06 June Saturday

ഇടതുസഖ്യത്തെ നെഞ്ചോടുചേർത്ത്‌ ജെഎൻയു

സാജൻ എവുജിൻUpdated: Tuesday Sep 10, 2019


‘‘സെപ്‌തംബർ ആറിന്‌ മാർക്‌സിസ്റ്റ്‌ ഡിസ്‌റ്റോറിയൻസിന്റെ ശവസംസ്‌കാരം നടക്കും.  റൊമീല ഥാപ്പറിനെയും  രാമചന്ദ്ര ഗുഹയെയും പോലുള്ളവർ അനാഥരാകും. സംസ്‌കാരത്തിൽ  എല്ലാവരും പങ്കെടുക്കണം’’–-ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ  സംഘപരിവാർ നടത്തിയ പ്രചാരണം ഇതായിരുന്നു.  ചരിത്രം വളച്ചൊടിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നവരെ ഡിസ്‌റ്റോറിയൻസ്‌(ചരിത്രം വളച്ചൊടിക്കുന്നവർ) എന്ന്‌ വിശേഷിപ്പിക്കുന്നത്‌ സംഘപരിവാറിന്റെ പതിവാണ്‌. പക്ഷേ, ഇവിടെ പ്രസക്തമാകുന്നത്‌ ഇത്തവണത്തെ ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനെ ബിജെപിയും എബിവിപിയും സംഘപരിവാർ ഒന്നടങ്കവും എത്രമാത്രം പ്രതീക്ഷയോടെ കണ്ടിരുന്നൂവെന്നതാണ്‌.

തിളക്കമാർന്ന വിജയം
മോഡിസർക്കാർ രണ്ടാം പ്രാവശ്യവും അധികാരത്തിൽ വന്നതിന്റെ ആവേശത്തിൽ  ഇക്കുറി എന്തുവില  കൊടുത്തും ജെഎൻയു വിദ്യാർഥി യൂണിയൻ പിടിച്ചെടുക്കണമെന്ന വാശിയിലായിരുന്നു സംഘപരിവാർ. ധൈഷണിക, അക്കാദമിക്‌ ഇന്ത്യയുടെ  നേർച്ഛേദമായ ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ ഭരണം പിടിച്ചെടുക്കാൻ കഴിയാത്തത്‌ സംഘപരിവാറിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന്‌ മുമ്പേ വ്യക്തമായതാണ്‌. കഴിഞ്ഞ മോഡിസർക്കാരിന്റെ കാലത്ത്‌ ബിജെപി മന്ത്രിമാരും എംപിമാരുംതന്നെ ജെഎൻയു വിദ്യാർഥികൾക്കെതിരെ ആക്ഷേപങ്ങൾ ഉയർത്തിയത്‌ ഇതിന്റെ പ്രതിഫലനമാണ്‌. ഇത്തവണ തന്ത്രം പരിഷ്‌കരിക്കുകയും ജെഎൻയുവിന്‌ പ്രധാനമന്ത്രി മോഡിയുടെ പേര്‌ നൽകണം എന്നതുപോലുള്ള ആവശ്യങ്ങളുമായി ബിജെപി നേതാക്കൾ രംഗത്തുവരികയും ചെയ്‌തു. ജെഎൻയുവിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾക്ക്‌ വിരുദ്ധമായ കോഴ്‌സുകൾ തുടങ്ങുകയും എബിവിപിക്കാരെ തിരുകിക്കയറ്റുകയും ചെയ്‌തു. മോഡിസർക്കാരിന്‌ പിന്തുണ നൽകാൻ എബിവിപിയെ വിജയിപ്പിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി. ഡൽഹിയിലെ ബിജെപി എംപിമാർ നേരിട്ട്‌ പ്രചാരണ ചുമതല വഹിച്ചു. ഇടത്‌ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ കായികമായി നേരിടുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു. വോട്ടെടുപ്പിനു തൊട്ടുമുമ്പ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ വെങ്കിടേഷിന്റെ തല അടിച്ചുപൊട്ടിച്ചു. ഉന്നതവിദ്യാഭ്യാസത്തെ  വാണിജ്യവൽക്കരിക്കുന്ന കേന്ദ്രനയത്തിനെതിരായ  പ്രതിഷേധത്തിൽ പങ്കെടുത്ത  48 അധ്യാപകർക്ക്‌ സർവകലാശാലാ അധികൃതർ നോട്ടീസ്‌ നൽകി.  റൊമീല ഥാപ്പർ, ടി കെ ഉമ്മൻ എന്നിവർ ഉൾപ്പെടെയുള്ള ജെഎൻയുവിലെ 12  എമേറിറ്റസ്‌ പ്രൊഫസർമാരെ ബയോ-ഡാറ്റ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അപമാനിച്ചു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത പദ്ധതിയാണ്‌ ഉന്നതങ്ങളിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയത്‌.

 

അതേസമയം, ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും നേരെയുള്ള വലതുപക്ഷ കടന്നാക്രമണം ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌  എസ്‌എഫ്‌ഐ–-ഡിഎസ്‌എഫ്‌–-ഐസ–-എഐഎസ്‌എഫ്‌ എന്നീ  സംഘടനകളുടെ  സഖ്യം വിദ്യാർഥികളുടെ പിന്തുണ തേടിയത്‌. ജമ്മു കശ്‌മീരിനെ കേന്ദ്രസർക്കാർ വെട്ടിമുറിച്ച്‌ സംസ്ഥാനപദവി ഇല്ലാതാക്കിയതും അസമിൽ 19 ലക്ഷത്തിലേറെ പേർക്ക്‌ പൗരത്വം നിഷേധിച്ചതും ഇടതുസഖ്യം ചർച്ചയിൽ കൊണ്ടുവന്നു. എബിവിപിയും സർവകലാശാലാ അധികൃതരും ചേർന്ന്‌ ജെഎൻയുവിനെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ വിധിയെഴുതാൻ വിദ്യാർഥികളോട്‌ അഭ്യർഥിച്ചു. ഭരണഘടനാപരവും പുരോഗമനാത്മകവുമായ പ്രവേശനനയം  ജെഎൻയുവിൽ ഉറപ്പാക്കാനായി നിലകൊള്ളാനും ഇടതുസഖ്യം ആഹ്വാനം ചെയ്‌തു.

തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾ കാവിപ്പടയെ നിരാകരിക്കുകയും ഇടതുസഖ്യത്തെ നെഞ്ചോടുചേർക്കുകയും ചെയ്‌തു. വർഗീയതയുടെ  തേരോട്ടംവഴി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനുശേഷം രാജ്യത്ത്‌ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും അപ്രസക്തമാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനുള്ള ശക്തമായ താക്കീതാണ്‌ ജെഎൻയു വിദ്യാർഥികളുടെ വിധിയെഴുത്ത്‌. 13 വർഷത്തിനുശേഷം എസ്‌എഫ്‌ഐ പ്രതിനിധി ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷസ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്‌.

ക്യാമ്പസുകളിൽ ഇടതുതരംഗം
ഈ ഫലം ഒറ്റപ്പെട്ടതല്ല. ദിവസങ്ങൾക്കുമുമ്പ്‌ നടന്ന പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ–-എപിഎസ്‌എഫ്‌–-എഐഎസ്‌എഫ്‌ സഖ്യം ഉജ്വലവിജയം നേടി. ഇവിടെ 11ൽ 10 സീറ്റിലും ഈ സഖ്യം വിജയിച്ചു. പഞ്ചാബ്‌ സർവകലാശാല വിദ്യാർഥി യൂണിയനിലേക്കും എസ്‌എഫ്‌ഐ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ ആഗസ്‌ത്‌ 28ന്‌ നടന്ന  വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഒട്ടേറെ കോളേജുകളിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ വിജയം നേടാനായി. സിക്കർ സയൻസ്‌ കോളേജ്‌, ഹനുമാൻഗഡ്‌ ജില്ലയിലെ നോഹർ ഗവ. കോളേജ്‌, ജോധ്‌പുർ ബാപ്‌ ഗവ. കോളേജ്‌, ജുൻജുനു ഗവ. പിജി കോളേജ്‌, അൽവർ സംസ്‌കൃത കോളേജ്‌, നവാൽഗഡ്‌ നോഹർ ഗവ. കോളേജ്‌, കത്രാതൽ ആർട്‌സ്‌ കോളേജ്‌, ഗംഗാനഗർ ദീക്ഷിത്‌ കോളേജ്‌, റെയ്‌സിങ്‌നഗർ ഷഹീദ്‌ ഭഗത്‌സിങ്‌ കോളേജ്‌,  വിജയനഗർ ശ്രീ വിനായക്‌ കോളേജ്‌, ബിക്കാനിർ ആദേശ്‌ കോളേജ്‌ എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ തിളക്കമാർന്ന വിജയത്തോടെ യൂണിയൻ പിടിച്ചെടുത്തു.
ഡൽഹി സർവകലാശാല ടീച്ചേഴ്‌സ്‌ അസോസിയേഷൻ  ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളാണ്‌ വിജയിച്ചത്‌. കേരളത്തിലെ സർവകലാശാല–-കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ തരംഗമാണ്‌.

സംഘപരിവാറിനോടും പിന്തിരിപ്പൻ ആശയങ്ങളോടും നേരിട്ട്‌ പൊരുതിയാണ്‌ ക്യാമ്പസുകളിൽ ഇടതുപക്ഷം വിജയപതാക നാട്ടുന്നത്‌. ഇടതുപക്ഷത്തിന്‌ പടിയിറക്കത്തിന്റെ കാലമാണെന്ന്‌ സ്വപ്‌നം കാണുന്നവർക്കുള്ള കൃത്യമായ മറുപടിയാണ്‌ ഈ ഫലങ്ങൾ. ആശയപരമായും ധൈഷണികമായും സംഘപരിവാറിനെ ചെറുക്കാൻ ഇടതുപക്ഷത്തിനാണ്‌ സാധിക്കുക. ജമ്മു കശ്‌മീർ വിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ചുവരുന്ന സുവ്യക്തമായ നിലപാടിനുള്ള അംഗീകാരം കൂടിയാണ്‌ ക്യാമ്പസുകളുടെ വിധിയെഴുത്ത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top