20 March Wednesday

കിസാൻ ലോങ് മാർച്ച്: പോരാട്ടത്തിന്റെ നാഴികക്കല്ല്

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ഡോ. അശോക് ധാവ്ളെ

 അത് സത്യത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞ ഒരു പോരാട്ടമായിരുന്നു, സമീപകാലത്തൊന്നും മഹാരാഷ്ട്രയിൽ കാണാതിരുന്ന ഒന്ന്. കർഷകരിലും പൊതുജനങ്ങളിലും അത്  മതിപ്പുണ്ടാക്കി. മഹാരാഷ്ട്രയിലെ മാത്രമല്ല ഇന്ത്യയിലാകമാനമുള്ള ജനങ്ങളുടെയും രാഷ്ട്രീയ പാർടികളുടെയും നിസ്സീമമായ പിന്തുണയും അത് നേടിയെടുത്തു. മാർച്ച് ആറുമുതൽ 12 വരെ ഒരാഴ്ചകൊണ്ട് 200 കിലോമീറ്റർ താണ്ടിയ ലോങ് മാർച്ച്  ദേശീയ‐അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. പത്രങ്ങളിലും ചാനലുകളിലും നവമാധ്യമങ്ങളിലും ലോങ് മാർച്ച് വാർത്തകൾ നിറഞ്ഞു. മാർച്ച് 12ന് ദേശീയതലത്തിൽ ട്രെൻഡിങ്ങിൽ ഒന്നാമത്  കിസാൻലോങ് മാർച്ച് എന്ന ഹാഷ്ടാഗ് ആയിരുന്നു.

ആയിരക്കണക്കിന് കർഷകസ്ത്രീകൾ ഉൾപ്പെടെ 25,000 കർഷകർ സംഘടിതമായി നാസിക്കിൽനിന്ന് ആരംഭിച്ച ലോങ് മാർച്ച് മുംബൈയിൽ സമാപിക്കുമ്പോൾ മാർച്ചിൽ അണിചേർന്ന കർഷകരുടെ എണ്ണം 50,000 കവിഞ്ഞിരുന്നു. കിസാൻസഭയുടെ ചുവന്ന പതാകകളും ചുവന്ന ബാനറുകളും  കർഷകരുടെ ചുവന്ന തൊപ്പികളും ലോങ്മാർച്ച്  മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിച്ചേർത്ത ചുവന്ന പ്ലക്കാർഡുകളും മാർച്ചിനെ ചെങ്കടലാക്കി മാറ്റി. അഖിലേന്ത്യാ കിസാൻസഭയുടെ മുൻ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും ഏഴാം തവണയും സിപിഐ എം എംഎൽഎയായി  തുടരുകയും ചെയ്യുന്ന ജെ പി ഗാവിത്തിന്റെ പ്രചോദനാത്മകമായ നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട,  നാസിക് ജില്ലയിൽനിന്നുള്ള ആദിവാസി കർഷകത്തൊഴിലാളികളായിരുന്നു മാർച്ചിൽ അണിചേർന്നവരിൽ  വലിയൊരു സംഖ്യ. മറ്റൊരു വലിയ വിഭാഗം എത്തിച്ചേർന്നത് താനെ പാൽഘർ ജില്ലയിൽനിന്നും അഹമ്മദ് നഗർ ജില്ലയിൽനിന്നും. മറ്റു ജില്ലകളിൽനിന്നുള്ളവർ അവസാന രണ്ടു ദിവസങ്ങളോടെ മാർച്ചിൽ അണിചേർന്നു. 

അപലപനീയമായ ബിജെപി ഭരണവഞ്ചന

ബിജെപി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രണ്ടു വർഷമായി തുടരുന്ന കർഷക വഞ്ചനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ലോങ്മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. കാർഷികവായ്പ എഴുതിത്തള്ളുക, വിളകൾക്ക് ആദായകരമായ വില ഉറപ്പാക്കുക, സ്വാമിനാഥൻ കമീഷൻ ശുപാർശകൾ നടപ്പാക്കുക, വനാവകാശ നിയമം കർശനമായി നടപ്പാക്കുക, ക്ഷേത്രഭൂമിയിലും മേച്ചിൽ സ്ഥലങ്ങളിലും കൃഷിക്കാർക്ക് അധികാരം നൽകുക, പാവപ്പെട്ട  കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമുള്ള പെൻഷൻ വർധിപ്പിക്കുക, പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, വിനാശകാരികളായ കീടങ്ങളുടെ ആക്രമണത്തിൽ വിളനാശം  നേരിടുന്നവർക്ക്  പ്രത്യേകിച്ചും പിങ്ക് ബോൾ വേമിന്റെ ആക്രമണം നേരിടുന്ന പരുത്തിക്കർഷകർക്ക്  നഷ്ടപരിഹാരം നൽകുക, ബുള്ളറ്റ് ട്രെയിൻ, സൂപ്പർ ഹൈവേകൾ തുടങ്ങിയ വരേണ്യ‐ആഡംബരപദ്ധതികൾക്ക് കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, നാസിക്, പാൽഘർ ജില്ലകളിലെ ആദിവാസി ഗ്രാമങ്ങളെ ബാധിക്കാത്തരീതിയിലും ഈ ജില്ലകളിലും മറ്റ് വരൾച്ച ബാധിതപ്രദേശങ്ങളിലും വെള്ളം ലഭ്യമാകുന്നരീതിയിൽ റിവർ ലിങ്കിങ് പദ്ധതിയിൽ സമൂലമായ മാറ്റംവരുത്തുകയെന്ന ആവശ്യങ്ങളായിരുന്നു മാർച്ച് പ്രധാനമായും മുന്നോട്ടുവച്ചത്. 

ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം
പോരാട്ടങ്ങളോടുള്ള കർഷകരുടെ വമ്പിച്ച പ്രതികരണം തുറന്നുകാട്ടുന്നത് രണ്ട് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ്. ആദ്യത്തേത്, 1991ൽ കോൺഗ്രസ് സർക്കാർ കാർഷികരംഗത്ത് നടപ്പാക്കിയ നവലിബറൽ നയങ്ങൾ ഏറിയ ആവേശത്തോടെയാണ് പിന്നീട് മാറിമാറിവന്ന കോൺഗ്രസ്, ബിജെപി സർക്കാരുകൾ മുന്നോട്ടുകൊണ്ടുപോയത്. കർഷകരുടെ മരണക്കിടക്കയായി മാറിയ ഈ നയങ്ങൾ നടപ്പാക്കുന്നതിൽ മോഡി സർക്കാർ സുപ്രധാന പങ്കുവഹിക്കുന്നു. 25 നവലിബറൽ വർഷങ്ങൾ നാലുലക്ഷം കർഷകരെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടത് (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ). ഇതിൽ 75,000 കർഷക ആത്മഹത്യകൾ ചെയ്ത മഹാരാഷ്ട്ര കർഷക ശ്മശാനഭൂമിയെന്ന കുപ്രസിദ്ധി നേടി. രണ്ടാമത്തേത്, രാജ്യത്താകമാനവും മഹാരാഷ്ട്രയിലും ആയിരക്കണക്കിന് ആദിവാസി കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവും പട്ടിണിയും കാരണം ഓരോ വർഷവും മരിച്ചുവീഴുന്നത്. ഭൂരഹിതരുടെയും തൊഴിൽരഹിതരുടെയും വർധന, പൊതുവിതരണ സംവിധാനത്തിന്റെയും ആരോഗ്യപരിപാലന സംവിധാനത്തിന്റെയും തകർച്ച തുടങ്ങി വിവിധ ഘടകങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നവലിബറൽ നയങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ച ആഘാതം സംബന്ധിച്ച വിശകലനം മാത്രം മതിയാകില്ല ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ. പക്ഷേ, ഈ രണ്ടു വസ്തുതൾ മതിയാകും മഹാരാഷ്ട്രയിലെ ആഴമേറിയ കാർഷിക പ്രതിസന്ധിയിലേക്കും കർഷകരുടെ ദൈന്യതയിലേക്കും വെളിച്ചംവീശാൻ. 

ലോങ് മാർച്ചിനുള്ള സൂക്ഷ്മമായ തയ്യാറെടുപ്പ്

ആസൂത്രണംമുതൽ ഏറ്റവും ഒടുവിലത്തെ വിശദാംശംവരെ, ലോങ് മാർച്ചിനുള്ള സസൂക്ഷ്മമായ തയ്യാറെടുപ്പുകൾ സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ പരിശ്രമത്തിൽ 2018 ഫെബ്രുവരി 16നു സാംഗ്ലിയിൽ ചേർന്ന അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കൗൺസിലിന്റെ നീണ്ടïകൂടിക്കാഴ്ചയിലെടുത്ത തീരുമാനംമുതൽ  ആരംഭിച്ചു. മാർച്ചിന് കഷ്ടിച്ച് മൂന്നാഴ്ച  മാത്രം  ബാക്കി. ഹോളി ആഘോഷങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമായതിനാലും മാർച്ച് മാസത്തിലുടനീളം നിയമസഭ കൂടുന്നതിനാലും മാർച്ച് ആറ് എന്ന തീയതി തീരുമാനമായി. കർഷകരെ സംഘടിപ്പിക്കുകയെന്നത് തന്നെയായിരുന്നു ഏറ്റവും വലിയ ദൗത്യം. ഗ്രാമങ്ങൾ തോറും നൂറുകണക്കിന് യോഗങ്ങൾ, ആയിരക്കണക്കിന് ലഘുലേഖ വിതരണം, മാർച്ചിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യൽ അങ്ങനെ പലതും സംഘടിപ്പിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 21ന് മുംബൈയിലും മാർച്ച് രണ്ടിന് നാസിക്കിലും വാർത്താസമ്മേളനങ്ങൾ സംഘടിപ്പിച്ചു. 

മാർച്ചിന്റെ സംഘാടനം എങ്ങനെയായിരുന്നുവെന്നാണ് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നത്. മാർച്ചിൽ പങ്കെടുക്കുന്നവർക്കുള്ള അരിയും പരിപ്പും  മുളകും പാചകത്തിനാവശ്യമായ വിറകും കർഷകർ ഗ്രാമങ്ങളിൽനിന്നും ശേഖരിച്ച് ഏതാനും ടെമ്പോ വാനുകളിൽ സൂക്ഷിച്ചു.
ഈ വാഹനങ്ങൾ മാർച്ചിനെ അനുഗമിച്ചു. വളന്റിയർമാർ ഓരോ ദിവസത്തെയും ഭക്ഷണത്തിനും വിശ്രമത്തിനുമായുള്ള നിശ്ചിത സ്ഥലങ്ങളിൽ നേരത്തെ എത്തി മാർച്ചിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കി. വാടകയ്ക്കെടുത്ത വാട്ടർ ടാങ്കുകൾ  നിശ്ചിത സ്ഥലങ്ങളിൽ സമരസഖാക്കളെ കാത്തിരുന്നു. കിസാൻസഭയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഡോക്ടർമാരുടെ സംഘം ഒരു ആംബുലൻസിൽ മെഡിക്കൽ റെപ്രസന്റേറ്റീവ്സ് യൂണിയൻ (സിഐടിയു) ശേഖരിച്ച മരുന്നുകളുമായി മാർച്ചിനെ അനുഗമിച്ചു. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ഭാരവാഹികളും നാസിക് ജില്ലാ ഭാരവാഹികളും ഭക്ഷണത്തിനും രാത്രി വിശ്രമത്തിനുമുള്ള  ഇടങ്ങൾ തീരുമാനിക്കുന്നതിനായി നാസിക്കിൽനിന്ന് മുംബൈയിലേക്കും തിരിച്ചും മൂന്നു തവണ പരിശോധനാ യാത്ര നടത്തി. 

മാർച്ചിൽ അണിചേർന്നവർ ശരാശരി 30 മുതൽ 35 കിലോമീറ്റർ വരെ പൊള്ളുന്ന സൂര്യന് കീഴിൽ ഓരോ ദിവസവും നടന്നു. ആറാംനാൾ ഇത് 43 കിലോമീറ്റർ നീണ്ടു. കിസാൻസഭാ നേതാക്കൾ മുഴുനീളം അവിശ്രമം മാർച്ചിെന നയിച്ചു. വേനലിൽ എരിയുന്ന സൂര്യന് കീഴിൽ ഏഴു ദിവസം ദൃഢനിശ്ചയത്തോടെ ഓരോ ദിവസവും 30ലധികം കിലോമീറ്റർ നടന്നു പ്രത്യേക സല്യൂട്ട് അർഹിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള  ഭൂരഹിതരായ നഷ്ടപ്പെടാനൊന്നുമില്ലാത്ത ജനവിഭാഗം. അതിൽ ചെരുപ്പുപോലുമില്ലാതെ പൊള്ളുന്ന ടാറിട്ട റോഡിൽ ചോരയൊലിക്കുന്ന കാലുകളുമായി  മുന്നോട്ടു കുതിച്ച ആയിരങ്ങൾ വിപുലമായ പൊതുജന പിന്തുണ നേടിയെടുത്തു. ബിജെപി സർക്കാരുകൾക്കെതിരെ വൻജനരോഷമാണ് അത് അഴിച്ചുവിട്ടത്.

വിപുലമായ ജനപിന്തുണ 
ഇതിന്റെയെല്ലാം പ്രതികരണങ്ങൾ തൊഴിലാളികളിൽനിന്നും മധ്യവർഗത്തിൽനിന്നും ഹിന്ദു‐മുസ്ലിം‐സിഖ്‐ദളിത് തുടങ്ങി മുംബൈയിലെയും താനെ സിറ്റിയിലെയും വിവിധ സാമൂഹ്യ സാമ്പത്തിക വിഭാഗങ്ങളിൽനിന്നുമുണ്ടായി. ലോങ്മാർച്ചിനെ വെറും കൈയോടെയല്ല  ജനങ്ങൾ സ്വീകരിച്ചത്്. വെള്ളം, സർബത്ത്, ബിസ്കറ്റ്, മറ്റ് ഭക്ഷണസാധനങ്ങൾ, എന്തിന് പുതിയ ജോഡി ചെരിപ്പുകൾ പോലും വിതരണംചെയ്താണ് രണ്ടു പട്ടണങ്ങളിലെയും ജനങ്ങൾ മാർച്ചിനെ സ്വീകരിച്ചത്. ഏറ്റവും വലുതും സ്വാഭാവികമായും ലഭിച്ച സ്വീകരണം മുംബൈ ഘാട്കോപാറിലെ ദളിത് പ്രദേശമായ  മാതാ രാമഭായ് അംബേദ്കർ നഗറിൽ ആയിരുന്നു. മുംബൈയിലെ ഡബ്ബാവാലകളും സ്വീകരണത്തിൽ കഴിയുംവിധം പങ്ക് നിർവഹിച്ചു. പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടിയുടെ (പിഡബ്ല്യുപി) നേതൃത്വത്തിൽ റായ്ഗഡ് ജില്ലയിലെ കർഷകർ 1.5 ഭക്ഷണപാക്കറ്റും ഉണക്കമീനും അവസാനദിവസം ആസാദ് മൈതാനിയിൽ എത്തിച്ചു. മുംബൈ, താനെ, പൽഘർ ജില്ലയിലെയും സിഐടിയു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ വിപുലമായ ക്യാമ്പയിനുകളാണ് ഏറ്റെടുത്തതെങ്കിലും മാർച്ചിന് ലഭിച്ച പ്രതികരണം അതിലേറെയാണ്.

സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി ലോങ് മാർച്ചിന് പൂർണപിന്തുണ നൽകി. പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടിയും (പിഡബ്ല്യുപി) ആദ്യന്തം സഹകരിച്ചു.
സിപിഐ നേതൃത്വം മാർച്ചിന്റെ ആരംഭത്തിൽ തന്നെ നാസിക്കിലെത്തി  കർഷകരെ അഭിവാദ്യംചെയ്തു. കോൺഗ്രസ്, എൻസിപി, സമാജ്വാദി, റിപ്പബ്ലിക്കൻ, എഎപി, എംഎൻഎസ്, സംസ്ഥാന സർക്കാരിന്റെ സഖ്യകക്ഷിയായ ശിവസേന തുടങ്ങി ബിജെപി ഒഴികെയുള്ള പാർടികൾ ലോങ് മാർച്ചിനോട് ഐക്യദാർഢ്യപ്പെട്ടു. അവരുടെ ഉന്നതനേതാക്കൾ പലരും മാർച്ചിനൊപ്പം അണിചേർന്നു. ചിലർ രാത്രി വിശ്രമകേന്ദ്രങ്ങളിലും ആസാദ് മൈതാനിയിലും കർഷകരെ അഭിവാദ്യംചെയ്തു. ജനങ്ങളിൽനിന്നും  മാധ്യമങ്ങളിൽ നിന്നുമുണ്ടായ മികച്ച പ്രതികരണമാണ് രാഷ്ട്രീയരംഗത്തെ അഭൂതപൂർവമായ പിന്തുണയ്ക്ക് കാരണമായത്.

(വൈകാരികവും മനുഷ്യത്വപരവുമായ തീരുമാനം‐ അടുത്ത ലക്കത്തിൽ)

പ്രധാന വാർത്തകൾ
 Top