20 June Sunday

കാലം ആവശ്യപ്പെടുന്നത് ഇച്ഛാശക്തി

ഡോ. ജോസഫ്‌ ആന്റണിUpdated: Wednesday Jul 8, 2020


ജൂലൈ അഞ്ചിന് ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിതർക്കം കൈകാര്യംചെയ്യുന്ന പ്രത്യേക പ്രതിനിധികളായ, ഇന്ത്യൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും നടത്തിയ  ഫോൺ സംഭാഷണത്തെത്തുടർന്ന് ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന് ഇരുസേനകളും പിന്മാറാൻ തീരുമാനിച്ചു. സേനാപിന്മാറ്റം ആരംഭിച്ചുകഴിഞ്ഞതായും വാർത്തകൾ വരുന്നു. ഇത് കഴിഞ്ഞ മെയ് അഞ്ചുമുതൽ രണ്ടുമാസമായി ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയിൽ, സൈനികരുടെ ജീവഹാനിയിലേക്കുവരെ നയിച്ച നിർഭാഗ്യകരമായ സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതാണ്. ലോകത്തിനാകെ ആശ്വാസംനൽകുന്ന വാർത്തയാണ്.

ലഡാക്കിലെ തന്ത്രപ്രധാനപ്രദേശങ്ങളായ  ഗൽവാൻ, പാംഗോങ്, ഗോഗ്രാ, ഡെപ്സാങ്, ചുമാർ, ചുഷുൽ, സിക്കിമിലെ നാക്കു ലാ  എന്നിവിടങ്ങളിലെല്ലാം ഇരുപക്ഷത്തെയും സേനകൾ സർവസന്നാഹങ്ങളോടും മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിലേക്ക് സംഘർഷം വളർന്നിരുന്നു. 1962ലെ ഇന്ത്യാ–-ചൈനാ യുദ്ധത്തിനുശേഷം ഇത്രയേറെ സൈന്യവിഭാഗങ്ങളെയും ആയുധങ്ങളെയും വിന്യസിച്ചത്‌ ആദ്യമായിട്ടായിരിക്കും. സംഘർഷം രൂക്ഷമായതിനെത്തുടർന്ന്, കോവിഡ് മഹാമാരിയെ നേരിടാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ബുദ്ധിമുട്ടുന്ന സന്ദർഭത്തിൽപോലും, ഏകദേശം നാൽപ്പതിനായിരം കോടി രൂപയുടെ ആയുധങ്ങൾവാങ്ങാൻ ഇന്ത്യ നിർബന്ധിതമായി.

നാലായിരം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യാ–-ചൈന അതിർത്തിയെ സംബന്ധിച്ച തർക്കങ്ങളാണ് കൂടെക്കൂടെ അതിർത്തിയിൽ ഉണ്ടാകുന്ന ഈ സംഘർഷങ്ങൾക്കുകാരണം. കോളനി ഭരണം ഇരുരാജ്യങ്ങൾക്കും ഒസ്യത്തായി നൽകിയിട്ടുപോയതാണ് അതിർത്തിപ്രശ്നം. ഇരുരാജ്യങ്ങളും  സ്വാതന്ത്ര്യംനേടി ഏഴു പതിറ്റാണ്ടുപിന്നിട്ടിട്ടും, ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായും മുതൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ് വരെ ഉന്നതരാഷ്ട്രീയതലങ്ങളിലും ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരും വിവിധതലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും അതിർത്തി തർക്കത്തിന്റെ വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ. അതിർത്തിതർക്കങ്ങൾ പുതിയപ്രദേശങ്ങളിലേക്ക്‌ നീണ്ടുപോകുന്നതുപോലെതന്നെ പ്രശ്ന പരിഹാരവും  നീണ്ടുനീണ്ടുപോകുകയാണ്.

പ്രശ്നപരിഹാരശ്രമങ്ങൾ
1962ലെ അതിർത്തി യുദ്ധത്തെത്തുടർന്ന് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 1976ലാണ്  ഇന്ത്യയും ചൈനയും നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത്. പിൽക്കാലത്ത് രാഷ്ട്രപതിയായ കെ ആർ  നാരായണനാണ് അന്ന് അംബാസഡറായി നിയമിക്കപ്പെട്ടത്. ജനതാമന്ത്രിസഭയിലെ വിദേശകാര്യമന്ത്രി എ ബി വാജ്പേയി  1979ലും, പ്രധാനമന്ത്രി രാജീവ്ഗാന്ധി 1988ലും നടത്തിയ ചൈനാസന്ദർശനങ്ങളും ചൈനയുടെ പരമോന്നതനേതാവ്  ഡെങ് സിയാവോപിങ്ങുമായി നടത്തിയ കൂടിയാലോചനകളുമാണ് ഇന്ത്യാ–-ചൈന ബന്ധങ്ങളെ കൂടുതൽ ചലനാത്മകമാക്കിയത്. പക്ഷേ അതിർത്തിസംബന്ധിച്ച തർക്കങ്ങൾ പരസ്പരബന്ധങ്ങളിൽ ഒരു നെരിപ്പോടുപോലെ അപ്പോഴും നീറിനിൽക്കുന്നുണ്ടായിരുന്നു.

ഇരുരാജ്യങ്ങളും അതിർത്തി സംബന്ധിച്ച് പരസ്‌പരമുന്നയിച്ചുകൊണ്ടിരുന്ന തർക്കങ്ങൾ തൽക്കാലം മാറ്റിവച്ചുകൊണ്ട് അതിർത്തിയിലെ തൽസ്ഥിതി സമാധാനപരമായി തുടരാനുള്ള ഒരുകരാർ ആദ്യമായി നിലവിൽവന്നത് 1993ലാണ്. അതിനുശേഷം അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനായി നിലവിൽവന്ന നാല് പ്രധാനകരാറുകളുടെയും അടിത്തറ പി വി നരസിംഹറാവു ഒപ്പുവച്ച 1993ലെ കരാറാണ്. 1960കൾമുതൽ ഇരുരാജ്യങ്ങളും ഉന്നയിച്ച അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ തൽസ്ഥിതി തുടർന്നുകൊണ്ട് സമാധാനം നിലനിർത്തുന്നതിനുള്ളതായിരുന്നു 1993ലെ കരാറെങ്കിൽ,  1996ലെ കരാർ ഊന്നൽനൽകിയത് ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പരവിശ്വാസം വർധിപ്പിച്ചുകൊണ്ട് അതിർത്തിയിൽ സമാധാനം നിലനിർത്താനായിരുന്നു.


 

2003ൽ പ്രധാനമന്ത്രി വാജ്പേയിയുടെ ചൈനാ സന്ദർശനവേളയിൽ ഒപ്പുവച്ചകരാർ, അതിർത്തിപ്രശ്നപരിഹാരത്തിന്‌ പ്രത്യേക പ്രതിനിധികളെ നിയോഗിക്കാൻ തീരുമാനിച്ചു. ചൈനീസ് സ്റ്റേറ്റ് കോൺസലറായിരുന്ന ഡായ് ബിൻഗുവും ബ്രജേഷ്‌ മിശ്രയുമായിരുന്നു ചൈനയുടെയും ഇന്ത്യയുടേയും പ്രത്യേക പ്രതിനിധികൾ. ഇവർനടത്തിയ ചർച്ചകളുടെ ഫലമായി എത്തിച്ചേർന്നതാണ് 2005ലെ കരാർ. അതിർത്തിപ്രശ്നം അന്തിമമായി പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ യോജിപ്പിലെത്തിയതായിരുന്നു ആ കരാർ. പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ 2013ലെ ചൈന സന്ദർശനവേളയിലാണ് അതിർത്തി സുരക്ഷാസഹകരണക്കരാർ ഒപ്പിട്ടത്. തർക്കപ്രദേശങ്ങളിൽ ഏതെങ്കിലുമൊരു രാജ്യത്തിന്റെ സേന കടന്നാൽ, ആയുധപ്രയോഗമോ അക്രമമോ കൂടാതെ  സമാധാനപരമായി അതുപരിഹരിക്കണമെന്ന്‌ ആ കരാറും അടിവരയിട്ടു പ്രഖ്യാപിച്ചു.

അതിർത്തിയിൽ തൽസ്ഥിതി അംഗീകരിക്കുന്നതും, ഇന്ത്യയുടെയോ ചൈനയുടെയോ സേനകൾ ഏതെങ്കിലും രാജ്യത്തിന്റെ അതിർത്തിയിലേക്ക് കടന്നാൽ സംഘട്ടനത്തെ  ആശ്രയിക്കാതെ സമാധാനപരമായി പരിഹരിക്കണമെന്നും, പരസ്‌പരവിശ്വാസം വർധിപ്പിക്കണമെന്നെല്ലാമുള്ള കരാറുകൾ നിലനിൽക്കെ നിരവധി തവണ അതിർത്തിയിൽ സംഘർഷങ്ങളുണ്ടായി. ഇപ്പോളത് ലഡാക്കിലും സിക്കിമിലും അരുണാചൽപ്രദേശിലുംവരെ വ്യാപിച്ചിരിക്കുന്നു. ഇരുപത് ഇന്ത്യൻ സൈനികർ  ഈ സംഘർഷത്തിൽ വീരമൃത്യുവരിച്ചു. ചൈനയിലും സമാനമായ ആൾനാശമുണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങൾ.

രണ്ടുമാസം സംഘർഷത്തിന്റെയും ശത്രുതയുടെയും അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നുപോയത്‌. മറ്റൊരു മഹാമാരിയെ രാജ്യവും ലോകവും നേരിട്ടുകൊണ്ടിരിക്കെയാണ് ഈ സംഘർഷങ്ങൾ രൂപപ്പെട്ടത്. സംഘർഷങ്ങൾക്ക് അയവുവരുന്ന സൂചനകൾ ആശ്വാസദായകമാണ്. അതിർത്തിയിൽ സംഘർഷം അവസാനിച്ചാൽമാത്രമേ ഇരുരാജ്യങ്ങൾക്കും അവരുടെ ജനങ്ങൾനേരിടുന്ന കോവിഡ് മഹാമാരിയുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനാകൂ.

അപൂർണങ്ങളായ കരാറുകൾ
അതിർത്തിസമാധാനം നിലനിർത്താൻ സുപ്രധാനങ്ങളായ അഞ്ചു കരാറുകളിൽ എത്തിച്ചേർന്നെങ്കിലും അതിർത്തിലംഘനങ്ങൾ  എല്ലാവർഷവും നടന്നുകൊണ്ടേയിരുന്നു. ഇതിൽനിന്നും രണ്ടു നിഗമനങ്ങളിലെത്താം. കരാറുകളിൽ എത്തിയെങ്കിലും അവ പാലിക്കാൻകഴിഞ്ഞില്ല. അതിർത്തിസമാധാനം നേടുന്നതിന് കരാറുകൾ പര്യാപ്തമായിരുന്നില്ല. അതുമല്ലെങ്കിൽ, ‘പായസത്തിന്റെ രുചിയറിയണമെങ്കിൽ അതുകഴിക്കണം' എന്നുപറയുന്നപോലെ, കരാർ അംഗീകരിച്ചാൽ മാത്രംപോര അവ കൃത്യമായി പാലിക്കാനുള്ള ഇച്ഛാശക്തികൂടി പ്രകടിപ്പിക്കണമായിരുന്നു.


 

ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ പരസ്പരം താൽക്കാലികമായ  ഒത്തുതീർപ്പിലെത്തിയ ഒരുകരാർ നിലവിൽവന്ന കാലത്ത്, ഈ കരാറിന്റെ ചർച്ചകളിൽ സജീവപങ്കാളിയായിരുന്നു പിൽക്കാലത്ത്  വിദേശകാര്യസെക്രട്ടറിയും ദേശീയ സുരക്ഷാഉപദേഷ്ടാവുമായിരുന്ന ശിവ്‌ശങ്കർ മേനോൻ. 1993ലെ ഇന്ത്യാ ചൈനാ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹം രചിച്ച ഗ്രന്ഥമാണ്  ‘ചോയ്സസ്'. ഇതിൽ, 1993ലെ കരാറിനെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത്  ഒമ്പതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാഗ്‌ദാദിലെ ഒരുമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്:  ‘രാജ്യഭരണം ഒരു  ജാലവിദ്യയാണ്. വിജയിച്ചാൽ അത് നിലനിൽക്കും, അതൊരു നയമാവുകയും ചെയ്യും.' ഇന്ത്യയും ചൈനയും അതിർത്തിയെക്കുറിച്ചു നടത്തിയ ഒരു ജാലവിദ്യയാണ് 1993മുതൽ 2013വരെയുള്ള കരാറുകൾ. ആ ജാലവിദ്യ ജൂൺ 15ലെ ഗൽവാൻ സംഭവത്തോടെ ഹിമാലയൻ മഞ്ഞുമലകളിൽ തകർന്നുവീണു. ആ കരാറുകളുടെ ഏറ്റവുംവലിയ ന്യൂനത, അതിർത്തിയിൽ പരസ്‌പരവിശ്വാസം വർധിപ്പിച്ചുകൊണ്ട് അവിടെ സമാധാനം നിലനിർത്തുകയെന്ന പരിമിതലക്ഷ്യം  മാത്രമായിരുന്നു അതിനുണ്ടായിരുന്നത് എന്നതാണ്. അതിർത്തിപ്രശ്നം പരിഹരിക്കാനുള്ള കർമപദ്ധതികൾ അടങ്ങുന്നതായിരുന്നില്ല അവയൊന്നും. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാനകാരണവും അതാണ്.  ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, നിലവിലെ യാഥാർഥ്യബോധമുൾക്കൊണ്ട്,  പ്രവർത്തനയോഗ്യമായതും   അതിർത്തിപ്രശ്നം അന്തിമമായി പരിഹരിക്കുന്നതിനുള്ള കാഴ്‌ചപ്പാടുകൂടി അടങ്ങിയതുമായ ഒരു കരാറിലേക്ക്‌ ഇരുരാജ്യങ്ങളുമെത്തിച്ചേരണമെന്നാണ്. വിലപ്പെട്ട ജീവനുകളും ആയിരക്കണക്കിന് സൈനികരുടെയും ഭരണകൂടത്തിന്റെയും ഊർജവും, രാഷ്ട്രത്തിന്റെ പരിമിതമായ സമ്പത്തും നഷ്ടപ്പെടുത്തിയ   ഈ സംഘർഷങ്ങൾ സമാധാനത്തിന്റെ കാലത്തിലേക്കുപോകാനുള്ള അവസരമാക്കി മാറ്റണം. രണ്ടുരാജ്യങ്ങളും ആദ്യം തങ്ങളുടെയിടയിൽ സമാധാനം സ്ഥാപിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടണം.   ഇരുരാജ്യങ്ങളും ഇപ്പോൾ എത്തിച്ചേർന്ന ധാരണ അതിനുള്ള തുടക്കമാകണം. ജനങ്ങൾ സംഘർഷമല്ല  സമാധാനമാണ് ആഗ്രഹിക്കുന്നത്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top