27 January Friday

ആവേശമോ ? 
പൊടിപോലുമില്ല ; പ്രചാരണരംഗം നിർജീവം

സാജൻ എവുജിൻUpdated: Wednesday Dec 7, 2022

നിർജീവമായിരുന്നു ഗുജറാത്ത്‌ പ്രചാരണരംഗം. ജനങ്ങൾ ഇത്രയും നിരാശയോടെ കണ്ട തെരഞ്ഞെടുപ്പ്‌ മറ്റൊന്നുണ്ടാകില്ല. ആവേശം പകരുന്ന ദൃശ്യങ്ങൾ അന്വേഷിച്ചു നടന്ന മാധ്യമപ്രവർത്തകരും നിരാശരായി. ബിജെപി അണികളും നിസ്സംഗരാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 50 കിലോമീറ്റർ റോഡ്‌ ഷോയും ഓളങ്ങൾ സൃഷ്ടിച്ചില്ല. 27 വർഷത്തെ ബിജെപി ഭരണത്തിൽ മുരടിച്ച ഗുജറാത്തിലെ രാഷ്‌ട്രീയ, സാമൂഹികജീവിതം എത്രമാത്രം ഇരുൾ മൂടിയതാണെന്ന്‌ ഈ തെരഞ്ഞെടുപ്പുരംഗം വിളിച്ചുപറഞ്ഞു. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവമാണെന്ന വിശേഷണം ഇവിടെ അപ്രസക്തമായി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌ കടമ നിർവഹിക്കാൻ ശ്രമിക്കാതെ മാളത്തിലേക്ക്‌ ഉൾവലിഞ്ഞു. വാഗ്‌ദാനങ്ങളുമായി എത്തിയ നവാഗതരായ ആംആദ്‌മി പാർടി (എഎപി)ക്ക്‌ പ്രചാരണത്തിൽ സംസ്ഥാന വ്യാപക മുന്നേറ്റം അസാധ്യമായി.

പത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ റിപ്പോർട്ട്‌ ചെയ്‌ത മുതിർന്ന പത്രപ്രവർത്തക നീരജ ചൗധരി ഗുജറാത്തിലെ അവസ്ഥയെ ഒരു ബിജെപി നേതാവിന്റെ വാക്കുകൾ കടമെടുത്ത്‌ ‘വർണരഹിതം’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ആവേശമോ തരംഗമോ ഇല്ല. എന്നിരുന്നാലും ഇക്കുറി ബിജെപി ജയിക്കുമെന്നാണ്‌ അവർ വിശ്വസിക്കുന്നത്‌. കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ മറുവശത്തെ ദൗർബല്യങ്ങൾ. 2017ൽ വിജയത്തിന്റെ വക്കിലെത്തിയ കോൺഗ്രസ്‌ ഇത്തവണ ലക്ഷ്യമില്ലാതെ പതറിനിൽക്കുന്നു. അവരെ നയിക്കാൻ ആരുമില്ല. ദേശീയതലത്തിൽ മാത്രമല്ല, ഗുജറാത്തിലും നായകനില്ലാതെ പല കൂടാരത്തിലാണ്‌  കോൺഗ്രസുകാർ. നിയമസഭയിലെ പ്രതിപക്ഷനേതാവിന്റെ പേരുപോലും കോൺഗ്രസുകാരിൽ പലർക്കും അറിയില്ല. ജയിപ്പിച്ചുവിട്ടാലും ബിജെപിയിൽ ചേക്കേറുന്ന കോൺഗ്രസുകാർക്ക്‌ എന്തിന്‌ വോട്ട്‌ ചെയ്യണമെന്നും ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. വിലക്കയറ്റം, തൊഴിലില്ലായ്‌മ, കാർഷികപ്രതിസന്ധി, കുറഞ്ഞ വരുമാനം, വിദ്യാഭ്യാസമേഖലയിലെ തകർച്ച, ചേരികളിലെ നരകജീവിതം, നിയമന നിരോധനം, വൈദ്യുതി–- കുടിവെള്ള ക്ഷാമം എന്നിങ്ങനെ ജനങ്ങൾക്ക്‌ പ്രശ്‌നങ്ങൾ നിരവധിയാണ്‌.

രാജ്‌കോട്ടിനായി പ്രത്യേക ജലവിതരണപദ്ധതി നടപ്പാക്കുമെന്ന്‌ 2017ൽ മോദി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ വാഗ്‌ദാനം ആവർത്തിച്ച മോദിയുടെ പൊതുയോഗങ്ങളിൽ സദസ്സ്‌ ശുഷ്‌കമായി

സൈന്യത്തിൽ ഇപ്പോൾ നടപ്പാക്കുന്ന ‘അഗ്നിവീർ’ പദ്ധതിയുടെ തുടക്കം ഗുജറാത്ത്‌ പൊലീസിലായിരുന്നു. തുടക്കത്തിൽ അഞ്ചു വർഷത്തേക്ക്‌ കരാർ നിയമനമാണ്‌. ഇതിൽ ‘കാര്യക്ഷമത’ തെളിയിക്കുന്ന 25 ശതമാനംപേരെ മാത്രം സ്ഥിരപ്പെടുത്തും. ബിജെപി ഭരണത്തിൽ ഗുജറാത്ത്‌ പൊലീസിൽ നടപ്പാക്കിയ ഈ സംവിധാനമാണ്‌ ഇപ്പോൾ പ്രതിരോധസേനകളിൽ പരീക്ഷിക്കുന്നത്‌. സംസ്ഥാനത്ത്‌ ജീവനക്കാരുടെയും അധ്യാപകരുടെയും അഞ്ചു ലക്ഷത്തോളം  തസ്‌തികയിൽ സ്ഥിരം നിയമനമില്ല. ഗ്രാമങ്ങളിൽ വൈദ്യുതി എട്ടു മണിക്കൂർ മാത്രം. രാജ്‌കോട്ട്‌ പോലുള്ള ബിജെപി ശക്തികേന്ദ്രങ്ങളിലും ജലക്ഷാമം അതിരൂക്ഷമാണ്‌. രാജ്‌കോട്ടിനായി പ്രത്യേക ജലവിതരണപദ്ധതി നടപ്പാക്കുമെന്ന്‌ 2017ൽ മോദി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ വാഗ്‌ദാനം ആവർത്തിച്ച മോദിയുടെ പൊതുയോഗങ്ങളിൽ സദസ്സ്‌ ശുഷ്‌കമായി.   പ്രധാനമന്ത്രിയുടെ പരിപാടികളിൽ  ആളെ എത്തിക്കാൻ സംസ്ഥാന റോഡ്‌  ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ബസുകൾ ഓടിച്ചതായും പരാതിയുയർന്നു.

ഇന്ദിര ഗാന്ധി വധത്തിനുപിന്നാലെ 1985ൽ വൻവിജയം നേടിയ കോൺഗ്രസ്‌ പിന്നീട്‌ പടിപടിയായി ദുർബലമായത്‌ മുതലെടുത്ത്‌ 1995ൽ അധികാരം പിടിച്ച ബിജെപിക്ക്‌ തുടക്കത്തിൽ പ്രതിസന്ധിയുടെ നാളുകളായിരുന്നു. ഉൾപ്പോരിൽ 1997–-98ൽ കാലത്ത്‌ കുറച്ചുകാലം പുറത്തിരിക്കേണ്ടതായും വന്നു. 2001ൽ ഗുജറാത്ത്‌ ബിജെപി വീണ്ടും കലഹമയമായതോടെ ഡൽഹിയിൽനിന്ന്‌ മോദിയെ മുഖ്യമന്ത്രിയായി നിയോഗിച്ചതാണ്. അധികാരമേറ്റശേഷം എംഎൽഎയാകാൻ രാജ്‌കോട്ടിൽ സുരക്ഷിതമണ്ഡലം തെരഞ്ഞെടുത്ത മോദിക്ക്‌ അവിടെ കുറഞ്ഞ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. പിന്നാലെ ഗോധ്‌ര ട്രെയിൻ കത്തിക്കലും കലാപവും ഗുജറാത്തിനെ പിടിച്ചുലച്ചു. 2002 മുതൽ മൂന്ന്‌ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ബിജെപിയെ വിജയത്തിലേക്ക്‌ നയിച്ചശേഷമാണ്‌ മോദി 2014ൽ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടത്‌. ശേഷമുള്ള  എട്ടു വർഷത്തിൽ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌ നിലവിലെ ഭൂപേന്ദർ പട്ടേൽ. മോദി  ഒഴിഞ്ഞപ്പോൾ വന്ന ആനന്ദിബെൻ പട്ടേലിനെയും പിൻഗാമിയായ വിജയ്‌ രുപാണിയെയും ഇടയ്‌ക്കുവച്ച്‌ ഒഴിവാക്കി.

എഎപിയുടെ വാഗ്‌ദാനങ്ങൾ ദുർബല വിഭാഗങ്ങളിൽ എത്തിയതായി കാണാം. ഇത്‌  ഭരണമാറ്റം സൃഷ്ടിക്കാനുള്ള ശേഷി കൈവരിച്ചോയെന്ന്‌ കണ്ടറിയണം

ഭരണപരാജയവും വിഭാഗീയതയും  അതിരുവിട്ടപ്പോഴാണ്‌ മുഖ്യമന്ത്രിമാരെ മാറ്റിയത്‌. ദീർഘകാല ബിജെപിഭരണം ഗുജറാത്തിന്‌ നേട്ടമായെന്ന്‌ അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റിയതിന്‌ വിശദീകരണമില്ല. ‘മോദി’  മാത്രമാണ്‌ ബിജെപിയുടെ പ്രചാരണവിഷയം.
ഹിന്ദുത്വവും ജാതിവാദവും കൂട്ടിച്ചേർത്ത്‌ ഭരണവിരുദ്ധവികാരം മറികടക്കാമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ. മാറ്റത്തെക്കുറിച്ച്‌ ഗുജറാത്തിൽ ചർച്ചകളുണ്ട്‌. ജനങ്ങളെ ഉണർത്താൻ  കോൺഗ്രസ്‌ താൽപ്പര്യം കാണിച്ചില്ല. എഎപിയുടെ വാഗ്‌ദാനങ്ങൾ ദുർബല വിഭാഗങ്ങളിൽ എത്തിയതായി കാണാം. ഇത്‌  ഭരണമാറ്റം സൃഷ്ടിക്കാനുള്ള ശേഷി കൈവരിച്ചോയെന്ന്‌ കണ്ടറിയണം. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും പോളിങ്‌ ശതമാനം 2017നെ അപേക്ഷിച്ച്‌  കുറയുകയും ചെയ്‌തു. മടുപ്പേറിവരികയാണെന്ന്‌  വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top