07 December Saturday

കാലാവസ്ഥാവ്യതിയാനം ഭൂപ്രകൃതിയിലുണ്ടാക്കുന്ന മാറ്റം

ഡോ.എ രാജഗോപാല്‍ കമ്മത്ത്Updated: Saturday Aug 10, 2019

തിരുവനന്തപുരം> കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങൾ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ കാലവർഷകാലത്ത് മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്‌ത്‌ പ്രളയത്തിന്‌ കാരണമായി. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ പെയ്യുന്ന മഴയുടെ അളവിൽ ഗണ്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്‌.

മഴ ഒരുശതമാനംകണ്ട് കുറയുകയും താപനില ശരാശരി ഒരു ശതമാനംവരെ വർധിക്കുകയും ചെയ്‌തിരിക്കുന്നു. നഗരപ്രദേശങ്ങളിൽ താപനിലയുടെ വർധന രണ്ടു മുതൽ മുന്നുഡിഗ്രി വരെയാണ്. അതേസമയം അയലത്ത് തമിഴ്നാട്ടിൽ മഴയുടേ അളവിൽ വർധനയുണ്ടാകുകയും ശരാശരി താപനിലയിൽ കുറവുണ്ടാകുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കുറിയാകട്ടെ ജൂൺ, ജൂലൈ മാസങ്ങളിൽ മഴയിൽ 23 ശതമാനം കുറവ്‌ രേഖപ്പെടുത്തി. അക്കാലത്ത് മലഞ്ചെരിവുകളിലാണ് മഴക്കുറവ് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. എന്നാൽ, ആഗസ്‌തിൽ മലമ്പ്രദേശങ്ങളിലാണ് മഴയിൽ വർധനയുണ്ടാകുന്നത്. വേനൽക്കാലമഴയിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണമായി ഭവിച്ചത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റാണ്. എന്നാൽ, മൺസൂൺ കാലത്ത് അറബിക്കടലിൽ രൂപപ്പെട്ട വായു ചുഴലിക്കാറ്റുമൂലം കേരളത്തിൽ പെയ്യേണ്ട മഴയിൽ ഗണ്യമായ കുറവുണ്ടായി.

ബംഗാൾ ഉൾക്കടലിലെ ഉപരിതലജലം അറബിക്കടലിനെക്കാൾ ലവണത കുറഞ്ഞതാണ്. അതിനാൽ ബാഷ്‌പീകരണം കൂടുതലുണ്ടായി ചുഴലിക്കാറ്റുണ്ടാകുന്നു. എന്നാൽ, അറബിക്കടലിന്റെ ലവണതകുറയുമ്പോൾ അതായത് മഹാസമുദ്രജലപ്രവാഹങ്ങൾവഴി നേർത്ത ജലം എത്തുമ്പോഴും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽനിന്ന്‌ മഴപെയ്‌തുണ്ടാകുന്ന ജലമൊഴുകി എത്തുമ്പോയും ബാഷ്‌പീകരണം വർധിക്കുന്നു. കൂടാതെ അറബിക്കടലിന്റെ താപം 29 ഡിഗ്രിയായി തുടരുന്നതിനാൽ ചുഴലിക്കാറ്റുണ്ടാകാനുള്ള ബാഷ്‌പീകരണത്തിനുള്ള വേദി സജ്ജമാകുകയും ചെയ്യുന്നു. കേരളമുൾപ്പെടുന്ന തീരപ്രദേശത്തിന്റെ താപനിലയും അറബിക്കടലിന്റെ താപനിലയും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ കടലിൽനിന്നുള്ള കാറ്റിന്റെ ഒഴുക്കുകുറയുകയും മഴമേഘങ്ങൾ ആവശ്യത്തിന് എത്താതിരിക്കുകയും ചെയ്യുന്നു.

നല്ല കടല്ക്കാറ്റുണ്ടായാൽമാത്രമേ മഴമേഘങ്ങളും കരയിൽനിന്ന്‌ ഉയരുന്ന ജലബാഷ്പവും മലഞ്ചെരിവിലൂടെ ഉയർന്ന് മേഘഭാഗങ്ങളുടെ കനം വർധിച്ച് മഴയ്‌ക്ക്‌ കാരണമാകുകയുള്ളൂ. പസഫിക്കിന്റെ ഉപരിതലതാപനില ഉയരുന്ന പ്രതിഭാസമായ എൽനിനോ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നു. എന്നാൽ, ഇക്കുറി എൽനിനോ ന്യൂട്രൽ അവസ്ഥയിലാണ്. അതുപോലെ ഇന്ത്യാ മഹാസമുദ്രത്തിൽ ഇന്തോനേഷ്യമുതൽ ആഫ്രിക്കവരെയുള്ള പ്രദേശത്ത് രൂപപ്പെടുന്ന സമുദ്രജലത്തിന്റെ താപനിലയിലെ വ്യതിയാനമായ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ മഴയെ ബാധിക്കുന്ന രീതിയിൽ പരിണമിച്ചിട്ടില്ല.

നല്ല മൺസൂൺ മഴ കിട്ടാൻ വേണ്ട എല്ലാക്കാര്യങ്ങളും സജ്ജമായിട്ടും കേരളത്തിൽ ആദ്യമാസങ്ങളിൽ മഴക്കുറവുണ്ടായത് ഇവിടത്തെ ഭൂഭാഗത്തിനുമുകളിൽ രൂപപ്പെട്ട അതിമർദമാണ്. ഭൂപ്രകൃതിയിൽ വരുത്തിയ മാറ്റങ്ങൾ ഇതിനൊരു കാരണമാണ്. ആപേക്ഷിക ആർദ്രതയിൽ വർധനയുണ്ടാകുന്നതുമൂലം താപം ഇവിടെത്തന്നെ തുടരാനിടയാകുന്നു. കാറ്റിൽ കുറവുണ്ടാകുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ആശ്വാസകരമായ മാറ്റം ഉണ്ടായത് ഇന്ത്യയുടെ മധ്യഭാഗത്തായി മൺസൂൺ ട്രഫ് എന്ന കാലവർഷത്തൊട്ടിയും കേരളം മുതൽ മഹാരാഷ്ട്രവരെയുള്ള തീരദേശത്ത് ഓഫ്ഷോർ ട്രഫ് എന്ന ന്യൂനമർദപ്രദേശം രൂപപ്പെട്ടതുമാണ്. ഇതുവഴി കേരളത്തിലേക്ക്‌ കടലിൽനിന്ന്‌ കാറ്റിൽ മഴമേഘങ്ങൾ എത്തുകയും ശക്തമായ മഴയ്‌ക്ക്‌ കാരണമാകുകയുംചെയ്‌തു. ദക്ഷിണാർധഗോളത്തിലെയും ഉത്തരാർധഗോളത്തിലെയും വായുഭാഗങ്ങൾ ഒരുമിക്കുന്ന പ്രദേശമായ ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ താഴ്‌ന്ന മർദത്തിന്‌ കാരണമായി. അങ്ങനെ മൺസൂണിനുപിന്നിൽ പ്രവർത്തിക്കുന്ന ഒരുപറ്റം കാരണങ്ങളിലൊന്ന് ശരിയായി വരികയും ഇപ്പോൾ നാം അനുഭവിക്കുന്ന അവസ്ഥയ്‌ക്ക്‌ കാരണമാകുകയും ചെയ്‌തു.

ഇപ്പോൾ ഏറ്റവും കൂടുതൽ ജീവഹാനിയും നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ഉരുൾപൊട്ടലിലും മലയിടിച്ചിലിലുമാണ്. സ്വതവേ ദുർബലമായ പശ്ചിമഘട്ടത്തിൽ നടത്തുന്ന അനധികൃതമായുള്ള നിർമാണപ്രവർത്തനങ്ങൾ കൃഷിക്കായി തെളിച്ചെടുക്കുന്ന വനപ്രദേശങ്ങൾ, വലിയതോതിലുള്ള പാറഖനനം എന്നിവ മലനിരകളെ ദുർബലമാക്കുകയും മഴപെയ്‌ത്‌ മേൽമണ്ണിൽ ജലം നിറയുമ്പോൾ അത് ഉരുൾപൊട്ടലായി നാശം വിതയ്‌ക്കുകയും ചെയ്യുന്നു. വനവൃക്ഷങ്ങൾ മലനിരകളെ സംരക്ഷിച്ചുനിർത്തുമായിരുന്നു. എന്നാൽ, അവയും അപ്രത്യക്ഷമായി. സൂര്യൻ ഇപ്പോൾ നിമ്നാവസ്ഥയിലാണ്. അതായത് കഴിഞ്ഞ വർഷം മുതൽ തുടരുന്ന ഒന്നാണ് സോളാർ മിനിമം എന്ന ഈ അവസ്ഥ. ഇക്കാലയളവിൽ നല്ല മഴ ലഭിക്കേണ്ടതാണ്. 1924ൽ ലഭിച്ചതിലും കുറവു മഴയാണ് കഴിഞ്ഞവർഷം കേരളത്തിൽ ലഭിച്ചത്. അതായത്‌ ആകെ മഴയിൽ കുറവ് രേഖപ്പെടുത്തുന്നു എന്ന് അനുമാനിക്കാം.

എന്നാൽ, ചിലപ്പോൾ വടക്കുകിഴക്കൻ മൺസൂൺ, വേനൽക്കാലമഴ എന്നിവ വർധിക്കാനിടയുണ്ട്. ലോകത്തിലെ ഒരിടത്തും കാലാവസ്ഥ ഒരേപോലെ വളരെക്കാലം ഉണ്ടാകില്ല. ഭൂപ്രകൃതിയിൽ പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങൾമൂലം വർഷണത്തിലും താപനിലയിലുമൊക്കെ വ്യതിയാനമുണ്ടാകുന്നു.


പ്രധാന വാർത്തകൾ
 Top