26 January Sunday

തവളക്കല്യാണവും ക്യാൻസർ മരുന്നായി ഗോമൂത്രവും

അനിൽകുമാർ എ വിUpdated: Tuesday Sep 17, 2019


സൂര്യഭഗവാനെ തണുപ്പിക്കാൻ രാഷ്ട്രപതി പ്ലാസ്റ്റിക് ഭൂഗോളത്തിൽ ജലപൂജ നടത്തുമ്പോൾ പുരാതന ഇന്ത്യയിൽ ആണവപരീക്ഷണം നടന്നതായുള്ള മാനവ വിഭവശേഷി മന്ത്രിയുടെ വാദത്തിലും മഴപെയ്യിക്കാൻ തവളക്കല്യാണത്തിന് മുന്നിട്ടിറങ്ങിയ മന്ത്രിമാരുടെ  ബാലിശതയിലും അത്ഭുതമില്ല. രാഷ്ട്രീയമായും സാമ്പത്തികമായും  തകർന്ന് തലകുനിഞ്ഞ ഇന്ത്യ വൈജ്ഞാനികമായി വിഡ്ഢികളുടെ പറുദീസയാവുകയാണോ?. ഒരു ജപ്പാൻ സന്ദർശനത്തെക്കുറിച്ച്  മനീഷ് സിസോദിയ പറഞ്ഞത്, അവിടെ  വിദ്യാർഥികൾ ഹൈഡ്രജൻ കാറുകളുടെ സാധ്യത ചർച്ചചെയ്യുന്നു. ഇവിടെ ഹനുമാന്റെ ജാതിയെപ്പറ്റിയുള്ള  തർക്കമാണെന്നാണ്. ചൈനീസ് വിദ്യാർഥികൾ  ചൊവ്വയിൽ കൃഷി പരീക്ഷിക്കുന്നുമുണ്ട്.  വേനൽ അസഹനീയമായപ്പോൾ മഴ പെയ്യിക്കാൻ  ഭോപാലിൽ  ജൂലൈ 19ന് തവളക്കല്യാണം നടത്തിയത് സാമാന്യ ബോധത്തെപ്പോലും നാണംകെടുത്തി. രണ്ട് ആൺ‐ പെൺ തവളകളെ വിവാഹം  ചെയ്യിച്ചാൽ മഴദൈവത്തെ  പ്രീതിപ്പെടുത്താമെന്ന അന്ധവിശ്വാസത്തെ തുടർന്നായിരുന്നു ചടങ്ങ്.  2018 ജൂൺ 25ന് വനിതാ ശിശുക്ഷേമ മന്ത്രി ലളിതാ യാദവ് ചത്തർപുരിലെ ക്ഷേത്രത്തിൽ തവളക്കല്യാണത്തിന് നേതൃത്വം നൽകിയിരുന്നു.

ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷയിലെ ദയനീയ  കൂട്ടത്തോൽവി ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. 63 വിദ്യാലയത്തിൽ ഒരാളും  ജയിച്ചില്ല. വിജയശതമാനത്തിൽ വലിയ ഇടിവുണ്ടായില്ലെന്നതു മാത്രമാണ് ആശ്വാസം. കഴിഞ്ഞ വർഷം വിജയം 67.5  ശതമാനമായിരുന്നത് ഇക്കുറി 66.97.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 88.11 ശതമാനം വിജയമുണ്ട്. ഹിന്ദിയിൽ 72.66 ശതമാനം. ഗുജറാത്തി മീഡിയങ്ങളിൽ 64.58 ശതമാനം മാത്രമാണ് വിജയം. സർക്കാർ സ്കൂളുകൾ ഇല്ലായ്മകളുടെ അസ്ഥിപഞ്ജരങ്ങളാണ്. ഏറ്റവും ദരിദ്രരുടെ  മക്കൾക്ക് അവസാന താവളം.  

ജ്യോതിഷവുമായി തുലനംചെയ്താൽ ശാസ്ത്രം  തുച്ഛമാണെന്നും അതിനാൽ  ശാസ്ത്രത്തിന് പ്രചാരം നൽകേണ്ടതുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു

രണ്ടാം മോഡി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി  രമേഷ് പൊഖ്രിയാൽ നിഷാങ്ക് നൂറ്റാണ്ടുകൾമുമ്പേ ജീവിക്കേണ്ടയാളാണ്.  ലോക്സഭയിൽ "ദി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ്  ആർകിടെക്ചർ' ബില്ലിന്മേൽ നടന്ന  ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങൾ അസംബന്ധങ്ങളായിരുന്നു.  ജ്യോതിഷവുമായി തുലനംചെയ്താൽ ശാസ്ത്രം  തുച്ഛമാണെന്നും അതിനാൽ  ശാസ്ത്രത്തിന് പ്രചാരം നൽകേണ്ടതുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ജ്യോതിഷമാണ് ലോകത്തിലെ ഒന്നാമത്തെ ശാസ്ത്രമെന്നും  ഊറ്റംകൊണ്ടു. ആണവ പരീക്ഷണത്തെക്കുറിച്ചുള്ള  പ്രസ്താവം മറ്റൊന്ന്.   ആണവപരീക്ഷണം ലക്ഷക്കണക്കിന് കൊല്ലംമുമ്പ് പ്രാചീന ഭാരതത്തിൽ കണാദ മഹർഷി നടത്തിയിട്ടുണ്ടെന്ന് തട്ടിവിട്ട അദ്ദേഹം ഗണപതിയുടെ ശസ്ത്രക്രിയയെപ്പറ്റിയുള്ള മോഡിയുടെ  അവകാശവാദത്തെയും ന്യായീകരിച്ചു.  ശിരസ്സ് മാറ്റിവയ്ക്കുന്ന വിദ്യ ഭാരതത്തിലുണ്ടായിരുന്നെന്ന് "കണ്ടുപിടിച്ച'പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമാണ്. സാഹിത്യസംഭാവന പരിഗണിച്ച്  കൊളംബോ  ഓപ്പൺ  യൂണിവേഴ്സിറ്റിയിൽനിന്ന് ഡി‐ലിറ്റ് ലഭിച്ചുവെന്നാണ് സത്യവാങ്മൂലത്തിൽ. ഏതാനും വർഷംമുമ്പ് ശാസ്ത്രസംഭാവന മാനിച്ച് മറ്റൊരു ഡി‐ലിറ്റ് കൂടി നൽകിയെന്നും വ്യക്തമാക്കി.  പക്ഷേ, അത്  വിദേശ‐  ആഭ്യന്തര സർവകലാശാലയായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ശ്രീലങ്കൻ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ സ്ഥിരീകരിച്ചു. ആർഎസ്എസിനു കീഴിലെ സരസ്വതി ശിശു മന്ദിറിൽ അധ്യാപകനായി  കരിയർ ആരംഭിച്ചതാണ് പൊഖ്രിയാൽ. 

മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി  ആരോഗ്യസംരക്ഷണത്തിന് നിത്യവും പശുമൂത്രം സേവിക്കുമായിരുന്നെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബ, അത് ക്യാൻസർ  മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ആയുഷ് മന്ത്രാലയമെന്ന് സൂചിപ്പിക്കുകയുണ്ടായി.  പലതരം  ആരോഗ്യ പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടെത്താനുള്ള വിശിഷ്ടമായ ശേഷി ഗോമൂത്രത്തിനുണ്ട്. അതിനാൽ  മന്ത്രാലയം അതേക്കുറിച്ച്  പഠിക്കുകയാണ്. 2030 ആകുമ്പോഴേക്കും  പ്രമേഹത്തിനടക്കം  മരുന്നൊരുക്കാനുള്ള ശ്രമത്തിലാണെന്നും ചൗബ  പറഞ്ഞു.

ദളിത് എന്നാലെന്ത് എന്ന ചോദ്യത്തിൽ വിദേശികൾ, അയിത്തമുള്ളവർ, മധ്യവർഗം, ഉപരിവർഗം എന്നിങ്ങനെയാണ് ഓപ്ഷൻ.  മുസ്ലിങ്ങളുടെ പൊതുസ്വഭാവം എന്തെന്ന ചോദ്യത്തിന്  പെൺമക്കളെ സ്കൂളിൽ വിടില്ലെന്നാണ് ഒരുത്തരം

കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ്  ചോദ്യക്കടലാസിൽ വർഗീയ പരാമർശങ്ങൾ ഇടംപിടിച്ചത് കാര്യങ്ങളുടെ പോക്ക് വ്യക്തമാക്കുന്നു.  അംബേദ്കറെക്കുറിച്ചുള്ള ഭാഗത്തിനുശേഷമാണ് ഇവ. ദളിത് എന്നാലെന്ത് എന്ന ചോദ്യത്തിൽ വിദേശികൾ, അയിത്തമുള്ളവർ, മധ്യവർഗം, ഉപരിവർഗം എന്നിങ്ങനെയാണ് ഓപ്ഷൻ.  മുസ്ലിങ്ങളുടെ പൊതുസ്വഭാവം എന്തെന്ന ചോദ്യത്തിന്  പെൺമക്കളെ സ്കൂളിൽ വിടില്ലെന്നാണ് ഒരുത്തരം. 340 ചതുരശ്രഅടി  വിസ്തീർണമുള്ള ബാബ്റി മസ്ജിദിന്റെ ഒരു മിനാരം തകർക്കാൻ പത്ത് കർസേവകർ ആറ് മണിക്കൂർ എടുത്തെങ്കിൽ 15 പേർക്ക് എത്രവേണം ‐ ആർഎസ്എസ് വിദ്യാലയത്തിലെ ഗണിതശാസ്ത്ര ചോദ്യമാണിത്.  രണ്ടുതരം ഉറുമ്പുകളുണ്ടെന്നും ചുവന്നവ കടിക്കുമെന്നും അവ മുസ്ലിങ്ങളാണെന്നും നിരുപദ്രവകാരികളായ കറുത്തവ ഹിന്ദുക്കളാണെന്നും പഠിപ്പിക്കുന്ന  ജീവശാസ്ത്ര ഭാഗവുമുണ്ട്. ഗാന്ധിജി മരിച്ചത് 1948 ഒക്ടോബർ 30ന്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ അമേരിക്കയ്ക്കുമേൽ ആണവായുധം പ്രയോഗിച്ചു. വിഭജനശേഷം ഹിന്ദുക്കുഷ് പർവതനിരയിലെ ഖൈബർ ചുരം തലസ്ഥാനമായി ഇസ്ലാമിക് ഇസ്ലാമാബാദ്  നിലവിൽവന്നു‐ പൊട്ടത്തെറ്റുകളുടെ ഓരിയിടൽ എന്നു വിളിക്കാവുന്ന ഭീമാബദ്ധങ്ങളാണ് പാഠപുസ്തകങ്ങളിൽ. പരാതിയുയർന്നപ്പോൾ സമിതിയെ നിയോഗിച്ചെങ്കിലും ബാലിശ ഭാഗങ്ങൾ  തുടർന്നു. വിവർത്തനത്തിലെ  ചില്ലറ പിശകുകളാണ് അവയെന്ന  വിശദീകരണവും. 

ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിൽ, മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും വിദേശികളാണ്. രാജ്യത്തിന്റെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന ഭാഗത്തിന്റെ തുടക്ക ഖണ്ഡികയിലാണ് ഈ  മുദ്രകുത്തൽ. പത്താം ക്ലാസ് ചരിത്രപുസ്തകം ശാഠ്യം പിടിക്കുന്നതാകട്ടെ, പ്രാചീന ഇന്ത്യൻ ജീവിതം വേദകാലംമുതലേ തുടങ്ങുന്നുള്ളൂ എന്നാണ്; അതിനുമുമ്പ് നാഗരികതയോ സംസ്കാരമോ നിലവിലുണ്ടായിരുന്നില്ലെന്നും. ഇവയുടെയെല്ലാം ഉയർന്ന രൂപത്തിൽ സംഘപരിവാരം പ്രചാരണങ്ങൾ തുടങ്ങിയിരിക്കുന്നു. നളന്ദ സർവകലാശാല തകർത്തത് ഭക്തിയാർ ഖിൽജിയാണെന്ന അരുൺ ഷൂരിയുടെ വാദത്തിലുറപ്പിച്ച നുണകളാണ് അതിലൊന്ന്. യാചകരുടെ അബദ്ധമായിരുന്നു തീപിടിത്തത്തിന് കാരണമെന്ന്  ഡി എൻ ഝാ കണ്ടെത്തിയത് കാവി ഭാവനക്കാർ പൊറുപ്പിക്കുന്നേയില്ല.

ഗാന്ധാരിയുടെ വയറ്റിൽനിന്ന് പുറത്തുവന്ന മാംസപിണ്ഡം നൂറു കഷണമാക്കി കുടങ്ങളിൽ സൂക്ഷിച്ചുവെന്ന മഹാഭാരതത്തിലെ ഉപകഥയാണ് വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനമെന്നാണ് സമർഥിക്കുന്നത്.

ദിനനാഥ് ബത്രയുടെ "തേജോമയ് ഭാരത്' ഉൾപ്പെടെയുള്ള ആറ് പുസ്തകം തീർത്തും ബാലിശമാണ്. കാവിപ്പടയുടെ വിദ്യാഭ്യാസ സംഘടനയായ ശിക്ഷാ ബച്ചാവോ ആന്ദോളൻ നേതാവായ അദ്ദേഹത്തിന്റെ കൃതികൾ പ്രൈമറി‐സെക്കൻഡറി തലത്തിൽ നിർബന്ധമാക്കി. കാറും ടെലിവിഷനുമടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുപിടിച്ചത് സന്യാസിമാരാണെന്ന് തുടങ്ങിയ  വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്ന പുസ്തകം, ഗാന്ധാരിയുടെ വയറ്റിൽനിന്ന് പുറത്തുവന്ന മാംസപിണ്ഡം നൂറു കഷണമാക്കി കുടങ്ങളിൽ സൂക്ഷിച്ചുവെന്ന മഹാഭാരതത്തിലെ ഉപകഥയാണ് വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനമെന്നാണ് സമർഥിക്കുന്നത്.  വേദകാലത്ത് പ്രാബല്യത്തിലുണ്ടായ യാത്രാമാർഗമാണ് കാറെന്നും അശ്വരഥമെന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ടെന്നും  ബത്ര വാദിക്കുന്നു. വെൻഡി ഡോണിഗറിന്റെ "ഹിന്ദുയിസം: ആൻ ആൾട്ടർനേറ്റീവ് ഹിസ്റ്ററി' ഇന്ത്യയിൽനിന്ന് പിൻവലിപ്പിച്ചതിന്റെ നന്ദിസൂചകമായാണ് ബത്രയുടെ ചവറ് കൃതികൾ ഗുജറാത്തിൽ പുസ്തകങ്ങളാക്കിയത്.
 


പ്രധാന വാർത്തകൾ
 Top