19 January Sunday

കൂട്ടംതെറ്റി, പിറന്നാളറിയാതെ അലയുന്നവർ

ഗൗതമൻ Updated: Monday Oct 14, 2019കേരള കോൺഗ്രസ്‌ അണികൾക്ക്‌ ഒന്നിനും ഒരു നിശ്ചയവുമില്ല. ആരാണ്‌ തങ്ങളുടെ നേതാവ്‌, ഏതാണ്‌ ചിഹ്‌നം, ആരാണ്‌  മാണിയുടെ യഥാർഥ പിൻഗാമി  തുടങ്ങിയ സംശയങ്ങൾ തീരാതെ അലയുകയായിരുന്നു അധ്വാനസിദ്ധാന്തം തിന്നുജീവിച്ച കുഞ്ഞാടുകൾ.  പക്വതയുള്ള നേതാവാരാണെന്ന്‌ കണ്ടെത്തുകയായിരുന്നു പാവപ്പെട്ട അണികൾ നേരിട്ട അടുത്ത പ്രശ്‌നം. മാണിയുടെ  വിവരവും പക്വതയും ജോസ്‌മോനില്ലെന്ന്‌ ഔസേപ്പച്ചൻ പറഞ്ഞപ്പോൾ ഔസേപ്പച്ചന‌്  പക്വത തൊട്ടുതീണ്ടിയിട്ടില്ലെന്നു തെളിയിക്കാൻ ജോസ്‌മോന്റെ സിൽബന്തികൾ നടത്തിയ പ്രതിരോധം എല്ലാ അതിർത്തികളും ലംഘിച്ചു.  ഔസേപ്പച്ചൻ  തെരഞ്ഞെടുപ്പ്‌ യോഗത്തിൽ പ്രസംഗിച്ചപ്പോൾ കൂവിയവരുടെ പക്വതയും കൂവൽ സഹിച്ചവരുടെ പക്വതയും വേദിയിലിരുന്ന മറ്റുനേതാക്കളുടെ പക്വതയുമെല്ലാം അളന്നുതൂക്കപ്പെട്ടു.

ഇങ്ങനെയൊക്കെ പാലായിലെ വിജയത്തിൽ ആഹ്ലാദിച്ച്‌ ഒരു കൂട്ടരും സങ്കടപ്പെട്ട്‌ മറുകൂട്ടരും കഴിയുന്നതിനിടെയാണ്‌ കേരളകോൺഗ്രസിന്റെ പ്രായംപോലും ഉറപ്പില്ലാത്ത അവസ്ഥയിലേക്ക്‌ കാര്യങ്ങൾ എത്തിയത്‌. ഇരുവരും കോട്ടയത്ത്‌ വെവ്വേറെ ജന്മദിനാഘോഷം നടത്തി. ജോസ്‌ വിഭാഗം അമ്പത്തഞ്ചാം ജന്മദിനമെന്ന്‌ വേദിയുടെ പശ്‌ചാത്തലത്തിൽ എഴുതിയപ്പോൾ അമ്പത്താറാം ജന്മദിനമെന്ന്‌ എഴുതി ഔസേപ്പച്ചൻ മുന്നിലെത്തി. മാണിയുടെ ചിത്രംമാത്രം വച്ച ജോസ്‌ കെ മാണി കുട്ടിയമ്മച്ചേടത്തിയുടെയോ  നിഷ ജോസ്‌ കെ മാണിയുടെയോ ചിത്രം വയ്‌ക്കാതിരുന്നതും ശ്രദ്ധേയമായി. മാണിയാണ്‌ ചിഹ്നമെന്ന വാക്ക്‌ മാറ്റാത്തവനായ ജോസ്‌ മോൻ ബാനറിൽ മറ്റു ചിഹ്നങ്ങളൊന്നും പ്രദർശിക്കാതെ മാതൃകയായി.  ഔസേപ്പച്ചനാകട്ടെ കെ എം മാണിയുടെ ചിത്രത്തിനൊപ്പം തന്റെയും  സി എഫ്‌ തോമസിന്റെയും  രണ്ടിലയുടെയും ചിത്രങ്ങൾ പ്രതിഷ്‌ഠിച്ചു.


 

കഴിഞ്ഞവർഷം അമ്പത്തഞ്ചാം വാർഷികം ആഘോഷിച്ചിട്ട്‌ ഇത്തവണയും അതുതന്നെ ആഘോഷിച്ചത്‌  കേരളകോൺഗ്രസ്‌ വയസ്സാകുന്നത്‌ തടഞ്ഞ്‌ ചെറുപ്പം നിലനിർത്താനാണെന്നാണ്‌ ജോസ്‌ അനുയായികൾ രഹസ്യമായി പറയുന്നത്‌.  എന്നാൽ, ചരിത്ര ഏടുകളിൽനിന്ന്‌ ഉദ്ധരിച്ച്‌ ഔസേപ്പച്ചന്റെ അനുയായികൾ പറയുന്നത്‌ കെ എം മാണി പാർടിയിൽ വന്നദിവസമാണ‌് ജോസ്‌ മോനും കൂട്ടരും പാർടിയുടെ ജന്മദിനമായി കണക്കാക്കുന്നതെന്നാണ്‌. കേരളകോൺഗ്രസ്‌ രൂപംകൊള്ളുന്ന കാലത്ത്‌ കെ എം മാണി കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നെന്നും 1965ൽ പാലാ സീറ്റ്‌ കിട്ടിയപ്പോഴാണ്‌ അദ്ദേഹം കേരളകോൺഗ്രസിൽ ചേർന്നതെന്നുമുള്ള  കണ്ണിൽച്ചോരയില്ലാത്ത വർത്തമാനമാണ്‌  അവരുടേത്‌. ജോസ്‌ മോന്റെ പ്രായമായിരിക്കും ഇനിമേൽ കേരളകോൺഗ്രസിന്റെ പ്രായമെന്നും ചില ദോഷൈകദൃക്കുകൾ പറഞ്ഞുപരത്തുന്നുണ്ട്‌.

എന്തായാലും ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കാൻ ആരുണ്ടെന്ന ചോദ്യമാണ്‌ ഇപ്പോൾ പാലാ കുരിശുപള്ളിക്കവലയിലും  തൊടുപുഴയിലെ പുറപ്പുഴ  തറവാടിന്റെ പ്രാന്തപ്രദേശങ്ങളിലും ഉയരുന്നത്‌. കേരള കോൺഗ്രസിന്റെ ചരിത്രമെഴുതിയ ജോസഫ്‌ പുലിക്കുന്നേലാണെങ്കിൽ  ജീവിച്ചിരിപ്പില്ല. കേരള കോൺഗ്രസ്‌ സ്ഥാപകരിൽ ഒരേയൊരാളെ ജീവിച്ചിരിക്കുന്നുള്ളൂ.  ആ സ്ഥിതിക്ക്‌  കൊട്ടാരക്കരയിലെ കീഴൂട്ട്‌ തറവാട്ടിൽ നിന്നെങ്കിലും ഒരു തീർപ്പുണ്ടാകുമെന്നാണ്‌ ഗൗതമന്റെ കണക്കുകൂട്ടൽ.

തെരഞ്ഞെടുപ്പ‌് ഉത്സവത്തിലെ വാഗ്ദാനങ്ങൾ
തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതാണോ മണ്ടശിരോമണികളേ എന്ന്‌  പത്രക്കാരോട‌്  ചോദിച്ചയാളാണ്‌ പി എസ്‌ ശ്രീധരൻപിള്ള.   തെരഞ്ഞെടുപ്പുകാലത്ത്‌ ഉയർത്തുന്ന കാര്യങ്ങൾക്ക്‌ യാഥാർഥ്യവുമായി ബന്ധമില്ലെന്ന്‌ അദ്ദേഹം പറഞ്ഞത്‌ മോഡിജി പെട്രോൾ വില 50 രൂപയാക്കുമെന്ന്‌ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോഴാണ്‌. പിന്നെന്തിനാണ്‌ ഈ പത്രക്കാർ ശബരിമലയ്‌ക്കുവേണ്ടി നിയമനിർമാണം നടത്തുന്ന കാര്യമൊക്കെ അദ്ദേഹത്തോട്‌ ചോദിക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. നിയമനിർമാണം നടത്തുമെന്ന്‌ അദ്ദേഹം ഒരു ദിവസം പറഞ്ഞെന്നിരിക്കും. നിയമം എന്ന വാക്കുപോലും ജീവിതത്തിൽ ഉപയോഗിക്കാത്ത വക്കീലാണ്‌ താനെന്ന്‌ ചിലപ്പോൾ പിറ്റേന്ന്‌ പറയും. അതൊക്കെ തെരഞ്ഞെടുപ്പ്‌ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നതാണെന്നു മനസ്സിലാക്കാൻ ഈ പത്രക്കാർക്ക്‌ എന്നാണ്‌ സെൻസും സെൻസിബിലിറ്റിയും ഉണ്ടാകുന്നത്‌.

കാര്യങ്ങൾ തുറന്നുപറഞ്ഞില്ലെങ്കിലും രമേശ്‌ ചെന്നിത്തലയും ആന്റണിയുംപോലും ഈ ലൈൻ സ്വീകരിച്ചവരാണ്‌.  അല്ലെങ്കിൽപ്പിന്നെ യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ കേരളനിയമസഭയിൽ ശബരിമലയ്‌ക്കുവേണ്ടി നിയമനിർമാണം നടത്തുമെന്നൊക്കെ  ചെന്നിത്തല തട്ടിവിടുമോ? കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ റബറിന്റെ വില 200 രൂപയാക്കുമെന്ന്‌  പാലായിൽ പോയി പറയാൻപിന്നെ എ കെ ആന്റണിക്ക്‌ വല്ല മുടക്കുമുണ്ടോ?

സോഷ്യൽ മീഡിയയിലെ പടക്കവും ഉച്ചകോടിയും
ചീനവല, ചീനഭരണി, ചീനച്ചട്ടി തുടങ്ങിയവ മുതൽ ചീനിക്കിഴങ്ങുവരെ കൈകൊണ്ടുപോലും തൊട്ടുപോകരുതെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ സംഘബന്ധുക്കളുടെ ആഹ്വാനം. കാരണം ചൈന നമ്മളെ തകർക്കാൻ നിൽക്കുകയാണ‌്. നമ്മൾ ചൈനീസ‌് ഉൽപ്പന്നങ്ങൾ വാങ്ങാതിരുന്നാൽ ചൈനയുടെ സമ്പദ‌്‌വ്യവസ്ഥ കുളംതോണ്ടാം. ഇന്ത്യയെ നശിപ്പിക്കാൻ ചൈനീസ‌് പടക്കങ്ങളിൽ മാരകമായ എന്തൊക്കെയോ ചേർത്ത‌് ഇവിടേക്ക‌് അയച്ചിരിക്കുന്നതിനാൽ അത‌് വാങ്ങരുത‌്. നമ്മുടെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യാൻ പ്ലാസ‌്റ്റിക്കും മറ്റും ഉപയോഗിച്ച‌് കൃത്രിമമുട്ട അയച്ചിരിക്കുന്നു എന്നിങ്ങനെയൊക്കെയായിരുന്നു പ്രചാരണം.
എന്തായാലും ഇത്തരം ‘ക്രൂരകൃത്യങ്ങളൊ’ക്കെ ചെയ്യുന്ന ചൈനാ പ്രസിഡന്റ‌് ഷീയെ ട്രംപ‌്ജിപോലും നമിക്കുന്ന നമോജി ആദരിച്ച്‌ സ്വീകരിച്ചിരിക്കുകയാണ്‌.  ഇന്ത്യ  ചൈനയുമായി ഏതോ വ്യാപാരകരാറുകളിലൊക്കെ ഏർപ്പെട്ടെന്നു കേൾക്കുന്നുണ്ട‌്. അതു ശരിയാണെങ്കിൽത്തന്നെ അതുവഴി ഇന്ത്യ ചൈനയെ ശരിയാക്കിക്കളയും.  ചൈന പിച്ചച്ചട്ടിയുമായി ഇതുവഴി വരുന്നതാണ‌് മോഡിജിയുടെ ആർഷഭാരത സ്വപ‌്നം.

വെടിക്കുഴൽ
നിയമം നേരിട്ട‌് ജനങ്ങളിൽ എത്തിച്ച‌് വിവരാവകാശ ഉപയോഗം കുറയ‌്ക്കും: അമിത‌് ഷാ
വിവരാവകാശത്തിന്റെ അമിത ഉപയോഗം ജനങ്ങളിൽ അർബുദത്തിന‌് കാരണമാകും


പ്രധാന വാർത്തകൾ
 Top