09 December Monday

നെല്ലും സ്വാതന്ത്ര്യവും

പയ്യന്നൂർ കുഞ്ഞിരാമൻUpdated: Friday Apr 13, 2018

കർഷകസംഘവും കമ്യൂണിസ്റ്റ് പാർടിയും നടത്തിയ പോരാട്ടങ്ങളും ചെറുത്തുനിൽപ്പുകളും കേരളചരിത്രത്തിൽ ആവേശം പകരുന്ന ഏടുകളാണ്. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കാൽനടപോയും കാവലിരുന്നും നമ്മുടെ പൂർവികർ ജനതയെ നയിച്ചത് സ്വാതന്ത്ര്യസമരത്തിലേക്കായിരുന്നു. വിത്തവും വിദ്യയും ഇല്ലെങ്കിലും അടിമത്തവും ചൂഷണവും ചെറുക്കപ്പെടേണ്ടതാണെന്ന ബോധം ജനങ്ങളിൽ വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിൽ പിടിമുറുക്കിയത്. അവർ പ്രത്യേക റവന്യൂനിയമവും ഭൂവ്യവസ്ഥയും നടപ്പാക്കി. വാരവും പാട്ടവും കൊടുത്ത് കർഷകർ ദുരിതമനുഭവിക്കുന്ന തരത്തിലേക്ക് ഈ നിയമങ്ങൾ നയിച്ചു. സ്വാതന്ത്ര്യം എന്നാൽ എന്തെന്ന ചോദ്യം അക്കാലത്ത് ഉയർന്നു. സ്വാതന്ത്ര്യമെന്നാൽ നെല്ലും ചോറും വീടും വസ്ത്രവുമാണെന്ന് ബോധ്യപ്പെടുത്തിയത് എ കെ ജിയാണ്. സ്വാതന്ത്ര്യം ചോറാകണമെങ്കിൽ പട്ടിണി മാറണം. പണിയെടുക്കുന്ന നിലം കർഷകന് സ്വന്തമാകണം. ഒരു കുടിൽ തന്റേതാകണം. അനാവശ്യനികുതികൾ അക്രമപിരിവുകളും എടുത്തുകളയണം. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം മലബാറിലാകെ ഉയർന്നപ്പോൾ നെല്ല് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള നാടുവാഴികളുടെ കാലടിയിൽപ്പെട്ട് മണ്ണിന്റെ മക്കൾ തേങ്ങി. കാലാകാലമായി മണ്ണിനോട് പടവെട്ടി കഴിഞ്ഞുകൂടിയവരാണ് കർഷകർ. അവർക്ക് പണിമുണ്ടും കൈക്കോട്ടുംമാത്രമായിരുന്നു കൈമുതൽ. വിശപ്പായിരുന്നു കടുത്ത വികാരം. പട്ടിണിയും പകർച്ചവ്യാധിയും പെരുകിയപ്പോൾ ജനം പരിഹാരംതേടി ഇറങ്ങി. നെല്ല് കൊയ്യാനും അരി ഉണ്ണാനും ആർക്കാണ് അവകാശം എന്ന്  ജനം ചോദിച്ചു.  പോരാടുന്ന ജനങ്ങളെ പൊലീസ് അതിക്രൂരമായി വേട്ടയാടി.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച കാലം. ഒരുനേരത്ത് വിശപ്പടക്കാൻ ജനം പരക്കംപാഞ്ഞു. യുദ്ധവിരുദ്ധ പ്രക്ഷോഭം നാടാകെ പടർന്നു. കർഷകസംഘം വിലക്കയറ്റവിരുദ്ധദിനം ആചരിച്ചു. പട്ടിണിക്കാർക്കും ഒരുപിടി നെല്ല് എന്നതായിരുന്നു മുദ്രാവാക്യം. 1948ൽ മലബാറിന്റെ വടക്കൻ പ്രദേശങ്ങളിലാകെ തീക്ഷ്ണമായ പോരാട്ടങ്ങൾ ഉയർന്നുവന്നു. ഇത്തിരി കഞ്ഞിവെള്ളത്തിനായി വാവിട്ടുകരയുന്ന പിഞ്ചോമനകളുടെ ദീനവിലാപം കേട്ടുകൊണ്ട് കൈയും കെട്ടിയിരിക്കാൻ നേതാക്കൾക്കായില്ല.  ആരോഗ്യപൂർണമായ ഒരു നാടിന്റെ  വളർച്ചയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുക എന്നത് സാമൂഹ്യദൗത്യമായി അക്കാലത്തുള്ളവർ ഏറ്റടുത്തു. കവിയും പത്രപ്രവർത്തകനുമായ ടി വി കെ പാടി:

    മുതലാളിത്തത്തെ ജന്മിത്തവാഴ്ചയെ‐
    കടപുഴക്കി കടലിലെറിയുവാൻ,
    ധനികനീതിയും കൊള്ളയും മർദന‐
    മുറകളും കൊടും കൊല്ലും കൊലകളും
    സകലതും തൂത്തുവാരുവാൻ പുത്തനാ‐
    മൊരു സമൂഹക്രമം വാർത്തെടുക്കുവാൻ
    തൊഴിലാളിക്കും കൃഷിക്കാരനും നിങ്ങൾ
    വഴികൾ കാട്ടിക്കൊടുത്തു സഖാക്കളേ.....

    രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ ഗ്രാമീണജീവിതം ദുരിതപൂർണമായി. ‘ഭക്ഷ്യക്ഷാമത്താൽ ജനം വലഞ്ഞു.  കർഷകരും തൊഴിലാളികളും ഉണർന്നു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുള്ള സന്നദ്ധസേനയായി കർഷകസംഘവും കമ്യൂണിസ്റ്റ് പാർടിയും. കർഷകരും തൊഴിലാളികളും അധ്യാപകരും നാമമാത്രശമ്പളക്കാരായ സർക്കാർ ജീവനക്കാരും പിരിച്ചുവിടപ്പെട്ട പട്ടാളക്കാരും എല്ലാം ഒത്തുചേർന്ന് മുന്നേറി. മലബാറിലെ അടിയന്തര പ്രശ്മായ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ഒരു വഴിയായിരുന്നു നെല്ല് തടയൽ. ഗ്രാമങ്ങളിൽനിന്ന് നെല്ല് പുറത്തേക്ക് കടത്തിക്കൊണ്ടുപോകാതെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കർഷകസംഘം ആഹ്വാനംചെയ്തു. തരിശ്ഭൂമിയിൽ കൃഷിയിറക്കി. കമ്യൂണിസ്റ്റ് പാർടിയുടെ കൊടിക്കീഴിൽ അണിനിരന്ന ജനത ഗ്രാമങ്ങളിൽ അണപൊട്ടിയൊഴുകി. കർഷകപ്രക്ഷോഭങ്ങളെ അധികാരികൾ കലാപമായി ചിത്രീകരിച്ചു. പൊലീസിനെക്കൊണ്ട് അടിച്ചൊതുക്കാൻ ശ്രമിച്ചു.  സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ തൊഴിലാളികളെയും കൃഷിക്കാരെയും ശക്തിപ്പെടുത്താനും അധ്വാനിക്കുന്ന ജനങ്ങളിലേക്ക് രാഷ്ട്രീയാധികാരം ലഭ്യമാക്കാനുമുള്ള വിപ്ലവപ്രവർത്തനമായിട്ടാണ് അക്കാലത്തെ സമരങ്ങൾ വിലയിരുത്തേണ്ടത്. പി കൃഷ്ണപിള്ളയെപോലുള്ളവരുടെ ബോധമണ്ഡലത്തിൽനിന്ന് രൂപംകൊണ്ട ഒരു ദർശനം ആ സമരങ്ങൾക്കെല്ലാം പിൻബലമായുണ്ടായിരുന്നു. 1948ൽ കമ്യൂണിസ്റ്റ് പാർടിയുടെ കൽക്കത്ത സമ്മേളനം കഴിഞ്ഞതോടെ മലബാറിലെ ഗ്രാമങ്ങളിൽ വിപ്ലവഗ്രൂപ്പുകൾ രൂപംകൊണ്ടു. കാർഷികപ്രശ്നങ്ങളെ ആസ്പദമാക്കി ഗ്രാമീണ കർഷകരെ പ്രവർത്തനോത്സുകരാക്കുന്ന കർമപരിപാടികൾ ആവിഷ്കരിക്കപ്പെട്ടു. കൽക്കത്ത സമ്മേളനം നടന്നത് വിഷുക്കാലത്താണ്. അതുകൊണ്ട് വിഷുവിന് കർഷകരെ പട്ടിണിക്കിടരുത് എന്ന തീരുമാനം പൊതുവെ അംഗീകരിക്കപ്പെട്ടു. എന്നാൽ, കൽക്കത്ത സമ്മേളനത്തെ തുടർന്ന് കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരെ പൊലീസുകാരും ഗുണ്ടകളും വേട്ടയാടി. പ്രവർത്തകരെ തേടി നാടും വീടും അടിച്ചുതകർത്തു. പ്രതികൂല അന്തരീക്ഷത്തെ അതിജീവിച്ചുകൊണ്ട് പാർടി പ്രവർത്തകർ മിച്ചമായ നെല്ല് പിടിച്ചെടുത്ത് പട്ടിണിപ്പാവങ്ങൾക്ക് വിതരണംചെയ്തു. കോറോംമുതൽ തില്ലങ്കേരിവരെ ചരിത്രത്തിലിടം നേടിയത് ബഹുജനമുന്നേറ്റങ്ങളിലൂടെ

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top