24 February Monday

കേരള ദിനേശ് ബീഡിക്ക് ‘51 ’

കെ ബാലകൃഷ്ണൻUpdated: Saturday Feb 15, 2020


കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഒരു വർഷംനീണ്ട പരിപാടികൾ ഇന്ന്‌  സമാപിക്കുകയാണ്. 2019 ഫെബ്രുവരി 15ന് ദിനേശ് ബീഡി സംഘത്തിന്റെ 50–-ാം വാർഷികദിനംതൊട്ട് ഒരുവർഷക്കാലയളവിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നത്.
സഹകരണസംഘത്തിന്റെ തുടക്കം

പിന്നിട്ട 51 വർഷം ദിനേശ് ബീഡി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. 1968–-69ൽ അവിഭക്ത കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ച് വന്നിരുന്ന ഗണേശ്, ഭാരത്, പിവിഎസ്, ദർബാർ എന്നിങ്ങനെയുള്ള മറുനാടൻ ബീഡിക്കമ്പനികൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചുപൂട്ടുകയുണ്ടായി. പന്ത്രണ്ടായിരത്തോളം തൊഴിലാളികൾ ഇതുവഴി ജോലി നഷ്ടപ്പെട്ട് തെരുവാധാരമായി. അടച്ചിട്ട കമ്പനികൾ തുറപ്പിക്കുന്നതിനുവേണ്ടി മംഗലാപുരത്തും കേരളത്തിലും നിരന്തരമായ സമരങ്ങളാണ് നടന്നത്. തൊഴിലാളികൾ എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾ നടത്തിയതുകൊണ്ടല്ല കമ്പനികൾ അടച്ചിട്ടത്. 1966ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ബീഡി–-സിഗാർ നിയമം നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ അന്ന് കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് സ്വീകരിച്ചു. നാളിതുവരെ നിർബാധം തൊഴിലാളികളെ ചൂഷണംചെയ്‌തുകൊണ്ട് തടിച്ചുകൊഴുത്ത മുതലാളിമാർ അത് ഇനിയും തുടരാൻ പഴയതുപോലെ സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ് കമ്പനി അടച്ച്‌ കടന്നുകളഞ്ഞത്.

കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് മംഗലാപുരത്തെ ലാൽബാഗിലുള്ള ഗണേഷ് ബീഡി ആസ്ഥാനത്ത് നടന്ന സമരം ചരിത്രത്തിൽ ഇടംപിടിച്ച സംഭവമാണ്. സമരത്തെ തകർക്കാനും ബീഡിമുതലാളിമാരെ സംരക്ഷിക്കാനുമായി അന്നത്തെ മൈസൂർ സർക്കാർ 144–-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനം ലംഘിച്ച് തൊഴിലാളികൾ കമ്പനിപ്പടിക്കൽ സത്യഗ്രഹം നടത്തി അറസ്റ്റ്‌ വരിച്ചു. അറസ്റ്റ് ചെയ്‌ത തൊഴിലാളികളെ മാസങ്ങളോളം ജയിലിലടച്ചു. നീണ്ടുനിന്ന ജയിൽവാസം നരകതുല്യമായിരുന്നു. ഇതിനെത്തുടർന്ന് പലരും നിത്യരോഗികളായി മാറി. രോഗബാധി‌തരായ ചില തൊഴിലാളികൾ പിന്നീട് മരണമടഞ്ഞു. മംഗലാപുരത്തെ സമരത്തിന് എ കെ ജി, അഴീക്കോടൻ രാഘവൻ, സി കണ്ണൻ, കെ പി സഹദേവൻ, എ കെ നാരായണൻ, എം സി കണ്ണൻ, പി വി കുട്ടി, പി വിജയൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

കണ്ണൂരിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി കൂടിയാലോചിച്ച് കണ്ണൂർ ആസ്ഥാനമായി ഒരു കേന്ദ്ര സംഘവും വിവിധ പ്രദേശങ്ങളിൽ 20 പ്രൈമറി സംഘവും രൂപീകൃതമായി. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സംഘത്തിൽ ഓഹരി എടുക്കാൻ കാശില്ല എന്ന് മനസ്സിലാക്കിയ സർക്കാർ ഓരോരുത്തർക്കും 19 രൂപവീതം വായ്പയായി അനുവദിച്ചു.

കമ്പനി തുറപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നെങ്കിലും മുതലാളിമാരുടെ പിടിവാശി കാരണം ഫലം കണ്ടില്ല. ഇത്തരമൊരു ഘട്ടത്തിലാണ് തൊഴിലാളികളുടെ പുനരധിവാസത്തിനായി കേരള സർക്കാർ മുൻകൈ എടുത്ത് തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിക്കുന്നത്. അന്നത്തെ വ്യവസായവകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജി കെ പണിക്കരെ ഇതിനായി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഇ എം എസ്, വ്യവസായമന്ത്രി ടി വി തോമസ്, തൊഴിൽമന്ത്രി മത്തായി മാഞ്ഞൂരാൻ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കണ്ണൂരിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി കൂടിയാലോചിച്ച് കണ്ണൂർ ആസ്ഥാനമായി ഒരു കേന്ദ്ര സംഘവും വിവിധ പ്രദേശങ്ങളിൽ 20 പ്രൈമറി സംഘവും രൂപീകൃതമായി. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സംഘത്തിൽ ഓഹരി എടുക്കാൻ കാശില്ല എന്ന് മനസ്സിലാക്കിയ സർക്കാർ ഓരോരുത്തർക്കും 19 രൂപവീതം വായ്പയായി അനുവദിച്ചു.

മൂവായിരം തൊഴിലാളികളെ ജോലിക്കെടുത്താണ് സംഘം പ്രവർത്തനം ആരംഭിച്ചത്. ബീഡിവ്യവസായത്തിന്റെ ചരിത്രത്തിൽ ഇത്രയും തൊഴിലാളികളെ പ്രാരംഭഘട്ടത്തിൽത്തന്നെ ജോലിക്കെടുത്ത അനുഭവങ്ങളില്ല. ഇത്രയും തൊഴിലാളികൾ ഉൽപ്പാദിപ്പിച്ച ബീഡി മാർക്കറ്റിൽ വിറ്റഴിക്കാൻ കഴിയാത്ത പ്രതിസന്ധി ആദ്യഘട്ടത്തിൽത്തന്നെ നേരിടേണ്ടിവന്നു. ബീഡി കെട്ടിക്കിടക്കുന്നതു കാരണം തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്നു ദിവസം ജോലിയും ബാക്കി ദിവസം ഓഫും പ്രഖ്യാപിച്ചു. കമ്പനി അടച്ചുകടന്ന മുതലാളിമാരോടുള്ള രോഷവും തൊഴിലാളികളോടുള്ള പ്രതിബദ്ധതയും ജനങ്ങൾ വികാരപരമായി ഏറ്റെടുത്തു. ബീഡി തലയിൽ ചുമന്ന് കടകളിൽ പോയി വിൽപ്പന നടത്താൻ ജനങ്ങൾ തയ്യാറായി. ആദ്യ ഘട്ടത്തിലെ പ്രതിസന്ധി അതിവേഗം മറികടക്കാനായി. പിന്നീട് ഒരു കുതിച്ചുച്ചാട്ടത്തിന്റെ നാളുകളായിരുന്നു. ഒരു ഘട്ടത്തിൽ 42,000 തൊഴിലാളികൾ ജോലിചെയ്യുന്ന സഹകരണമേഖലയിൽ ലോകത്തിനുതന്നെ മാതൃകയായി ദിനേശ് ബീഡി പ്രസ്ഥാനം വളർന്നു. ദിനേശിന്റെ വിജയരഹസ്യത്തെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പലരും ദിനേശ് ബീഡി കേന്ദ്രസംഘത്തിലെത്തി.

പുകവലിക്കെതിരായ പ്രചാരവേലയും സർക്കാരിന്റെ നയവും ബീഡിവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ദിനേശ് ബീഡി പ്രസ്ഥാനത്തെയാണ് പ്രതിസന്ധി സാരമായി ബാധിച്ചത്. ഉൽപ്പാദിപ്പിച്ച ബീഡിക്ക് വിപണി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. ജീവിക്കാനാവശ്യമായ വരുമാനം ലഭിക്കാതായപ്പോൾ തൊഴിലാളികൾ കൂട്ടത്തോടെ പിരിഞ്ഞുപോയി. 2017 മുതൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി ബീഡിവ്യവസായത്തിന്റെ തകർച്ചയ്‌ക്ക് ആക്കംകൂട്ടി.

വൈവിധ്യവൽക്കരണം
ബീഡിവ്യവസായം അധികകാലം തുടരാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ് ദിനേശ് സംഘം വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങിയത്. അപ്പാരൽസ്, കുടനിർമാണം, ഭക്ഷ്യവസ്‌തുക്കളുടെ നിർമാണം, ഐടി എന്നീ മേഖലകളിലെ ഇടപെടൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ കുറച്ചുവർഷമായി ദിനേശ് ബീഡിക്ക് നിരവധി ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി എന്നത് സന്തോഷകരമാണ്.

നിലവിൽ ബീഡിമേഖലയിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലുമായി ആറായിരത്തോളം തൊഴിലാളികൾ ജോലിചെയ്‌തുവരുന്നുണ്ട്. തലശേരി, പിണറായി, പയ്യന്നൂർ സംഘങ്ങൾ ‘ദിനേശ് കഫെ' എന്ന പേരിൽ ഹോട്ടൽവ്യവസായവും നടത്തിവരുന്നു. നീലേശ്വരം സംഘത്തിന്റെ നേതൃത്വത്തിലുള്ള ദിനേശ് കഫെയുടെ ഉദ്‌ഘാടനം ഏതാനും ദിവസത്തിനകം നടക്കും.

കേന്ദ്ര ഭരണാധികാരികൾ ബീഡിത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഒന്നും ചെയ്യാതിരിക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ തൊഴിലാളികൾക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ബീഡിത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ക്ഷേമിധിധി ബോർഡിന് 20 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച്  15 പദ്ധതിയിലൂടെ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുകയാണ്.
സർക്കാർ അംഗീകരിച്ച നിയമപരമായ എല്ലാ ആനുകൂല്യവും തൊഴിലാളികൾക്ക് ലഭ്യമാക്കിക്കൊണ്ടാണ് ദിനേശ് ബീഡി പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നത്.

(കേരള ദിനേശ് ബീഡി കേന്ദ്ര സഹകരണ സംഘം ഡയറക്ടറാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top