14 July Tuesday

ഗോൾവാൾക്കറും മൗദൂദിയും; രണ്ടു തോണിയിൽ കാലിടുന്നവർ - ഡോ. കെ ടി ജലീൽ എഴുതുന്നു

ഡോ. കെ ടി ജലീൽUpdated: Tuesday Mar 17, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ ജമാഅത്തെ ഇസ്ലാമിയേയും അതിന്റെ ഉപഗ്രഹ സംഘടനകളേയും വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരുകാലത്ത് അവരെ നിശിതമായി വിമർശിക്കുകയും സമുദായത്തിന്റെ പൊതുധാരയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്‌തിരുന്ന കേരളത്തിലെ ചില വലതുപക്ഷ സംഘടനകൾ. സംഘപരിവാർ ഫാസിസം ഹിന്ദുത്വരാഷ്ട്രവാദം ഉയർത്തി കലാപാഗ്നി പടർത്തുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാട് എങ്ങിനെയാണ് അലിഞ്ഞില്ലാതാവുന്നത്? ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ആർഎസ്എസ് സ്വീകരിച്ച നിലപാടിനോട് സമാനമായ സമീപനം കൈകൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം എങ്ങിനെയാണ് ചരിത്രത്തിന്റെ ഭാഗമല്ലാതാവുക? ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ പങ്കാളികളായതിന്റെ പേരിൽ ആർഎസ്എസ് നേതാക്കളാരും ജയിൽ വാസമുൾപ്പടെ ഒരു ശിക്ഷയും അനുഭവിച്ചിട്ടില്ലെങ്കിൽ അതേ ഇന്നലെകളാണ് മൗലാനാ മൗദൂദി ഉൾപ്പടെയുള്ള ജാഅത്തെ ഇസ്ലാമിക്കുമുള്ളത്. മറിച്ചാണ് വസ്തുതയെങ്കിൽ ഇരു സംഘങ്ങളിലെയും നേതാക്കളോ പ്രവർത്തകരോ സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ടതിന്റെ പേരിൽ അനുഭവിച്ച ത്യാഗത്തിന്റെ കഥകൾ എന്നോ നാട്ടിൽ പാട്ടാകുമായിരുന്നു. അവരിലെ രക്തസാക്ഷികൾ ദിനേനെയെന്നോണം മാലോകരെല്ലാം കേൾക്കേ അനുസ്മരിക്കപ്പെടുമായിരുന്നു.

അവിഭക്ത ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോൾ മതസാമൂഹ്യരംഗത്ത് സജീവമായിരുന്ന മൗലാനാ മൗദൂദിയുടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടുള്ള സമീപനം എന്തായിരുന്നു? ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിലോ സമരപങ്കാളിയായതിന്റെ പേരിലോ അബുൽ അഅലാ മൗദൂദിക്ക് ഒരു നിമിഷമെങ്കിലും രാജ്യത്തെ ഏതെങ്കിലുമൊരു ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടോ? നാടിന്റെ വിമോചനത്തിന് പരിശ്രമിച്ചു എന്നതിന്റെ പേരിൽ അക്കാലത്തെ ഏതെങ്കിലും ജമാഅത്ത് നേതാക്കൾക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം ഒരു പെറ്റി കേസെങ്കിലും ചാർജ് ചെയ്തിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തിൽ വേണം, ആർഎസ്എസിന്റെ ഹിന്ദുഫാസിസത്തെ നേരിടാനുള്ള കൂട്ടായ്മയിൽ നിന്ന് രൂപീകരണകാലം മുതൽ ഇസ്ലാമിക രാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമി മാറ്റി നിർത്തപ്പെടണമെന്ന സിപിഐ എമ്മിന്റെ സുചിന്തിത അഭിപ്രായത്തെ ഒരു സുക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കാൻ.

സിഎഎ വിരുദ്ധ സമരങ്ങളിൽ ജമാഅത്തെ ഇസ്ലാമി ചേർത്തു നിർത്തപ്പെടുമ്പോൾ യഥാർത്ഥത്തിൽ ദുർബലമാകുന്നത് ഒരു വലിയ ജനകീയമുന്നേറ്റത്തിന്റെ അടിത്തറ തന്നെയാണെന്ന് തിരിച്ചറിയാൻ ഇനിയും സമയം വൈകിയാൽ അതുകൊണ്ട് കരുത്താർജ്ജിക്കുക അതിതീവ്ര ഹിന്ദുത്വ ശക്തികളാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കം? യുഡിഎഫ്‌ ഏതെങ്കിലും മതരാഷ്ട്രവാദികളുമായി ചങ്ങാത്തം കൂടുന്നതും അവർക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കാൻ ഒരുമ്പെടുന്നതും അവരുടെ തന്നെ മതനിരപേക്ഷ മുഖമാണ് വികൃതമാക്കുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ കേവല മുസ്‌ലിം സ്വത്വപ്രശ്‌നമാക്കി മാറ്റാൻ ജമാഅത്തെ ഇസ്‌ലാമി, എസ്‌ഡിപിഐ കക്ഷികൾ നടത്തിയ നിഗൂഢനീക്കം ആത്യന്തികമായി പ്രസ്‌തുതനീക്കത്തെ മുഖ്യധാരയിൽ നിന്ന് അകറ്റുകയാണ് ചെയ്‌തത്. പലയിടത്തും നിക്ഷിപ്‌ത താൽപര്യത്തിനായി അവർ സിഎഎ വിരുദ്ധ മുസ്ലിം ബഹുജന പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്‌ത് അവയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചതും അത്തരം സമരങ്ങളെ മതാധിഷ്‌ഠിത മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമാക്കിയതും നാം കണ്ടതാണ്. അവസാനം മുസ്ലിംലീഗിനു തന്നെ പൗരത്വ സമരത്തിൽ മതമുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് പറയേണ്ടി വന്നതും ആരും മറന്നുകാണില്ല. ആരെന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ജമാഅത്തെ ഇസ്‌ലാമിയേയും അവരുടെ കോന്തല സംഘടനകളേയും നൈമിഷിക പ്രചാരവേലക്കായി കൂടെക്കൂട്ടുന്നവർ അവരുടെ തനിനിറം കാണാതെ പോകരുത്. മറ്റു മുസ്ലിം സംഘടനകളിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് പുതിയ സാഹചര്യത്തിൽ പ്രസക്തമാണ്.


 

പ്രഥമമായി മനസ്സിലാക്കേണ്ടത് ജമാഅത്തെ ഇസ്ലാമി കേവലമൊരു ഇസ്ലാമിക പ്രസ്ഥാനമോ മുസ്ലിം മതസംഘടനയോ അല്ല എന്നുള്ളതാണ്. മുസ്ലിം മതസംഘടനകളിൽ സ്വന്തമായി രാഷ്ട്രീയപാർട്ടിയും മതരാഷ്ട്ര വീക്ഷണവുമുള്ള ഒരേയൊരു സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തിന്റെയും വെൽഫെയർ പാർട്ടിയുടെയും ആദർശാടിത്തറ മതനിരപേക്ഷവിരുദ്ധവും ജനാധിപത്യ സങ്കൽപങ്ങൾക്ക് എതിരുമാണെന്ന് അവരുടെ തന്നെ പഴയകാലസാഹിത്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ ആർഎസ്എസിനെ പോലെ അക്രമാസക്തരല്ലെങ്കിലും ജനങ്ങളെ ആത്യന്തികമായി ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. ഇസ്ലാമികരാഷ്ട്ര സ്ഥാപനമാണ് പരമമായ ലക്ഷ്യമെന്ന് ജമാഅത്ത് സ്ഥാപക നേതാവു കൂടിയായ മൗലാനാ മൗദൂദിയുടെ കൃതികളിൽ നിന്ന് നിഷ്‌പ്രയാസം മനസ്സിലാക്കാനാകും. 

ഇന്ത്യാ, പാക്‌, ബംഗ്ലാ–-കശ്മീർ ജമാഅത്തെ ഇസ്ലാമികളുടെ ‘ബൈബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗദൂദിയുടെ “ഖുതുബാത്ത്” എന്ന ഗ്രന്ഥത്തിൽ സംശയലേശമന്യേ വ്യക്തമാക്കുന്നത് കാണുക; “മതം എന്നതിന്റെ ശരിയായ അർഥം സ്റ്റേറ്റ് എന്നാണ്. ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ‘ഇബാദത്ത്’ അഥവാ ആരാധന എന്ന് പറയുന്നത്”. (‘ഖുതുബാത്ത്’, പേജ്:395) മതം എന്നാൽ രാഷ്ട്രം തന്നെയാണന്നു മൗദൂദി മുതൽ പുതിയ അമീർ മൗലാനാ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗലാനാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ദീൻ അഥവാ മതം എന്ന വാക്കിനു “പാർട്ടി” എന്നും പരിഭാഷ നൽകിയിട്ടുണ്ട്. വെൽഫയർപാർട്ടി രൂപീകരിച്ചതിനു പിന്നിലെ ഹിഡൺ അജണ്ട ജനാധിപത്യപ്രക്രിയയിൽ ഭാഗഭാക്കായി ഇസ്ലാമിക് സ്റ്റേറ്റ് ഭാഗികമായെങ്കിലും നടപ്പിൽ വരുത്തലാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങളും കുറുക്കുവഴികളും ശരിയാംവിധം മനസ്സിലാക്കിയിട്ടുള്ളവർക്ക് പെട്ടെന്ന് പിടികിട്ടും. പ്രബോധനം വാരികയുടെ 2018 ഡിസംബർ 7ൽ പ്രസിദ്ധീകരിച്ച “സംക്രമണ ഘട്ടത്തിലെ ദീനിന്റെ (മതത്തിന്റെ) സംസ്ഥാപനം’ എന്ന ലേഖനത്തിൽ ഒരു മറയുമില്ലാതെ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലേഖനത്തിന്റെ ആമുഖമായി അദ്ദേഹം എഴുതി; “സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ സാഹചര്യം വലിയ രീതിയിൽ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. മുസ്ലിങ്ങൾ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. മതനിരപേക്ഷ ജനാധിപത്യ സംവിധാനം ജനങ്ങൾ സർവാത്മനാ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ ഈവിധം മാറിയതിനാൽ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. സ്വാഭാവികമായും ഇസ്ലാമികപ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയർത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. ദീർഘകാലത്തെ യത്‌നങ്ങൾ അതിനാവശ്യമുണ്ട്’. ഇന്ത്യയിൽ ദൈവിക മാർഗത്തിലുള്ള പ്രവർത്തനങ്ങൾ (ഇസ്ലാമിക രാഷ്ട്ര സ്ഥാപനമുൾപ്പെടെ) എന്തൊക്കെയാകണം എന്ന സുപ്രധാന ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുടെ ധിഷണാശാലികൾ കണ്ടെത്തിയ ഉത്തരങ്ങൾ സംഗ്രഹിച്ചുകൊണ്ടാണ് പ്രസ്‌തുതലേഖനം ആരംഭിക്കുന്നത്.

മത പ്രബോധനത്തിന്റേയും അതിലൂടെ നേടാനാകുന്ന മതപരിവർത്തനത്തിന്റേയും തന്ത്രങ്ങൾ എന്തൊക്കെയായിരിക്കണമെന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവരിൽ നിന്നുള്ള പിന്തുണയുണ്ടെങ്കിലേ പ്രസ്ഥാനത്തിനു അതിന്റെ യഥാർഥ കർമ മണ്ഡലത്തിൽ ശോഭിക്കാൻ കഴിയുകയുള്ളൂ വെന്നു മൗലാനാ സദ്‌റുദ്ദീൻ ഇസ്ലാഹിയെ ഉദ്ധരിച്ചു കൊണ്ടു ഹുസൈനി ലേഖനത്തിൽ സമർത്ഥിക്കുന്നുണ്ട്. അപ്പോൾ പിന്നെ വെൽഫെയർ പാർട്ടിയുടേയും കാമ്പസുകളിൽ പുതുതായി രൂപം കൊണ്ട ഫ്രറ്റേണിറ്റിയുടെയും നിഗൂഢലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ആരും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. ആരാധനയുടെ ലക്ഷ്യം ഭരണപരിശീലനമാണെന്നാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നത്. ഇന്ത്യയിലെ മറ്റൊരു മുസ്ലിം സംഘടനയും ഇത്തരമൊരു ചിന്താഗതി മുന്നോട്ടുവെക്കുന്നില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളും പ്രബലവിഭാഗമായ മുജാഹിദ് പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയെ കാലങ്ങളായി രൂക്ഷമായി എതിർത്തുപോരുന്നതും ഇത്തരം വീക്ഷണവൈകൃതങ്ങൾ കൊണ്ടാണ്.

 

ആരാധനാനുഷ്‌ഠാനങ്ങൾപോലും സൈനികപരിശീലനവും ഭരണനിർവഹണ ട്രെയിനിങ്ങുമാണെന്നാണ് ജമാഅത്തെയുടെ പക്ഷം. “ഖുതുബാത്തി’ൽ മൗദൂദി നിരീക്ഷിക്കുന്നത് നോക്കുക: “ചുരുക്കത്തിൽ ദിനംപ്രതി അഞ്ചുതവണ ഓരോ പള്ളിയിൽവച്ചും സംഘം ചേർന്നുള്ള നമസ്‌കാര നിർവഹണത്തിലൂടെ ഉദ്ദേശിക്കുന്നത് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്താൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്‌തമാക്കുകയും ചെയ്യുക എന്നതാണ്(“ഖുതുബാത്ത്’, പേജ്:199).

“നമസ്‌കാരം, നോമ്പ്, സകാത്ത് എന്നീ ആരാധനാകർമങ്ങൾ നിർബന്ധമാക്കിയതിൽ സമാനഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പൊലീസ്, സിവിൽസർവീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഉദ്ദേശിക്കുന്ന ജനങ്ങൾക്ക്  ആദ്യമായി  ഒരു പ്രത്യേകതരം പരിശീലനം നൽകുകയും അവരെ അതത്‌ ജോലികളിൽ നിയമിക്കുകയും  ചെയ്യുന്നതുപോലെ ഇസ്ലാമികദർശനവും അതിലെ നാനാവിധ ഉദ്യോഗങ്ങളിൽ നിയമിക്കാനുദ്ദേശിക്കുന്ന ആളുകൾക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നൽകുകയും പിന്നീട് അവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാൻ ഉദ്ദേശിക്കുകയുമാണ് ചെയ്യുന്നത് (‘ഖുതുബാത്’, പേജ്:388,389)

തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അപ്പാടെ നിഷേധിച്ച ജമാഅത്തെ ഇസ്ലാമി പിന്നീട് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി തന്നെ രൂപീകരിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മൽസരിച്ചു

മതനിരപേക്ഷതയും ജനാധിപത്യവും നിരാകരിക്കപ്പെടേണ്ട ചിന്താധാരകളാണെന്ന് ഉദ്‌ഘോഷിച്ച ഇന്ത്യയിലെ ഏക മുസ്ലിം സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. മേൽപ്പറഞ്ഞ ആശയങ്ങൾ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയുകയോ തിരുത്തുകയോ ചെയ്‌തിട്ടില്ല. ഒരേ സമയം രണ്ടു തോണിയിൽ കാലിട്ട് പുതിയ സാധ്യതകളാരായുന്ന തിരക്കിലാണ് അവർ.

“മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയ ശൂന്യരും സനാതന ധാർമികതത്വങ്ങളിൽനിന്ന് വിമുക്തരുമാക്കിത്തീർത്തു. അവർ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത തനി സ്വേച്ഛാ പൂജകരായിക്കഴിഞ്ഞു’’. (അതേ പുസ്തകം. പേജ്: 15) കാര്യവും കാരണവുമെന്തായിരുന്നാലും കേരളത്തിലെ ജമാഅത്തെകാരുടെ കാര്യത്തിൽ മൗദൂദിയുടെ ഈ നിരീക്ഷണം പൂർണമായും ശരിയാണ്. ഇതെവിടെ ചെന്നവസാനിക്കുമെന്നറിയാൻ വരാനിരിക്കുന്ന ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകൾവരെ കാത്തിരിക്കാം. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അപ്പാടെ നിഷേധിച്ച ജമാഅത്തെ ഇസ്ലാമി പിന്നീട് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി തന്നെ രൂപീകരിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മൽസരിച്ചു. അവരുടെ നിലപാടുകളിൽ എത്ര വൈരുദ്ധ്യമുണ്ടെന്നറിയാൻ പഴയ ജമാഅത്ത് പ്രസിദ്ധീകരണങ്ങളിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാൽ മതി. “”ജനാധിപത്യ പ്രക്രിയയിൽ വോട്ടുചെയ്യുന്നതും ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നതും തൗഹീദിന് (ഏകദൈവ വിശ്വാസത്തിന്) എതിരാകുന്നു’’. (ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി, ഇരുപത്തേഴ് വർഷം, ഇലക്‌ഷൻ പ്രശ്‌നം).

ഏതെങ്കിലും അനിസ്ലാമികപ്രസ്ഥാനവുമായി കൂട്ടു ചേർന്ന് ഭരണനടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയ്യുന്നത് അനുവദനീയമല്ല. (പ്രബോധനം, 1970, ജൂലൈ, പു:31, ലക്കം:3) “നമ്മുടെ അഭിപ്രായത്തിൽ ഇന്ന്‌ മുസ്ലിങ്ങൾ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പിൽനിന്ന് തികച്ചും വിട്ടുനിൽക്കുക എന്ന നിഷേധാത്മകതയിൽ നിന്നാണാരംഭിക്കുന്നത്. അവർ സ്വയം സ്ഥാനാർഥികളായി നിൽക്കുകയോ ഇതരസ്ഥാനാർഥികൾക്ക് വോട്ട്‌ നൽകുകയോ അരുത്. യഥാർഥവഴിയിൽക്കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണത്”. (പ്രബോധനം. പു:4, ലക്കം:2,  ജൂലൈ, 1956, പേജ്:35, ‘മുസ്ലിങ്ങളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും’ അബുലൈസ് സാഹിബ്) 

(അവസാനിക്കുന്നില്ല)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top