 'സയണിസ്റ്റ്‍ ഇസ്രയേലിനും ഹിന്ദുത്വ ഇന്ത്യക്കുമിടയിൽ ഇസ്ലാമികലോകത്തെ ഞെരുക്കുക' എന്ന ട്രംപിന്റെ ഭ്രാന്തൻ ആശയം ഇരുരാജ്യങ്ങളും തമ്മിലുള്ള തീവ്രസ്‍നേഹത്തിൽ പ്രതിഫലിക്കുന്നുണ്ട്‍. ഇന്ത്യ‐ഇസ്രയേൽ ബന്ധം 'സ്വർഗത്തിൽ നടത്തപ്പെട്ട ഒരു വിവാഹമാണെന്ന്' നെതന്യാഹു പറഞ്ഞതിന്റെ സാരമിതാണ്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള ഡോണൾഡ്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയടക്കം 127 രാജ്യങ്ങൾ വോട്ടുരേഖപ്പെടുത്തി.

ഇസ്രയേലിനെതിരായ ഇന്ത്യൻ വോട്ടിനെ പരാമർശിച്ചുകൊണ്ട്‍ ഒരു വോട്ടിന്റെ പേരിൽ തകരുന്നതല്ല ഇന്ത്യയുമായുള്ള ബന്ധമെന്ന് നെതന്യാഹു പറഞ്ഞു. മറ്റൊരർഥത്തിൽ പലസ്‍തീന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയാലും പ്രവൃത്തിയിൽ അത്‍ പ്രതിഫലിക്കില്ലെന്ന ആത്മവിശ്വാസമാണ് നെതന്യാഹു പ്രകടിപ്പിച്ചത്‍.

ഇതിനെ സാധൂകരിക്കുംവിധം ഇസ്രയേൽ‐പലസ്‍തീൻ സമാധാനശ്രമങ്ങളെക്കുറിച്ച്‍ ഒരു ഖണ്ഡിക മാത്രമാണ് ഇരുപ്രധാനമന്ത്രിമാരും ചേർന്ന് പുറപ്പെടുവിച്ച സംയുക്തപ്രസ്‍താവനയിലുള്ളത്‍. 'ചർച്ചകളിലൂടെ പ്രശ്‍നപരിഹാരത്തിന് ശ്രമിക്കണ'മെന്ന ഒഴുക്കൻമട്ടിലുള്ള ഒരു വാചകംമാത്രം. ഇസ്രയേൽ ബന്ധത്തിന് പലസ്‍തീൻ ഒരു തടസ്സമാകില്ലെന്ന വ്യക്തമായ സൂചനയാണിത്‍ നൽകുന്നത്‍.പശ്ചിമേഷ്യയിൽ നിരന്തരയുദ്ധവും വംശീയ ഉന്മൂലനവും നയമായി സ്വീകരിച്ച 'ഇസ്രയേലി സ്‍പാർട്ട'യുമായുള്ള സമ്പൂർണവും സമഗ്രവുമായ സഹകരണത്തിന് ഇന്ത്യ തുടക്കമിട്ടുകഴിഞ്ഞു. ഇസ്രയേൽ ‐ ഇന്ത്യ സഖ്യത്തിന്റെ സൂത്രധാരൻ നരേന്ദ്ര മോഡിയെ 'ഇന്ത്യയുടെ വിപ്ലവനായകൻ', 'മഹാനായ നേതാവ്‍' എന്നൊക്കെയാണ് നെതന്യാഹു വിശേഷിപ്പിച്ചത്‍. ഇന്ത്യക്ക്‍ ശക്തരായ സഖ്യകക്ഷികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ റഷ്യയും ചൈനയും പാകിസ്ഥാനുമെല്ലാം ഉൾപ്പെട്ട ഒരു പുതിയ 'ശീതയുദ്ധക്കുരുക്ക്‍' ഏഷ്യൻ മേഖലയിൽ ഉയർന്നുവരികയാണ്. ഇതിൽ അമേരിക്കൻപക്ഷം ചേർന്നുനിൽക്കുന്ന സഖ്യമായി ഇസ്രയേൽ‐ഇന്ത്യ സഹകരണം മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വർഗത്തിലെ വിവാഹം നരകവാതിൽ തുറക്കാനുള്ള അവസരമാകുമോ എന്ന ആശങ്ക അസ്ഥാനത്തല്ല

ഇസ്രയേലിന്റെ രക്തപങ്കില ചരിത്രം ഇങ്ങനെ...
● 1920ൽ പലസ്‍തീനിലെ ജനസംഖ്യ‐ 6,03,000. ഇതിൽ 90 ശതമാനവും അറബികളും 10 ശതമാനം ജൂതരും. യൂറോപ്പിൽ ജൂതർ വേട്ടയാടപ്പെട്ടപ്പോൾ അവർ കൂട്ടത്തോടെ പലസ്‍തീനിലേക്ക്‍ കുടിയേറി. 16 വർഷത്തിനുശേഷം 1936 ആകുമ്പോഴേക്കും പലസ്‍തീനിലെ ജൂത ജനസംഖ്യ 3,85,400 ആയി ഉയർന്നു. മൊത്തം ജനസംഖ്യയുടെ 27.8 ശതമാനം. അറബികളുടെ സംഖ്യ 9,83,200 ആയും ഉയർന്നു. 1948ൽ ഇസ്രയേൽ രാഷ്ട്രം രൂപംകൊള്ളുകയും പലസ്‍തുൻവിരുദ്ധ യുദ്ധം ആരംഭിക്കുകയും ചെയ്‍തതോടെ പലസ്‍തീനികൾ ആട്ടിയോടിക്കപ്പെടാൻ തുടങ്ങി. 1947നും 1950നും ഇടയിൽ 532 ഗ്രാമത്തിൽനിന്ന് പലസ്‍തീനികളെ പൂർണമായും ഒഴിപ്പിച്ചു. 8,04,767 അറബികൾ അയൽരാജ്യങ്ങളിൽ അഭയാർഥികളാക്കപ്പെട്ടു. നേരത്തെ എട്ട്‍ ശതമാനം പ്രദേശമായിരുന്നു ജൂതരുടെ കൈവശമെങ്കിൽ 1950ൽ അത്‍ 85 ശതമാനമായി.  33 ഗ്രാമത്തിൽ പലസ്‍തീനികളെ വംശീയശുദ്ധീകരണത്തിന് വിധേയമാക്കിയാണ് ജൂതർ ഈ 'നേട്ടം' കൊയ്‍തത്‍. പാശ്ചാത്യശക്തികളുടെ പിന്തുണയും ഈ ഇസ്രയേൽ കാടത്തത്തിനുണ്ടായി.

● രണ്ടായിരാമാണ്ടിനുശേഷംമാത്രം 10,000 പലസ്‍തീനികൾ കൊല്ലപ്പെട്ടു. കൃത്യമായി പറഞ്ഞാൽ 9510 പലസ്‍തീനികളും 1242 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഇതിൽ 2167 പേർ പലസ്‍തീൻ കുട്ടികളാണ്. 134 ഇസ്രയേലി കുട്ടികളും. 95,299 പലസ്‍തീനികൾക്ക്‍ പരിക്കേറ്റു. 11,895 ഇസ്രയേലികൾക്കും. ഏറ്റുമുട്ടലിൽ മരിക്കുകയും പരിക്കേൽകുകയും ചെയ്‍തവരുടെമാത്രം കണക്കുകളാണ് ഇത്‍. പോഷകാഹാരക്കുറവുകൊണ്ടുള്ള മരണങ്ങളും മറ്റും ഇതിനുപുറമെയാണ്.

● 6279 പലസ്‍തീനികൾ ഇസ്രയേലി ജയിലുകളിലുണ്ട്‍. ഇതിൽ 300 പേർ കുട്ടികളും 65 പേർ വനിതകളുമാണ്. ജയിലിൽ കഴിയുന്ന 520 പേർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. 466 പേർ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടവരും. എന്നാൽ, പലസ്‍തീൻ ജയിലിൽ ഒരു ഇസ്രയേൽകാരൻപോലും തടവിലില്ല.

● 1967ന് ശേഷം പലസ്‍തീനികളുടെ 48488 വീട്‍ തകർത്തു. എന്നാൽ, ഒരു ഇസ്രയേലി വസതി പോലും പലസ്‍തീനികൾ തകർത്തിട്ടില്ല. ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്‍ നിരീക്ഷിക്കുന്ന ബിട്‍സലേമിന്റെ കണക്കനുസരിച്ച്‍ ഇസ്രയേലി ഡിഫൻസ്‍ ഫോഴ്‍സ്‍ മൂന്ന്്‍ രീതിയിലാണ് പലസ്‍തീൻ ആവാസകേന്ദ്രം നശിപ്പിക്കുന്നത്‍. ഒന്നാമതായി സൈനികാവശ്യങ്ങൾക്കായി ആവാസകേന്ദ്രങ്ങൾ തകർക്കൽ, രണ്ട്‍‐അനധികൃതമാണെന്ന് വിലയിരുത്തിയുള്ള നശിപ്പിക്കൽ, മൂന്ന്‐ഇസ്രയേലികളെ ആക്രമിച്ചവരെന്ന് സംശയിക്കുന്നവരെയും  അവരുടെ ബന്ധുക്കളെയും ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവരുടെയും അയൽവാസികളുടെയും വീട്‍ നശിപ്പിക്കൽ.

● 1967ന് ശേഷം മാത്രം പലസ്‍തീൻ പ്രദേശത്ത്‍ (പശ്ചിമതീരത്ത്‍്‍) അഞ്ച്‍ ലക്ഷം ജൂതരെയാണ് ഇസ്രയേൽ ബലപ്രയോഗം നടത്തി താമസിപ്പിച്ചത്‍. പലസ്‍തീൻ പ്രദേശത്ത്‍ 261 ആവാസ കേന്ദ്രങ്ങളാണ് ഇസ്രയേൽ നിർമിച്ചത്‍. ഇതിൽ 163ഉം ജൂതന്മാരുടെമാത്രം കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ സൈനികരുടെ അനുമതിയില്ലാതെ പലസ്‍തീനികൾക്ക്‍ പ്രവേശനംപോലും അനുവദിക്കില്ല. 

● 1955നും 2013നും ഇടയിൽമാത്രം ഇസ്രയേലിന്റെ ഇത്തരം  നിയമവിരുദ്ധനടപടിയെ (മനുഷ്യാവകാശലംഘനം, അനധികൃത കുടിയേറ്റം, യുഎൻ പ്രമാണത്തെ ധിക്കരിക്കൽ)വിമർശിച്ച്‍ ഐക്യരാഷ്ട്രസംഘടന 77 പ്രമേയങ്ങളാണ്  പാസാക്കിയത്‍.  പലസ്‍തീനെതിരെ ഇക്കാലത്ത്‍ ഒരു പ്രമേയം മാത്രമാണ് യുഎൻ പാസാക്കിയത്‍. 

● യുദ്ധവും ആക്രമണങ്ങളും കയറ്റുമതിചെയ്യുന്ന രാഷ്ട്രമാണ് ഇസ്രയേൽ. ജിഡിപിയുടെ 5.4 ശതമാനവും പ്രതിരോധത്തിനായി ചെലവാക്കുന്ന രാഷ്ട്രം. അമേരിക്കയെപോലെ വൻതോതിൽ ആയുധം കയറ്റുമതിചെയ്യുന്ന രാഷ്ട്രമാണ് ഇസ്രയേലും. ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നതാകട്ടെ ഇന്ത്യയും.2017ൽ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ആയുധകയറ്റുമതിക്കാരനാണ് ഇസ്രയേൽ. ലോകത്തിലെ ഏകാധിപതികൾക്കും തീവ്രവലതുപക്ഷ സംഘടനകൾക്കും ആയുധം നൽകുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാഷ്ട്രവും ഇസ്രയേലാണ്.

● 1948ൽ രൂപംകൊണ്ടതുമുതൽ എണ്ണമറ്റ യുദ്ധങ്ങൾ നടത്തിയ രാഷ്ട്രംകൂടിയാണ് ഇസ്രയേൽ. ഇസ്രയേൽ രാഷ്ട്രരൂപീകരണത്തിനായുള്ള യുദ്ധം (1947‐49), സൂയസ്‍ കനാൽ യുദ്ധം (1956), ആറുദിനയുദ്ധം (1967), യോം കിപ്പൂർ യുദ്ധം (1973), ഒന്നാം ലെബനൺ യുദ്ധം (1982‐85), രണ്ടം ലെബനൺ യുദ്ധം (2006), മൂന്ന് ഗാസ യുദ്ധങ്ങൾ (2008‐09, 2012, 2014). 

കടപ്പാട്‍: ന്യൂസ്‍ ക്ലിക്ക്‍
 

 

പ്രധാന വാർത്തകൾ
 Top