20 June Thursday

സ്വയം പരിഹാസ്യനായി മോഡി

മുരളീധരൻUpdated: Thursday Mar 14, 2019


ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിലെ തിരക്കുപിടിച്ച  റോഡിൽ നിർത്തിയിട്ട ഒരു കാറിൽ ഒരു മോട്ടോർ സൈക്കിൾ  വന്നിടിക്കുന്നു. ദേഷ്യം വന്ന ഡ്രൈവർ അലറിച്ചോദിക്കുന്നു: അന്ധാ ഹേ ക്യാ? (കണ്ണുപൊട്ടനാണോ താൻ?). അയാളുടെ വാക് പ്രയോഗം ആരെയും അലോസരപ്പെടുത്തുന്നില്ല. ഒരു സമൂഹമെന്ന നിലയിൽ ഭ്രാന്തൻ, പൊട്ടൻ, കുരുടൻ, ഞൊണ്ടി, എന്നൊക്കെയുള്ള അപകീർത്തികരമായ വാക്കുകൾ നിത്യേന കേട്ട് പരുവപ്പെട്ടു പോയവരാണ് നമ്മൾ.

ഇതിനെതിരെ നിയമമുണ്ട് എന്നതൊന്നും  അത്പ്രയോഗിക്കുന്നതിന് തടസ്സമാകുന്നേയില്ല; പ്രധാനമന്ത്രിക്ക‌ുപോലും. നിയമത്തിനും സാമാന്യ മര്യാദയ‌്ക്കും മേലെയായി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണല്ലോ അദ്ദേഹത്തിന്റെ രീതി. മൂലരേഖയിൽ ഊന്നിനിന്ന് പറയുന്ന പതിവ് രീതിക്കുപകരം, അതിന്റെ പരിരക്ഷയില്ലാതെ ഐഐടി വിദ്യാർഥികളുടെ സ‌്മാർട്ട‌് ഇന്ത്യ ഹാക്കത്തണിൽ സംസാരിച്ചപ്പോൾ സൂക്ഷ‌്മബോധം ഒട്ടുമില്ലാത്ത ഒരാളാണദ്ദേഹം എന്ന കാര്യമാണ് വെളിപ്പെട്ടത്. ഡിസ്‌ലെക‌്സിയ (പദാന്ധത) ബാധിച്ച കുട്ടികൾക്കായി തങ്ങൾ തയ്യാറാക്കിയ ഒരു ആപ‌് പരിചയപ്പെടുത്താനായി അത്യുത്സാഹികളായ ഐഐടി വിദ്യാർഥികൾ അദ്ദേഹത്തോട് പറഞ്ഞു. കുസൃതിച്ചിരിയോടെ അതിൽ ഇടപെട്ടുകൊണ്ട് അദ്ദേഹം വിദ്യാർഥിനിയോട് ചോദിച്ചത്, ആ ആപ് കൊണ്ട് 40–-50 വയസ്സുള്ള ഒരാൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നാണ്. തന്റെ വഞ്ചനാപരമായ തമാശ ആളുകളിലേക്കെത്താനായി മുഖത്ത് ഒരു ചുളിവുമായി അദ്ദേഹം ഒരു മിനിറ്റ് നിർത്തി. എന്നിട്ട് പറഞ്ഞത്, അതുകൊണ്ട് ഗുണമുണ്ടാകുമെങ്കിൽ അങ്ങനെയുള്ള കുട്ടികളുടെ അമ്മമാർ വളരെ സന്തുഷ്ടരാകും എന്നാണ്. അദ്ദേഹം ഉന്നംവച്ചത് ആരെയാണെന്ന കാര്യം വളരെ വ്യക്തമായിരുന്നു.

അത് തെറ്റായി തൊടുക്കപ്പെട്ട ഒരു സർജിക്കൽ സ്ട്രൈക്കായിരുന്നു. മിസൈൽ  തെറ്റായി പതിച്ചു. വ്യാപകമായ രോഷമാണ് ഉയർന്നത്. ഈ വർത്തമാനം വഴി മോഡി ചെയ‌്തത‌് ഡിസ്‌ലെക‌്സിയാ ബാധിതർ ബുദ്ധി കുറഞ്ഞവരാണെന്ന നടപ്പുധാരണ ഉറപ്പിക്കുകയാണ്.

വൈകല്യങ്ങളുള്ള മനുഷ്യർ കഴിവുകെട്ടവരോ വില കുറഞ്ഞവരാേ ആണെന്ന ആശയം അദ്ദേഹം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ദൗർഭാഗ്യവശാൽ ആ വീഡിയോയുടെ ബാക്കിഭാഗം നമുക്ക് ലഭ്യമാകാതെ പോയതുകൊണ്ട്, ആ വിദ്യാർഥിനി ഉദ്ദേശിച്ച മട്ടിൽ ആ ആപ് പ്രവർത്തിപ്പിച്ചുകാട്ടാൻ അവർക്ക് അവസരം ലഭിച്ചോ എന്നറിയാൻ നമുക്ക് കഴിയാതെ പോയി.

ഡിസ‌്‌ലെക‌്സിയ എന്നാൽ എന്താണെന്ന്  വിശദീകരിക്കാൻ കൂടി ശ്രമിച്ച ആ വിദ്യാർഥിനിക്ക് മോഡി ഒന്ന് ചെവി കൊടുത്തിരുന്നെങ്കിൽ! പക്ഷേ അദ്ദേഹത്തിന് അതിന്റെ ക്ഷമയോ വിവേകമോ ഉണ്ടായിരുന്നില്ല. തന്റെ എതിരാളികളെ അവഹേളിക്കാനും  തകർക്കാനും ആ അവസരത്തെയും പതിവുപോലെ രാഷ്ട്രീയവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതുവഴി അദ്ദേഹം വളരെ താണനിലയിലേക്ക് പതിക്കുകയാണ്. 2014ൽ പ്രധാനമന്ത്രി പദവിയിൽ കണ്ണുനട്ട മോഡി ജംഷെഡ്പൂരിലും ചെന്നൈയിലും മറ്റു പ്രദേശങ്ങളിലും നടന്ന പൊതുയോഗങ്ങളിൽ കോൺഗ്രസിനെ ഞൊണ്ടികൾ, കുരുടന്മാർ, പൊട്ടന്മാർ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. അംഗ പരിമിതർക്ക് "ദിവ്യാംഗർ ’ എന്ന പുതിയ പേരു നൽകിയതുകൊണ്ടൊന്നും ഒട്ടും മാറിയിട്ടില്ല അയാളുടെ മനോനില എന്ന് വ്യക്തമാകുകയാണ്. ഇക്കാര്യത്തിൽ മോഡി ഒറ്റയ‌്ക്കല്ല എന്നതിൽ അദ്ദേഹത്തിന് ആശ്വാസം കൊള്ളാം.

പ്രധാനമന്ത്രിയുടേതുപോലുള്ള പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങനെ തരംതാഴാമോ എന്ന കാര്യം മോഡിക്ക് വിട്ടുകൊടുക്കാം. പക്ഷേ,  ഭിന്നശേഷിക്കാർ വഴിമുടക്കികളാണെന്ന് കരുതുകയും ഭിന്നശേഷിയുമായി ബന്ധപ്പെട്ട വാർപ്പ് ചിന്തകൾ  ഉറപ്പിക്കുകയും ചെയ്യുന്ന കാര്യം അമർത്തിപ്പറയേണ്ടതുണ്ട്.

എന്താണ‌് ഈ ഡിസ‌്‌ലെക‌്സിയ
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാറാണ‌് ഡിസ‌്‌ലെക‌്സിയ. പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതിൽ. ഉദാഹരണം –- വാക്കുകളിലെ അക്ഷരങ്ങൾ  തിരിച്ചറിയുക , വാക്കുകൾ ഉച്ചരിക്കുക, വാക്കുകളുടെ അർത്ഥം മനസിലാക്കിയെടുക്കുക, വാക്കുകൾ കൂട്ടി ചേർത്ത‌് പറയുക, മനസിലാക്കിയ കാര്യങ്ങൾ എഴുതി പിടിപ്പിക്കുക, കണക്ക‌്, സംഖ്യകൾ ഇവ കൈകാര്യം ചെയ്യുക തുടങ്ങിയ മേഖലകളിലും ഈ കുട്ടികൾക്ക‌് ബുദ്ധിമുട്ടുണ്ടാകും. 

എന്നിരുന്നാലും ഈ കുട്ടികൾക്ക‌്  സാധാരണ കുട്ടികളുടെ പോലുള്ള ബുദ്ധിശക്തിയും കാഴ്ചയും ഉണ്ടാകും. കൃത്യമായ പ്രത്യേക വിദ്യാഭ്യാസവും പഠന പരിശീലനവും നൽകിയാൽ ഇവർക്ക‌് പരീക്ഷകൾ പാസാക്കാനും സാധിക്കും. പക്ഷെ ഈ കുഞ്ഞുങ്ങൾക്ക‌് ഒപ്പമുള്ളവർ നൽകുന്ന കരുതലും വൈകാരിക പിന്തുണയും സഹായവും  വളരെ നിർണായകമാണ‌്.
ഗ്രീക്ക്‌ ഭാഷയിൽ ബുദ്ധിമുട്ട്‌ എന്ന അർത്ഥമുള്ള ‘ഡിസ്‌’ എന്ന വാക്കും വായിക്കുക എന്ന അർത്ഥമുള്ള ‘ലെക്‌സിസ്‌’ എന്ന വാക്കും  കൂട്ടിേച്ചർത്താണ്‌ ഡിസ്‌ലെക്‌സിയ എന്ന വാക്കുണ്ടാക്കുന്നത്‌. ഏതൊരു പോരായ്‌മ ഉള്ളവർക്കും മറ്റു ചില കാര്യങ്ങളിൽ അസാമാന്യ ശക്തിവിശേഷങ്ങൾ ഉണ്ടായിരിക്കും. തന്റെ ദൗർബല്യങ്ങളെ  ഓർത്ത്‌ പരിതപിക്കാതെ കരുത്തുകളിൽ ഊന്നി പ്രവർത്തിക്കുന്നവർ ജീവിതത്തിൽ വിജയിക്കും.

ആൽബർട്ട്‌ ഐൻസ്‌റ്റീൻ, നിക്കോളാ ടെസ്‌ല, തോമസ്‌ ആൽവാ എഡിസൺ, മൈക്കൽ ഫാരഡേ തുടങ്ങിയ ശാസ്‌ത്ര ലോകത്ത്‌ വിസ്‌മയങ്ങൾ സൃഷ്‌ടിച്ച നിരവധി പ്രതിഭകൾ ചെറുപ്പത്തിൽ പഠനവൈകല്യമുണ്ടായിരുന്നവരാണ്‌. ചലച്ചിത്ര രംഗത്ത്‌ വിജയം വരിച്ച സ്‌റ്റീഫൻ സ്‌പിൽബർഗ്‌, ടോം ക്രൂയിസ്‌, കെനു റീവ്‌സ്‌, റോബിൻ വില്യംസ്‌, വൂപ്പി ഗോൾബാർഗ്‌ എന്നിങ്ങനെ ഒട്ടേറെ പേർ ഡിസ്‌ലെക്‌സിയ ഉള്ളവരായിരുന്നു.

(ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ദേശീയവേദിയുടെ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ എൻപിആർഡി)
 


പ്രധാന വാർത്തകൾ
 Top