16 August Sunday

ജനപക്ഷ ട്രാൻസ്പോർട്ട്, ജനകീയ വികസനം

വി ശിവൻകുട്ടിUpdated: Wednesday Dec 11, 2019

 
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കെഎസ്ആർടിസി  പ്രതിസന്ധിയെ നേരിടുകയാണ്.  വസ്തുതകൾ ശരിയായി പഠിക്കാതെ ചിലരെങ്കിലും ഇതിന്റെ കാരണക്കാരായി തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും ആക്ഷേപിക്കുന്നത് കാണാം. പൊതുഗതാഗതത്തെ കേവലം ലാഭ‐നഷ്ട കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല വിലയിരുത്തേണ്ടത്, അത് സമൂഹത്തിന് നൽകുന്ന സേവനംകൂടി കണക്കിലെടുക്കണം. ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ, മലയോരപ്രദേശങ്ങൾ ഉൾപ്പെടെ ജനവാസമുള്ള ഏത് സ്ഥലത്തേക്കും ലാഭം നോക്കാതെ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഗതാഗത സൗകര്യം ലഭ്യമാക്കുന്നത് കെഎസ്ആർടിസിയാണ്. അതുകൊണ്ടുതന്നെ കെഎസ്ആർടിസി പൊതുമേഖലയിൽ നിലനിർത്തേണ്ടത് ജനങ്ങളുടെയും നാടിന്റെയും ആവശ്യമാണ്.

സ്വകാര്യ ബസ് സർവീസ്പോലെ ലാഭത്തെമാത്രം മുൻനിർത്തിയല്ല കെഎസ്ആർടിസി  പ്രവർത്തിക്കുന്നത്, സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ നൽകേണ്ട സൗജന്യങ്ങളും  ഇതരസേവനങ്ങളും നൽകുന്നുണ്ട്. സ്വകാര്യവൽക്കരണത്തിനുവേണ്ടി വാദിക്കുന്നവർ അറിയേണ്ടത്,  ദീർഘദൂര ബസ് സർവീസുകൾക്ക്  കെഎസ്ആർടിസി ഈടാക്കുന്ന യാത്രാനിരക്കും യാത്രക്കാർക്ക് നൽകുന്ന സുരക്ഷിതത്വവും സേവനങ്ങളുമാണ്. സ്വകാര്യബസ് സർവീസുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ അന്തരം ബോധ്യപ്പെടും. അടുത്തകാലത്തുണ്ടായ പല സംഭവങ്ങളും നമ്മൾ മറന്നുപോകാൻ  ഇടയില്ല. പൊതുഗതാഗതത്തിന്റെ വളർച്ച നാടിന്റെ വികസനത്തിന് അനിവാര്യമാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനമാണ് നിലവിലുള്ളത്. പലതും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ആവശ്യമായ സഹായം അതത്  സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്.

കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിനനുസരിച്ച് യാത്രക്കൂലി വർധിപ്പിക്കാൻ കഴിയില്ല.  സേവനമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായമെന്ന നിലയിൽ സർക്കാരിന്റെ ധനസഹായം അനിവാര്യമാണ്

പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിന് സർക്കാർ ധനസഹായം നൽകുന്നതിനെ ചിലർ വിമർശിക്കാറുണ്ട്. സർക്കാർ നൽകുന്ന സബ്സിഡി തൊഴിലാളികളെ സഹായിക്കാനാണെന്നാണ് അവർ ഉന്നയിക്കുന്ന ആക്ഷേപം. യഥാർഥത്തിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന ധനസഹായമല്ല. ജനങ്ങൾക്ക് കൊടുക്കുന്ന സേവനത്തിന് പ്രതിഫലമായി സർക്കാർ നൽകുന്ന സഹായമാണിത്.  പൊതുഗതാഗതം അവസാനിച്ചാൽ നിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കും, ഇതുണ്ടാക്കുന്ന ഇന്ധനച്ചെലവും ഗതാഗത തിരക്കും പാർക്കിങ് പ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും  വളരെ വലുതായിരിക്കും.  ഉപയോഗം വർധിക്കുന്നതിന്റെ ഫലമായി ഇന്ധനം വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിന്  ധാരാളം വിദേശനാണയം അവശ്യമായിവരുന്നു.

സ്വകാര്യവൽക്കരണത്തിന്റെ പറുദീസയായ പല രാജ്യങ്ങളിലും അവർ പൊതുഗതാഗത സൗകര്യം നിലനിർത്തിയിരിക്കുന്നു. കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് തൊഴിലാളികളെ കുറ്റപ്പെടുത്തുന്നവർ അറിയേണ്ടത്,  ബസുകളുടെ നടത്തിപ്പു ചെലവ് ഗണ്യമായി വർധിച്ചിരിക്കുന്നു. ഡീസൽ, ഓയിൽ, സ്പെയർ പാർട്സ്, ടയർ വില അടിക്കടി ഉയരുകയാണ്.  ഇൻഷുറൻസ് പ്രീമിയവും നികുതിയും വർധിച്ചിരിക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബസുകളെ ആശ്രയിച്ച് യാത്രചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിനനുസരിച്ച് യാത്രക്കൂലി വർധിപ്പിക്കാൻ കഴിയില്ല.  സേവനമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായമെന്ന നിലയിൽ സർക്കാരിന്റെ ധനസഹായം അനിവാര്യമാണ്.

രണ്ട് സർക്കാർ രണ്ട് നയം
2006ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് കെഎസ്ആർടിസി പ്രതിസന്ധിയിലായിരുന്നു. ഷെഡ്യൂൾ ഓപ്പറേഷൻ ഗണ്യമായി കുറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ ബസ് യാത്രകാരിൽ 13 ശതമാനം ആയിരുന്ന കെഎസ്ആർടിസിയുടെ പങ്കാളിത്തം 27 ശതമാനമാക്കി ഉയർത്താൻ കഴിഞ്ഞു. പുതുതായി 3000 ബസ് നിരത്തിലിറക്കാനും കഴിഞ്ഞു. 2011ൽ വന്ന യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സർവീസുകൾ നിർത്തലാക്കി. കെഎസ്ആർടിസി ഡിപ്പോകളെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയപ്പെടുത്തിയാണ് കോർപറേഷന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയത്.  2013 നവംബർ മുതൽ പെൻഷനും, 2014 മാർച്ചുമുതൽ ശമ്പളവും തുടർച്ചയായി മുടങ്ങി. ഈ കാലയളവിൽ 23 പെൻഷൻകാരാണ് ആത്മഹത്യ ചെയ്തത്.

2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ കെഎസ്ആർടിസിയുടെ കടം 3100 കോടി രൂപയായി വർധിച്ചിരുന്നു. പ്രതിദിനം ലഭിക്കുന്ന 5.4 കോടിരൂപ വരുമാനത്തിൽനിന്ന് മൂന്ന് കോടിരൂപ കടത്തിന്റെ തിരിച്ചടവിനായി വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകേണ്ടിവന്നു. ഏതുനിമിഷവും പ്രവർത്തനം നിലയ്ക്കുമായിരുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കരുതൽ നടപടികളാണ് കഴിഞ്ഞ മൂന്ന് വർഷവും ഇടതുപക്ഷ സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കുറഞ്ഞ പലിശനിരക്കിലുള്ള ദീർഘകാല വായ്പയാക്കിയതുമൂലം കോർപറേഷന്റെ ചെലവിനത്തിൽ പ്രതിമാസം 65 കോടിരൂപ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. ഇതിനുപുറമെ, ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി ഓരോ മാസവും 20 കോടിരൂപ കൺസോർഷ്യം കരാർപ്രകാരം സർക്കാർ നൽകിവരുന്നു. കെഎസ്ആർടിസി  പെൻഷൻകാരുടെ പെൻഷൻ മുടങ്ങാതിരിക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്,  സർക്കാർ നേതൃത്വത്തിൽ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കാനും എല്ലാമാസവും പെൻഷൻ കൃത്യമായി വിതരണം ചെയ്യുമെന്നുറപ്പിക്കാനും കഴിഞ്ഞു.

ഇടതുപക്ഷ സർക്കാർ ഒരുദിവസം കെഎസ്ആർടിസിക്ക് നൽകുന്ന മൊത്തം ധനസഹായം 4.8 കോടി രൂപയാണ്.  എന്നാൽ,  ഇതിനെ തകിടംമറിച്ചത് ഡീസൽ വിലയിലുണ്ടായ വർധനയാണ്

കെഎസ്ആർടിസിയുടെ ഓരോ ദിവസത്തെയും വരവും ചെലവും തമ്മിലുള്ള അന്തരം 4.5 കോടിരൂപയാണ്. ഓരോ ദിവസവും അധികരിച്ചുവരുന്ന 4.5 കോടിരൂപയുടെ ചെലവ് പരിഹരിക്കുന്നതിനാണ് ഇടതുപക്ഷ സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്പയെടുത്തതുമൂലം ഒരുദിവസം മൂന്ന് കോടിരൂപ കടം തിരിച്ചടവുണ്ടായിരുന്നത് 86 ലക്ഷമായി കുറഞ്ഞു. ഇതുമൂലം ഒരു ദിവസം ചെലവിനത്തിൽ 2.14 കോടിരൂപ കുറയ്ക്കാൻ കഴിഞ്ഞു. പെൻഷൻ വിതരണം സഹകരണ ബാങ്കുകൾവഴി സർക്കാർ നടത്തുന്നതിനാൽ ചെലവിനത്തിൽ  രണ്ട് കോടിരൂപയുടെ ആശ്വാസം കെഎസ്ആർടിസിക്ക് ലഭിച്ചു.  ഒരു മാസം 20 കോടിരൂപ സർക്കാർ ധനസഹായം നൽകുന്നതുകൊണ്ട് ദൈനംദിന  ചെലവിൽ 66 ലക്ഷം രൂപയുടെ കുറവുവരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ ഒരുദിവസം കെഎസ്ആർടിസിക്ക് നൽകുന്ന മൊത്തം ധനസഹായം 4.8 കോടി രൂപയാണ്.  എന്നാൽ,  ഇതിനെ തകിടംമറിച്ചത് ഡീസൽ വിലയിലുണ്ടായ വർധനയാണ്.  കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾമൂലം ഡീസലിന്റെ വില അനുദിനം വർധിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 16 രൂപയുടെ വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്. ഇന്ധനവിലയുടെ  വർധനമൂലം കോർപറേഷനുണ്ടായ അധികബാധ്യത 20 കോടി രൂപയിലധികമാണ്.

വസ്തുതകൾ ഇതായിരിക്കെ നിലവിലുള്ള സാഹചര്യത്തിൽ  കെഎസ്ആർടിസിയിൽ വരുമാനവർധന ഉണ്ടാകണം. അത് ജീവനക്കാർമാത്രം വിചാരിച്ചാൽ നടക്കുന്ന  കാര്യമല്ല. ബസ് ഓടിക്കാതിരുന്നാൽ വരുമാനവർധന ഉണ്ടാകില്ല. തൊഴിലാളികളെ കുറ്റംപറയുന്നത് അവസാനിപ്പിച്ച് പുതിയ സർവീസുകൾ തുടങ്ങണം. തൊഴിലാളികളുടെ ഡ്യൂട്ടി എങ്ങനെ വെട്ടിക്കുറയ്ക്കണമെന്ന ചിന്താഗതി ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം. പ്രതിസന്ധിയെ മറികടക്കാൻ സർക്കാരിനെക്കൊണ്ട് സാധ്യമായത് ചെയ്യുന്നുണ്ട്. എന്നാൽ,  ഉത്തരവാദിത്തം  നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ കൃത്യമായി തങ്ങളുടെ കടമ നിർവഹിക്കണം. മാനേജ്മെന്റിന്റെ  കാര്യക്ഷമതയില്ലായ്മ  ഒരു സ്ഥാപനത്തെ നാശത്തിലേക്ക്  നയിക്കും. കെഎസ്ആർടിസി  ഇന്ന് നേരിടുന്ന പ്രതിസന്ധി മറികടക്കാനും നാടിന്റെ  പൊതുസ്വത്തായി നിലനിർത്താനും മാനേജ്മെന്റ്  കാര്യക്ഷമമായി പ്രവർത്തിച്ചേ മതിയാകൂ.

(കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റാണ് ലേഖകൻ)
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top