25 May Monday

റെയ്സിന കുന്നിൽനിന്ന് ആർക്ക് വിളി വരും?

പി വി തോമസ‌്Updated: Saturday May 11, 2019


2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 23ന് പുറത്തുവരുമ്പോൾ ബിജെപിക്കും നരേന്ദ്ര മോഡി‐അമിത് ഷാ കമ്പനിക്കും 2014 ലെ വിജയം ആവർത്തിക്കാൻ സാധിക്കുകയില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഒരു പാർടിക്കും ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു അവസ്ഥയിൽ റെയ്സിന കുന്നിൽനിന്ന് (രാഷ്ട്രപതി ഭവൻ) ആർക്കായിരിക്കും അടുത്ത ഗവൺമെന്റ് രൂപീകരിക്കാനുള്ള ആദ്യ വിളി വരിക?

ഗവൺമെന്റ് രൂപീകരണത്തിനുള്ള ആദ്യക്ഷണം ആർക്കാണ് ലഭിക്കുകയെന്നത് തൽക്കാലം അവിടെ നിൽക്കട്ടെ. ഏതായാലും സംഭവങ്ങൾ അത്ര എളുപ്പമായിരിക്കില്ല.  2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റോടെ കേവലഭൂരിപക്ഷത്തിലേറെ സ്വയം കരസ്ഥമാക്കിയ ബിജെപിക്ക് അത് ഇപ്രാവശ്യം ആവർത്തിക്കാൻ സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള ബിജെപിയുടെ സാധ്യത തള്ളിക്കളയാനാകില്ല. പക്ഷേ, ചോദ്യം ഇതാണ്. ബിജെപി 282ൽനിന്ന് എത്ര താഴേക്ക് വരും? 100 സീറ്റ് ? അതോ അതിലും അധികമോ? എങ്കിൽ ബിജെപിയുടെ ആകെ സീറ്റ് 182നും താഴെ വരും. അതുപോലെ എൻഡിഎയുടെ മൊത്തം സീറ്റ് എത്രയായിരിക്കും? 2014ൽ  ബിജെപിയും സഖ്യവും 336 സീറ്റ് നേടിയതാണ്. അത് 200ന് അടുത്തേക്ക് താഴുമോ? എന്നാണ് കണക്കുകൂട്ട്. ഇനി കോൺഗ്രസിന്റെ കാര്യം എടുക്കാം. 2014ൽ അത് അതിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അതിദാരുണമായ പതനം കണ്ടതാണ് 44 സീറ്റിലൂടെ. എന്നാൽ ഇത്തവണ കോൺഗ്രസിന്റെ സീറ്റ് വർധിക്കുമെന്നകാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ അധികാരം അടുത്തിടെ തിരിച്ചുപിടിച്ച സാഹചര്യത്തിൽ, കോൺഗ്രസ് ഒരുപക്ഷേ നൂറോളം സീറ്റ് പിടിച്ചേക്കാം. കഴിഞ്ഞ പ്രാവശ്യം കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടെ ലഭിച്ചത് 58 സീറ്റാണ്.

പ്രാദേശിക കക്ഷികൾ എത്ര സീറ്റ് നേടും? ഉദാഹരണമായി ഉത്തർപ്രദേശിലെ എസ്പി‐ബിഎസ്പി മഹാസഖ്യം. അതുപോലെ തെലുങ്കാനയിലെ ടിആർഎസും ആന്ധ്രപ്രദേശിലെ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും തമിഴ്നാട്ടിലെ  ഡിഎംകെ, ബംഗാളിലെ ത്രിണമൂൽ കോൺഗ്രസ് തുടങ്ങിയവ. ഈ പ്രദേശിക പാർടികളുടെ സീറ്റും അവയുടെ തെരഞ്ഞെടുപ്പാനന്തര നിലപാടും നിർണായകമാണ്. 

ഒരു കക്ഷിക്കും ഒരു പ്രീ‐പോൾ സഖ്യത്തിനും കേവലഭൂരിപക്ഷം ലഭിക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം ഒരു തൂക്ക് ലോക്സഭയ്ക്കായിരിക്കും വഴിയൊരുക്കുക എന്നുമാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് രാഷ്ട്രപതി ഭവന്റെ പങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നത്. ആദ്യക്ഷണം ആർക്കാണ് ലഭിക്കാൻ സാധ്യതയെന്ന കാര്യത്തിൽ വലിയ സംശയം ഇല്ല. അത് മോഡിക്കാണെങ്കിൽ പ്രതിപക്ഷം അതിനെ എങ്ങനെ അഭിമുഖീകരിക്കും എന്ത് നടപടി എടുക്കും എന്നതിനെക്കുറിച്ചെല്ലാം പരിശോധിക്കുന്നതിന് മുമ്പ് ബിജെപിയും പ്രതിപക്ഷവും സംസ്ഥാനങ്ങളിൽ എന്ത് പ്രകടനം കാഴ്ചവയ്ക്കുന്നു എന്നു നോക്കാം.

മോഡിയെയും ബിജെപിയെയും 2014ൽ അധികാരത്തിലെത്തിച്ച ഉത്തർപ്രദേശിൽ ബിജെപി, എസ്പി‐ബിഎസ്പി മഹാസഖ്യത്തിനുമുമ്പിൽ പതറുകയാണ്. കഴിഞ്ഞ തവണ 80 സീറ്റിൽ 73 സീറ്റും നേടിയ ബിജെപിയും സഖ്യവും  (71+2)  ഇപ്പോൾ പരാജയം മണക്കുകയാണ്

മോഡിയെയും ബിജെപിയെയും 2014ൽ അധികാരത്തിലെത്തിച്ച ഉത്തർപ്രദേശിൽ ബിജെപി, എസ്പി‐ബിഎസ്പി മഹാസഖ്യത്തിനുമുമ്പിൽ പതറുകയാണ്. കഴിഞ്ഞ തവണ 80 സീറ്റിൽ 73 സീറ്റും നേടിയ ബിജെപിയും സഖ്യവും  (71+2)  ഇപ്പോൾ പരാജയം മണക്കുകയാണ്. മഹാസഖ്യത്തിന്റെ വോട്ട് വിഹിതം ബിജെപിയുടെതിനേക്കാൾ കൂടുതൽ ആണ്. അവരുടെ രസതന്ത്രവും ഒരുപോലെ പ്രവർത്തിച്ചാൽ ബിജെപിയുടെ സീറ്റു വിഹിതം നേർപ്പകുതിയിൽ താഴെ ആകും.അങ്ങനെയെങ്കിൽ ബിജെപിയുടെ പതനം ഉത്തർപ്രദശിൽനിന്ന് ആരംഭിക്കും.

ബിഹാറിൽ ബിജെപി നിതീഷ്കുമാറിന്റെ ജെഡിയുവുമായി സഖ്യത്തിൽ ആണ്. 2014ൽ 40ൽ 22 സീറ്റ് നേടിയ ബിജെപി ബിഹാറിൽ ഈ പ്രകടനം ആവർത്തിക്കുമോ എന്ന കാര്യം കണ്ടറിയണം. അവിടെ ആർജെഡി ‐കോൺഗ്രസ് സഖ്യം ശക്തമാണ്. മധ്യപ്രദേശിൽ 29 സീറ്റിൽ 27 ഉം നേടിയ ബിജെപിക്ക് ഇപ്പോൾ അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വർഷത്തെ തുടർച്ചയായുള്ള സംസ്ഥാന ഭരണമാണ് ബിജെപിക്ക് ഇവിടെ നഷ്ടമായത്. രാജസ്ഥാനിലേയും കഥ ഇതുതന്നെ.  25ൽ 25 സീറ്റും നേടിയ ബിജെപിക്ക് ഇവിടെയും അധികാരം നഷ്ടപ്പെട്ടു.

ഗുജറാത്തിൽ 26ൽ 26സീറ്റും ജയിച്ച ബിജെപിക്ക് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് ജയിക്കാൻ സാധിച്ചത്.  പശുസംരക്ഷകരുടെ ഗുണ്ടായിസം ഇവിടെ അഴിഞ്ഞാടുകയാണ്.  മഹാരാഷ്ട്രയിൽ 48 സീറ്റിൽ 41ലും  വിജയിച്ച ബിജെപി ‐ശിവസേന സഖ്യത്തിന് (23+18) അത് ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ബിജെപി‐ശിവസേന സഖ്യത്തിലെ പൊട്ടിത്തെറി ഒരുവശത്ത്, കോൺഗ്രസ്‐എൻസിപി സഖ്യം ഉയർത്തുന്ന വെല്ലുവിളി മറുവശത്ത്. ഈ സംസ്ഥാനങ്ങളിലെല്ലാം കാർഷികമേഖല അസ്വസ്ഥമാണ്. ഇതിനുപുറമെ തൊഴിൽരാഹിത്യവും നോട്ട്നിരോധനംമൂലമുള്ള സാമ്പത്തിക മാന്ദ്യതയും ചരക്കുസേവന നികുതി ഏൽപ്പിച്ച കഷ്ടപാടുകളും വിഷയമാണ്.  ഊതിവീർപ്പിച്ച ദേശഭക്തിയും ദേശീയതയും പുൽവാമയും ബാലാകോട്ടും  ഇവയെ മറികടക്കാൻ മോഡിയെ സഹായിക്കുമോ എന്ന് കണ്ടറിയണം.

പഞ്ചാബിൽ ബിജെപി‐അകാലിദൾ സഖ്യം 2014ൽ ആറ് സീറ്റ് (2+4) നേടിയതാണ്. ഈ സീറ്റ് നിലനിർത്താൻ ബിജെപി കഷ്ടപ്പെടും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  സഖ്യത്തിന് അധികാരവും നഷ്ടപ്പെട്ടു. ഹരിയാനയിൽ 10 സീറ്റിൽ ഏഴും ബിജെപി നേടിയതാണ്. ഇവിടെ ഇത് നിലനിർത്തിയാൽ അത് ബിജെപിക്ക് നേട്ടമായിരിക്കും. ജമ്മു കശ്മീരിൽ ആകെയുള്ള ആറ് സീറ്റിൽ മൂന്നെണ്ണം നേടിയ ബിജെപി, പിഡിപിയുമായി പിരിഞ്ഞു. ഹിമാചലിലും ഉത്തരാഖണ്ഡിലും മുഴുവൻ സീറ്റും ബിജെപി നേടിയതാണ്. ഇതും നിലനിർത്താനായില്ലെങ്കിൽ സീറ്റ് സംഖ്യ താഴേക്ക് പോകും.

തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, യൂണിയൻ ടെറിറ്ററിയായ  പുതുച്ചേരി എന്നിവിടങ്ങളിലെ സീറ്റുകളിൽ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. കർണാടകയിൽ 28 സീറ്റിൽ 17 സീറ്റ് ബിജെപി നേടിയതാണ്. ഇവിടെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമായി.

ബംഗാളിലെ 42 സീറ്റിൽ ബിജെപി കഴിഞ്ഞ പ്രാവശ്യം ജയിച്ചത് രണ്ട് സീറ്റിൽ ആണ്. അസമിൽ 14ൽ ഏഴുസീറ്റാണ് കഴിഞ്ഞ പ്രാവശ്യം ബിജെപി നേടിയത്. ഛത്തീസ്ഗഢിൽ 11ൽ 10 സീറ്റും നേടിയ ബിജെപി ഇപ്രാവശ്യം അടിയറവ് പറയും. ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. ജാർഖണ്ഡിൽ 14 സീറ്റിൽ 12 സീറ്റും നേടിയ ബിജെപി ഇപ്രാവശ്യം വിഷമത്തിൽ ആണ്. ശക്തമായ ഒരു മഹാസഖ്യം ബിജെപിക്ക് എതിരെ അവിടെയുണ്ട്. ഒഡിഷയിൽ 21 സീറ്റിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി കഴിഞ്ഞ പ്രാവശ്യം ജയിച്ചത്.

തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, യൂണിയൻ ടെറിറ്ററിയായ  പുതുച്ചേരി എന്നിവിടങ്ങളിലെ സീറ്റുകളിൽ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. കർണാടകയിൽ 28 സീറ്റിൽ 17 സീറ്റ് ബിജെപി നേടിയതാണ്. ഇവിടെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമായി. ഡൽഹിയിലെ മുഴുവൻ സീറ്റിലും കഴിഞ്ഞതവണ ബിജെപി ജയിച്ചതാണ്. കോൺഗ്രസ്, ആം ആദ്മി പാർടി ഭിന്നത ഇവിടെ ബിജെപിക്ക് ഗുണമാണ്. കോൺഗ്രസും ആം ആദ്മി പാർടിയും സഖ്യത്തിലാണെങ്കിൽ മുഴുവൻ സീറ്റും ജയിക്കാമായിരുന്നു.

ഏതായാലും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല. പക്ഷേ, 282ൽനിന്ന് എത്ര താഴേക്ക് മൂക്കുകുത്തുമെന്നാണ് ചോദ്യം. എങ്കിലും ഇവരെയായിരിക്കും രാഷ്ട്രപതി ആദ്യം ക്ഷണിക്കുക, അതിന്റെ സാങ്കേതികതയെക്കാൾ ഏറെ രാഷ്ട്രീയവും അതാണ്. ഇവർക്ക് ഒരു ഗവൺമെന്റ് രൂപീകരിക്കാൻ സാധിക്കുമോ? ടിആർഎസും  വൈഎസ്ആർ കോൺഗ്രസും ബിജെഡിയും എന്ത് നിലപാട് സ്വീകരിക്കും? മറ്റു പ്രതിപക്ഷ കക്ഷികളുടെ സമീപനം എന്തായിരിക്കും? ബിജെപി ഇതര മതേതര കക്ഷികളെ യോജിപ്പിച്ച് ബദൽ ഗവൺമെന്റ് രൂപീകരണത്തിന് അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുമോ?

തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാൻ ഇന്ദ്രപ്രസ്ഥത്തിൽ ആരംഭമായി. മായാവതിയെയും അഖിലേഷിനെയും ഭിന്നിപ്പിക്കാനും നവീൻപട്നായിക്കിന്റെ ചുഴലിക്കാറ്റ് പ്രതിരോധത്തെ പ്രകീർത്തിച്ചും ഉള്ള മോഡിയുടെ നീക്കങ്ങൾ അതിന്റെ സൂചനയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top