04 June Thursday

പ്രബുദ്ധതയുടെ പ്രകാശം

സുനിൽ പി ഇളയിടംUpdated: Saturday Jan 11, 2020

ഒന്നേകാൽ നൂറ്റാണ്ടിനുമുമ്പ്, 1893 സെപ്തംബർ 11നു ചിക്കാഗോയിൽ ചേർന്ന സർവമത സമ്മേളനത്തിലാണ് സ്വാമി വിവേകാനന്ദൻ ലോകത്തോട് ആദ്യമായി സംസാരിച്ചത്. ചരിത്രം അതുല്യമെന്ന് രേഖപ്പെടുത്തി, ആറു മിനിറ്റു മാത്രം ദൈർഘ്യമുള്ള, ആ പ്രസംഗത്തിലെ ഏഴാമത്തെ വാക്യത്തിൽ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ അടിസ്ഥാനസ്വഭാവം നിർവചിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളിലെയും എല്ലാ മതങ്ങളിലെയും പീഡിതർക്കും അഭയാർഥികൾക്കും അഭയം നൽകിയ രാജ്യമാണ് എന്റേത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.” അതിനു തൊട്ടുമുമ്പുള്ള വാക്യത്തിൽ തന്റെ മതം എന്താണെന്ന കാര്യവും സമാനമായ വാക്കുകളിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ ലോകത്തെ സഹിഷ്ണുതയും സാർവലൗകിക സ്വീകാര്യതയും പരിശീലിപ്പിച്ച ഒരു മതത്തിന്റെ ഭാഗമായിരിക്കുന്നതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നാണ് അദ്ദേഹം ആ വാചകത്തിൽ വിശദീകരിച്ചത്.

ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറം പൗരത്വത്തെ മതപരമായി വിഭജിക്കുന്ന, അതുവഴി രാജ്യത്തെ വർഗീയമായി വെട്ടിപ്പിളർക്കുന്ന, ഒരു മതഭ്രാന്തസംഘം തന്റെ നാടിന്റെ ഭരണസാരഥ്യം കൈയാളുമെന്ന് മഹത്വം നിറഞ്ഞ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ അൽപ്പംപോലും വിചാരിച്ചുകാണില്ല. ആ മതഭ്രാന്തസംഘത്തിന്റെ പ്രചാരണോപാധികളിൽ ഒന്നായി തന്റെ ചിത്രവും ആശയങ്ങളും ഉപയോഗിക്കപ്പെടുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല. 

താൻ മതജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ച സാഹോദര്യം, സമത്വം, സഹിഷ്ണുത തുടങ്ങിയ പ്രബുദ്ധതാ മൂല്യങ്ങളുടെ മറുപുറത്ത്, അന്യമതവിദ്വേഷവും ജാതിശ്രേണിയും അക്രമോത്സുകതയും തിങ്ങിനിൽക്കുന്ന തീവ്ര മതാത്മകതയുടെ പ്രചാരണോപാധിയായി സ്വാമി വിവേകാനന്ദനെ വർഗീയവാദികൾ അവതരിപ്പിച്ചു

സഹിഷ്ണുതയുടെ ഏതു പാഠങ്ങൾ പഠിപ്പിക്കാനാണോ ജീവിതകാലമത്രയും താൻ പണിപ്പെട്ടത് അതിനെതിരായ വർഗീയയുദ്ധത്തിലെ പടവാളായി മതഭ്രാന്ത് ശിരസ്സേറ്റിയ ക്രിമിനൽകൂട്ടങ്ങൾ തന്നെ ഉപയോഗപ്പെടുത്തുമെന്ന് വിദൂരമായിപ്പോലും അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല.ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം തലകീഴ് മറിക്കപ്പെട്ട ആശയലോകം, ഒരുപക്ഷേ, വിവേകാനന്ദന്റേതാകണം. ഹൈന്ദവ വർഗീയവാദം അദ്ദേഹത്തെ അതിന്റെ രാഷ്ട്രീയ പ്രചാരണോപാധിയാക്കിയപ്പോൾ സംഭവിച്ചത് അതാണ്. പ്രബുദ്ധതയുടെയും ആധുനികതയുടെയും മൂല്യങ്ങൾ മതത്തിൽ സന്നിവേശിപ്പിച്ച്, മതാനുഭവത്തെ ആധുനികവും സാർവലൗകികവുമായ അനുഭൂതിയായി പരിവർത്തിപ്പിക്കാനായിരുന്നു വിവേകാനന്ദന്റെ ശ്രമം. ഇതിനുവേണ്ടി ആചാരലോകംമുതൽ ആത്മീയദർശനംവരെയുള്ള മതമേഖലകളെ അഴിച്ചുപണിയാനോ പുനർവ്യാഖ്യാനിക്കാനോ അദ്ദേഹം തയ്യാറായി. ആചാരബദ്ധവും പൗരോഹിത്യനിഷ്ഠവുമായ മതത്തെ അനുഭൂതി പ്രധാനവും സാഹോദര്യഭാവനയിൽ അടിയുറച്ചതുമായി വിവേകാനന്ദൻ പുനർവിഭാവനം ചെയ്തു.

നിർഭാഗ്യവശാൽ മതവർഗീയതയുടെ ആയുധപ്പുരയിലെ ബിംബങ്ങളിലൊന്നായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ, വിവേകാനന്ദൻ ഉയർത്തിക്കൊണ്ടുവരാൻ തുടങ്ങിയ മതഭാവന ദുർബലമായി. ഇന്ത്യൻ പാരമ്പര്യത്തെ വിഴുങ്ങിയ കർമവിമുഖതയ്ക്കു പകരമായി അദ്ദേഹം അവതരിപ്പിച്ച കർമോന്മുഖതയുടെ സിദ്ധാന്തം അക്രമാസക്തമായ പുരുഷ നായകത്വത്തിന്റെ മറയായി വർഗീയവാദികൾ ഉപയോഗപ്പെടുത്തി. ഇന്ത്യക്കാരുടെ സ്വാഭിമാനത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ ആശയങ്ങൾ അന്യമതവിദ്വേഷനിഷ്ഠമായ മതഭ്രാന്തിനു മറയായി ഉപയോഗിക്കപ്പെട്ടു. ഏറെ പണിപ്പെട്ട് താൻ മതജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ച സാഹോദര്യം, സമത്വം, സഹിഷ്ണുത തുടങ്ങിയ പ്രബുദ്ധതാ മൂല്യങ്ങളുടെ മറുപുറത്ത്, അന്യമതവിദ്വേഷവും ജാതിശ്രേണിയും അക്രമോത്സുകതയും തിങ്ങിനിൽക്കുന്ന തീവ്ര മതാത്മകതയുടെ പ്രചാരണോപാധിയായി സ്വാമി വിവേകാനന്ദനെ വർഗീയവാദികൾ അവതരിപ്പിച്ചു. സാഹോദര്യനിഷ്ഠവും സഹിഷ്ണുതാപൂർവവുമായ ഹിന്ദുമതം എന്ന വിവേകാനന്ദന്റെ ആശയത്തെ അക്രമോത്സുകവും വിദ്വേഷഭരിതവുമായ ഹിന്ദുത്വമെന്ന ആശയംകൊണ്ട് അവർ പകരം വച്ചു.

സാർവലൗകിക സാഹോദര്യം
മതത്തെ സാർവലൗകിക സാഹോദര്യത്തിന്റെ അനുഭൂതിപ്രപഞ്ചമായി വിവേകാനന്ദൻ ഉൾക്കൊണ്ടു. അതുകൊണ്ടുതന്നെ നിലവിലുള്ള മത‐ദാർശനിക പാരമ്പര്യത്തെയും അതിന്റെ പ്രയോഗരൂപങ്ങളെയും സവിശേഷമായി അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്വയം ഒരു അദ്വൈതിയായിരുന്നിട്ടും അദ്വൈതചിന്തയുടെ പരമപദമായി പരിഗണിക്കപ്പെടുന്ന ശങ്കരനെ വിമർശിക്കാൻ വിവേകാനന്ദൻ മടിക്കുന്നില്ല.

“ശങ്കരന് വല്ല കുറവുമുണ്ടായിരുന്നുവെങ്കിൽ അത് ബുദ്ധിക്കൊത്ത അത്യാശ്ചര്യമായ ഹൃദയത്തിന്റേതായിരുന്നു. വെറും ശുഷ്കജ്ഞാനം! തന്ത്രങ്ങളെയും സാമാന്യജനങ്ങളെയും ഭയന്ന്, പുണ്ണുമാറ്റാൻ പുറപ്പെട്ട്, കൈതന്നെ മുറിച്ചു”. ഇതിന്റെ മറുപുറത്ത് ബുദ്ധന്റെ മഹിതമായ പാരമ്പര്യത്തെ വിവേകാനന്ദൻ അങ്ങേയറ്റം ഉയർത്തിപ്പിടിക്കുകയും ചെയ്തു. “ഭാരതത്തിൽ ജാതിയെ അംഗീകരിക്കാത്ത ഏകചിന്തകൻ ബുദ്ധനാണ്... ബുദ്ധൻ ഒരിക്കലും ഒന്നിന്റെയും മുമ്പിൽ കുമ്പിട്ടില്ല‐ വേദത്തിന്റെയോ വർണത്തിന്റെയോ പുരോഹിതന്റെയോ ആചാരത്തിന്റെയോ ഒന്നിന്റെയും മുമ്പിൽ. യുക്തിക്ക് നയിക്കാവുന്നിടത്തോളം അവിടന്ന് നിർഭയമായി യുക്തിചിന്ത ചെയ്തു. ഇത്ര നിർഭയമായ സത്യാന്വേഷണവും സമസ്ത ജീവജാലങ്ങളോടും ഇത്ര പ്രേമവും ലോകം ഒരിക്കലും കണ്ടിട്ടില്ല”.

മതാനുഭവത്തെ ആചാരത്തിൽനിന്ന് സാർവലൗകിക സാഹോദര്യമെന്ന അനുഭൂതിയിലേക്ക് പുനരാനയിച്ചതു വഴിയാണ് വിവേകാനന്ദൻ ബുദ്ധനിലെ മഹത്വത്തെ തിരിച്ചറിയുന്ന വേദാന്തിയായി മാറിയത്. ഇത് അദ്ദേഹത്തെ ഇസ്ലാമിനെക്കുറിച്ചുള്ള സവിശേഷ വീക്ഷണത്തിലേക്കും നയിക്കുന്നുണ്ട്.

“സർവമനുഷ്യവർഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം  ഒരുകാലത്തും ഹിന്ദുക്കളുടെ ഇടയിൽ വികസിപ്പിക്കപ്പെട്ടിട്ടില്ല... നേരെമറിച്ച് ഗണ്യമായ രീതിയിൽ ഏതെങ്കിലുമൊരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കിൽ അത് ഇസ്ലാമാണ്. അതുകൊണ്ട് പ്രായോഗിക ഇസ്ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങൾ, അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച സമ്മതം വന്നിട്ടുണ്ട്”.

മുസ്ലിങ്ങളായ അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ വേണ്ടി പൗരത്വനിയമം ഭേദഗതി ചെയ്യുന്ന ഒരു സന്ദർഭത്തിൽ വിവേകാനന്ദന്റെ ഈ വാക്കുകൾ ചൊരിയുന്ന പ്രകാശം എത്രയോ വലുതാണ്. മതത്തെ അതിന്റെ അനുഭൂതിസാരമായി ഉൾക്കൊണ്ട്, പ്രബുദ്ധതയുടെ മൂല്യങ്ങളുമായി അതിനെ കൂട്ടിയിണക്കിയ ഒരു വലിയ പാരമ്പര്യത്തിന്റെ പ്രകാശമാണത്. മതാനുഭൂതി അതിൽത്തന്നെ മതനിരപേക്ഷമാകുന്ന സന്ദർഭത്തിന്റെ പ്രകാശം! ഇരുളാണ്ടുപോകുന്ന ഇക്കാലത്ത് അത് എത്രയും വിലപിടിച്ചതാണ്!!
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top