04 June Thursday

ജാതീയതയ്‌ക്കെതിരായ പോരാട്ടം

പി എ മുഹമ്മദ് റിയാസ്Updated: Monday Jun 17, 2019

ജാതിവിവേചനത്തിനെതിരായ തമിഴ് ജനതയുടെ സമരചരിത്രം  രക്തരൂഷിതമാണ്. നിരവധി പേർ രക്തസാക്ഷിത്വം വരിച്ച പോരാട്ടം കൂടിയാണത്. ആ നിരയിലേക്ക് ഏറ്റവുമൊടുവിലായി എഴുതി ച്ചേർക്കപ്പെട്ട പേരാണ്, ജൂൺ 12ന‌് കൊല്ലപ്പെട്ട ഇരുപത്തിമൂന്നുകാരനായ സഖാവ് അശോകന്റേത്. ഡിവൈഎഫ‌്ഐ തിരുനെൽവേലി ജില്ലാ ട്രഷററും   ജില്ലയിൽ നടന്ന ജാതിവിരുദ്ധസമരങ്ങളിലെ മുന്നണി പ്പോരാളിയുമായിരുന്നു അശോക്. തിരുനെൽവേലി കരയിരുപ്പു ഗ്രാമത്തിൽ പ്രബലരായ മറവർ സമുദായം, താഴ്ന്ന ജാതിക്കാരായവരോട് പതിറ്റാണ്ടുകളായി നടത്തിവരുന്ന കടുത്ത വിവേചനത്തിനും അതിക്രമങ്ങൾക്കുമെതിരെ ഉയർന്ന ഉശിരൻ ശബ്ദംകൂടിയായിരുന്നു ആ ചെറുപ്പക്കാരൻ. തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന കോർപറേഷൻ നടത്തുന്ന ഗംഗൈക്കൊണ്ടാനിലെ ടയർ നിർമാണ ഫാക്ടറിയിലെ ഒരു സാധാരണ തൊഴിലാളി. ജൂൺ 12ന് രാത്രി ജോലികഴിഞ്ഞ‌് തിരിച്ചുവരികയായിരുന്ന അശോകിനെ ഒരുപറ്റം ജാതി ഭ്രാന്തന്മാർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും  മൃതദേഹം സമീപത്തുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയുംചെയ്തു. അശോകിന്റെ മരണം ഉറപ്പുവരുത്താൻ വാളുകൊണ്ട് വെട്ടിയ ശേഷവും വലിയ കല്ലുപയോഗിച്ച് തല തല്ലിത്തകർക്കുകയും ചെയ്തു.

ദളിത് വിഭാഗത്തിൽപ്പെട്ട പല്ലർ സമുദായാംഗങ്ങളായ കർഷക ത്തൊഴിലാളികളും ഫാക്ടറിജീവനക്കാരും തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്ക് പോകാൻ ആശ്രയിച്ചിരുന്നത് മറവർ എന്ന ഉയർന്ന ജാതിക്കാർ താമസിച്ചിരുന്നതിന‌് സമീപത്തുകൂടി കടന്നു പോകുന്ന വഴിയായിരുന്നു. അതിലൂടെ കടന്നുപോകുന്ന ദളിതർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കുനേരെ വലിയ ജാതി അധിക്ഷേപവും  ചില സമയങ്ങളിൽ ശാരീരിക ആക്രമണങ്ങളും നടക്കാറുണ്ടായിരുന്നു. ഇതിനെതിരെ പ്രദേശത്തെ ഡിവെഎഫ‌്ഐ പ്രവർത്തകരെ അണിനിരത്തി പ്രതിരോധം സംഘടിപ്പിച്ചത് അശോകായിരുന്നു. ഇതാണ് ഉയർന്ന ജാതിയിലെ ചില പ്രമാണിമാരെ ചൊടിപ്പിച്ചത്. പലതവണ അശോകിനെ അപായപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ അമ്മയോടൊപ്പം വീട്ടിലേക്കുവരികയായിരുന്ന അശോകിനെ ചില ഗുണ്ടകൾ ആക്രമിച്ചു. സാരമായി പരിക്കേറ്റ അശോകും അമ്മയും നിരവധി ദിവസം നീണ്ട ആശുപത്രിവാസത്തിലുമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അശോകും അമ്മയും കൊടുത്ത പരാതി പൊലീസ് ഗൗരവത്തിൽ  പരിഗണിച്ചില്ല. ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചാർജ‌് ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. അന്നത്തെ അക്രമത്തിന‌് നേതൃത്വം നൽകിയവർതന്നെയാണ് ഇപ്പോൾ അശോകിനെ അരുംകൊല ചെയ്തിരിക്കുന്നത്. കൊലപാതകത്തിനു ശേഷവും പ്രതികളെ പിടികൂടാൻ പൊലീസ് ഒരു താല്പര്യവും കാണിച്ചില്ല. തുടർന്ന് ഡിവൈഎഫ‌്ഐ  പ്രവർത്തകരും അശോകിന്റെ ഗ്രാമവാസികളും ചേർന്ന് തിരുനെൽവേലി–--മധുര ഹൈവേ ഉപരോധിച്ചു തുടങ്ങിയപ്പോഴാണ് ചില പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നിർബന്ധിതരായത്. മുഴുവൻ പ്രതികളെയും  ദളിത് പീഡന നിരോധന നിയമപ്രകാരം അറസ്റ്റ‌് ചെയ്യുന്നതുവരെയും അശോകിന്റെ നിർധന കുടുംബത്തിന‌് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെയും ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ‌്ഐ തമിഴ്നാട് സംസ്ഥാനഘടകം പ്രസ്താവിച്ചിട്ടുണ്ട്. ഒപ്പം ഗുരുതരമായ കൃത്യവിലോപം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഡിവൈഎഫ‌്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അശോകിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജൂൺ 15 ദേശീയ പ്രതിഷേധദിനമായി ഡിവൈഎഫ‌്ഐ ആചരിക്കുകയും ചെയ‌്തു.

ജാതിവിവേചനത്തിനെതിരായ തമിഴകത്തിന്റെ പോരാട്ടം

ജാതിവിവേചനത്തിനെതിരായ തമിഴകത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920കളുടെ ആരംഭത്തിൽത്തന്നെ, പെരിയാർ രാമസ്വാമിയുടെ നേതൃത്വത്തിൽ ജാതീയതയ്ക്കെതിരെ വലിയ സമരങ്ങൾക്ക് സാക്ഷ്യംവഹിച്ച നാടാണ് തമിഴകം. 1922ൽ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ തിരുപ്പൂരിൽ നടന്ന കൺവൻഷനിൽ, താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ക്ഷേത്രപ്രവേശന അധികാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പെരിയാർ അവതരിപ്പിക്കുകയുണ്ടായി. പൗരോഹിത്യമേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ തമിഴ്നാട് കോൺഗ്രസ് നേതൃനിരയ്ക്കുതന്നെ പ്രമേയത്തോട് എതിർപ്പായിരുന്നു. ജാതീയവിവേചനങ്ങൾക്കെതിരായി, ശക്തമായ നിലപാടെടുക്കാൻ മടിച്ച കോൺഗ്രസിൽനിന്ന‌് ഒടുവിൽ പെരിയാർ പിണങ്ങിപ്പോന്നതും പുതിയ രാഷ്ട്രീയ പാർടി രൂപീകരിച്ചതുമൊക്കെ ചരിത്രം. 1923ൽത്തന്നെ ജാതീയശ്രേണിയിൽ പിന്നോക്കംനിൽക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമാണം തമിഴ്നാട്ടിൽ വന്നെങ്കിലും  വിവേചനവും അതിക്രമങ്ങളും അനസ്യൂതം തുടർന്നു.

അതിസങ്കീർണമാണ് തമിഴ്നാട്ടിലെ ജാതിവൈരത്തിന്റെ രാഷ്ട്രീയം. പെരിയാറിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ ആശയ-–-രാഷ്ടീയ സമരത്തിൽ, തമിഴകത്തിന്റെ പൊതുമണ്ഡലത്തിൽനിന്ന‌്  വലിയൊരു പരിധിവരെ പൗരോഹിത്യമേധാവിത്വത്തെ നീക്കംചെയ്തു എന്നു പറയാം. പിന്നോക്കസമുദായങ്ങളെ രാഷ്ട്രീയവും സാമൂഹികവുമായി ശാക്തീകരിച്ച പെരിയാറിന്റെ പ്രവർത്തനധാര തന്നെയാണ് ഇന്ന‌് തമിഴ്നാട്ടിൽ പ്രകടമാകുന്ന ദ്രാവിഡ രാഷ്ട്രീയ മേൽക്കോയ്മയുടെ ഊർജം.  ബ്രാഹ്മണ്യം തിലകക്കുറിയായി കൊണ്ടു നടന്നിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൈയിൽനിന്ന‌് തമിഴകം വഴുതിപ്പോയതിനുകാരണവും ഈ രാഷ്ട്രീയധാര തന്നെയാണ്. ദ്രാവിഡ പാർടികൾ ഊഴംവച്ചു ഭരിക്കുന്ന ഈ സംസ്ഥാനത്തിന്റെ രാഷ്ടീയ ജീവനാഡി വേദസംസ‌്കാരത്തോടുള്ള ശക്തമായ ആശയ വിരോധവും  ഭാഷാപരമായും സാംസ്കാരികമായും തമിഴകം അവകാശപ്പെടുന്ന തനത് സ്വത്വവുമാണ്. പിന്നോക്കസമുദായങ്ങൾ ഏറെ സാമൂഹ്യപുരോഗതിയും രാഷ്ട്രീയാധികാരവും നേടിയെങ്കിലും, ജാതി ശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്ന ദളിത് ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ ഇപ്പോഴും ഏറെ പിറകിലാണ്. സാമൂഹ്യപുരോഗതി നേടിയ പ്രബലമായ തേവർ, മാലവർ ചില പിന്നോക്കവിഭാഗങ്ങളും, ഇപ്പോഴും കടുത്ത ജാതിവിവേചനമനുഭവിക്കേണ്ടിവരുന്ന ദളിത് വിഭാഗങ്ങളുമായാണ് പ്രധാന സംഘർഷം നിലനിൽക്കുന്നത്.  സാമ്പത്തിക രാഷ്ട്രീയ അധികാരം കൈയാളുന്ന ഉയർന്ന ജാതിക്കാർ ദളിതുകളെ വലിയതോതിൽ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. തിരുനെൽവേലി, തൂത്തുക്കുടി, മധുര തുടങ്ങിയ പ്രദേശങ്ങളടങ്ങുന്ന തെക്കൻ തമിഴ്നാട്, ജാതിവിവേചനത്തിന്റെ രക്തരൂഷിതമായ സംഘർഷങ്ങളുടെ ഭൂമിയായി മാറിയിട്ടേറെയായി. പലപ്പോഴായി അരങ്ങേറിയ ജാതികലാപങ്ങളിൽ (ഇതിൽ ഭൂരിഭാഗവും ദളിതർക്കു നേരെ നടന്ന ഏകപക്ഷീയമായ അക്രമങ്ങളായിരുന്നു) നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. പൊലീസും ഭരണകൂടവും പ്രബല സമുദായങ്ങൾക്കൊപ്പമായിരുന്നു.

ജാതിവൈരത്തിന്റെ ചരിത്രം

ദളിതരെ പൊതുഇടങ്ങളിൽനിന്ന‌് വേർതിരിക്കുന്ന കൂറ്റൻ ജാതി മതിലുകൾ, ഭക്ഷണശാലകളിൽ വെള്ളം കുടിക്കാൻ പ്രത്യേകം ഗ്ലാസുകൾ  തുടങ്ങി പ്രണയവിവാഹങ്ങളെത്തുടർന്നുള്ള ദുരഭിമാന ക്കൊലകളിലും  കൂട്ടക്കൊലകളിലുംവരെയെത്തി നിൽക്കുന്നു തമിഴ്നാടിന്റെ ജാതിവെറിയുടെ  ചരിത്രം. 1947 ൽ നിയമംമൂലം നിരോധിക്കപ്പെട്ട തൊട്ടുകൂടായ്മ തമിഴ്നാട്ടിലെ 600ൽ പരം ഗ്രാമങ്ങളിൽ നിലനിൽക്കുന്നുവെന്ന് സർക്കാർ രേഖകൾതന്നെ വ്യക്തമാക്കുന്നു.  തിരുനെൽവേലിയിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ ജാതി വേർതിരിച്ചറിയാൻ പ്രത്യേക നിറങ്ങളുള്ള റിബണുകൾ കൈയിൽ കെട്ടുന്ന സമ്പ്രദായം നിലനിൽക്കുന്നു എന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ ജാതി മത ഭേദഭാവങ്ങളെ പൊളിച്ചെഴുതുമെന്ന് നാം വിശ്വസിക്കുന്ന പൊതു വിദ്യാലയങ്ങളിൽപോലും ജാതിബോധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട്ടിൽ വ്യാപകമാകുന്നത്.

ജാതിയതയ്ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ‌്ചയില്ലാത്ത സമരം നടത്തി വരികയാണ് ഡിവൈഎഫ‌്ഐയും മറ്റ‌്  ഇടതുസംഘടനകളും. 1969ൽ കീഴ് വെൺമണിയിൽ നടന്ന താഴ്ന്ന ജാതിയിൽപെട്ട കർഷക ത്തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനത്തിനുവേണ്ടിയുള്ള സമരം നയിച്ചത് സിപിഐ എം ആയിരുന്നു. ആ സമരത്തെ അടിച്ചമർത്താൻ 44 ദളിത് കർഷകത്തൊഴിലാളികളെ ചുട്ടുകൊല്ലുകയുണ്ടായി. എന്നിട്ടും സമരം വിജയം നേടുംവരെ തുടർന്നു. കീഴ് വെൺമണിയുടെയും വാച്ചാത്തിയുടെയും ധീരസ്മരണകളാണ് ഇന്നും തുടരുന്ന ജാതിവിരുദ്ധ പോരാട്ടത്തിന് ഡിവൈഎഫ‌്ഐക്ക‌് ഊർജം പകരുന്നത്. 2007ൽ രൂപീകൃതമായ തമിഴ്നാട് അൺ ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രന്റ‌്  നടത്തുന്ന ജാതിവിവേചനത്തിനെതിരെയുള്ള സമരങ്ങളിൽ ഡിവൈഎഫ‌്ഐയും സജീവമായി ഇടപെടുന്നുണ്ട്. പന്ത്രണ്ടോളം ജില്ലകളിൽ ഡിവൈഎഫ‌്ഐയും  അൺ ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രന്റും സംയുക്ത സമരമുണണി നയിച്ച ക്ഷേത്രപ്രവേശന സമരം വിജയം നേടുകയുണ്ടായി. നഗായി ജില്ലയിലെ മാതുർ മാരിയമ്മൻ ക്ഷേത്രം, വില്ലുപുരത്തെ നെടി ക്ഷേത്രം,  നാമക്കലിലെ അംഗലേശ്വരി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ ഡിവൈഎഫ‌്ഐ തന്നെയാണ് സമരം നയിച്ചത്. ഉത്തപുരത്തെ ജാതിമതിൽ തകർക്കാൻ നടത്തിയ ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് ഡിവൈഎഫ‌്ഐ വഹിക്കുകയുണ്ടായി.  ജാതിപോലുള്ള ഫ്യൂഡലിസത്തിന്റെ ജീർണിച്ച ശേഷിപ്പുകൾ നവലിബറൽ വർത്തമാനകാലത്ത് പുതിയ സംഹാര ശേഷികളാർജിക്കുമ്പോൾ, ഭരണഘടനാമൂല്യങ്ങളുടെയും സമഭാവനയുടെയും സാമൂഹ്യനീതിയുടെയും രാഷ്ട്രീയത്തിന‌് തോറ്റു കൊടുക്കാനാകാത്ത ഒരു പോരാട്ടം തുടരേണ്ടതുണ്ട്. സഖാവ് അശോകിന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമകൾ ആ സമരം തുടരാൻ നമ്മൾക്ക് ഊർജം പകരുമെന്നതിൽ സംശയമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top