25 May Saturday

ക്യാമ്പസിനെ തീവ്രവാദമുക്തമാക്കണം

,Updated: Monday Jul 9, 2018

അങ്ങോട്ട് തിരിയരുത്, ഇങ്ങോട്ട് തിരിയരുത്, നൃത്തം ചെയ്യരുത്, പാട്ട് പാടരുത്, മുദ്രാവാക്യം വിളിക്കരുത് എന്നിങ്ങനെയുള്ള ശാസനകൾക്കുള്ളിൽ കിടന്ന് ശ്വാസം മുട്ടിയിരുന്ന വിദ്യാലയങ്ങളെ, സ്വാതന്ത്ര്യത്തിലേക്ക് വിമോചിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ‌്; സമാനതകളില്ലാത്ത അസംഖ്യം സമരപരമ്പരകളിലൂടെയാണ് എസ്എഫ്ഐ കലാലയങ്ങളുടെ കരുത്തും കാന്തിയുമായി മാറിയത്. നരച്ച നാടുവാഴിത്ത മൂല്യങ്ങളെ കോട്ടകെട്ടി സൂക്ഷിക്കുന്നവരോടും സർവ മാനവികമൂല്യങ്ങളെയും കാറ്റിൽപ്പറത്തുന്ന നവ ഉദാരവാദത്തോടും ഇഞ്ചിനിഞ്ചിന‌് ഏറ്റുമുട്ടിയാണ്, എസ്എഫ്ഐ ക്യാമ്പസിന്റെ കരുത്തായി തീർന്നത്. പ്രബുദ്ധ ക്യാമ്പസ് എന്ന കാഴ്ചപ്പാട്, ധീരമായി ഉയർത്തിപ്പിടിക്കുന്നതിനിടയിലാണ്, മുപ്പതിലേറെ ജ്വലിക്കുന്ന ജീവിതങ്ങൾ നമ്മുടെ ക്യാമ്പസിനും നാടിനും ജനാധിപത്യത്തിനും എസ്എഫ്ഐക്കും നഷ്ടമായത്. എന്നിട്ടും എസ്എഫ്ഐ സമം അക്രമം എന്നൊരു സമവാക്യം സൃഷ്ടിച്ചെടുക്കുന്നതിലാണ്, അതിൽ ഏകപക്ഷീയമായി രമിക്കുന്നതിലാണ് മുഖ്യധാരാ ആശയലോകം വ്യാപൃതമായിരിക്കുന്നത്. എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളേജിൽ, ക്യാമ്പസ് ഫ്രണ്ട് നേതൃത്വത്തിൽ തീർത്തും ആസൂത്രിതമായി നടന്ന അഭിമന്യുവധത്തെക്കുറിച്ച് പറയുമ്പോൾപ്പോലും, അവർ ആർക്കൊക്കെയോ വേണ്ടി എവിടെയൊക്കെയോ തപ്പിത്തടയുകയാണ്. ക്യാമ്പസിൽ ചിലപ്പോഴെങ്കിലും ചുമരെഴുതുന്നതിന്റെ പേരിലും നവാഗതരെ സ്വാഗതം ചെയ്യാൻ തോരണങ്ങൾ തൂക്കുന്നതിന്റെ പേരിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലത്, അപ്പോഴോ കുറച്ച് കഴിഞ്ഞോ പരിഹരിക്കപ്പെടുകയും പഴയ സൗഹൃദം പുനഃസ്ഥാപിക്കപ്പെടുകയുമാണ് പതിവ്. എന്നാൽ, മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട്/എസ്ഡിപിഐ നേതൃത്വത്തിൽ നടന്ന ആ കൊല ഇത്തരമൊരു ക്യാമ്പസ് കലഹത്തിന്റെ ഭാഗമല്ലെന്നുതന്നെയാണ് ലഭ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. 

‘ക്യാമ്പസ് ഫ്രണ്ട്’ പിന്തുടരുന്നത്, സമരത്തിന്റെയും സംവാദത്തിന്റെയും വഴിയല്ല, ആസൂത്രിത ആക്രമണത്തിന്റെ വഴിയാണ്. എസ്എഫ്ഐ ക്യാമ്പസിന്റെ ‘ഹൃദയമിടിപ്പായി’ മാറിയത്, ആത്മത്യാഗപരമായ സമരങ്ങളിലൂടെയും ആത്മാവിഷ്കാരങ്ങളിലൂടെയുമാണ്. ‘പഠിക്കുക, പൊരുതുക’ എന്നുമാത്രമല്ല, ക്യാമ്പസിനെ കലാത്മകതയുടെ കേന്ദ്രമാക്കുക എന്ന  മുദ്രാവാക്യംകൂടിയാണ് എസ്എഫ്ഐ മുഴക്കുന്നത്. ജർമൻ കലാപ്രതിഭ പീനാബൗച്ചിന്റെ ‘‘dance, dance, otherwise we are lost’’ എന്ന പ്രശസ്തവാക്യമാണ്, ആ വാക്യത്തിലെ വെളിച്ചമാണ്, ക്യാമ്പസിനെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യേണ്ടത്. എന്നാൽ, ക്യാമ്പസ് ഫ്രണ്ട്, കലാലയങ്ങളിൽ സാന്നിധ്യമറിയിക്കാൻ കൊതിക്കുന്നത്, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്നവരിൽനിന്ന് വ്യത്യസ്തമായി, കൊലയും കൊലവിളിയും നടത്തിയാണ്. ‘ക്യാമ്പസിനെ രാഷ്ട്രീയപ്രബുദ്ധമാക്കുക, തീവ്രവാദമുക്തമാക്കുക’ എന്ന ജനാധിപത്യ കാഴ്ചപ്പാടിന്റെ സാക്ഷാൽക്കാരത്തിന്നുള്ള തുടർസമരങ്ങളാണ്, സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളുടെ മുഴുവൻ മാതൃസ്രോതസ്സെന്ന് സാംസ്കാരിക വിമർശകരിൽ പലരും വിലയിരുത്തിയ ആർഎസ്എസിനെ അനുകരിക്കാനാണ്, പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും ശ്രമിക്കുന്നത്. ഇസ്ലാംമതത്തെയും ന്യൂനപക്ഷസമൂഹങ്ങളുടെ ജനാധിപത്യ അവകാശം സംബന്ധിച്ച ശരിയായ കാഴ്ചപ്പാടുകളെയും ഫാസിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെയും ‘ഇടതുപക്ഷവിരുദ്ധത’യിലേക്ക് കണ്ണിചേർക്കുകയെന്ന സങ്കുചിതശ്രമമാണവർ നടത്തുന്നത്. ‘എന്തുവിലകൊടുത്തും മതനിരപേക്ഷതയ‌്ക്ക് കാവൽനിൽക്കണമെന്ന ജനാധിപത്യ കാഴ്ചപ്പാടിനൊപ്പമല്ല; കമ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം’ എന്ന അമിത് ഷായുടെ അലർച്ചകൾക്കൊപ്പമാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ‌്റ്റ‌് വിരുദ്ധത യഥാർഥ ഫാസിസ‌്റ്റ‌് വിരുദ്ധതയല്ല. പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വെറും വൈകാരിക പ്രതിരോധമാണത‌്. ആർഎസ‌്എസിനെ അനുകരിച്ചും അതിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നുമാണ‌് പോപ്പുലർ ഫ്രണ്ട‌് പ്രവർത്തിക്കുന്നത‌്. ‘പ്രതിരോധം അപരാധമല്ല’ എന്ന അവരുടെ പഴയ മുദ്രാവാക്യം പ്രത്യക്ഷത്തിൽ അടിച്ചമർത്തപ്പെടുന്നവർക്ക‌് ആവേശമായി തോന്നാനിടയുണ്ടെങ്കിലും അടിസ്ഥാനപരമായി ആ മുദ്രാവാക്യത്തിന്റെ മറവിലിരുന്ന‌് അവർ ചെയ്യുന്നത‌് മതനിരപേക്ഷമൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങളാണ‌്. പഴയ അതേമുദ്രാവാക്യംതന്നെയാണ‌് മഹാരാജാസിലെ ആസൂത്രിത കൊലയ‌്ക്ക‌ുശേഷവും അവർ നിർലജ്ജം ആവർത്തിക്കുന്നത‌്.  കൊല നടത്തിയതിനുശേഷം തുടരുന്ന മറ്റൊരു കൊലവിളിയായിമാത്രമേ ഇതിനെ കാണാനാകൂ. ആർഎസ‌്എസ‌് മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തടയാൻ തങ്ങൾമാത്രമേ ഉള്ളൂവെന്നും തങ്ങൾക്കുമാത്രമേ അതിനാവശ്യമായ ശക്തിയുള്ളൂവെന്നുമാണ‌് പ്രസ‌്തുത മുദ്രാവക്യംവഴി അവർ പരസ്യപ്പെടുത്തുന്നത‌്. എന്നാൽ, ഈ മുദ്രാവാക്യം അടിമുടി ചോദ്യംചെയ്യപ്പെടണം. സംഘപരിവാർ ഫാസിസത്തിനെതിരായ എല്ലാ കടന്നാക്രമണങ്ങളെയും നാളിതുവരെയും ഇപ്പോഴും പ്രതിരോധിക്കുന്നത‌് യഥാർഥത്തിൽ ആരാണെന്ന ചരിത്രയാഥാർഥ്യമാണ‌് അവർ പൂഴ‌്ത്തിവയ‌്ക്കുന്നത‌്. കേരളത്തിൽ പ്രതിരോധരഹിതമായിട്ട‌് മുസ്ലിം ജനത എല്ലായ‌്പോഴും ആക്രമിക്കപ്പെടുന്നുവെന്ന അസംബന്ധമാണ‌് അവർ പ്രചരിപ്പിക്കുന്നത‌്. സംഘപരിവാറിന്റെ മുന്നിൽ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച‌് പ്രതിരോധവലയം തീർത്ത‌് പ്രാണൻപോലും വെടിഞ്ഞ കമ്യൂണിസ‌്റ്റുകാരുടെ ജ്വലിക്കുന്ന സ‌്മരണകളെയാണ‌് അവർ അപഹസിക്കുന്നത‌്. ഫാസിസത്തിനെതിരായ ഈ പ്രതിരോധങ്ങളെ മുഴുവൻ മറച്ചുപിടിച്ചാണ‌് പുതിയ കണ്ടുപിടിത്തംപോലെ ‘പ്രതിരോധം അപരാധമല്ല’ എന്ന‌് വിളിച്ചുപറയുന്നത‌്. ഫാസിസ‌്റ്റ‌് രാഷ്ട്രീയത്തെ നിവർന്നുനിന്ന‌് നേരിടുന്ന കമ്യൂണിസ‌്റ്റുകാരുടെ നെഞ്ചിലേക്ക‌് കഠാര കുത്തിയിറക്കുന്നതാണ‌് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധം. പുനലൂർ അഷ‌്റഫ‌് മുതൽ അഭിമന്യുവരെയുള്ളവരെ കൊന്ന‌് കൊലവിളിച്ചാണ‌് അവരുടെ പ്രതിരോധം കുതിക്കുന്നത‌്. പോപ്പുലർ ഫ്രണ്ട‌് നടത്തുന്ന ആക്രമണത്തിൽ ഇസ്ലാംമതവും മുസ്ലിംസമൂഹവും വാദിയോ പ്രതിയോ അല്ല. ആർഎസ‌്എസിനും പോപ്പുലർ ഫ്രണ്ടിനും മത ജാതി കണക്കുകൾമാത്രം മുന്നിൽവച്ച‌് ഏറ്റുമുട്ടി കൊലക്കളമാക്കാനുള്ളതല്ല കേരളം.

ഒരു ഹിന്ദു ക്യാമ്പസും മറ്റൊരു മുസ്ലിം ക്യാമ്പസുമല്ല, സർവ വൈവിധ്യങ്ങൾക്കും ജനാധിപത്യപരമായി പരമാവധി വികസിക്കാനും വളരാനും കഴിയുംവിധം നൂറുപൂക്കൾ വിരിയുന്ന ഒരു മനുഷ്യക്യാമ്പസാണ്,  ജനാധിപത്യ മതനിരപേക്ഷ ക്യാമ്പസാണ് ഇന്നനിവാര്യമെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കാൻ ഓരോ വിദ്യാർഥിക്കും കഴിയുന്നില്ലെങ്കിൽ, ഒരായിരം പ്രക്ഷോഭവേദികളിൽ പകുത്തുകൊടുത്ത ജന്മങ്ങളും മുറിവേറ്റ സ്വപ്നങ്ങളും അനാഥമാകും. പല പേരുകളിൽ അറിയപ്പെടുന്ന മരങ്ങളുടെ വേരുകൾ ഭൂമിക്കടിയിൽ പങ്കുവയ‌്ക്കുന്ന നിതാന്ത സൗഹൃദംപോലും കൂടിച്ചേരലിന്റെ പാഠങ്ങളാണ് ആവിഷ്കരിക്കുന്നത്. പരസ്പരം യോജിച്ചുകൊണ്ടുമാത്രമല്ല, വിയോജിച്ചും സമ്മതപത്രങ്ങളിൽ ഒപ്പിട്ടുകൊണ്ടുമാത്രമല്ല, സംവാദങ്ങൾ സൃഷ്ടിച്ചും മാരകമായ സങ്കുചിതത്വത്തിലേക്ക് മറിഞ്ഞുവീഴാതെ മനുഷ്യർക്ക് സൗഹൃദം അനുഭവിക്കാൻ കഴിയും. ക്യാമ്പസിനെ സംവാദസംസ്കാരത്തിന്റെ ജ്വലിക്കുന്ന സാന്നിധ്യമാക്കി തീർക്കാനാകുംവിധം, സംഘട്ടനസംസ്കാരത്തിന്റെ ജീർണാവശിഷ്ടങ്ങളോട്, ധീരമായി വിട ചോദിക്കാനുള്ള ആർജവമാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്.

പ്രധാന വാർത്തകൾ
 Top