26 May Tuesday

ചേരികൾ മറയ്ക്കുന്ന ‘കൗശൽ’ യോജന

ഗൗതമൻUpdated: Monday Feb 17, 2020


 

കുളിച്ചില്ലെങ്കിലും പുരപ്പുറത്തിടാനുള്ളതാണ്‌ കൗപീനമെന്ന്‌ മോഡിജിക്ക്‌ ഏതെങ്കിലും വിദേശശക്തികളിൽനിന്ന്‌ പഠിക്കേണ്ട ദുര്യോഗമൊന്നും വന്നിട്ടില്ലെന്ന്‌  പാകിസ്ഥാൻ ചാരന്മാരായ വിമർശകർ മനസ്സിലാക്കിയാൽ അവർക്കുകൊള്ളാം. മോഡിജിയുടെ ഉത്തമസുഹൃത്തായ ട്രംപ്ജി‌ വരുമ്പോൾ  പൂമുഖമൊന്നു മിനുക്കുകയും ദൃഷ്ടിയിൽ പെട്ടാൽ പോലും കുറ്റമുള്ള ചേരിനിവാസികളെ ഒന്നു മതിൽകെട്ടി മറയ്‌ക്കുകയും ചെയ്‌തതിനാണ്‌ ഇപ്പോൾ കോലാഹലം. മഹാനായ മോഡിജിയുടെ ജന്മനാട്ടിലേക്ക്‌ ട്രംപ്ജി‌ എത്തുമ്പോൾ അൽപ്പം സൗന്ദര്യവൽക്കരണവും ശുചിത്വവുമൊക്കെ പാപമാണെന്നു പറയുന്നവരെക്കുറിച്ച്‌ എന്തുപറയാൻ. ട്രംപ്‌ജിയുടെ മൂന്നര മണിക്കൂർ സന്ദർശനത്തിന്‌ നൂറുകോടി രൂപയാണ്‌ ചെലവാക്കുന്നതെന്നൊക്കെ ഇഴകീറി പരിശോധിക്കുന്നവരോട്‌ പന്തളത്തമ്മപോലും പൊറുക്കില്ല.  ഈ പണം ചേരിയിൽ വിനിയോഗിച്ചുകൂടേ എന്നൊക്കെ ചോദിക്കുന്നവർ ദുഷ്ടന്മാരാണ്‌.

മതിൽ കെട്ടുന്നത്‌ ‘ അറിഞ്ഞില്ല, ആരും പറഞ്ഞില്ല’ എന്ന്‌ അഹമ്മദാബാദ്‌ മേയർ ബിജൽ പട്ടേൽ പറഞ്ഞത്‌ വിനയംകൊണ്ടു മാത്രമാണെന്ന്‌ നമ്മൾ മനസ്സിലാക്കണം.  600 മീറ്റർ നീളത്തിൽ ഏഴടി ഉയരത്തിൽ 150 മേസ്‌തിരിമാരടക്കം 450 പേർ 24 മണിക്കൂറും അധ്വാനിച്ചാണ്‌ മതിൽ പൂർത്തിയാക്കുന്നത്‌.  എത്രയും വേഗം മതിൽ പൂർത്തിയാക്കണമെന്നാണ്‌ മുകളിൽനിന്നുള്ള ഉത്തരവ്‌.  ട്രംപ്ജി‌ എത്തുംമുമ്പ്‌ ദാരിദ്ര്യം തുടച്ചുമാറ്റാൻ സമയമില്ലാത്തതുകൊണ്ട്‌  ഇത്തരം പ്രധാൻമന്ത്രി  ‘കൗശൽ’ യോജന മാത്രമേ വഴിയുള്ളൂവെന്ന്‌  ഏതു രാജ്യസ്‌നേഹിക്കും മനസ്സിലാകും.  വിഐപികൾ എത്തുമ്പോൾ  ചേരി പച്ച കർട്ടനിട്ടു മറയ്‌ക്കുകയായിരുന്നു പതിവെന്നും ഇപ്പോൾ മതിൽ പണിത്‌ മറയ്‌ക്കുകയാണെന്നുമാണ്‌ ഔദ്യോഗിക ഭാഷ്യം.  ഇത്‌  തീർച്ചയായും  ഉചിതമായ തീരുമാനമാണ്‌. 600 മീറ്റർ നീളത്തിലും മറ്റും പാകിസ്ഥാന്റെ പതാകയുടെ നിറമായ പച്ച കൊണ്ടുള്ള  കർട്ടൻ വലിച്ചുകെട്ടുന്നത്‌  ട്രംപ്ജി‌ക്ക്‌ തെറ്റിദ്ധാരണയുണ്ടാക്കാൻ  സാധ്യതയുണ്ട്‌.

സുരക്ഷാകാരണങ്ങളാലാണ്‌ മതിൽ പണിയുന്നതെന്ന കരാറുകാരന്റെ ഭാഷ്യവും മുഖവിലയ്‌ക്കെടുക്കണം . ജിഹാദികൾ ചേരിയിൽ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ ‘ റോ’ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടാകണം.  പാകിസ്ഥാൻ വല്ല ആക്രമണവും നടത്തിയിട്ട്‌ ബാലാകോട്ടിലെപ്പോലെ മിസൈൽ ആക്രമണം നടത്താനൊന്നും മോഡിജിക്ക്‌ സമയമില്ല. മതിലിനുമുന്നിൽ വളർച്ചയെത്തിയ  ഈന്തപ്പനകൾ വച്ചുപിടിപ്പിച്ച്‌  സ്വാഭാവികത വരുത്താനുള്ള തീരുമാനത്തെ പ്രകൃതിസ്‌നേഹികൾ സ്വാഗതം ചെയ്യും.  എങ്കിലും ഇൗന്തപ്പനയ്‌ക്കുപകരം ആൽമരങ്ങളായിരുന്നില്ലേ നമ്മുടെ ആർഷഭാരത സംസ്കാരത്തിന്‌ ചേരുന്നത്‌ എന്നൊരു സംശയവും  ഗൗതമന്‌ ഇല്ലാതില്ല. അത്‌ നാണമില്ലാത്തവരുടെ ഏതോ ഭാഗത്ത്‌ കിളിർക്കുന്നതാണെന്ന വിശ്വാസമൊക്കെ കളയേണ്ട സമയം കഴിഞ്ഞിട്ടുണ്ട്‌.


 

മോഡിജിയും ട്രംപ്‌ജിയും റോഡ്‌ഷോ നടത്തുന്ന വഴിയിലെ തെരുവു നായ്‌ക്കളെയും തെരുവ്‌ ഗോമാതാക്കളെയും യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണ്‌.  കിടപ്പാടമില്ലാത്ത ഗോമാതാക്കൾ ഇപ്പോഴും മോഡിയുടെ ഡിജിറ്റൽ ഇന്ത്യയിലുണ്ടെന്ന്‌ മാനനീയ ട്രംപ്ജി‌ അറിയുന്നത്‌ ആഗോളമാർക്കറ്റിൽ മോഡിജിയുടെ വിലയിടിയാൻ ഇടയാക്കും.

ചേരി മറച്ചുകെട്ടിയിട്ടാണെങ്കിലും ട്രംപ്ജി‌യും മോഡിജിയും   കഷ്ടപ്പെട്ട്‌   റോഡ്‌ഷോ നടത്തുന്നത്‌ ചേരികളോട്‌  അലർജിയുണ്ടായിരുന്ന ഗാന്ധിജിയോടുള്ള ആദരസൂചകമായിട്ടാണെന്നും ആരും മറക്കരുത്‌.

എന്തായാലും ഉച്ചകോടി കഴിയുമ്പോൾ ചൈനയിലെ വൻ മതിലോ  ‘വിദേശ ആക്രമണകാരികൾ’  പണിത താജ്‌മഹലോ ഒന്നും ഒരത്ഭുതമല്ലെന്ന്‌ തെളിയുമെന്നാണ്‌ അഹമ്മദാബാദിലെ ദേശസ്‌നേഹികൾ പറയുന്നത്‌. ഓരോ ഭാരതീയന്റെയും  ആത്മാഭിമാനമുയർത്തുന്ന മതിലായി ചേരിമതിൽ മാറുമെന്നും  ആയിരങ്ങൾ ഇത്‌ ദർശിച്ച്‌ സായൂജ്യമടയാൻ ഇവിടേക്ക്‌ എത്തുമെന്നുമാണ്‌ അവരുടെ പ്രതീക്ഷ. 

കണ്ണീർ പൊഴിക്കുന്നവരും തുടയ്‌ക്കുന്നവരും
കോഴിക്കോട്ടുകാരനായ ‘ ഹാൻസം’ യങ്മാൻ ബിജെപി സംസ്ഥാന പ്രസിഡന്റായതിൽ ആഹ്ലാദഭരിതരാണ്‌ ബിജെപിയിലെ ഒരു പക്ഷം.  എന്നാൽ, നീണ്ടകാലത്തെ കാത്തിരിപ്പിനും കുത്തിത്തിരിപ്പിനും ഒടുവിൽ  സുരേന്ദ്രൻ  പ്രസിഡന്റായതിൽ നിരാശരായ വിഭാഗമാണത്രെ  കൂടുതൽ. അതേസമയം  ഉള്ളിയേരിക്കാരൻ സുരേന്ദ്രന്റെ സ്ഥാനലബ്ധിയിൽ ആനന്ദക്കണ്ണീർ പൊഴിക്കുന്നവരും ആരും കാണാതെ മുഖം തുടയ്ക്കുന്നവരും ഉള്ളിയോ ഗ്ലിസറിനോ ഉപയോഗിച്ചിട്ടില്ലെന്ന കാര്യം സത്യമാണ്‌.

സത്യത്തിൽ ഉള്ളി പൊളിക്കുന്നതുപോലെ നിസ്സാരപ്രശ്‌നമായിരുന്നില്ല സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌.  അഭിപ്രായവോട്ടെടുപ്പുവരെ നടത്തിയിട്ടും പിന്തള്ളപ്പെട്ടുപോയ കെ സുരേന്ദ്രനുവേണ്ടി കേന്ദ്രസഹമന്ത്രി എത്രമാത്രം പങ്കപ്പാടുകളാണ്‌ സഹിച്ചതെന്ന്‌ അദ്ദേഹത്തിനുമാത്രമേ അറിയൂ. തീരുമാനം വന്ന ശേഷം നഷ്ടപ്പെട്ടുപോയ സംസാരശേഷി വി മുരളീധരന്റെ എതിർഗ്രൂപ്പിന്റെ തലവന്‌ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌.

ഓരോ തെരഞ്ഞെടുപ്പുപരാജയം വരെയാണ്‌ സംസ്ഥാന പ്രസിഡന്റിന്റെ ആയുസ്സെന്നും അതുകഴിഞ്ഞാൽ അയക്കുന്നത്‌ സവർക്കർജി കഴിഞ്ഞ ആൻഡമാൻ ജയിലിലേക്കല്ല മിസോറമിലേക്കാണെന്നും  അനുഭവം സുരേന്ദ്രജിയെ പഠിപ്പിച്ചിട്ടുണ്ടെന്നാണ്‌ ഗൗതമന്റെ പ്രതീക്ഷ.  അതുകൊണ്ട്‌ പ്രസിഡന്റ്‌ സ്ഥാനം ഇരുമുടിക്കെട്ടുപോലെ താഴെയിടാനുള്ളതല്ലെന്നും മുറുക്കിപ്പിടിക്കണമെന്നുംമാത്രമേ ഇത്തരുണത്തിൽ പറയാനുള്ളൂ.

വെടിക്കുഴൽ
പാർടിയിൽ ഇപ്പോൾ രണ്ടഭിപ്രായമുണ്ട്‌: ജോണി നെല്ലൂർ
കേട്ടാൽ തോന്നും  പൗരത്വ നിയമത്തിലാണെന്ന്‌

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top