02 June Tuesday

കോൺഗ്രസ്‌ മറുപടി പറയണം

എം വി ജയരാജൻUpdated: Wednesday Oct 9, 2019


കോൺഗ്രസിന്റെ അഴിമതിയുടെയും വിശ്വാസവഞ്ചനയുടെയും ഒടുവിലത്തെ ഇരയാണ്‌ കണ്ണൂർ ജില്ലയിലെ ചെറുപുഴ ചൂരപ്പടവിലെ ജോസഫ്‌ മുതുപാറകുന്നേൽ (55, ജോയി). ചെറുപുഴ ടൗണിലെ മിക്ക കെട്ടിടങ്ങളുടെയും പള്ളിയുടെയും നിർമാതാവാണ്‌ കരാറുകാരനായ ജോസഫ്‌. കോൺഗ്രസ്‌ അനുഭാവി. സെപ്‌തംബർ നാലിനു പകൽ വീട്ടിൽനിന്നിറങ്ങിയ ജോസഫിന്റെ മൃതദേഹമാണ്‌ പിറ്റേന്നു രാവിലെ നാട്ടുകാർ കണ്ടത്‌. ചെറുപുഴയിലെ കെ കരുണാകരൻ സ്‌മാരക ആശുപത്രിയുടെ മുകൾനിലയിൽ ഇരുകൈകളുടെയും കാലിന്റെയും ഞരമ്പുകൾ മുറിഞ്ഞ്‌ രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ദുരൂഹസാഹചര്യത്തിലുള്ള ആ മരണത്തിന്റെ ഉത്തരംതേടുകയാണ്‌ കുടുംബവും പൊലീസും നാടും. ജോസഫിനെ മരണത്തിലേക്കും ഒരു കുടുംബത്തെയാകെ അനാഥത്വത്തിലേക്കും തള്ളിവിട്ടതിന്റെ പൂർണ ഉത്തരവാദിത്തം കോൺഗ്രസിനാണ്‌.

വിശ്വാസവഞ്ചനക്കേസിൽ ചെറുപുഴ ഡെവലപ്പേഴ്‌സ്‌ പ്രസിഡന്റും കെപിസിസി മുൻ നിർവാഹകസമിതി അംഗവുമായ കെ കുഞ്ഞികൃഷ്‌ണൻ നായരുൾപ്പെടെയുള്ള അഞ്ച്‌ കോൺഗ്രസ്‌, ലീഗ് നേതാക്കളെ കോടതി റിമാൻഡ്‌ ചെയ്‌ത്‌ ജയിലിലടച്ചിരിക്കുകയാണ്. കോൺഗ്രസ്‌ നേതാക്കളുടെ  വഞ്ചനയ്‌ക്കിരയായി ഒരു കുടുംബനാഥനു സംഭവിച്ച ദാരുണാന്ത്യത്തിന്റെ വേദനയിൽനിന്ന്‌ നാടുംവീടും ഇനിയും മുക്തമായിട്ടില്ല.

ലീഡറുടെ സ്‌മരണ വിറ്റ്‌ കൊയ്‌തത്‌ കോടികൾ
കെ കരുണാകരന്റെ സ്‌മരണയെ വിറ്റ്‌ ചെറുപുഴയിലെ കോൺഗ്രസ്‌ നേതാക്കൾ കൊയ്‌തത്‌ കോടികളാണ്‌. എന്നാൽ, കെട്ടിടം പണിത കരാറുകാരനെ സമർഥമായി വഞ്ചിച്ച്‌ കുടുംബത്തെ അനാഥമാക്കി. പലവഴികളിലൂടെ പണം ഒഴുകിയെത്തിയിട്ടും കരാറുകാരനു പണം നൽകിയില്ല. അങ്ങനെ സർവതും നഷ്ടപ്പെട്ട കരാറുകാരൻ നിർമാണം പൂർത്തിയാക്കിയ അതേ കെട്ടിടത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെ ചെറുപുഴ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ മറവിൽ നടന്ന കോടികളുടെ തട്ടിപ്പുകൂടിയാണ്‌ പുറംലോകമറിഞ്ഞത്‌. 

2011ലാണ്‌ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായർ (ചെയർമാൻ), മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോഷി ജോസ്‌ (സെക്രട്ടറി), കാസർകോട്ടെ മുസ്ലിംലീഗ്‌ നേതാവ്‌ അബ്‌ദുൾ സലീം (ട്രഷറർ) എന്നിവർ ഭാരവാഹികളായതായിരുന്നു ട്രസ്‌റ്റ്‌. കാസർകോട്‌ എളേരിയിലെ ജനാധിപത്യവികസന മുന്നണി (ഡിഡിഎഫ്‌) നേതാവും ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റുമായ ജെയിംസ്‌ പന്തമാക്കൽ, എസ്‌എൻഡിപി യോഗം തളിപ്പറമ്പ്‌ യൂണിയൻ പ്രസിഡന്റ്‌  ദാസൻ എന്നിവരടക്കം 30 അംഗ ട്രസ്‌റ്റായിരുന്നു. അംഗങ്ങൾ ഓരോ ലക്ഷം രൂപ ഓഹരിയെടുത്താണ്‌ ചെറുപുഴയിൽ രണ്ടേക്കർ സ്ഥലം സെന്റിന്‌ രണ്ടുലക്ഷം രൂപ നിരക്കിൽ കരാറാക്കിയത്‌. 20 സെന്റ്‌ ട്രസ്‌റ്റിന്റെ പേരിൽ രജിസ്‌റ്റർ ചെയ്‌തു. ജെയിംസ്‌ പന്തമാക്കലിനെയും ദാസനെയും പിന്നീട്‌ ഒഴിവാക്കി കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ചേർന്ന്‌ ചെറുപുഴ ഡെവലപ്പേഴ്‌സ്‌ എന്ന സ്വന്തം സംവിധാനമുണ്ടാക്കി. കെ കരുണാകരൻ സ്‌മാരക ആശുപത്രിക്കെന്ന പേരിൽ കെട്ടിടം പണിതെങ്കിലും അതും ഘട്ടംഘട്ടമായി കൈമാറി.

 

താഴത്തെ നിലയിലെ ആശുപത്രി കാഞ്ഞങ്ങാട്ടെ മറ്റൊരു സ്വകാര്യആശുപത്രിക്ക്‌ വിറ്റു. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുണ്ടാകുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ആശുപത്രിക്കായി ധനസമാഹരണം നടത്തിയത്‌. 46 ലക്ഷം പിരിച്ചെടുത്തതായി കെപിസിസി സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്‌. ജോസഫ്‌ മരിച്ച ദിവസം രാത്രി കെ കരുണാകരൻ സ്‌മാരക ആശുപത്രിയെന്ന പേര്‌ മാറ്റി. ലീഡർ ഹോസ്‌പിറ്റൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നാക്കി. ഷോപ്പിങ് കോംപ്ലക്‌സിലെ ഓരോ മുറിയും പത്തുലക്ഷം രൂപയ്‌ക്കും മുകൾനിലയിലെ ആറ്‌ ഫ്‌ളാറ്റുകളിൽ ഒന്നിന്‌ 47 ലക്ഷം രൂപയ്‌ക്കും വിൽപ്പന നടത്തി. ഈ ഇടപാടിലൂടെ മൂന്നരക്കോടി രൂപ ലഭിച്ചു. പിന്നീട്‌ നേതാക്കളുടെ ബിനാമികളെയടക്കം ഉൾപ്പെടുത്തി ചെറുപുഴ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാക്കി. രണ്ട്‌ ഏക്കറിൽ 90 സെന്റ്‌ ഈ കമ്പനിയുടെ പേരിലേക്ക്‌ മാറ്റി. 40 സെന്റ്‌ മറിച്ചുവിറ്റു. ആറു കോടിയോളം രൂപ ഈ ഇടപാടിലൂടെ ലഭിച്ചു. രജിസ്‌ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ സംരംഭത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ആദായനികുതിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചു. ഇതൊക്കെയായിട്ടും കെട്ടിടം നിർമിച്ച കരാറുകാരനു നൽകാനുള്ള 1.34 കോടി രൂപ നൽകിയില്ല.

കടക്കെണിയിൽപ്പെടുത്തി
കെട്ടിടത്തിന്റെ കണക്കുമായി നേതാക്കളെ പലവട്ടം ജോസഫും കുടുംബവും കണ്ടതാണ്‌. അവർക്ക്‌ അലിവ്‌ തോന്നിയില്ല. കോൺഗ്രസുകാർ വാക്കുതെറ്റിച്ചപ്പോൾ ജോസഫ്‌ ചെന്നുപെട്ടത്‌ അഴിയാക്കുരുക്കിലാണ്‌. കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെയും ചെറുപുഴ ഡെവലപ്പേഴ്‌സിന്റെയും ഭാരവാഹികൾ വിളിപ്പിച്ചതനുസരിച്ചാണ്‌ ജോസഫ്‌ സെപ്‌തംബർ നാലിന്‌ ആശുപത്രിയിലെത്തിയത്‌. ആശുപത്രിക്കെട്ടിടം പണിത വകയിൽ ലഭിക്കാനുള്ള 1.34 കോടിയുടെ കണക്കും രേഖകളുമടങ്ങിയ ഫയലുമായി പോയ ജോസഫിന്‌ പിന്നെ എന്തു സംഭവിച്ചു? ആത്മഹത്യയാണോ കൊലപാതകമാണോ എന്നത്‌ പൊലീസ്‌ തെളിയിക്കേണ്ട കാര്യം. എന്നാൽ, കോൺഗ്രസ്‌ നേതൃത്വത്തിന്റെ ക്രൂരതയുടെ ഇരയാണ്‌ ജോസഫെന്ന്‌ ഉറപ്പിച്ചുപറയാം. 

കോൺഗ്രസിന്റെ ജീർണമുഖം
കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുകയും ജനങ്ങളിൽനിന്നു ലക്ഷങ്ങൾ സമാഹരിച്ചശേഷം സ്വകാര്യ   സംരംഭമുണ്ടാക്കി ട്രസ്റ്റംഗങ്ങളെയും പൊതുജനങ്ങളെയും വഞ്ചിക്കുകയും വിലയ്‌ക്കുവാങ്ങിയ സ്ഥലവും പണിത കെട്ടിടവും മറിച്ചുവിറ്റ് പണമുണ്ടാക്കുകയും ചെയ്‌തത് സാധാരണ കോൺഗ്രസുകാരല്ല ഉന്നതനേതാക്കളാണ്. കോൺഗ്രസിന്റെ ജീർണമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ജോസഫിന്റെ കുടുംബം നൽകിയ പരാതിയിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജോസഫിന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ഇപ്രകാരം പറയുന്നു: ‘കെ കുഞ്ഞികൃഷ്ണൻ നായരും റോഷി ജോസും അടക്കമുള്ളവർ ഒത്തൊരുമിച്ചും കൂട്ടായും ഭർത്താവിനെ ഇല്ലാതാക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തി. ഭർത്താവിന് പണം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി രേഖകളെല്ലാം കൈവശപ്പെടുത്തി അപായപ്പെടുത്തുകയാണ് ഉണ്ടായതെന്ന് ഞാൻ വിശ്വസിക്കുന്നു. ഭർത്താവിന്റെ മരണത്തിന് ഇവരാണ് ഉത്തരവാദികൾ’. 

ചിറയ്‌ക്കലിലും തട്ടിപ്പ്‌
കണ്ണൂരിൽ മറ്റൊരു കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ പേരിൽ നടന്ന വൻകുംഭകോണവും ഇതിനിടെ ചർച്ചയായി. 2010ൽ കെ കരുണാകരന്റെ മരണത്തിനുശേഷമാണ്‌ കെപിസിസി വർക്കിങ്‌ ചെയർമാൻ കെ സുധാകരൻ ചെയർമാനായി ലീഡർ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. ചിറയ്‌ക്കൽ കോവിലകത്തിന്റെ  ഉടമസ്ഥതയിലായിരുന്ന ചിറയ്‌ക്കൽ രാജാസ്‌ സ്‌കൂൾ വിലയ്‌ക്കുവാങ്ങാനും തീരുമാനിച്ചു. രാജാസ്‌ ഹയർ സെക്കൻഡറി, യുപി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപയ്‌ക്കു വാങ്ങാൻ കരാറുണ്ടാക്കി.  ഇതിനായി ഗൾഫ്‌ രാജ്യങ്ങളിൽനിന്നുൾപ്പെടെ കോടികൾ സമാഹരിച്ചു.

എന്നാൽ, ചെറുപുഴയിലേതുപോലെ  ചില തർക്കങ്ങൾ വന്നതോടെ ഇടപാടു പൊളിഞ്ഞു. വിൽപ്പന നീക്കത്തിൽനിന്ന്‌ കോവിലകം പിന്മാറി. ട്രസ്‌റ്റിന്റെ പേരിൽ സ്‌കൂൾ വിലയുറപ്പിച്ച്‌ കോടികൾ സമാഹരിച്ചശേഷം കെ സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എഡ്യു പാർക്ക്‌ എന്ന സ്വകാര്യ കമ്പനി രൂപീകരിച്ചു. ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ  ആവശ്യപ്പെട്ടതാണ്‌ ഇടപാടിൽനിന്നു പിന്മാറാൻ കോവിലകം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്‌. 50 ലക്ഷം രൂപ കമീഷൻ ആവശ്യപ്പെട്ടതും  അവരെ ചൊടിപ്പിച്ചു. സ്‌കൂൾ പിന്നീട്‌ ചിറയ്‌ക്കൽ സർവീസ്‌ സഹകരണ ബാങ്ക്‌ വാങ്ങി. ഇടപാട്‌ നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചുകൊടുത്തിട്ടില്ല. കരുണാകരന്റെ സ്‌മരണയെ വിറ്റ്‌ സ്വരുക്കൂട്ടിയ ഭീമമായ പണം എവിടെ പോയെന്നതിന്‌ ആർക്കും ഉത്തരമില്ല. കണ്ണൂർ ഡിസിസിയോ  കെപിസിസിയോ അന്വേഷിച്ചിട്ടുമില്ല.

കാപട്യം നിറഞ്ഞ നടപടി
എന്തിനാണ്‌ ജോസഫിനെ മരണത്തിലേക്ക്‌ തള്ളിവിട്ടതെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും ചോദിക്കുന്നത്‌. ഇതിനൊന്നും വ്യക്തമായ ഉത്തരം നൽകാതെ കോൺഗ്രസ്‌ നേതൃത്വം പണം കൊടുത്ത് കേസ് ഒതുക്കാനാണ് ശ്രമിക്കുന്നത്. വഞ്ചനക്കേസിൽ പ്രതികളായി ജയിലിൽ കിടക്കുന്നവർ ഇപ്പോഴും കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെയുണ്ട്. ചെറുപുഴയിൽ ലീഡർ ആശുപത്രി എന്നപേരിൽ ആരംഭിച്ച സ്വകാര്യ ആശുപതിയുടെ ഉടമ വ്യക്തമാക്കിയത് ഈ സംരംഭത്തിൽ മറ്റാർക്കും ഉടമസ്ഥാവകാശമില്ലെന്നാണ്. എന്നാൽ, ഡിസിസി പ്രസിഡന്റ്‌ പറയുന്നത് ആശുപത്രിയിൽ ജോസഫിന്റെ ഭാര്യക്ക്‌ ജോലി കൊടുക്കുമെന്നാണ്. അത് കുടുംബത്തിനു നൽകിയ കരാറിൽ എഴുതിക്കൊടുത്തുവെന്നാണ് അറിയുന്നത്. ഇത് മറ്റൊരു വഞ്ചനയാണ്. ട്രസ്റ്റ് അംഗങ്ങളെയും പൊതുജനങ്ങളെയും ജോസഫിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വഞ്ചിച്ച കോൺഗ്രസിന്റെ നടപടി പൂർണമായും കാപട്യമാണ്. ജോസഫിനെ മരണത്തിലേക്ക്‌ തള്ളിവിടുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനാഥമാക്കുകയും ചെയ്‌തതിന്‌ മറുപടി പറയേണ്ടത്‌  കോൺഗ്രസ്‌ നേതൃത്വമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top