22 March Friday

ചരിത്രം കുറിക്കുന്ന തൊഴിലാളിസമരം

എളമരം കരീംUpdated: Thursday Nov 9, 2017

 

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ- നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യവസായ- സേവന മേഖലയിലെ ജീവനക്കാരുടെ ഫെഡറേഷനുകളും ചേര്‍ന്നാണ് ദേശീയപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും നടപ്പാക്കുന്ന നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ ദേശീയ- അന്തര്‍ദേശീയ കുത്തകകളുടെ താല്‍പ്പര്യമനുസരിച്ചാണ്. ഈ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിലെത്തിച്ചു. തൊഴിലെടുക്കുന്നവരുടെയും കര്‍ഷകരുടെയും ജീവിതസാഹചര്യം ദുരിതപൂര്‍ണമാക്കി. മിനിമം വേതനം, സാമൂഹ്യ സുരക്ഷ എന്നിവ അട്ടിമറിക്കപ്പെടുകയാണ്. തൊഴിലാളികളെയും മറ്റ് ജനവിഭാഗങ്ങളെയും ബാധിക്കുന്ന പന്ത്രണ്ടിന ആവശ്യം മുന്നോട്ടുവച്ചാണ് യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കുള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാല്‍, ഈ കാര്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സര്‍ക്കാരും സന്നദ്ധമായില്ല. കുത്തകകള്‍ക്ക് മുതല്‍മുടക്കിന്മേല്‍ ലാഭം നേടാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ ഇതിന് ഇരയാകുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ദേശീയപ്രക്ഷോഭം അനിവാര്യമായത്.

നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പുറകോട്ടടിപ്പിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെയായി. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച എട്ട് ശതമാനത്തിലെത്തിയെന്നും താമസിയാതെ ഇന്ത്യ ചൈനയെ കവച്ചുവയ്ക്കുമെന്നുമായിരുന്നു മോഡിയുടെ വീമ്പുപറച്ചില്‍. എന്നാല്‍, 2016 മുതല്‍ രാജ്യത്തിന്റെ വളര്‍ച്ച താഴോട്ട് പോകാന്‍ തുടങ്ങി. 2017-18 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (2017 ഏപ്രില്‍, മെയ്, ജൂണ്‍) അത് 5.7 ശതമാനത്തിലെത്തി. തലേവര്‍ഷത്തെ ഇതേ മാസങ്ങളില്‍ വളര്‍ച്ചനിരക്ക് 7.9 ശതമാനമായിരുന്നു. 2017ലെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച നേരത്തെ കണക്കാക്കിയതില്‍നിന്ന് 0.5 ശതമാനം കുറഞ്ഞ് 6.7 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഈ മാസമാദ്യം പുറത്തുവിട്ട ഉപഭോക്തൃ പ്രതീക്ഷാ സൂചിക (കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ്), പ്രത്യാശ തീരെ കുറവാണെന്നു കാണിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതീക്ഷയാണ് നിലവിലുള്ളത്. ആറ് മെട്രോ നഗരത്തില്‍ നടത്തിയ സര്‍വേകളില്‍നിന്നാണ് സൂചിക തയ്യാറാക്കിയത്. നരേന്ദ്ര മോഡി അധികാരത്തില്‍ വരുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ ഇപ്പോള്‍ നിലവിലില്ല. എല്ലാവരുടെയും ഏറ്റവും വലിയ ആശങ്ക തൊഴിലിന്റെ കാര്യത്തിലാണ്. തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞെന്നും അടുത്തൊന്നും ഒരു മാറ്റവും സംഭവിക്കില്ലെന്നും കരുതുന്നവരാണ് കൂടുതല്‍ പേരും. 2008-09ലെ ആഗോളമാന്ദ്യകാലത്ത് ഇന്ത്യയിലെ തൊഴില്‍പ്രതീക്ഷ താണനിലയിലാക്കി. 2012-13ല്‍ സാമ്പത്തികവളര്‍ച്ച കുറഞ്ഞപ്പോഴും ഇതുതന്നെ സംഭവിച്ചു. ഇത്തവണ താഴ്ച സാവധാനവും ക്രമമായിട്ടുമായിരുന്നു. 2014ല്‍ മോഡി അധികാരത്തില്‍ വന്നശേഷം തൊഴിലവസര പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വന്നു. കഴിഞ്ഞ 40 മാസക്കാലത്ത് പ്രതീക്ഷ ഒരിക്കല്‍പ്പോലും ഉയര്‍ന്നില്ല. കറന്‍സി റദ്ദാക്കലും ജിഎസ്ടിയും സ്ഥിതി കൂടുതല്‍ വഷളാക്കി. 2016 ജനുവരി- മാര്‍ച്ചില്‍ സാമ്പത്തിക വളര്‍ച്ചനിരക്ക് ഒമ്പത് ശതമാനമാണെന്നായിരുന്നു കണക്ക്. അതാണ് 5.7ലേക്ക് കൂപ്പുകുത്തിയത്. ഈ തകര്‍ച്ച തൊഴില്‍വിപണിയിലുണ്ടാക്കിയ മാറ്റങ്ങളാണ്, മേല്‍പറഞ്ഞ സൂചികകള്‍ വ്യക്തമാക്കുന്നത്.

ജിഎസ്ടിയെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു. കേന്ദ്രം നികുതിനിരക്ക് നിശ്ചയിച്ച്, നടപ്പാക്കി പിരിച്ച് തങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുമെന്നു കരുതി സംസ്ഥാനങ്ങള്‍ എല്ലാം വിട്ടുകൊടുത്തു. തങ്ങള്‍ പഞ്ചായത്തുകളെപ്പോലെ നികുതിവിഷയത്തില്‍ നിസ്സഹായരായി മാറുകയാണ് എന്ന് അവര്‍ മനസ്സിലാക്കിയില്ല.
കരകൌശലം, കുടില്‍വ്യവസായങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, സേവനതുറകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തൊഴിലില്‍നിന്ന് പുറത്താക്കപ്പെടുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ആള് കുറയുന്നു. വലിയ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിടക്കാരുടെയും കുടില്‍ വ്യവസായങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ല. അവര്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലാത്തതാണ് കാരണം. ചെറുകിട വാഹന വര്‍ക്ഷോപ്പുകള്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ കമ്പനികളുടെയും മറ്റും ജോലി ലഭിക്കില്ല.

ചെറുകിടക്കാരെ രംഗത്തുനിന്ന് തൂത്തുമാറ്റുന്ന പ്രക്രിയയായി ജിഎസ്ടി മാറിയപ്പോള്‍ കോടിക്കണക്കിനു തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. കൈത്തൊഴില്‍കാരായ പപ്പട ഉല്‍പ്പാദകനും പലഹാര ഉല്‍പ്പാദകനും വ്യാപാരം എത്ര ചെറുതായാലും ജിഎസ്ടി രജിസ്ട്രേഷന്‍ വേണമെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. മൊറാദാബാദിലെയും അലിഗഡിലെയും താഴ് നിര്‍മാതാക്കള്‍ക്കും ഗോദ്റെജിനും ഒരേ നികുതിനിരക്ക് നിശ്ചയിച്ചു. ചെറുകിടക്കാര്‍ ഏതെങ്കിലും വലിയ കമ്പനിക്കുവേണ്ടി കരാര്‍ പണി ചെയ്യണമെങ്കിലും ഈ നൂലാമാല മുഴുവന്‍ കടക്കണം. ചെറുകിട നെയ്ത്ത് സംരംഭങ്ങള്‍ക്കും (സഹകരണ സംഘങ്ങള്‍ അടക്കം), കരാര്‍ അടിസ്ഥാനത്തില്‍ വസ്ത്രങ്ങള്‍ നിര്‍മിച്ച് കൊടുക്കുന്നവര്‍ക്കും മേല്‍പറഞ്ഞ അവസ്ഥയാണ്. കോര്‍പറേറ്റുകള്‍മാത്രം നിലനിന്നാല്‍മതി എന്ന അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതാണ് മോഡി പറഞ്ഞ "നല്ല ദിവസങ്ങള്‍''.

'മെയ്ക്ക് ഇന്‍ ഇന്ത്യ' മുദ്രാവാക്യം ഉയര്‍ത്തിയ മോഡിയുടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേ, എയര്‍ഇന്ത്യ, പ്രതിരോധ ഉല്‍പ്പന്ന ഉല്‍പ്പാദന മേഖല തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിക്കപ്പെട്ടവയാണ്. 23 റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവല്‍ക്കരണ പട്ടികയിലുണ്ട്. പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സ്വകാര്യവല്‍ക്കരണ ഭീഷണിയിലാണ്. തുറമുഖങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. ഊര്‍ജം, പെട്രോളിയം, ടെലികോം, ഉരുക്ക്, ഖനനം, യന്ത്രനിര്‍മാണം, റോഡ്, വ്യോമയാനം, ജലഗതാഗതം തുടങ്ങിയ തന്ത്രപ്രധാനമേഖലകളെല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. പുതിയ മോട്ടോര്‍വാഹന നിയമം പാസാക്കുന്നതോടെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെല്ലാം ഓര്‍മയായി മാറും. റോഡുഗതാഗതം കുത്തകാധിപത്യത്തിന്‍ കീഴിലാകും.

രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും എതിര്‍ത്തിട്ടും വകവയ്ക്കാതെ തികച്ചും തൊഴിലാളിവിരുദ്ധവും ഉടമകള്‍ക്ക് അനുകൂലവുമായ വിധത്തില്‍ തൊഴില്‍നിയമ ഭേദഗതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. തൊഴിലാളിക്ഷേമ നിയമങ്ങളെ ദുര്‍ബലമാക്കുന്ന സാമൂഹ്യ സുരക്ഷാ കോഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. തൊഴിലാളിക്ഷേമത്തിനായി ഏര്‍പ്പെടുത്തുന്ന സെസുകള്‍ നിര്‍ത്തലാക്കാനും 20 ലക്ഷം കോടി രൂപയോളം വരുന്ന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഊഹക്കച്ചവട വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പതിനഞ്ചാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച മിനിമം വേതനം- പ്രതിമാസം 18,000 രൂപ- നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സുപ്രീംകോടതി ഉത്തരവിലൂടെ ശരിവച്ചതാണ് ഈ മിനിമംവേതനം നിര്‍ദേശം. സ്കീം വര്‍ക്കേഴ്സ്- അങ്കണവാടി, ഉച്ചഭക്ഷണം, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ വേതനവും ജീവിതസാഹചര്യവും മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതെ കടക്കെണിയില്‍ അകപ്പെടുന്ന കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നു. 2014നുശേഷം കര്‍ഷക ആത്മഹത്യ 42 ശതമാനം വര്‍ധിച്ചു. ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍വീതം ആത്മഹത്യ ചെയ്യുന്നുണ്ട്. കാര്‍ഷികത്തകര്‍ച്ചമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു കര്‍ഷകത്തൊഴിലാളികള്‍ "ഇല്ലാത്ത'' തൊഴിലുംതേടി വന്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്.
കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്ത് വരുന്നുണ്ട്. ഇതിനെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാരും സംഘപരിവാറും വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. വര്‍ധിച്ചുവരുന്ന വര്‍ഗ ഐക്യം തകര്‍ക്കലാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മേല്‍പറഞ്ഞ പശ്ചാത്തലത്തിലാണ് 12 ഇന ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ ഐക്യത്തോടെ പ്രക്ഷോഭരംഗത്ത് ഇറങ്ങുന്നത്. നവംബര്‍ 9, 10, 11 തീയതികളില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ പങ്കെടുക്കുന്ന ഡല്‍ഹിയിലെ 'മഹാധര്‍ണ' ഇതിന്റെ ഭാഗമാണ്. തുടര്‍ന്ന് ദേശീയ പണിമുടക്കുള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് തൊഴിലാളികള്‍ സജ്ജരാകണമെന്ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മേല്‍പറഞ്ഞ 12 ആവശ്യം ഉയര്‍ത്തിക്കൊണ്ട് നടത്തിയ പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്ന ബിഎംഎസ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സമരത്തില്‍നിന്ന് പിന്മാറി. ആര്‍എസ്എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ബിഎംഎസ് നേതൃത്വം ഈ തൊഴിലാളിവഞ്ചന കാണിച്ചത്. തൊഴിലാളിവര്‍ഗത്തെ വഞ്ചിച്ച് ഭരണവര്‍ഗത്തെ താങ്ങാന്‍ പോയ നേതൃത്വത്തെ തള്ളിക്കളഞ്ഞ് ബിഎംഎസില്‍ അണിനിരന്നിരുന്ന തൊഴിലാളികളും ആവേശപൂര്‍വം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശത്തിനായും രാജ്യത്തിന്റെ നിലനില്‍പ്പിനായും തൊഴിലാളിവര്‍ഗം നടത്തുന്ന ഈ പോരാട്ടം വിജയിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു

 

പ്രധാന വാർത്തകൾ
 Top