06 June Tuesday

വീറോടെ ത്രിപുര ബൂത്തിലേക്ക്‌

സാജൻ എവുജിൻUpdated: Wednesday Feb 15, 2023

വോട്ടെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കവെ ത്രിപുരയിൽ അലയടിക്കുന്നത്‌ ബിജെപി ഭരണത്തിനെതിരായ പൊതുവികാരം. അഞ്ചുവർഷംമുമ്പ്‌ ഭരണമാറ്റമെന്ന ബിജെപി മുദ്രാവാക്യത്തിൽ ആകൃഷ്ടരായവരിൽ  ഭൂരിപക്ഷവും പിന്നീട്‌ ഖേദിച്ചു. ജീവിതത്തിന്റെ സർവമേഖലയിലും നാശംവിതച്ച ബിജെപി ഭരണത്തിന്‌ അന്ത്യംകുറിക്കണമെന്ന വാശിയിലാണ്‌ പൊതുവെ ത്രിപുര ജനത. ഗ്രാമങ്ങളിൽ അതിശക്തമായി ഇത്‌ പ്രതിഫലിക്കുന്നു. നഗരമേഖലകളിൽ ഭീഷണിയും അടിച്ചമർത്തലും കാരണം നിശ്ശബ്ദരായവരും ഇപ്പോൾ ബിജെപിക്കെതിരെ രംഗത്തുവരുന്നു. പ്രതിപക്ഷകക്ഷികളുടെ മുന്നേറ്റം ജനങ്ങളിൽ ആവേശം സൃഷ്ടിച്ചു. കഴിഞ്ഞദിവസം അഗർത്തല വിവേകാനന്ദ കോളേജ്‌ മൈതാനത്ത്‌ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി വിജയിപ്പിക്കാൻ വൻതോതിൽ പണമൊഴുക്കിയിട്ടും കസേരകൾ ശൂന്യമായി. ബിജെപി അനുകൂല പത്രങ്ങൾക്ക്‌ സദസ്സിന്റെ ചിത്രം പ്രസിദ്ധീകരിക്കാനായില്ല. പ്രധാനമന്ത്രിയാകട്ടെ ആവേശരഹിതമായ പ്രസംഗംവഴി കടുത്ത ബിജെപിക്കാരെ നിരാശപ്പെടുത്തുകയും ചെയ്‌തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും തമ്പടിച്ച്‌ പ്രചാരണം നടത്തിയിട്ടും അഗർത്തലയിൽപ്പോലും ബിജെപി  വിമ്മിഷ്ടത്തിലാണ്‌. വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി, ആക്രമണപരമ്പര, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, വിദ്യാഭ്യാസമേഖലയിലെ തകർച്ച, തേയില–- റബർ തോട്ടങ്ങളിലെ പ്രതിസന്ധി എന്നിവയടക്കം ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക്‌ മറുപടി പറയാൻ ബിജെപിക്ക്‌ കഴിയുന്നില്ല. സംസ്ഥാനത്ത്‌ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ അവകാശവാദം ജനങ്ങൾ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല.

ആധുനിക  ത്രിപുര കെട്ടിപ്പടുത്തത്‌ ഇടതുമുന്നണി സർക്കാരുകളാണെന്ന്‌ മുൻമുഖ്യമന്ത്രി മണിക്‌ സർക്കാർ പൊതുയോഗങ്ങളിൽ വിശദീകരിക്കുമ്പോൾ അനുഭവസ്ഥരായ ജനങ്ങൾക്കത്‌ വിശ്വസനീയമാകുന്നു.  ഇടതുമുന്നണിയും കോൺഗ്രസും തമ്മിലുള്ള സീറ്റ്‌ ധാരണ അവസരവാദപരമാണെന്ന ബിജെപി പ്രചാരണവും ജനങ്ങൾ കാര്യമായി എടുത്തിട്ടില്ല.  ഈ അവസ്ഥയ്‌ക്ക്‌ കാരണമായത്‌ ബിജെപിയുടെ ഭീകരഭരണമാണെന്ന്‌ യുവജനങ്ങളും വിദ്യാർഥികളും വയോധികരും ഒരേപോലെ പറയുന്നു. ജനാധിപത്യസ്വാതന്ത്ര്യം ഇത്രയും അപകടത്തിലായ അവസ്ഥ സംസ്ഥാനത്ത്‌ മുമ്പുണ്ടായിട്ടില്ല. പ്രതിപക്ഷ രാഷ്‌ട്രീയ പ്രവർത്തകരും പാർടി ഓഫീസുകളും മാത്രമല്ല ആക്രമിക്കപ്പെട്ടത്‌. അഞ്ചു വർഷത്തിൽ 48  മാധ്യമപ്രവർത്തകർക്കുനേരെ ശാരീരിക ആക്രമണമുണ്ടായി. ആറ്‌ വാർത്താ ചാനലുകൾ പൂട്ടിച്ചു.  പ്രാദേശിക പത്രത്തിന്റെ ഓഫീസ്‌ കത്തിച്ചു. ബൈക്കുകളിൽ കറങ്ങി അക്രമവും കൊള്ളയും നടത്തുന്ന സംഘങ്ങൾ വിഹരിക്കുന്നു. നൂറുകണക്കിന്‌ വീടുകൾ കൊള്ളയടിച്ച്‌ കത്തിച്ചു. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പത്രിക നൽകാൻ പ്രതിപക്ഷത്തെ സമ്മതിച്ചില്ല. ബിജെപിയിൽനിന്ന്‌ കോൺഗ്രസിലേക്ക്‌ തിരിച്ചുപോയവരെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ഒരു വർഷമായി പൊതുസമൂഹവും പ്രതിപക്ഷ പാർടികളും മാധ്യമപ്രവർത്തകരും ഒത്തുചേർന്ന്‌ പ്രതികരിക്കാൻ തുടങ്ങിയതോടെയാണ്‌ ആക്രമണപരമ്പരയ്‌ക്ക്‌ ശമനമായത്‌. എന്നാലും ആക്രമണങ്ങൾ തുടരുന്നു. സമാധാനജീവിതം പുനഃസ്ഥാപിക്കാനാണ്‌ ത്രിപുരയിൽ ജനാധിപത്യ– -മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ രൂപംകൊണ്ടത്‌.

ആകെ 60 സീറ്റുള്ള നിയമസഭയിലേക്ക്‌ ഇടതുമുന്നണിയിൽ സിപിഐ എം 43 സീറ്റിലും സിപിഐ, ആർഎസ്‌പി, ഫോർവേർഡ്‌ ബ്ലോക്ക്‌ പാർടികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസിന്‌ 13 സീറ്റിലാണ്‌ സ്ഥാനാർഥികൾ. ഒരിടത്ത്‌  പൊതുസ്വതന്ത്രനാണ്‌; അഗർത്തല രാംനഗറിൽ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പുരുഷോത്തം റോയിക്ക്‌ നവാഗത പ്രാദേശിക പാർടിയായ തിപ്ര മോതയും പിന്തുണ നൽകുന്നു. 2021ൽ ത്രിപുര ആദിവാസി സ്വയംഭരണ കൗൺസിൽ ഭരണം പിടിച്ചെടുത്ത തിപ്ര മോതയുമായി സഖ്യത്തിലെത്താൻ  ബിജെപി സകല ശ്രമവും നടത്തി. തിപ്ര മോത സ്ഥാപകൻ പ്രദ്യോത്‌ മാണിക്യ ദേബ്‌ ബർമയെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ ചർച്ച നടത്തി. എന്നാൽ, അമിത്‌ ഷാ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തതായി പ്രദ്യോത്‌ പിന്നീട്‌ ആരോപിച്ചു. തിപ്ര  ലാൻഡ്‌ എന്ന പ്രവിശ്യ രൂപീകരിക്കാമെന്ന്‌ ഉറപ്പുനൽകി ഐപിഎഫ്‌ടിയെ കൂട്ടുപിടിച്ച്‌ കഴിഞ്ഞ തവണ ഭരണം പിടിച്ച ബിജെപിക്കെതിരെ  ആദിവാസിസമൂഹത്തിൽ രോഷവും അമർഷവും പടർന്നിട്ടുണ്ട്‌. 20 ആദിവാസി സംവരണ സീറ്റിൽ രണ്ടോ മൂന്നോ ഇടത്ത്‌ മാത്രമാണ്‌ ബിജെപിക്ക്‌ ശ്രദ്ധേയമായ മത്സരം നടത്താൻ കഴിയുന്നത്‌. സംവരണ മണ്ഡലങ്ങളിൽ ഇടതുമുന്നണിയും തിപ്ര മോതയും തമ്മിലാണ്‌ പ്രധാന മത്സരം. തിപ്ര മോത 42 സീറ്റിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്‌. ബിജെപി 55 സീറ്റിൽ മത്സരിക്കുന്നു. ഐപിഎഫ്‌ടിക്ക്‌ അഞ്ച്‌ സീറ്റാണ്‌ അനുവദിച്ചതെങ്കിലും അവർ ആറിടത്ത്‌ സ്ഥാനാർഥിയെ നിർത്തി. ഇരുപത്‌ വർഷം മുഖ്യമന്ത്രിയായിരുന്ന സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മണിക്‌ സർക്കാർ ഇത്തവണ മത്സരിക്കുന്നില്ല. പാർടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി (സബ്‌രൂം),  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ നരേഷ്‌ ജമാതിയ (ബഗ്‌മ), രത്തൻ ഭൗമിക്‌ (ഷാൽഗര കാക്രബൻ), പബിത്ര കർ (ഖയേർപുർ), സുധൻ ദാസ്‌ (രാജ്‌നഗർ), രാധാചരൺ ദേബ്‌ബർമ (മണ്ഡായ്‌) എന്നിവർ ജനവിധി തേടുന്നു. സുദീപ്‌ റോയ്‌ ബർമൻ (അഗർത്തല), ബിരജിത്‌ സിൻഹ (കൈലാഷ്‌ഗഢ്‌) എന്നിവരാണ്‌ കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർഥികൾ. മുഖ്യമന്ത്രി മണിക്‌ സാഹ ബോർദോവാലിയിലും കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്‌  ധൻപുരിലും മത്സരിക്കുന്നു.

മണിക്‌ സർക്കാരിന്റെ സിറ്റിങ്‌ സീറ്റാണ്‌ ധൻപുർ. ഇത്തവണ സിപിഐ എമ്മിലെ കൗശിക്‌ ചന്ദയാണ്‌ ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി. അഞ്ചു വർഷത്തിൽ 16 തവണയാണ്‌ അദ്ദേഹത്തിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായത്‌. ജനങ്ങൾ നിശ്ചയിച്ചുകഴിഞ്ഞു. സമാധാനപരമായ വോട്ടെടുപ്പിന്‌ അവസരമുണ്ടാകുമോ എന്നാണ്‌ ഇനി അറിയാനുള്ളത്‌. ജനാധിപത്യപരമായി വോട്ടെടുപ്പ്‌ നടന്നാൽ ബിജെപിയുടെ അംഗബലം ഒറ്റ അക്കത്തിൽ ഒതുങ്ങുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top