29 May Monday

വെടിയൊച്ച നിലയ്‌ക്കാത്ത അമേരിക്ക

ടി എം ജോർജ്‌Updated: Saturday Jun 11, 2022

അമേരിക്കൻസമൂഹം അകപ്പെട്ട അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് തുടരെത്തുടരെ ആ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ. വെടിവയ്‌‌പിന്റെ വാർത്തകളില്ലാത്ത ഒരു ദിവസവും ആ രാജ്യത്ത്‌ ഉണ്ടാകുന്നില്ല. കഴിഞ്ഞമാസം  ടെക്സസ് റോബ് എലമെന്ററി സ്കൂളിലെ പതിനെട്ടുകാരൻ കൊലചെയ്തത് 19 കുരുന്നുകളെയും രണ്ട്‌ അധ്യാപകരെയുമാണ്.  ആഴ്ചകൾക്കുമുമ്പ്‌ ന്യൂയോർക്കിലെ ബഫ്ലോയിൻ സൂപ്പർ മാർക്കറ്റിൽ വെള്ളക്കാരനായ വർണവെറിയന്റെ വെടിയേറ്റ് 10 കറുത്ത വംശജരാണ് കൊല്ലപ്പെട്ടത്. 2016ൽ ഫ്ലോറിഡയിലെ ഒർലാന്റോ നിശാക്ലബ്ബിലെ വെടിവയ്‌പിൽ 49 പേർ കൊല്ലപ്പെട്ടു. 2017 ൽ നെവാഡയിൽ 60 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്‌പാണ് 20 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല. അമേരിക്കയിൽ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ നടന്നത് 199 വെടിവയ്‌‌പാണ്. സ്‌കൂളുകളിലും കോളേജുകളിലും റെസ്റ്ററന്റുകളിലും വെടിവയ്‌പുകൾ നിത്യസംഭവമാണ്. ഓരോ ആഴ്ചയിലും 10 വെടിവയ്‌പ്‌ എങ്കിലും നടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഈ വർഷം നടന്ന 199 വെടിവയ്‌പിൽ 27 എണ്ണം സ്‌കൂളിലായിരുന്നു. 

1968ൽ യുഎസ്‌ പാസാക്കിയ ഗൺ കൺട്രോൾ ആക്ടുപ്രകാരം 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും തോക്ക് കൈവശം വയ്ക്കാം.  തോക്ക് ഉപയോഗവും അതിന്റെ ഫലമായുള്ള കുറ്റകൃത്യങ്ങളും അമേരിക്കൻ സമൂഹത്തിൽ വല്ലാത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കയിൽ തോക്ക്‌ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ  അരക്ഷിതാവസ്ഥയും അരാജകത്വവും  വ്യക്തമാകും. യുഎസ്‌ മുതലാളിത്തത്തിന്റെ പറുദീസയെന്ന്  വലതുപക്ഷ മാധ്യമങ്ങൾ പാടിപ്പുകഴ്ത്തുന്നതുപോലെയല്ല കാര്യങ്ങൾ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശീയതയുടെയും അരാജകത്വത്തിന്റെയും നാടായി അമേരിക്ക മാറി. റോബ് എലമെന്ററി സ്‌കൂളിൽ 21 പേരെ വെടിവച്ചുകൊന്ന യുവാവ് തന്റെ മുത്തശ്ശിയെ വെടിവച്ചതിനുശേഷമാണ് സ്‌കൂളിൽ അതിക്രമിച്ചു കടന്ന് വെടിവയ്‌പ്‌ നടത്തിയത്.

‘എനിക്കു മടുത്തു ഇതിനെതിരെ പ്രവർത്തിച്ചേ തീരൂ’ –-വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്കുമുന്നിൽ പ്രസിഡന്റ് ജോ ബൈഡൻ വികാരഭരിതനായി പറഞ്ഞു. തോക്ക് ലോബിക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ബൈഡൻ ആഹ്വാനംചെയ്തു. യുദ്ധത്തിലും ആയുധവ്യാപാരത്തിലും അധിഷ്ഠിതമാണ് സമ്പദ്ഘടന എന്നതുകൊണ്ടുതന്നെ ബൈഡൻ തോക്ക്‌ ലോബിക്കെതിരെ എത്ര ആഹ്വാനം നടത്തിയാലും അവർക്ക് ഒരുകുലുക്കവും ഉണ്ടാകില്ല. വൈറ്റ്‌ ഹൗസിൽ ആര് അധികാരത്തിൽ വന്നാലും സൈനിക താൽപ്പര്യങ്ങളാണ് പ്രധാനം. ആയുധ നിർമാതാക്കളാണ് അമേരിക്ക ഭരിക്കുന്നത്.  പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ചേ വൈറ്റ്ഹൗസിന് പ്രവർത്തിക്കാൻ കഴിയൂ. ലോകത്ത് ഏതുകോണിലും അക്രമങ്ങളുണ്ടായാലും അവിടെയെല്ലാം യുഎസിന്റെ  കരങ്ങളുണ്ടാകും. യുദ്ധം അമേരിക്കയ്‌ക്ക്  കയറ്റുമതി ചരക്കാണ്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളായാലും  ആഭ്യന്തര യുദ്ധങ്ങളായാലും അമേരിക്കയ്‌ക്ക് യുദ്ധഭൂമി ആയുധ മാർക്കറ്റുകളാണ്. ലോകത്തെ ഏറ്റവും വലിയ ആയുധവ്യാപാരിയായ അവർ മരണത്തിന്റെ  വ്യാപാരിയാണ്. അവർ ഇന്ന് വംശീയതയുടെയും വിദ്വേഷത്തിന്റെയും വ്യാപാരികളായി മാറി. എവിടെ സംഘർഷമുണ്ടായാലും തങ്ങളുടെ ആയുധം എങ്ങനെ വിറ്റഴിക്കാൻ കഴിയുമെന്നതിൽ മാത്രമാണ്  കണ്ണ്.

ആയുധവ്യാപാരത്തിലൂടെ ലോകത്ത് ദുരന്തം വിതയ്‌ക്കുന്ന അമേരിക്കയ്‌ക്ക് സ്വന്തം രാജ്യത്തെ ജനങ്ങളുടെ മനോവ്യാപാരങ്ങളെ മനസ്സിലാക്കാനും അവരെ ശ്രദ്ധിക്കാനും കഴിയുന്നില്ലെന്നതാണ് നിലയ്‌ക്കാത്ത വെടിയൊച്ചകൾ വ്യക്തമാക്കുന്നത്.

(കോട്ടയം ജില്ലയിൽ പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top