02 June Tuesday

ഇന്ധനക്കൊള്ളയുടെ കാണാപ്പുറങ്ങൾ

എം ബി രാജേഷ്‌Updated: Tuesday Mar 17, 2020

യുക്തി തല തിരിച്ചിടുക എന്നത് ഒരു ഫാസിസ്റ്റ് കൗശലമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അമ്പത്‌ ശതമാനത്തിലേറെ ഇടിഞ്ഞിട്ടും കേന്ദ്ര സർക്കാർ അത്രയും നികുതി കൂട്ടിയിട്ടില്ലല്ലോ; വെറും മൂന്നു രൂപ മാത്രമല്ലേ കൂട്ടിയുള്ളൂവെന്ന കേന്ദ്രമന്ത്രിയുടെ നിഷ്കളങ്കനാട്യത്തോടെയുള്ള ചോദ്യത്തിലുള്ളത് ഈ  കുയുക്തിയാണ് . വിലയിടിവിന്റെ തോതനുസരിച്ച് ചുരുങ്ങിയത് 10-‐15 രൂപ വരെ ഇന്ധനവില ലിറ്ററിന് കുറയ്ക്കാം എന്നതാണ് യാഥാർഥ്യം.  ജനങ്ങൾക്ക് അർഹമായ ഈ ആനുകൂല്യം നിഷേധിക്കുന്നു എന്ന വസ്തുത മറച്ചുവയ്‌ക്കുകയും വിലയിടിവിന് ആനുപാതികമായി കൂട്ടാത്തത് ഒരു ഔദാര്യമായി അവതരിപ്പിക്കുകയുമാണ് മന്ത്രിയും പരിവാർ മിത്രങ്ങളും. മോഡിസർക്കാർ അധികാരത്തിൽ വന്നശേഷം പന്ത്രണ്ടാമത്തെ തവണയാണിപ്പോൾ ഇന്ധനതീരുവകൾ കൂട്ടിയത്. ഒടുവിലത്തെ കൂട്ടലാകട്ടെ കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും വലുതുമാണ്. ഇതിലൂടെ കേന്ദ്ര ഗവൺമെന്റ്‌ 39000 കോടി അധികവരുമാനമുണ്ടാക്കും. ഇന്ധനവിലയുടെ പേരിൽ തുടരുന്ന ഈ കൊള്ളയുടെ ഉള്ളറകൾ ഈ കണക്കുകൾക്കുമപ്പുറം നിഗൂഢവും വഞ്ചന നിറഞ്ഞതുമാണ്. ആ കൊള്ളയുടെ ഉള്ളറകളിലേക്ക്  വെളിച്ചം വീശാനുതകുന്ന അഞ്ച് കാര്യങ്ങൾ പരിശോധിക്കാം.

ഒന്നാമതായി, ഇന്ധനവിലയുടെ മറവിൽ ഇത്രത്തോളം കണ്ണിൽ ചോരയില്ലാത്ത കൊള്ളയ്‌ക്ക് അരങ്ങൊരുങ്ങിയത് പെട്രോൾ–- ഡീസൽ വില നിയന്ത്രണാധികാരം സർക്കാർ ഉപേക്ഷിക്കുകയും വിപണി വിലയ്‌ക്കാക്കുകയും ചെയ്തതോടെയാണ്. 2010 ജൂണിൽ പെട്രോൾ വില നിയന്ത്രണം മൻമോഹൻ സിങ്ങും അതിന്റെ തുടർച്ചയായി 2014 ഒക്ടോബറിൽ ഡീസൽ വില നിയന്ത്രണം മോഡിയും എടുത്തുകളഞ്ഞു. വിപണി സ്വതന്ത്രമായി വില നിർണയിക്കുന്ന പ്രക്രിയയിൽ സബ്സിഡി കൊടുത്തും മറ്റും സർക്കാർ ഇടപെടരുത് എന്ന ആഗോളവൽക്കരണ- കോർപറേറ്റ് യുക്തി അംഗീകരിച്ചാണ് ഇരുവരും പ്രവർത്തിച്ചത്. നിയന്ത്രിതവില സംവിധാനം പൂർണമായും ഉപേക്ഷിക്കുന്നതിൽ എതിർപ്പുണ്ടായപ്പോൾ പറഞ്ഞത് അന്താരാഷ്ട്രവിപണിയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടും എന്നായിരുന്നല്ലോ. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞപ്പോഴൊന്നും അതിന് ആനുപാതികമായ നേട്ടം ജനങ്ങൾക്ക് നൽകിയില്ല എന്നതാണ് അനുഭവം.

വിലനിയന്ത്രണം ഉപേക്ഷിക്കുന്നതിനുമുമ്പും ശേഷവുമുള്ള ഉദാഹരണങ്ങൾ നോക്കാം. 2008 ജൂണിലാണ് ക്രൂഡ് ഓയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ ബാരലിന് 148.93 ഡോളറിൽ എത്തിയത്. അന്നത്തെ രൂപയുടെ വിനിമയമൂല്യം അനുസരിച്ച് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് 42.80 രൂപ .അന്നത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില 55.07. 2016 ഫെബ്രുവരിയിൽ ക്രൂഡ് ഓയിൽ വില 27.67 ഡോളർ എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ വിനിമയനിരക്ക് നോക്കിയാൽ ക്രൂഡ് ഓയിൽ ലിറ്ററിന് വെറും 11.08 രൂപ. പക്ഷേ പെട്രോളിനും ഡീസലിനും വില യഥാക്രമം 59.63 ഉം  44.96ഉം രൂപയും. ഇപ്പോഴത്തെ അന്താരാഷ്ട്രവില 31 ഡോളറിലേക്ക് ഇടിഞ്ഞപ്പോൾ ഒരു ലിറ്റർ ക്രൂഡിന് വില 15 രൂപയോളംമാത്രം. പക്ഷേ പെട്രോൾ, ഡീസൽ വിലകളോ? സർക്കാർ വിലനിയന്ത്രണം ഉപേക്ഷിച്ചതിന്റെ ദുരന്തഫലമാണിത്.


 

രണ്ടാമതായി, വിലനിയന്ത്രണത്തിൽനിന്ന് സർക്കാർ പിന്മാറിയതിന്റെ അടുത്ത ഘട്ടം ഇന്ധനവിപണിയിൽനിന്നുകൂടി പിന്മാറി സ്വകാര്യമേഖലയ്‌ക്ക് വഴിയൊരുക്കലാണ്. ആദ്യം വിലനിർണയിക്കാനുള്ള അധികാരം എണ്ണ കമ്പനികൾക്ക് കൊടുക്കുക, പിന്നെ അവയെ സ്വകാര്യവൽക്കരിച്ച് ഉടമസ്ഥതയും കുത്തകകൾക്ക് കൈമാറുക എന്നതാണ് പദ്ധതി. വിപണിയുടെ നാലിലൊന്ന് നിയന്ത്രിക്കുന്ന മഹാരത്ന കമ്പനിയായ ബിപിസിഎല്ലിലെ സർക്കാരിന് ആകെയുള്ള 52-‐29 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിന്റെ ലക്ഷ്യമിതാണ്. ഒപ്പം എച്ച്പിസിഎല്ലും സ്വകാര്യവൽക്കരിക്കുന്നുണ്ട്.

മൂന്നാമതായി, ഇന്ധന നികുതികൾ നിരന്തരം വർധിപ്പിക്കുന്നതിലൂടെ സമാഹരിക്കുന്ന പണം വികസന-ക്ഷേമ ചെലവുകൾക്കാണ് ഉപയോഗിക്കുന്നത് എന്ന വാദം നോക്കാം. യഥാർഥത്തിൽ നവ ഉദാര നയങ്ങൾ വികസനക്ഷേമ ചെലവുകൾ കൂട്ടുന്നതിനല്ല, കുറയ്‌ക്കുന്നതിനാണ് ഊന്നുന്നത്. ധനകമ്മി കുറയ്‌ക്കുന്നതിന്റെ ഭാഗമായി ക്ഷേമചെലവുകൾ നിരന്തരം വെട്ടിച്ചുരുക്കുകയാണ് മോഡി സർക്കാർ. മോഡി ഗവൺമെന്റ്‌ ആദ്യ നാലുവർഷംകൊണ്ട് ഇന്ധന നികുതിയായി പിരിച്ചെടുത്തത് 11.9 ലക്ഷം കോടിയാണ്. ഈ വർഷത്തെ ബജറ്റിൽ ഭക്ഷ്യ സബ്സിഡി 70000 കോടി യിലധികമാണ് വെട്ടിക്കുറച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം കുറച്ചത് 10,000 കോടിയും.


 

നാലാമതായി, സർക്കാരിന് പണം കണ്ടെത്താൻ ഇന്ധന നികുതി കൂട്ടുകയല്ലാതെ വേറെ എന്താണ് മാർഗം എന്നും ചില ‘നിഷ്കളങ്കർ ' ചോദിക്കുന്നു. ഈ സർക്കാരാണ് കോർപറേറ്റ് നികുതിയിളവുകളും കയറ്റുമതിത്തീരുവ ഇളവുകളുമായി 2.15 ലക്ഷം കോടി കുത്തകകൾക്ക് നൽകിയത്. കോർപറേറ്റ് നികുതിനിരക്ക് ലോകത്തിലേറ്റവും കുറഞ്ഞ രാജ്യമാക്കി ഇന്ത്യയെ മാറ്റി. കഴിഞ്ഞ ബജറ്റിൽ കോർപറേറ്റ് കമ്പനികൾക്കുള്ള ഡിവിഡന്റ്‌ ഡിസ്ട്രിബ്യൂഷൻ ടാക്സ് പൂർണമായും എടുത്തു കളഞ്ഞ് 65000 കോടിയുടെ ഇളവുകൊടുത്തവരാണ് വിലയിടിവിന്റെ അത്രയും ഇന്ധന നികുതി കൂട്ടിയില്ലല്ലോ എന്ന് ചോദിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത്. ഇതേ സർക്കാരാണ് ടെലികോം മേഖലയിലെ കുത്തകകൾ സ്പെക്ട്രം ചാർജ്, ലൈസൻസ് ഫീസിനങ്ങളിൽ സർക്കാരിന് നൽകേണ്ട 1.47 ലക്ഷം കോടി പിരിച്ചെടുക്കാത്തത്. സമ്പന്നരിൽനിന്ന് പിരിച്ചെടുക്കാനുള്ള ആദായനികുതി കുടിശ്ശിക 9.32 ലക്ഷം കോടി രൂപ ഇതിനുപുറമേയുണ്ട്. ഇന്ധന നികുതിയിലൂടെ ജനങ്ങളെ പിഴിഞ്ഞവർ കുത്തകകൾക്ക് കൊടുത്ത ഇളവുകളുടെയും ആനുകുല്യങ്ങളുടെയും കണക്കുകളാണിത്.

അഞ്ചാമതായി, ഇന്ധന നികുതി കുടിയാൽ സംസ്ഥാനങ്ങൾക്കും ഗുണം കിട്ടുമെന്ന പ്രചരണവും തെറ്റിദ്ധാരണാജനകമാണ്. ഇപ്പോൾ കൂട്ടിയത് റോഡ്സെസ്സും, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയുമാണ്. അത് കേന്ദ്രത്തിന് മാത്രമുള്ളതാണ്. അവയുടെ വിഹിതം സംസ്ഥാനങ്ങൾക്കില്ല. അടിസ്ഥാന എക്സൈസ് തീരുവയുടെ വിഹിതംമാത്രമേ സംസ്ഥാനങ്ങൾക്കുള്ളൂ. ഇപ്പോഴത്തെ നികുതിവർധന അന്താരാഷ്ട്ര വിലയിടിവിന്റെ നേട്ടം ജനങ്ങൾക്ക് നിഷേധിക്കുമ്പോഴും വിലകളിൽ വ്യത്യാസം വരാത്തതിനാൽ സംസ്ഥാന നികുതി കൂടുന്നുമില്ല. 2016-–-17 ൽ മോഡി സർക്കാർ തീരുവ കൂട്ടി വില വർധിപ്പിച്ചിരുന്നല്ലോ. അന്ന് സംസ്ഥാനങ്ങൾക്ക് ലഭിച്ച അധിക വരുമാനം സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം ഒരു പഠനം നടത്തിയിരുന്നു. 19 പ്രധാന സംസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം അനുസരിച്ച്  കേരളത്തിന് ലഭിച്ച അധികവരുമാനം ദേശീയ ശരാശരിയേക്കാൾ കുറവായിരുന്നു. കൊറോണയും സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ച പ്രതിസന്ധിയിൽ രാജ്യം പകച്ചു നിൽക്കുമ്പോഴാണ് മോഡി സർക്കാർ ജനങ്ങൾക്ക്‌  അർഹമായ ഇളവ് നിഷേധിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top