06 July Monday

ഓണം ഉയര്‍ത്തുന്ന പുതിയ ചോദ്യം

സച്ചിദാനന്ദൻUpdated: Wednesday Sep 11, 2019

ഓണത്തിന്റെ  ചരിത്രത്തിലേക്കോ പലതരം വ്യാഖ്യാനങ്ങളിലേക്കോ കടക്കാൻ  ഞാൻ തുനിയുന്നില്ല. ഒട്ടേറെ വൈരുധ്യങ്ങൾ നിലനിൽക്കുന്ന മേഖലയാണ്‌ അത്. ഓണത്തിന്റെ ആരംഭം തിരക്കി ഇറാൻവരെ പോയിട്ടുണ്ട് പണ്ഡിതന്മാർ. ഇന്ന് ഓണം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. തിരുവോണത്തെ ‘വാമന ജയന്തി’യായി ആഘോഷിക്കാനുള്ള ആഹ്വാനങ്ങൾ വന്നിരിക്കുന്നു. ഈ ആഹ്വാനം നടത്തുന്നവരുടെ പിൻഗാമികൾതന്നെയാകണം, എം എൻ ശ്രീനിവാസിന്റെ ഒരു പ്രയോഗം കടമെടുത്താൽ  ഒരു ‘സംസ്‌കൃതവൽക്കരണ’ പ്രക്രിയയിലൂടെ ഓണത്തിന്റെ പ്രതീകാത്മകമായ സത്ത ചോർത്തിക്കളഞ്ഞത്. കേരളീയ നവോത്ഥാനത്തിന്റെ കീഴാളസത്ത ചോർത്തിക്കളയാൻ ചിലർ ശ്രമിക്കുംപോലെതന്നെ.

ഇന്ത്യയിൽ രാഷ്ട്രീയസമരങ്ങൾ, വർഗസമരങ്ങൾ ഉൾപ്പെടെ നടന്നിട്ടുള്ളത് മിത്തുകളുടെയും പ്രതീകങ്ങളുടെയും അർഥം മാറ്റിക്കൊണ്ടാണ്. സാംസ്‌കാരികസമരങ്ങളായാണ് അവ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നർഥം. പിന്നീട് അവ പ്രചാരണത്തിലൂടെ ജനസമ്മതി നേടുകയും വിദ്യാഭ്യാസരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, പാഠ്യപദ്ധതികളിൽ നിഴലിക്കുന്നു.  ഡി ഡി കൊസാംബിയെപ്പോലുള്ള ചരിത്രകാരന്മാർ അതിന്‌ അനേകം തെളിവുകൾ നൽകിയിട്ടുണ്ടല്ലോ. ഗോത്രങ്ങളുടെ അമ്മദൈവങ്ങൾ ദുർഗയും സരസ്വതിയും പാർവതിയും മറ്റുമായി, അഥവാ അവരുടെ അവതാരങ്ങളായി മാറുന്നത്, കാലിമേക്കുന്നവരുടെ ആരാധനാപുരുഷനായിരുന്ന കൃഷ്‌ണൻ വിഷ്‌ണുവിന്റെ അവതാരമാകുന്നത്, ആദിവാസികളുടെ പൂജാപാത്രങ്ങളായിരുന്ന നാഗങ്ങൾ വിഷ്‌ണുവിന്റെ ശയ്യയായും ശിവന്റെ ആഭരണമായും മാറുന്നത്... ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ. നമ്മുടെ ഐതിഹ്യങ്ങൾ അനുസരിച്ച്- അവയ്‌ക്ക്‌ ചരിത്രപരമായ അടിസ്ഥാനം ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ- മഹാബലി ( മഹാബലിയും മാവേലിയും ഒന്നല്ലെന്ന വീക്ഷണവും നിലവിലുണ്ട് എന്ന്‌ മറക്കുന്നില്ല) കേരളം ഭരിച്ചിരുന്ന ഉത്തമനായ ഒരു ഭരണാധികാരി ആയിരുന്നു. ‘മാവേലി നാട് വാണീടും കാലം’ എന്ന പാട്ടുതന്നെ അദ്ദേഹത്തെ കളവും ചതിയുമില്ലാത്ത, മനുഷ്യർ സഹോദരീ-സഹോദരരെപ്പോലെ വാണിരുന്ന, സമത്വസമ്പന്നമായ ഒരു കാലത്തിന്റെ പ്രതിനിധിയായിട്ടാണ് അവതരിപ്പിക്കുന്നത്‌. അസുരനായിരുന്നു എന്ന ഒറ്റക്കാരണംകൊണ്ടുമാത്രം അദ്ദേഹത്തിന്റെ കീർത്തി ദേവന്മാരെ അസൂയാലുക്കളാക്കി. തുടർന്ന്‌ അവർ വിഷ്‌ണുവിനെ വാമന (അഥവാ ബ്രാഹ്മണ) രൂപത്തിൽ ഭൂമിയിലേക്കയക്കുകയും മഹാബലിയുടെ ദയാവായ്‌പും ത്യാഗബുദ്ധിയും ചൂഷണംചെയ്‌ത്‌ ആ മഹാനെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി അദ്ദേഹത്തിന്റെ നാട് സ്വന്തമാക്കുകയും ചെയ്‌തു.

ഈ ഐതിഹ്യം ഒരു കീഴാള ഐതിഹ്യമാകാനേ തരമുള്ളൂ. ‘അസുരൻ’ കീഴാളത്തത്തെയും അപരവൽക്കരണത്തെയും സൂചിപ്പിക്കുന്നു.  ‘വാമനൻ’ എല്ലാ ചിത്രീകരണങ്ങളിലും പൂണൂലണിഞ്ഞ ബ്രാഹ്മണനാണ്, ദേവകളുടെ കൗശലശാലിയായ ദൂതനും. മഹാബലി തള്ളിത്താഴ്‌ത്തപ്പെടുന്ന ‘പാതാളം’ പാർശ്വവൽക്കരണത്തിന്റെയും ഭ്രഷ്ടിന്റെയും അയിത്തത്തിന്റെയും അധഃകൃതവൽക്കരണത്തിന്റെയും കീഴാളലോകമാണ്. അസമത്വത്തിന്റെ ഗുണഭോക്താക്കൾ,  അവർ (ജന്മിമാർ, മുതലാളിമാർ, കോർപറേറ്റുകൾ)  ഒരിക്കലും സമത്വത്തിനുവേണ്ടി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ഇല്ല.

മഹാബലിക്ക്‌ സമത്വത്തിന്റെ ഒരു ലോകം സൃഷ്ടിക്കാനായത്– അത് വാസ്‌തവത്തിൽ ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നത്തിന്റെ ഒരു ആവിഷ്‌കാരമാണ്‌ എന്ന് ഞാൻ കരുതുന്നു–-- അദ്ദേഹം കീഴാളനും ഭ്രഷ്ടനും അപരനുമായ ഒരു ‘അസുരൻ’ ആയതുകൊണ്ടുതന്നെയാണ്. കർഷകർക്കും തൊഴിലാളികൾക്കും അടിമകൾക്കും ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർക്കും മാത്രമേ ലോകത്തെ പുതുക്കി വാർക്കാനും ചൂഷണം അവസാനിപ്പിക്കാനും കഴിയൂ എന്ന് മാർക്‌സും ഗാന്ധിയും അംബേദ്‌കറും ഒരേപോലെ വിശ്വസിച്ചിരുന്നു, - അവരുടെ പരിഹാരനിർദേശങ്ങളിൽ വ്യത്യാസങ്ങൾ–- വർഗസമരം, അടിസ്ഥാന ജനാധിപത്യം അഥവാ ഗ്രാമസ്വരാജ്,  ജാതി നിർമാർജനം എന്നപോലെ വ്യത്യസ്‌തം എന്ന് തോന്നുമ്പോഴും പരസ്‌പരബന്ധമുള്ള  നിർദേശങ്ങൾ–- - ഉണ്ടായേക്കാമെങ്കിലും. അപ്പോൾ മഹാബലിയുടെ കഥയിൽ വർഗസമരത്തിന്റെ, അഥവാ സമത്വനിർമിതിയുടെ  ഒരു പാഠമുണ്ട്‌. ഈ പാഠത്തെ അട്ടിമറിക്കുക ഉപരിവർഗങ്ങളുടെയും ഉപരിജാതികളുടെയും ആവശ്യമാണ്‌. അങ്ങനെ ഏതോ ഘട്ടത്തിലാണ്, മഹാഭാരതത്തിൽ ഗീത കൂട്ടിച്ചേർക്കപ്പെടുംപോലെ, മഹാബലിയുടെ തിരിച്ചുവരവിന്റെ ആഘോഷത്തിൽ, ഓണ ഐതിഹ്യത്തിൽ വില്ലനായ വാമനൻ ഓണത്തിന്റെ നായകസ്ഥാനത്ത്‌ വന്നെത്തുന്നത്.

അങ്ങനെയുള്ള ഒരു ‘സംസ്‌കൃതവൽക്കരണ’ത്തിന്റെ അഥവാ ബ്രാഹ്മണവൽക്കരണത്തിന്റെ  ബോധപൂർവമായ ഇടപെടലിന്റെ ഫലമായി നാം മഹാബലിയെ പൂജിക്കുന്നതിനു പകരമോ അതിനോടൊപ്പമോ  വിഷ്‌ണുവിനെ ആരാധിക്കാനും തൃക്കാക്കര അപ്പനെ പൂജിക്കാനും ആരംഭിച്ചു. ഇത്തരം അട്ടിമറികളുടെ രാഷ്ട്രീയമായധ്വനികൾ മനസ്സിലാക്കപ്പെടാതെ പൊയ്‌ക്കൂടാ. എന്നിട്ടും ബാക്കിയായ മഹാബലിസ്‌മൃതികൾകൂടി ഇല്ലായ്‌മചെയ്യാനാണ്‌ ഇന്ന് സവർണ -വലതുപക്ഷ രാഷ്ട്രീയം ഓണത്തെ ‘വാമനജയന്തി’ ആക്കാനുള്ള ആഹ്വാനം മുഴക്കുന്നത്. കീഴാളദേവതയായ അയ്യപ്പനെ ഏറ്റെടുത്ത്, കേരളത്തിന്റെ മറ്റൊരു സമത്വാഘോഷമായ – എല്ലാവരെയും ഒരേപോലെ അയ്യപ്പന്മാരാക്കുന്ന-  ശബരിമല തീർഥാടനത്തിന്റെ അർഥം മാറ്റുംപോലെ തന്നെയാണിത്, അഥവാ പഴയ ആദിവാസി ദേവന്മാരെയും ദേവതമാരെയും സവർണ വിഗ്രഹാവലിയുടെ ഭാഗമാക്കുംപോലെ.

അങ്ങനെ ഓണവും ഇന്ന് ഒരു സാംസ്‌കാരിക സമരത്തിന്റെ അരങ്ങായി മാറുകയാണ്. നിങ്ങൾ മഹാബലിയുടെ പക്ഷത്തോ  വാമനന്റെ പക്ഷത്തോ – വഞ്ചനയുടെ പക്ഷത്തോ സമത്വത്തിന്റെ പക്ഷത്തോ, മേലാളരുടെ പക്ഷത്തോ കീഴാളരുടെ പക്ഷത്തോ- എന്ന ചോദ്യം ഒരു സാംസ്‌കാരിക- രാഷ്ട്രീയപ്രശ്നമായി ഉയർത്തപ്പെടുന്നു. ഓണം ആഘോഷിക്കുന്ന ഓരോ മലയാളിയും ഈ ചോദ്യം സ്വയം ചോദിക്കട്ടെ: ഇതാണ് എന്റെ ഓണാശംസ.


പ്രധാന വാർത്തകൾ
 Top