20 April Saturday

ലെനിന്റെ പ്രതിമയും മഹാത്മജിയുടെ ജീവനും

അശോകൻ ചരുവിൽUpdated: Tuesday Mar 13, 2018

യുദ്ധത്തിൽ പിടിച്ചെടുത്ത രാജ്യം കൊള്ളയടിക്കുന്ന ഒരു സമ്പ്രദായമുണ്ടല്ലോ. അതുപോലെയാണ് സംഘപരിവാറിന്റെ ബുൾഡോസർസേന ത്രിപുര എന്ന കൊച്ചുസംസ്ഥാനത്തിൽ അഴിഞ്ഞാടിയത്. ഇത് ഒരുമട്ടിൽ 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യയെ ഓർമിപ്പിക്കുന്നു. ചെറിയ വ്യത്യാസങ്ങളുണ്ട്. ഗുജറാത്തിൽ അമ്മയുടെ ഉദരം പിളർന്ന് പുറത്തെടുത്ത കുഞ്ഞിനെ ശൂലത്തിൽ കുത്തി ഉയർത്തിയാണ് വംശാധിപത്യത്തിന്റെ വിജയം ഉദ്ഘോഷിച്ചതെങ്കിൽ, ഇവിടെ ഗർഭിണിയെ ചവിട്ടിക്കൊന്ന് അത് സാധിച്ചു. കൊലവിളിച്ച് തെരുവിലിറങ്ങാൻ ഗുജറാത്തിലെ ജനങ്ങളെത്തന്നെ അവർക്ക് ലഭിച്ചിരുന്നു. ഇവിടെ പുറത്തുനിന്ന് ബൈക്കുകളിൽ വന്ന 'കൊടുങ്കാറ്റ് സേന' അത് നിർവഹിച്ചു. അവിടെ വോട്ടേഴ്സ് ലിസ്റ്റ് വച്ച് മുസ്ലിം പേരുള്ളവരെ തെരഞ്ഞുപിടിച്ചാണ് ചുട്ടെരിച്ചത്. ത്രിപുരയിലും കേരളത്തിലും ന്യൂനപക്ഷങ്ങൾക്കുമുമ്പേ അന്വേഷിച്ചുചെല്ലേണ്ടത് കമ്യൂണിസ്റ്റുകാരെയാണെന്ന് ആർഎസ്എസിന് നന്നായി അറിയാം. എന്തായാലും ഒരു ഹിമാലയൻ ടാസ്കാണ് ത്രിപുരയിൽ സംഘപരിവാർ ഏറ്റെടുത്തിരിക്കുന്നത്. കാരണം ഗുജറാത്തിലെ ഇരകളുടെ ജനസംഖ്യാശതമാനം കേവലം ഒമ്പതായിരുന്നുവെങ്കിൽ ഇവിടെ ത്രിപുരയിൽ അടിച്ചുനിരപ്പാക്കേണ്ടത് എതിർത്ത് വോട്ട് ചെയ്ത 48 ശതമാനം ജനങ്ങളെയാണ്.

1931ലെ കറാച്ചി സെഷൻ കോൺഗ്രസ്മുതൽ ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുനേരെ രാഷ്ട്രീയ ഹിന്ദുത്വം തുടങ്ങിവച്ച കൊലവിളി ഒരു ചരിത്രഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ത്രിപുര. ഹിന്ദു രാഷ്ട്രവാദികളുടെ നരമേധയാത്രയ്ക്കുമുന്നിൽ ഇതിനോടകം തകർക്കപ്പെട്ടത് ഒരു ലെനിന്റെ പ്രതിമമാത്രമല്ല; മഹാത്മാഗാന്ധിയുടെ ജീവൻകൂടിയാണെന്ന് ഓർക്കണം. ദളിതുകളും ന്യൂനപക്ഷങ്ങളും പാർത്തിരുന്ന എത്രയെത്ര ഗ്രാമങ്ങൾ, കോളനികൾ ചുട്ടുചാമ്പലാക്കപ്പെട്ടു. കലബുർഗി തുടങ്ങി എത്രയോ വിലപ്പെട്ട ജീവനുകൾ. ബാബ്റി മസ്ജിദ്പോലെ എത്രയോ ചരിത്രസ്മാരകങ്ങൾ. അതിനപ്പുറത്ത് ലോകത്തിനുമുമ്പാകെ വിവേകാനന്ദൻ ഉദ്ഘോഷിച്ച് സമർഥിച്ച സംവാദാത്മക ബഹുസ്വരതയുടെ ഖ്യാതി. നേരത്തെ മരിച്ചുപോയതുകൊണ്ടുമാത്രം പെരിയോറും അംബേദ്കറും നമ്മുടെ ഗുരുവും രക്ഷപ്പെട്ടു. ഗാന്ധിവധത്തെതുടർന്നുണ്ടായ ശക്തമായ ജനകീയപ്രതിരോധത്തിനുമുന്നിൽ പകച്ച് ആർഎസ്എസിന് ദശാബ്ദങ്ങൾ പത്തിതാഴ്ത്തി കിടക്കേണ്ടിവന്നു എന്നത് വാസ്തവമാണ്. പക്ഷേ, മണ്ഡൽ കമീഷൻ കാലത്ത് സാമൂഹ്യനീതിക്കും സംവരണത്തിനും എതിരായി രാജ്യത്ത് നടന്ന സവർണ വികാരക്ഷോഭത്തിൽനിന്ന് ഊർജം സ്വീകരിച്ച് അത് പുനർജനിച്ചു. ബാബ്റി മസ്ജിദിലൂടെ അത് ജനങ്ങളെ ഭിന്നിപ്പിച്ചു. ഗുജറാത്തിലെ നരനായാട്ടിലൂടെ അത് കോർപറേറ്റ് യജമാനന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കോൺഗ്രസിനേക്കാൾ മികച്ച രീതിയിൽ മൂലധന സാമ്രാജ്യത്വത്തിന്റെ നടത്തിപ്പുപണി ഏറ്റെടുക്കാൻ പ്രാപ്തർ എന്ന നിലയിലാണ് ഇന്ന് അത് അധികാരപീഠത്തിൽ എത്തിയിരിക്കുന്നത്.

ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്താൽ അവിടെ ബിജെപി മുന്നണി നേടിയിരിക്കുന്നത് രാഷ്ട്രീയവിജയമല്ലെന്ന് വ്യക്തമാകും. ശരിക്കും സംസ്ഥാനഭരണം അവർ വിലയ്ക്ക് വാങ്ങുകയായിരുന്നു. നോട്ടുനിരോധനകാലത്ത് കൈയിൽ വന്ന പണമുണ്ടല്ലോ. അതിൽ ഒരുപങ്ക് ചെലവഴിച്ചു. ഒരു കള്ളുഷാപ്പ് റേഞ്ച് എന്നപോലെയാണ് അവിടത്തെ കോൺഗ്രസിനെ ലേലത്തിൽ പിടിച്ചത്. രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പഴയ പേരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാർടി വാസ്തവത്തിൽ എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരവും ത്രിപുര നൽകുന്നു. രാഷ്ട്രീയഹിന്ദുത്വത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെ രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച ചർച്ച നടന്നുവരികയാണല്ലോ. എന്ത് വിശ്വസിച്ചാണ് ആ പാർടിയെ ജനങ്ങൾ ഒരു മതേതരസംഘമായി കണക്കാക്കുക? സംഘപരിവാറിനും അതിനുപിന്നിലെ മൂലധന സാമ്രാജ്യത്വത്തിനുമെതിരെ എന്തു നിലപാടാണ് അവർക്കുള്ളത്? ത്രിപുരയിൽ അരങ്ങേറിയ ജനാധിപത്യധ്വംസനങ്ങൾക്കെതിരെ എന്തു പ്രതികരണമാണ് ആ പാർടി നടത്തിയത്?

കേന്ദ്രഭരണത്തിന്റെ ഒത്താശയോടെ ബിജെപി ത്രിപുരയിലെ പകുതിവരുന്ന ജനതയ്ക്കെതിരെ നായാട്ട് നടത്തുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർ സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യാതെ അർമാദിക്കുകയായിരുന്നു. അവിടെ അവശേഷിച്ച കോൺഗ്രസുകാർ ആക്രമിക്കപ്പെട്ടപ്പോഴും കൊല്ലപ്പെട്ടപ്പോഴും അവരുടെ ആഹ്ലാദപ്രകടനത്തിന് ഭംഗമുണ്ടായില്ല. കോൺഗ്രസിൽ കടന്നുകൂടിയിരിക്കുന്ന ജീർണതകളുടെ ആധിക്യം ഭയാനകമാണ്. കോൺഗ്രസ്കുപ്പായമിട്ട് ആത്മാവിൽ ആർഎസ്എസായി നടക്കുന്ന നേതാക്കൾ. ത്രിപുരയിൽ കുപ്പായമഴിച്ച് ബിജെപിയിൽ ചേക്കേറിയവരെ പിന്തുണച്ചുകൊണ്ടാണ് വി ടി ബൽറാം എന്ന എംഎൽഎ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'അവർ പള്ളികൾ ആക്രമിച്ചിട്ടില്ല' എന്ന് അദ്ദേഹം സർട്ടിഫിക്കറ്റെഴുതുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: 'നാളെ താങ്കൾ ബിജെപിയിൽ ചേരുമ്പോൾ പള്ളികൾ ആക്രമിക്കുകയില്ല എന്ന് വാക്കു തരാമോ.'
ഗുരുവായൂരിൽ സത്യഗ്രഹംചെയ്ത് സവർണ പൗരോഹിത്യത്തിന്റെ പ്രിവിലേജ് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സഖാവ് എ കെ ജിയോട് ജന്മാന്തരപ്രതികാരം സൂക്ഷിക്കുന്ന മാലിന്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്നത്തെ കോൺഗ്രസിൽനിന്ന് എന്തു പ്രതീക്ഷിക്കാനാണ്? ഫ്യൂഡൽ അവശിഷ്ടങ്ങളോട് സന്ധി ചെയ്യുന്ന മുതലാളിത്തനയങ്ങളാണ് നാളെ ആർഎസ്എസിൽ ചേരാനിരിക്കുന്നവരുടെ ഇടത്താവളമായി കോൺഗ്രസിനെ മാറ്റിയത്. ആ പാർടി നയംമാറ്റുമോ എന്നാണ് രാജ്യത്തെ മതേതര വിശ്വാസികൾ കാതോർക്കുന്നത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top