16 November Saturday

കോൺഗ്രസിന്റെ ഭാവി

പി വി തോമസ‌്Updated: Thursday Jul 11, 2019


ഒന്നാം കുടുംബത്തിന്റെ ഭരണത്തിൽനിന്ന്  മുക്തിനേടിയാൽ കോൺഗ്രസ് രക്ഷപ്പെടുമോ? അതോ ഭരണം തുടർന്നാൽ കോൺഗ്രസിന് ഭാവിയുണ്ടോ? കോൺഗ്രസ് ഇന്ന് ചരിത്രപരമായ ഒരു പ്രതിസന്ധിയിലാണ്. അതിദാരുണമായ തെരഞ്ഞെടുപ്പുപരാജയം മാത്രമല്ല അതിനു കാരണം. ലോക്സഭാ തെരഞ്ഞെടുപ്പുപരാജയത്തിനുശേഷം കോൺഗ്രസിന്റെ കഥ ഏതാണ്ട് കഴിഞ്ഞതുപോലെയാണ്, പ്രത്യേകിച്ചും കോൺഗ്രസുകാരുടെ ചിന്തയിലും പ്രവർത്തനത്തിലും. ജനാധിപത്യവാദികൾ വിധിയെ അംഗീകരിച്ചു. വിജയത്തിന്റെ കാരണം എന്തും ആകട്ടെ. പക്ഷേ, കഥാന്ത്യത്തിൽ മോഡി വിജയിച്ചു. രാഹുൽ ഗാന്ധി അത് അംഗീകരിക്കണം. വാതിലടച്ച് മൗനവ്രതത്തിൽ ആമഗ്നനാകുകയല്ല ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം അദ്ദേഹത്തിന്റെ സമരം ബിജെപിയും മോഡിയുമായിട്ടല്ല. കോൺഗ്രസിലെ മുൻനിര നേതൃത്വവുമായിട്ടാണ്. ശരിയാണ്, കോൺഗ്രസിലെ മുൻനിരനേതൃത്വം ഒരുസംഘം അധികാരവ്യാമോഹികളായ, ദല്ലാളുകളായ, കച്ചവടക്കാരായ ആൾക്കാരാണ്. അതുകൊണ്ടാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ഇന്ന് ചരിത്രപരമായ ഒരു പ്രതിസന്ധിയിലാണെന്ന് സൂചിപ്പിച്ചത്.

കോൺഗ്രസ് ഇന്ന് ഏതാണ്ട് മരണാസന്നനായൊരു രോഗിയെപ്പോലെയാണ്. ആ രോഗി അറിയണമെന്നില്ല തന്റെ നില എത്ര ഗുരുതരമാണെന്ന്. മരുന്നിലും തീവ്രപരിചരണത്തിലും വേദനാസംഹാരിയിലും പിന്നെ വെന്റിലേറ്ററിലും രോഗി ദിവസങ്ങൾ തള്ളിനീക്കും

ആദ്യം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപരാജയത്തിലേക്ക് തന്നെ വരാം. അതിനെ രാഹുലും മുതിർന്ന നേതൃനിരയും എങ്ങനെ അഭിമുഖീകരിച്ചതെന്ന് നോക്കാം.
ഒരിക്കൽ ഇന്ത്യ അടക്കിഭരിച്ച പാർടിയാണ് കോൺഗ്രസ്. ദശകങ്ങളോളം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും അതിന്റെ ആധിപത്യം തുടർന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 18 സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റ സീറ്റ് പോലുമില്ല. കേരളവും (15) പഞ്ചാബും (8) തമിഴ്നാടു (8)മാണ് കോൺഗ്രസിന്റെ പ്രധാന വിജയഗാഥ.

കോൺഗ്രസ് ഇന്ന് ഏതാണ്ട് മരണാസന്നനായൊരു രോഗിയെപ്പോലെയാണ്. ആ രോഗി അറിയണമെന്നില്ല തന്റെ നില എത്ര ഗുരുതരമാണെന്ന്. മരുന്നിലും തീവ്രപരിചരണത്തിലും വേദനാസംഹാരിയിലും പിന്നെ വെന്റിലേറ്ററിലും രോഗി ദിവസങ്ങൾ തള്ളിനീക്കും. രോഗിയുടെ മരണം ആഗ്രഹിക്കാത്തവർക്കുപോലും നിസ്സഹായതയോടെ, നിറകണ്ണുകളോടെ അത് നോക്കിനിൽക്കാനേ സാധിക്കൂ. ഇത് ഒരു ചരമക്കുറിപ്പായി എടുക്കരുത്. ഇത് ഒരു വ്യക്തിയുടെ രാഷ്ട്രീയ നിര്യാണം. കൂട്ടത്തോടെയുള്ള ആത്മഹത്യയാണ്.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 52 സീറ്റിന്റെ കഥ പോകട്ടെ. ശരിയാണ് 2014ൽ ലഭിച്ച 44 സീറ്റിനേക്കാൾ എട്ട് സീറ്റ്ക കൂടുതൽ ലഭിച്ചു. പക്ഷേ, ഇപ്പോഴും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് അർഹതയില്ല. അതിന് 55 സീറ്റെങ്കിലും വേണം. അതായത് 545 അംഗങ്ങളുള്ള ലോക്സഭയിൽ 10 ശതമാനം അംഗങ്ങളെങ്കിലും വേണം. 2014ലെ പോലെ ഇപ്രാവശ്യവും അത് ഇല്ല.

രാഹുൽ ഗാന്ധിയുടെ രാജി
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയാണ് മറ്റൊരു പ്രധാന വിഷയം. എന്തുകൊണ്ട് ഒന്നാം കുടുംബത്തിനപ്പുറം ഒരു നേതാവിനെ കോൺഗ്രസ് കണ്ടെത്തുന്നില്ല? എന്തുകൊണ്ട് രാഹുൽ ഗാന്ധി തീരുമാനം പുനഃപരിശോധിക്കുന്നില്ല? കാരണം ഒന്നാം കുടുംബത്തിനപ്പുറം ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് ഇന്ന് ആകുകയില്ല. അതാണ് ആ പാർടിയുടെ പരാജയം. സോണിയ‐രാഹുൽ‐പ്രിയങ്ക ഈ ത്രയത്തിനപ്പുറം ദേശീയതലത്തിൽ വളരാൻ ഒന്നാം കുടുംബം ഒരിക്കലും അനുവദിച്ചിട്ടില്ല. രാഹുൽ രാജി പിൻവലിക്കാത്തതിനു പല കാരണമുണ്ട്. പല വമ്പന്മാരും രാജിവച്ചൊഴിയണമെന്നും തന്റെ പാത പിന്തുടരണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. പക്ഷേ, അത് ബുദ്ധിമുട്ടാണ്. തോൽവിക്കുശേഷം മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കമൽനാഥിനെയും അശോക് ഗെഹ്ലോട്ടിനെയും പി ചിദംബരത്തെയും അദ്ദേഹം പേരെടുത്ത് കുറ്റപ്പെടുത്തിയതാണ്. ഒരുപക്ഷേ, അവരുടെ ചോദ്യം മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ രാഹുലിന് എന്ത് അവകാശം എന്നതായിരിക്കാം. ഇവിടെ കോൺഗ്രസിന്റെ തകർച്ച പൂർത്തിയായില്ലേ?

ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്‐ ഈവർഷം തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. അവിടെ കോൺഗ്രസിന് ഒരു നിലപാടും ഇതുവരെയില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്േ, പുതുച്ചേരി (കേന്ദ്രഭരണപ്രദേശം) എന്നീ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഇപ്പോൾ ഭരിക്കുന്നത്. കർണാടകത്തിൽ ജെഡിഎസിനൊപ്പമാണ് ഭരണം. ഇതിൽ കർണാടകത്തിന്റെയും മധ്യപ്രദേശിന്റെയും ഭരണഭാവി പ്രവചനാതീതമാണ്. നിയമസഭാ സാമാജികർ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ്. കാരണം കോൺഗ്രസ് ഇന്ന് നാഥനില്ലാക്കളരിയാണ്. തെരഞ്ഞെടുപ്പുപരാജയത്തിലും നേതൃഅഭാവത്തിലും അത് അടിപതറിനിൽക്കുകയാണ്.

എന്താണ് കോൺഗ്രസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അല്ലെങ്കിൽ ഇനി സംഭവിക്കാൻ പോകുന്നത്? കോൺഗ്രസ് അക്ഷരാർഥത്തിൽ ദേശീയ രാഷ്ട്രീയത്തിൽനിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയല്ലേ? സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത അല്ലെങ്കിൽ അതിനെ തുരങ്കംവച്ച ശക്തികൾ അല്ലേ ഇന്നത്തെ വീരനായകന്മാർ? രാഷ്ട്രപിതാവിനെ വധിച്ചവരെ പൂജിക്കുന്നവർ എങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ നായകന്മാരായി? പ്രഗ്യാസിങ് ഠാക്കൂർ എങ്ങനെ ഭോപാലിൽനിന്നു ജയിച്ചു? കോൺഗ്രസ് കുടുംബവാഴ്ച പാർടിയെയും ജനാധിപത്യത്തെയും പ്രതിപക്ഷത്തെയും നശിപ്പിച്ചു. അത് ഭരണം മഹാത്മജിയുടെ ഘാതകന്മാർക്കും അവരുടെ വിശ്വാസപ്രമാണങ്ങൾക്കും ചങ്ങാത്തമുതലാളിത്തത്തിനും കൈയാളി കൊടുത്തു. കോൺഗ്രസിന്റെ സ്വാതന്ത്ര്യസമരകാലത്തെ ദേശീയതയെ സംഘപരിവാറിന്റെ ഹിന്ദുത്വ ദേശീയത കൈയേറിയിരിക്കുന്നു. അങ്ങനെയൊരു രാഷ്ട്രീയ സ്ഥിതിവിശേഷം സൃഷ്ടിച്ചതിന്റെ സമ്പൂർണ ഉത്തരവാദിത്തം കോൺഗ്രസിനാണ്.

ദേശീയതലത്തിൽ ഒന്നാം കുടുംബത്തിനപ്പുറം നേതാക്കന്മാരില്ല
ഒന്നാം കുടുംബം പാർടിയെ ഒന്നായിനിർത്തിയെന്നത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ, അതു തന്നെയാണ് പാർടിയെ ഈ അവസ്ഥയിലാക്കിയതും. 2004ൽ പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിസ്ഥാനം നിരസിച്ചത് രാഹുൽ ഗാന്ധിക്കുവേണ്ടി കസേര തയ്യാറാക്കിവയ്ക്കാിൻ ആയിരുന്നില്ലേ? കോൺഗ്രസിന്റെ പരാജയവും ശിഥിലീകരണവും ആരംഭിക്കുന്നത് അവിടെനിന്നുമാണ്. ശരിയാണ് 2004 മുതൽ 2014 വരെ മൻമോഹൻസിങ് ഭരിച്ചു. പക്ഷേ, ഈ 10 വർഷംകൊണ്ട് കോൺഗ്രസിന്റെ പതനം പൂർത്തിയാകുകയായിരുന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും തിരിച്ചുവരാനാകാത്തരീതിയിൽ. അഴിമതിയും ഭരണരാഹിത്യവും യുപിഎയെ തകർത്തു. അതാണ് 2014ൽ നരേന്ദ്ര മോഡിയെയും അമിത് ഷായെയും അധികാരത്തിലേറ്റിയത്. അധികാരം ലഭിച്ചാൽ അത് എങ്ങനെ നിലനിർത്താമെന്ന് സംഘപരിവാറിന് അറിയാം. അതിനെ മറികടക്കണമെങ്കിൽ ജനാധിപത്യ‐മതേതരശക്തികൾക്ക് ഒന്നായിമുന്നേറാൻ സാധിക്കണം. അതിനു നേതൃത്വം നൽകാൻ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്നു.

കോൺഗ്രസ് ഇന്ന് ഒരു പാർടി അല്ലാതായിരിക്കുന്നു. അതിനു പ്രാദേശികതലത്തിലും ദേശീയതലത്തിലും ചില നേതാക്കന്മാർ ഉണ്ടെങ്കിലും പരസ്പരം പോരിലാണ്. ദേശീയതലത്തിൽ ഒന്നാം കുടുംബത്തിനപ്പുറം നേതാക്കന്മാരില്ല. പ്രാദേശികതലത്തിൽ എല്ലാ സംസ്ഥാനത്തും ചേരിതിരിവും അധികാരമത്സരവുമാണ്. ഇതിന്റെയെല്ലാം കാരണം കോൺഗ്രസിന്റെ ജനാധിപത്യ അടിത്തറ ശിഥിലമായതുമാണ്. കോൺഗ്രസ് എന്തുകൊണ്ട് ഇങ്ങനെ സ്ഥാപിത താൽപ്പര്യക്കാരായ, സ്വർഥമതികളായ ഒരുസംഘം അധികാരക്കച്ചവടക്കാരുടെ താവളമായിമാറി? അത് എന്തുകൊണ്ട്  ഒന്നാം കുടുംബത്തിന്റെ സ്വത്തായി? കോൺഗ്രസിൽ ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാറുണ്ടോ? ഇന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഒന്നാം കുടുംബത്തിന്റെ സ്വന്തം ചൊൽപ്പടിയിലാണ്. രാഹുൽ ഗാന്ധി രാജിവച്ചെങ്കിലും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും അതുപോലുള്ള സ്ഥാനങ്ങളും ഒന്നാം കുടുംബത്തിന്റെ വരുതിയിലായിരിക്കും. ഒന്നാം കുടുംബത്തിന് ഒരുപക്ഷേ പാർടിയെ ഒന്നാക്കിനിർത്താൻ സാധിച്ചേക്കാം, ഒരു ലിമിറ്റഡ് കമ്പനിയായി. അതിനപ്പുറം ജനാധിപത്യപരമായി വളരണമെങ്കിൽ, തെരഞ്ഞെടുപ്പ് പോർക്കളത്തിൽ ഒന്നാം കുടുംബവാഴ്ചയ്ക്കപ്പുറം ചിന്തിക്കേണ്ടതായിവരും. കോൺഗ്രസ് അതിനു തയ്യാറാകുമോ? സാധ്യത വളരെ കുറവാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top