23 January Thursday

പലവിധ യുദ്ധങ്ങൾ

രാവുണ്ണിUpdated: Wednesday Aug 14, 2019

             
ആറ്റംബോബ് എറിഞ്ഞാലും മരിക്കാത്ത മനുഷ്യരെ നുണ ബോബുകൊണ്ട് നശിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച യുദ്ധ തന്ത്രശാലികൾ  ചരിത്രത്തിലുണ്ട്. മഴപ്രളയത്തിലും മുങ്ങിപ്പോകാത്ത ജനതയെ നുണപ്രളയത്തിൽ മുക്കിക്കൊല്ലാമെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. നിരന്തരം നുണകൾ ഉൽപ്പാദിപ്പിച്ചുവിടുന്ന ഫാക്ടറികൾ വിപുലമായ യുദ്ധാസക്തിയോടെ കാവിക്കുഴലിലൂടെ പുക പരത്തി പ്രവർത്തനനിരതമാണ്. ഈനാംപേച്ചിയും തന്നാലായത് എന്ന മട്ടിൽ മൂവർണക്കുഴലിലൂടെയും വിഷപ്പുക വമിപ്പിക്കുന്നുണ്ട്. നുണയേക്കാൾ വലിയ സത്യമില്ല എന്നാണ് ആധുനിക സത്യശീലന്മാരുടെ മതം.

പെട്ടെന്ന്‌ കനത്ത പ്രളയംകണ്ട് കേരളം പകച്ചുനിന്നില്ല. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും തുടങ്ങിയ രക്ഷാപ്രവർത്തനം ക്രമേണ സംഘടിതമായി. മനുഷ്യസാധ്യമായ എല്ലാം ചെയ്‌തുകൊണ്ട് മനുഷ്യത്വം  എന്തെന്ന് കാണിച്ചുകൊടുക്കുകയാണ് കേരളം.

അപ്പോഴാണ് നുണപ്പുകക്കുഴലുകൾ സജീവമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഫണ്ട് വകമാറ്റുന്നു, അതിനാൽ ചില്ലിക്കാശ് കൊടുക്കരുത് , ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ചെല്ലരുത്, കലക്‌ഷൻ സെന്ററുകളെ സഹായിക്കരുത് എന്നിങ്ങനെ നവമാധ്യമങ്ങളിൽ വിഷം തുപ്പൽ. കഴിഞ്ഞ പ്രളയത്തിന്റെ ഫോട്ടോകൾ എടുത്തിട്ട് പരിഭ്രാന്തി പരത്തുന്ന കക്ഷികളുമുണ്ട്.

അവർക്ക് സ്ഥലം തെറ്റിപ്പോയതാണ്. ഗുജറാത്തോ യുപിയോ അല്ല, ഇത് കേരളമാണ്. നുണ കൊണ്ടുവന്നിട്ടാൽ ഇവിടത്തെ അടുപ്പത്ത് അത്ര വേഗം വേവില്ല.
ആകാശത്തുനിന്ന് കർണാടകപ്രളയം കൺകുളിരെ കണ്ട് സംതൃപ്തിയോടെ  മടങ്ങിപ്പോയ കേന്ദ്രൻ കേരളത്തെ ഉപേക്ഷിച്ചു തള്ളിയല്ലോ. അദ്ദേഹത്തിന്റെ കൈയിൽ ഇപ്പോഴുള്ള ഭൂപടത്തിൽ കേരളത്തെ കാണുന്നില്ലത്രെ. അതൊന്നു കിട്ടിയിരുന്നെങ്കിൽ പതിനാലായി മുറിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കാമായിരുന്നു.

ഭൂപടപ്രശ്നം മാത്രമാകണമെന്നില്ല. ഒരൂട്ടം മറവിരോഗം ഇപ്പോൾ പ്രസിദ്ധി നേടിയിട്ടുണ്ടല്ലോ... ചില കാര്യങ്ങൾമാത്രം മറക്കുക, ചിലരെ മാത്രം മറക്കുക, നഷ്ടം വരുത്തുന്നതും കഷ്ടം വരുത്തുന്നതുംമാത്രം മറക്കുക ഇത്യാദിയാകുന്നു ലക്ഷണങ്ങൾ. റിട്രോഗ്രേഡ് അംനീഷ്യ എന്നതാകുന്നു ഈ മഹത്തായ രോഗത്തിന്റെ നാമധേയം. നിലയും വിലയുമൊന്നുമില്ലാത്ത സാദാ പരിഷകൾക്കൊന്നും ഈ രോഗം വരില്ല . ഐഎഎസ് നിലവാരത്തിലാണ് ഇപ്പോൾ കേരളത്തിൽ നടപ്പ്. സിവിൽ സർവീസ് വഴി കേന്ദ്രനും ലഭിച്ചുകാണും ഈ സ്റ്റൈലൻ രോഗം. അല്ലാതെങ്ങനെ കേരളത്തെ മറന്നുപോവുമെടേയ്?

ഒരു മഹാപ്രളയം വന്നുകിട്ടാനാണ് ഇപ്പോഴത്തെ സംയുക്ത പ്രാർഥനയും സംഘഗാനവും. പ്രളയം വന്നാൽ കേരളം മുങ്ങും.സർക്കാർ മുങ്ങും. ചെങ്കൊടി മുങ്ങും. എന്തെന്തു സുന്ദര സ്വപ്‌നങ്ങൾ!

അങ്ങനെ പായസമൊരുക്കി കാത്തിരിക്കുമ്പോഴാണ് സർക്കാർ രംഗത്തിറങ്ങുന്നത്. ദുരന്തമുഖങ്ങളിലേക്ക് രാപകലില്ലാതെ ജനങ്ങൾ ഓടിയെത്തുന്നത്. ദുരിതാശ്വാസ  ക്യാമ്പുകൾ തുറക്കുന്നത്. മത്സ്യത്തൊഴിലാളികൾ തോണികളുമായി പ്രളയജലത്തിലേക്ക് പാഞ്ഞുചെല്ലുന്നത്. കേരളം അതിജീവിക്കുകയാണ് എന്ന നില വരുന്നത്.

കലക്‌ഷൻ സെന്ററുകൾക്കെതിരായിട്ടായിരുന്നു ഏറ്റവും വലിയ പ്രചാരണം; ഒന്നും കൊടുത്തുസഹായിക്കരുതെന്ന്. സെന്ററുകൾ തുറക്കുമ്പോൾ ആളുകൾ കുറവ് ! നുണ ഫാക്ടറികൾ ഉഷാറായി.

ആഹാ എന്തൊരാനന്ദം. ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോൾ കിട്ടിയതിനേക്കാൾ വലിയ ഉന്മാദം. ആനന്ദവും ഉന്മാദവുമൊന്നും അധികം നീണ്ടുനിന്നില്ല. ഉച്ചയോടെ ജനങ്ങൾ സഹായഹസ്‌തങ്ങളുമായി ഓടിവന്നു. നീട്ടിപ്പിടച്ച കൈകളുമായി യുവാക്കൾ വന്നു. ഒരു ജീവനെങ്കിൽ ഒരു ജീവൻ രക്ഷിക്കാനുള്ള മഹാ പ്രയത്നങ്ങൾ.

തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസത്തിലേക്ക് നൽകിയ കൊച്ചി ബ്രോഡ് വേയിലെ നൗഷാദിനെ പോലുള്ളവരാണ്‌ ഇന്ന് കേരളത്തിന്റെ പ്രതീകം. സ്നേഹോദാരതയുള്ള കേരളത്തിന്റെ; മനുഷ്യപ്പറ്റുള്ള കേരളത്തിന്റെ. അസ്‌തമിക്കാത്ത വെളിച്ചമുള്ള കേരളത്തിന്റെ.

ഇതും ഒരു യുദ്ധമാണ്. ജീവനുവേണ്ടിയുള്ള യുദ്ധം. ഇച്ഛാശക്തി കൊണ്ടും കർമശേഷികൊണ്ടും പ്രളയത്തെ അതിജീവിക്കുന്ന ജനതയുടെ നിലനിൽപ്പിന്റെ യുദ്ധം. നിശ്ചയദാർഢ്യത്തോടെ കേരളം പ്രകൃതിദുരന്തത്തെ മറികടക്കുകയാണ്.


പ്രധാന വാർത്തകൾ
 Top