14 July Tuesday

കേരള ബജറ്റ‌്: സമഗ്രമായ കാഴ‌്ചപ്പാടിന്റെ പ്രതിഫലനം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Saturday Feb 9, 2019

ഒട്ടേറെ പ്രതികൂല ഘടകങ്ങൾ സംസ്ഥാന ഖജനാവിനെ ഞെരുക്കുന്ന സന്ദർഭത്തിലാണ് ഇപ്രാവശ്യത്തെ ബജറ്റ്.  അപ്രതീക്ഷിതമായ പ്രളയം വരുത്തിയ ദുർവഹമായ കെടുതികൾ.  വീടും തൊഴിലും ഉപജീവനോപാധികളും നഷ്ടമായ പതിനായിരങ്ങൾ.  റോഡുകൾ, പാലങ്ങൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ എല്ലാം തകർന്നുതരിപ്പണമായ അവസ്ഥ.  പ്രളയബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കേണ്ട ചുമതല ഒരുവശത്ത്,  സംസ്ഥാനത്തിന്റെ സുസ്ഥിര  വികസനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ അടിത്തറ പാകേണ്ട ഉത്തരവാദിത്തം മറുവശത്ത്.  ഇത്തരം ഒരു സന്ദർഭത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ സഹായത്തിനെത്തണം.  അതാണ് ഫെഡറൽ മ​ര്യാദ.  പക്ഷേ, കേന്ദ്രസർക്കാർ ദ്രോഹകരമായ നിലപാട് സ്വീകരിച്ചു.  നാമമാത്ര സഹായംനൽകി സംസ്ഥാനത്തെ ഒറ്റപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ.  ഇത് ധനകാര്യമന്ത്രിയുടെ ചുമതല കൂടുതൽ പ്രയാസകരമാക്കുന്നു. 

വിവേചനപരമാണ് കേന്ദ്രനിലപാട‌്.  ആവശ്യമായ കേന്ദ്ര സഹായം നൽകാതിരിക്കുക.  ലഭ്യമാകുന്ന സാമ്പത്തിക സഹായത്തിന് ഏതിരുനിൽക്കുക, സുഹൃദ‌് രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായം തടസ്സപ്പെടുത്തുക.  അന്താരാഷ്ട്ര ഏജൻസികളിൽനിന്നുള്ള വായ്പകളെ സാധാരണ വായ്പയുടെ പട്ടികയിൽപ്പെടുത്തി നിയമതടസ്സം സൃഷ്ടിക്കുക,  ട്രഷറി സേവിങ‌്സ‌് നിക്ഷേപം വായ്പ പട്ടികയിൽപ്പെടുത്തി കേന്ദ്ര വായ്പയിൽ കുറവു വരുത്തുക, ധനക്കമ്മി ഒരു കാരണവശാലും പരിധി കടക്കരുതെന്നു നിർബന്ധിക്കുക. അങ്ങനെ ഏതൊരു ധനമന്ത്രിയെയും വിഷമാവസ്ഥയിലാക്കുന്നതാണ് ഈ സാഹചര്യം.  സംസ്ഥാനത്തിന്റെ സ്വന്തം റവന്യൂ വരുമാനം ഇടിയുക കൂടി ചെയ്യുമ്പോൾ സ്ഥിതി സ്തോഭജനകമാകും. 

ഒരു ധനമന്ത്രിയുടെ ഭാവനയും പ്രാ​ഗത്ഭ്യവും പരീക്ഷിക്കപ്പെടുന്ന ഈ സാഹചര്യം വിദ​ഗ്ധമായി മുറിച്ചുകടക്കാൻ സംസ്ഥാന ധനമന്ത്രിക്കായി എന്നതാണ് ഇപ്രാവശ്യത്തെ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.  പതിവ‌് വിമർശനങ്ങൾപോലും ഒഴിവാക്കപ്പെടുന്നുണ്ട്.  ശബരിമലയെ കലാപ കേന്ദ്രമാക്കിയവർക്കുള്ള മറുപടി നൽകുന്നുണ്ട് ബജറ്റ്.  ശബരിമലയുടെ വികസനത്തിന് മൊത്തം 739 കോടിരൂപ വകയിരുത്തി ഭക്തർക്കൊപ്പമാണ് കേരള സർക്കാർ എന്നു തെളിയിച്ചിരിക്കുന്നു. 

ജീവനോപാധി വികസനത്തിനുള്ള പ്രത്യേക പദ്ധതി
ബജറ്റുകൾ പിന്തുടരുന്ന സാമ്പ്രദായിക രീതിയെ പിന്തള്ളുന്നൂ എന്നതാണ് സംസ്ഥാന ബജറ്റിന്റെ മൗലികത.  ലഭ്യമായ വിഭവങ്ങൾ വകുപ്പുകൾക്ക‌് വീതിക്കുന്നതാണ് പതിവ‌് രീതി.  പക്ഷേ, പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടിവന്നത് ഒരു വകുപ്പിനല്ല,  സംസ്ഥാനത്തിനാകെയാണ്.  എല്ലാ വകുപ്പുകളെയും പ്രളയം ബാധിച്ചു.  ആശുപത്രികൾ, വിദ്യാലയങ്ങൾ, റോഡുകൾ, കൃഷിപ്പാടങ്ങൾ, വളർത്തുമൃ​ഗങ്ങൾ അങ്ങനെ എല്ലാം നഷ്ടപ്പെട്ടവർ ആയിരങ്ങളാണ്.  വകുപ്പുതിരിച്ചുള്ള വിഭവ വിഭജനം അപ്രസക്തമാണ്. സംസ്ഥാനത്തെ പ്രശ്നങ്ങളെ മൊത്തത്തിൽ കണ്ടുള്ള സമ​ഗ്രസമീപനവും  വിഭവ വിനിയോ​ഗവുമാണ് പ്രസക്തം.  ‘‘സ്വത്തുക്കൾമാത്രമല്ല, അനേകലക്ഷങ്ങളുടെ ഉപജീവനമാർ​ഗങ്ങൾകൂടി പ്രളയം കവർന്നു. 

പ്രളയമേഖലകളിലെ കൃഷി, കൈത്തൊഴിലുകൾ,  ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയെല്ലാം തകർന്നു.  രണ്ടുമാസത്തിലേറെക്കാലം കേരളത്തിൽ പൂർണതൊഴിൽ സ‌്തംഭനമായിരുന്നു.  സ്വത്ത് നഷ‌്ടത്തിനു പുറമെ, 15000 കോടി രൂപയെങ്കിലും വരുമാന നഷ്ടവും ഉണ്ടായി.  ജീവനോപാധി വികസനത്തിനുള്ള പ്രത്യേക പദ്ധതിയാണ് ഈ ബജറ്റിന്റെ പ്രത്യേകത’’ എന്ന‌് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 

ജീവനോപാധിവികസനത്തിന് 4700 കോടിരൂപ വകയിരുത്തുന്നു.  ഈ സമീപനത്തിന്റെ ഭാ​ഗമാണ് ​ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കും ന​ഗര തൊഴിലുറപ്പുപദ്ധതിക്കും കൂടുതൽ തുക വകയിരുത്തുന്നത്.  പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി പ്രത്യേകമായി വകയിരുത്തുന്നുണ്ട്.  വിഭവ ദൗർലഭ്യത്തിന്റെ പേരിൽ പദ്ധതി അടങ്കലിൽ കുറവു വരുത്തുന്നില്ല.  മാത്രമല്ല, കൂട്ടുകയുമാണ്.  2018- -- ‐ 19ൽ 32564 കോടി രൂപയായിരുന്നു പദ്ധതി അടങ്കൽ.  ഈ ബജറ്റിൽ 39807 കോടിരൂപ, അതായത്, 22.24 ശതമാനം വർധന. 

ബജറ്റിന്റെ മുഖ്യ വിഭവസ്രോതസ്സ‌് കിഫ്ബിയാണ്.  കിഫ്ബിയുടെ രൂപീകരണവേളയിൽ വിമർശനങ്ങളും സംശയങ്ങളുമായി നിന്നവർ ഇന്നിപ്പോൾ പ്രസ‌്തുത വായ്പാസമാഹരണ ഉപാധിയുടെ പ്രസക്തി അം​ഗീകരിക്കുന്നു. ‘‘ കേരളത്തെ മാറ്റിമറിക്കാൻ പോകുന്ന ഏതാണ്ടെല്ലാ പദ്ധതികളിലും കിഫ‌്ബിയുടെ കൈയൊപ്പു കാണാം.’’  എന്ന ബജറ്റ് നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്ന് 309 ഖണ്ഡികയുള്ള ബജറ്റ് പ്രസം​ഗം വായിച്ചാൽ മനസ്സിലാകും. 

പ്രളയാനന്തര പുനരുദ്ധാരണവും ദീർഘകാല വികസനവും
സംസ്ഥാന ബജറ്റിന്റെ മുഖമുദ്ര 25 പദ്ധതിയാണ്.  വ്യവസായ പാർക്കുകളുടെ വ്യാപനവും കോർപറേറ്റ് നിക്ഷേപവും, സ്റ്റാർട്ടപ്പുകൾ, നാളികേര ഉൽപ്പാദനവും സംസ‌്കരണവും, സംയോജിത റൈസ് പാർക്കുകളും റബർ പാർക്കും, പുതിയ കുട്ടനാട് പാക്കേജ്, നദികളുടെ പുനരുജ്ജീവനവും നീർത്തട വികസനവും, പൊതുമേഖലാ വ്യവസായങ്ങൾ, വെസ്റ്റ് കോസ്റ്റ് കനാൽ, സ്ത്രീശാക്തീകരണം, സാർവത്രിക ആരോ​​ഗ്യസുരക്ഷാ പദ്ധതി തുടങ്ങിയവ പദ്ധതികളിൽ ചിലതുമാത്രമാണ‌്.  പ്രളയാനന്തര പുനരുദ്ധാരണവും ദീർഘകാല വികസനവും രണ്ടും ഉൾച്ചേർന്നവയാണ് മേൽപദ്ധതികൾ.  സ്വാഭാവികമായും കേവലമായ പദ്ധതി നിർദേശങ്ങളുടെ പട്ടിക എന്നതിനപ്പുറമുള്ള പ്രാധാന്യം അവയ്ക്കുണ്ട്.  ഇതൊരു സമ​ഗ്രമായ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്.  ഇന്നത്തെ കേരളത്തെ എന്നതുപോല നാളത്തെ കേരളത്തെയും കണ്ടുകൊണ്ടുള്ള സമീപനമാണ്. 

താൽക്കാലികമായ കൈയടികൾക്കും വോട്ടുകൾക്കും വേണ്ടിയല്ല ബജറ്റ് തയ്യാറാക്കേണ്ടത് എന്നതിന്റെ ഉദാഹരണമാണ് സംസ്ഥാന ബജറ്റ് എന്നു നിസ്സംശയം പറയാം.  അക്കാരണംകൊണ്ടുതന്നെ കേന്ദ്രസർക്കാരിനുള്ള ഉപദേശവും താക്കീതുമാണ്.   സംസ്ഥാനസർക്കാർ ആവിഷ‌്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ​ഗുണകരമായ ഫലം  നൽകാൻ തുടങ്ങിയിരിക്കുന്നു.  കഴിഞ്ഞ രണ്ടുവർഷം രണ്ടരലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്നു.  ഇവരിൽ 94 ശതമാനവും മറ്റു വിദ്യാലയങ്ങളിൽനിന്ന് വിടുതൽ വാങ്ങിവന്നവരാണ്.  പട്ടികജാതി –- പട്ടിക വർ​ഗക്കാർക്ക്‌ രാജ്യത്ത് ഒരു സ്ഥലത്തും ജനസംഖ്യാനുപാതികമായി വികസന ഫണ്ട് വകയിരുത്തുന്നില്ല.  സംസ്ഥാന ബജറ്റ് ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്ന വിഹിതം വകയിരുത്തുന്നു.  പട്ടികജാതി ഉപപദ്ധതിക്ക് 9.81 ശതമാനവും പട്ടികവർ​ഗ ഉപപദ്ധതിക്ക് 2.83 ശതമാനവും.  

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് ജന്റർ ബജറ്റിങ‌് തുടങ്ങിയത്.  അതിനെ ഒരുപടികൂടി മുന്നോട്ട് നീക്കുന്നുണ്ട് ഇപ്പോഴത്തെ ബജറ്റ്.  പൂർണമായും സ്ത്രീകൾക്കായുള്ള സ‌്കീമുകളുടെ അടങ്കൽ 1420 കോടി രൂപയാണ്.  പദ്ധതി വിഹിതം 6.1 ശതമാനവും,  പൊതുവികസന സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകംകൂടി കണക്കിലെടുക്കുമ്പോൾ മൊത്തം വനിതാ വിഹിതം 16.85 ശതമാനമാണ്.  കഴിഞ്ഞ ബജറ്റിൽ ഇത് 11.5 ശതമാനമായിരുന്നു. ഏതു ബജറ്റിനും ഒഴിവാക്കാൻ കഴിയുന്നതല്ല വിഭവസമാഹരണം.  സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്നതാകരുത് വിഭവ സമാഹരണം. 

റവന്യു കമ്മി കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 2.21 ശതമാനത്തിൽനിന്ന‌് 1 ശതമാനത്തിൽ താഴെയാക്കാനും ധനക്കമ്മി 3.61 ശതമാനത്തിൽനിന്ന‌് 3 ശതമാനമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.  ‘‘ഇതിനുള്ള ഒരു ഭ​ഗീരഥയജ്ഞമാണ് 2019 --‐ -------20 ലെ ബജറ്റിന്റെ മർമം’’ എന്നും ബജറ്റ് അടിവരയിടുന്നു.  1785 കോടിരൂപയുടെ അധിക വരുമാനമാണ്‌ ബജറ്റ് ലക്ഷ്യമിടുന്നത്.  ചെലവുകൾ വെട്ടിക്കുറച്ച് കമ്മികുറയ്ക്കുന്ന നവലിബറൽ രീതി ബജറ്റ് തള്ളിക്കളയുന്നു.  പകരം  വരുമാനം ഉയർത്തി കമ്മി കുറയ്ക്കുകയാണ് നിർദേശിക്കപ്പെടുന്ന മാർ​ഗം. നികുതി കുടിശ്ശിക പിരിക്കുന്നതിനുള്ള ഊർജിത നടപടികൾ ബജറ്റ് നിർദേശിക്കുന്നു.  ബിയർ, വൈൻ ഉൾപ്പെടെയുള്ള എല്ലാത്തരം മദ്യങ്ങളുടെയും ആദ്യവിൽപ്പനയിലെ നികുതി രണ്ടുശതമാനം വർധിപ്പിക്കും.  പുതുതായി വാങ്ങുന്ന മോട്ടോർ സൈക്കിൾ, മോട്ടോർ കാറുകൾ, സ്വകാര്യ സർവീസ് വാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതിയിൽ ഒരുശതമാനം വർധന നിർദേശിക്കുന്നു. 

ശ്രദ്ധിക്കപ്പെടേണ്ട മറ്റുപല നിർദേശങ്ങളും ബജറ്റ് മുന്നോട്ടുവയ‌്ക്കുന്നുണ്ട്.  അതിൽ ഏറ്റവും പ്രധാനം മൂലധന ചെലവിലെ വർധനയാണ്.  ബജറ്റ് മൊത്തം ചെലവിന്റെ 12.5ശതമാനം മൂലധന ചെലവാണ്. ഇത‌് സർവകാല റെക്കോഡാണ്.  മുൻവർഷത്തെ അപേക്ഷിച്ച‌് 53.3 ശതമാനം വർ​ധനയാണിത്. 

കെഎസ്ആർടിസിക്ക് ആശ്വാസമാകുന്ന ഒരു നിർദേശം ബജറ്റിലുണ്ട്. ബസുകളുടെ ഉടമ എന്ന നിലയിൽ കെഎസ്ആർടിസി നികുതിക്ക് പുറമെ 40 ശതമാനം സർചാർജ് അടയ്ക്കണമായിരുന്നു.  അതായത് നൂറുരൂപയാണ് നികുതിയെങ്കിൽ 40 രൂപ സർചാർജ്ജ് അടയ‌്ക്കണം.  ഈ സർചാർജിൽനിന്ന‌് കെഎസ്ആർടിസിയെ ഒഴിവാക്കി.

സ്വർണപ്പണയങ്ങൾക്ക് സ്വകാര്യസ്ഥാപനങ്ങൾ 26 ശതമാനംവരെ പലിശ ഈടാക്കുന്നുണ്ട്.  ഇത് പരമാവധി 18 ശതമാനമായി നിജപ്പെടുത്താൻ കേരള മണി ലെൻഡേഴ്സ് നിയമം ഭേദ​ഗതിചെയ്യുന്നതിനും ബജറ്റ് നിർദേശിക്കുന്നു. 

വിഭവ പരിമിതിമൂലം സർക്കാരിന്റെ സാമ്പത്തികരം​ഗത്തെ ഇടപെടൽ കുറയ‌്ക്കണം എന്നൊരു വാദമുണ്ട്.  ഇത് നവലിബറൽ കാഴ്ചപ്പാടാണ്.  അതിനെ ശക്തിയുക്തം നിഷേധിക്കുകയും ബദൽ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ബജറ്റിന്റെ സവിശേഷത.


പ്രധാന വാർത്തകൾ
 Top