22 May Wednesday

മഹനീയ രക്തസാക്ഷിത്വം

സുനില്‍ പി ഇളയിടംUpdated: Monday Oct 9, 2017

'നമ്മുടെ കാലത്തെ ഏറ്റവും പൂര്‍ണനായ മനുഷ്യന്‍' എന്നാണ് സാര്‍ത്ര് ചെ ഗുവേരയെ വിശേഷിപ്പിച്ചത്. മനുഷ്യന്‍ എന്ന പദത്തിന് കൈവരാവുന്ന പൂര്‍ണതയത്രയും കൈവന്ന ഒരാളായിരുന്നു ചെ. 1960ല്‍ സിമോണ്‍ ദി ബുവ്വയോടൊപ്പം ചെയെ സന്ദര്‍ശിച്ച സാര്‍ത്രിന്, അസാധാരണമായ ഹൃദയനൈര്‍മല്യത്തിന്റെയും യാതനയനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരാശിയോടുമുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും ആകത്തുകയായാണ് ചെയെ മനസ്സിലാക്കാനായത്. അത്രമേല്‍ പൂര്‍ണതയോടെ മനുഷ്യവംശത്തോട് അത്രമേല്‍ സമര്‍പ്പിതനായി, ജീവിക്കുന്ന മറ്റൊരാള്‍ തന്റെ കാലത്തില്ലെന്ന് സാര്‍ത്ര് തിരിച്ചറിഞ്ഞിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ ക്രിസ്തു ജീവിച്ചിരുന്നുവെങ്കില്‍ അത് ചെയുടെ രൂപത്തിലായിരിക്കുമെന്ന് സാര്‍ത്രിനെപ്പോലെ പലരും കരുതിയതും അതുകൊണ്ടാണ്. ക്രിസ്തുവിനോടൊപ്പം ലാറ്റിനമേരിക്കയില്‍ ചെ ഇന്ന് ആരാധിക്കപ്പെടുകയും ചെയ്യുന്നു.

1967 ഒക്ടോബര്‍ ഒമ്പതിന് ബൊളീവിയയിലെ വില്ലാ ഗ്രാന്‍ഡേക്ക് അടുത്തുള്ള ലാ ഹിഗ്യേര ഗ്രാമത്തില്‍വച്ച് വധിക്കപ്പെടുമ്പോള്‍ ചെയ്ക്ക് 40 വയസ്സ് തികഞ്ഞിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ 39 വയസ്സും മൂന്നുമാസവും 25 ദിവസവും മാത്രം പിന്നിട്ട ജീവിതം. 1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോവില്‍ പിറന്ന് മനുഷ്യവംശത്തോളം വളര്‍ന്നുവലുതായ ചെയുടെ പൊതുജീവിതത്തിന്, ഒരു വ്യാഴവട്ടത്തിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. മെക്സിക്കോയില്‍വച്ച് ഫിദല്‍ കാസ്ട്രോയെ കണ്ടുമുട്ടിയതിനെതുടര്‍ന്നാണ് തന്റെ ഭിഷഗ്വരജീവിതം ഉപേക്ഷിച്ച് ലാറ്റിനമേരിക്കന്‍ വിപ്ളവത്തിന്റെ കടല്‍ക്കോളിലേക്ക് കൂപ്പുകുത്താന്‍ ചെ തീരുമാനിച്ചത്. അതിനുശേഷമുള്ള 12 വര്‍ഷങ്ങള്‍കൊണ്ട് ഇരുപതാംനൂറ്റാണ്ടിലെ മനുഷ്യരാശിയുടെ ഏറ്റവും പ്രശോഭിതമായ വിപ്ളവസ്വപ്നമായി ചെ ഗുവേര മാറിത്തീര്‍ന്നു.

1960ല്‍ ആല്‍ബെര്‍ട്ടോ കോര്‍ദ പകര്‍ത്തിയ ചെയുടെ വിഖ്യാതമായ ചിത്രത്തോളം പരിചിതമായ മറ്റൊരു ദൃശ്യവും ഇന്ന് ലോകത്തിനുമുന്നിലില്ല. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഫോട്ടോഗ്രാഫ് എന്നാണ് ചെയുടെ ആ ചിത്രത്തെ മേരിലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് വിവരിക്കുന്നത്. ഓരോ ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആ ചിത്രത്തിന്റെ പതിനായിരക്കണക്കിന് പതിപ്പുകള്‍ മുദ്രണം ചെയ്യപ്പെടുന്നു. ആ ജീവിതം അനന്തമായി,അവിരാമമായി, വീണ്ടെടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

1967 ഒക്ടോബര്‍ ഒമ്പതിന് ലാ ഹിഗ്യേരയിലെ മണ്‍കട്ടകള്‍കൊണ്ടുള്ള, പൊളിഞ്ഞുവീഴാറായ സ്കൂള്‍ക്കെട്ടിടത്തില്‍വച്ച് കൊല്ലപ്പെടുന്നതിന് അല്‍പ്പംമുമ്പ് ചെയെ പിടികൂടിയ പട്ടാളസംഘത്തിന്റെ തലവന്‍ ചോദിച്ചു: 'നിങ്ങളുടെ അനശ്വരതയെക്കുറിച്ചാണോ ആലോചിക്കുന്നത്.' 'അല്ല; വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ച്'- ചെ മറുപടി പറഞ്ഞതങ്ങനെയാണ്. മരണത്തിന്റെ മുന്നിലും ചെയുടെ സ്വപ്നങ്ങളില്‍ താനുണ്ടായിരുന്നില്ല. ആസന്നമായ ലോകവിപ്ളവത്തിന്റെ തിരയടികള്‍മാത്രം. തന്റെ മരണം അതിനൊരു തടസ്സമാകുമെന്ന് ചെ കരുതിയിരുന്നില്ല. ജീവിതത്തിലെ അവസാനത്തെ പൊതുസന്ദേശങ്ങളിലൊന്നില്‍, തന്റെ സ്മാരകവാക്യമാകാന്‍ പോന്ന ഒരു പ്രസ്താവനയില്‍ അദ്ദേഹം മരണത്തെ ഹൃദ്യമായി സ്വാഗതം ചെയ്തു: 'മരണം നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവരുന്നിടത്തെല്ലാം നമുക്കതിനെ സ്വാഗതംചെയ്യാം. നമ്മുടെ സമരകാഹളങ്ങള്‍ സ്വീകരണസന്നദ്ധമായ ചെവികളില്‍ പതിഞ്ഞിട്ടുണ്ടെന്നും നമ്മുടെ സമരായുധങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റൊരു കരം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും നാം അതിനകം ഉറപ്പുവരുത്തിയിരിക്കണം എന്നുമാത്രം'. ചെ ഉയര്‍ത്തിയ സമരാഹ്വാനങ്ങളും അദ്ദേഹത്തിന്റെ സമരായുധങ്ങളും ലക്ഷോപലക്ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇത്രമേല്‍ മഹനീയമായി മരണം ജീവിതത്തെ ആശ്ളേഷിച്ച ചുരുക്കം സന്ദര്‍ഭങ്ങളേ നമുക്ക് കാണാനാകൂ. മരണംകൊണ്ട് സ്വന്തം ജീവിതത്തെ ഇത്രമേല്‍ മഹത്വപൂര്‍ണമാക്കാന്‍ ചുരുക്കം പേര്‍ക്കുമാത്രമേ കഴിഞ്ഞിട്ടുള്ളൂ.

ആരായിരുന്നു ഗുവേര? ഒരുപാട് ഉത്തരങ്ങള്‍ ലഭിക്കാവുന്ന  ചോദ്യമാണത്. മാര്‍ക്സിസ്റ്റ് വിപ്ളവകാരി, വിദഗ്ധനായ ഭിഷഗ്വരന്‍, ഗ്രന്ഥകാരന്‍, കവി, ഗറില്ലാപോരാളി, നയതന്ത്രജ്ഞന്‍, സൈനികതന്ത്രജ്ഞന്‍, സാക്ഷരത പ്രവര്‍ത്തകന്‍, ക്യൂബയിലെ ആദ്യ വ്യവസായമന്ത്രി, ക്യൂബന്‍ നാഷണല്‍ ബാങ്ക് ഡയറക്ടര്‍... ഏറ്റവുമൊടുവില്‍ ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷി. ഇത്രയേറെ ജീവിതപഥങ്ങളിലൂടെ, ഇത്ര കുറഞ്ഞകാലംകൊണ്ട്, ഒരു അഗ്നിനക്ഷത്രത്തെപ്പോലെ കടന്നുപോയ മറ്റൊരാളെയും കാണാനാകില്ല.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിപ്ളവകാരികളുടെ അഭയകേന്ദ്രമായിരുന്ന മെക്സിക്കോയില്‍വച്ചാണ് ക്യൂബന്‍ വിപ്ളവകാരികളുമായി, ഫിദല്‍ കാസ്ട്രോയുമായി ചെ സൌഹൃദത്തിലാകുന്നത്. ലോകത്തെ മാറ്റിമറിച്ച വിപ്ളവകരമായ സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്. 19-ാംശതകത്തില്‍ മാര്‍ക്സും എംഗല്‍സും തമ്മിലുണ്ടായിരുന്നതുപോലെ ഗാഢവും വിപ്ളവകരമായ പ്രത്യാശയില്‍ അടിയുറച്ചതുമായ സൌഹൃദം.

ലോകവിപ്ളവത്തിന്റെ പ്രതീകവും വിമോചനപ്പോരാളികളുടെ ആവേശവും, ക്യൂബന്‍ ഭരണത്തിലെ രണ്ടാമനുമായി നിലകൊള്ളുന്ന കാലത്താണ് ചെ ആ പദവികളെല്ലാം കൈയൊഴിഞ്ഞ് ലാറ്റിനമേരിക്കന്‍ വിപ്ളവസ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായി പുറപ്പെട്ടത്. 1965 മാര്‍ച്ച് 14ന് അദ്ദേഹം പൊതുജീവിതത്തില്‍നിന്ന് അപ്രത്യക്ഷനായി. പിന്നാലെ ഉറുഗ്വേയില്‍നിന്നുള്ള വ്യാപാരപ്രതിനിധിയുടെ രൂപത്തില്‍ ചെ ബൊളീവിയയിലെത്തി. ബൊളീവിയയിലെ ഒളിപ്പോരാളികളെ സംഘടിപ്പിച്ച് ലാറ്റിനമേരിക്കയില്‍ മുഴുവന്‍ പടരാനിരിക്കുന്ന വിപ്ളവത്തിന് തിരികൊളുത്തുകയായിരുന്നു ചെയുടെ സ്വപ്നം. അതിനിടയിലാണ് 1967 ഒക്ടോബര്‍ എട്ടിന് അദ്ദേഹം ബൊളീവിയന്‍ പട്ടാളത്തിന്റെ പിടിയിലായത്. തൊട്ടടുത്ത ദിവസം ചെ വധിക്കപ്പെട്ടു. മനുഷ്യവംശചരിത്രത്തിലെ ഏറ്റവും മഹനീയ രക്തസാക്ഷിത്വം!

ബൊളീവിയയിലെ ഒളിപ്പോരിനിടയില്‍ ഫിദലിനും തന്റെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ചെ ഓരോ കത്ത് അയച്ചിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന ആ കത്തുകളിലൊന്നില്‍ ചെ തന്റെ കുട്ടികളോട് പറഞ്ഞു: 'ഏറ്റവും പ്രധാനമായ കാര്യം ലോകത്തെവിടെയും അരങ്ങേറുന്ന അനീതിയെക്കുറിച്ച് ജാഗരൂകരായിരിക്കുക എന്നതാണ്. ഒരു വിപ്ളവകാരിയിലെ ഏറ്റവും ആദരണീയ ഗുണം അതാണ്'.

അനീതിക്കെതിരായി മനുഷ്യവംശത്തിന്റെ പ്രതിരോധത്തിന്റെ ശാശ്വതസ്മാരകമാണ് ചെ. കാലത്തില്‍ കെട്ടുപോകാത്ത നീതിയുടെ നിത്യപ്രകാശം *

പ്രധാന വാർത്തകൾ
 Top